ലോക കായികമഹോത്സവത്തിനുള്ള കാത്തിരിപ്പിന് ഇനി 40 ദിവസത്തെ അകലം മാത്രമാണ്. ജൂൺ മാസം 11ന് കളിയുടെ വസന്തകാലം ആരംഭിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കളിച്ചു ജയിച്ചു മുന്നേറിയ 48 ടീമുകൾ 23-ാമത് ലോകകപ്പിന് വേണ്ടി എല്ലാം മറന്നുള്ള പോരാട്ടം ആരംഭിക്കുകയാണ്. ലോകകപ്പിന് മുമ്പ് തന്നെ പ്രധാന മത്സരങ്ങളെല്ലാം കഴിയും. അതിനുള്ള ഷെഡ്യൂളുകളാണ് എല്ലാ സ്ഥലങ്ങളിലും നേരത്തെ തയ്യാറാക്കിയത്. വളരെ പ്രധാനപ്പെട്ട മത്സരങ്ങളിലൂടെ ലോകശ്രദ്ധയിൽ കടന്നുവന്നത് ചാമ്പ്യൻസ്‌ലീഗ് മത്സരങ്ങളാണ്. അട്ടിമറിക്ക് പേരുകേട്ട ചാമ്പ്യൻസ് ലീഗ് പ്രധാന ക്ലബ്ബുകൾക്കും കളിക്കാർക്കും പ്രസ്റ്റീജ് മത്സരങ്ങൾ തന്നെയാണ്. സെമിഫൈനൽ മത്സരങ്ങളുടെ ആദ്യപാദം വിസ്മയിപ്പിച്ച പോരാട്ടമായിരുന്നു. പിഎസ്ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള കളി വിവരണാതീതമാണ്. ആധുനിക ഫുട്ബോളിലെ നവീന സങ്കേതങ്ങൾ തകർത്താടിയപ്പോൾ മത്സരം ഫുട്ബോൾ കളിയുടെ അവാച്ച്യസുന്ദരമായ അനുഭവമായി മാറി. ഫുട്ബോൾ കളിയുടെ വീറും വാശിയും കുടികൊള്ളുന്നത് ആകർഷകമായ മുന്നേറ്റത്തിലും മനോഹരമായ പാസിങ്ങിലും എതിരാളിയെ കറക്കിയെടുക്കുന്ന ഡ്രിബ്ലിങ്ങിലുമാണ്. കാണികളിൽ വലിയ വിഭാഗവും ഏതെങ്കിലും ടീമിന്റെ പിന്തുണക്കാരായിരിക്കും. അവരുടെ ആരവങ്ങൾ കളിയുടെ രസച്ചരട് മുറുക്കാൻ കാരണമാകും.
ഇപ്പോൾ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അസാധാരണത്വം തന്നെയായിരുന്നു. ഫ്രാൻസും ജർമ്മനിയും രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങളെക്കാൾ ആവേശകരമായിരുന്നു സെമിഫൈനൽ. ആദ്യപാദത്തിൽ രണ്ടു ടീമുകളും ജയം മാത്രം ലക്ഷ്യം വച്ചു കളിച്ചു. 90 മിനിറ്റുനേരം നീണ്ട മത്സരത്തിൽ ഒമ്പത് ഗോളുകളാണ് പരസ്പരം നേടിയത്. അതിൽ നാലുഗോളുകൾ ബയേൺ മ്യൂണിക്കും അഞ്ച് ഗോളുകൾ പിഎസ്ജിയും നേടി. കളി നടന്നത് പിഎസ്ജിയുടെ മൈതാനത്തിലാണ്. സ്വന്തം നാട്ടുകാരുടെ പിന്തുണയിലാണ് ആവേശപൂർവം കളിച്ചതെങ്കിൽ, ബയേൺ കളിമിടുക്ക് കൊണ്ട് ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പോരാടിയത്. ഏത് വലിയ ഷൂട്ടറും കിക്കെടുക്കാൻ പ്രയാസപ്പെടുന്ന മികച്ച ഗോൾകീപ്പർ മാനുവൽ നൂയർ പോലും നിസഹായനായ മത്സരമായിരുന്നു അത്. അഞ്ച് ഗോളുകൾ സ്വന്തം നെറ്റിൽ വിശ്രമിക്കുന്നത് നിസഹായതയോടെ നോക്കിനിൽക്കേണ്ടി വന്നു ആ ലോക ഗോൾകീപ്പർക്ക്. പാസിങ്ങിന്റെ വേഗതയും ഡ്രിബ്ലിങ്ങിലെ വശ്യതയും കാരണം ഏത് ദിശയിലേക്കാണ് പന്ത് പോകുന്നതെന്ന് അവ്യക്തമായിരുന്നുവെന്നാണ് ഗോളിയുടെ മനോവിഷമം. ചരിത്രത്തിൽ ഇടം പിടിച്ച ഒരു വൻ പരാജയമാണ് നൂയറിനെ പിടികൂടിയത്. രണ്ടു ഗോളുകൾ ഡെംബലെയാണ് ഷൂട്ട് ചെയ്തത്. ഒരിക്കലും പോസ്റ്റിൽ കയറുമെന്ന് കരുതാത്ത ആംഗിളിൽ നിന്നാണ് മിന്നൽ വേഗതയിലുള്ള ഷൂട്ട്. രണ്ടാമത്തെ ഗോൾ പുറത്തേക്കു പോകുമെന്ന് കരുതിയ ഗോളി കാഴ്ചക്കാരനായി. ബുണ്ടസ് ലിഗയിൽ ബയേണിന്റെ രക്ഷകനായ നൂയറിന് എന്തു പറ്റിയെന്നാണ് നിരീക്ഷകർ ചോദിക്കുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സ്കോർ പിറന്നത് 1959ലാണ്.
അന്ന് 6–3 മാർജിനിൽ ആണ് ഐൻട്രാക്റ്റ് ഫ്രാങ്ക് ഫർട്ടിനെ മൂന്ന് ഗോൾ വ്യത്യാസത്തിൽ തോല്പിച്ചത്. അന്ന് നടന്ന കളി ഏതാണ്ട് ഏകപക്ഷീയമായിരുന്നു. എന്നാൽ ഈ മത്സരം ചാമ്പ്യൻസ് ലീഗിന്റെ ചരിത്രം തിരുത്തി എഴുതുന്നതായി മാറി. സ്വന്തം മൈതാനത്ത് അനുഭാവികളുടെ കരഘോഷാരവങ്ങളിൽ എതിരാളിയെ ചുരുട്ടിയെറിയാമെന്ന നിലയിൽ വന്ന പിഎസ്ജിയെ ആദ്യം തന്നെ ഞെട്ടിച്ചത് ബയേൺ ആയിരുന്നു. കളിയുടെ 60 മിനിറ്റിൽ 6–2ന് പിഎസ്ജി മുന്നിലായിരുന്നു. എന്നാൽ പിന്നീട് നടന്നത് കൊടുംകാറ്റും ചുഴലിക്കാറ്റും പോലെ ബയേണിന്റ അഴിഞ്ഞാട്ടമായിരുന്നു. തുടക്കം പെനാൽറ്റിഗോൾ പിഎസ്ജിക്കെതിരെ ആയിരുന്നു. എന്നാൽ രണ്ടു മിനിറ്റുകൊണ്ട് ഗോൾ തിരിച്ചടിച്ചു. ലോങ് വിസിൽ വരുമ്പോൾ കളിയുടെ ഹരം നിലനിൽക്കുകയായിരുന്നു. അവസാനനിമിഷം തിരിച്ചടിക്കാൻ പരിശ്രമിക്കുന്ന ജർമ്മൻ താരങ്ങളെയാണ് ഗ്രൗണ്ടിൽ കണ്ടത്. തോൽക്കാൻ നമുക്ക് മനസില്ല എന്ന വാക്ക് എല്ലാ അർത്ഥത്തിലും ശരിയാണെന്ന് കളിയിൽകൂടി തെളിയിക്കപ്പെട്ടു. അടുത്ത കളി ജർമ്മൻകാരുടെ തട്ടകത്തിലാണ്. കഴിഞ്ഞ വർഷം മുതൽ ജയത്തിന്റെ വഴി നേരിട്ട് കാണിച്ചതാണ് പിഎസ്ജി. അവരുടെ പ്രചോദനം കളിക്കാരുടെ പ്രഗല്‍ഭത തന്നെയാണ്. ലോകം ശ്രദ്ധിച്ച മഹാപ്രതിഭകൾ ഒരുമിച്ചു ആക്രമണനിരയെ നയിച്ചിട്ടും കലാശക്കളിയിൽ കൈവിട്ടു പോകുന്ന പഴയ പാരമ്പര്യം മാറ്റി ഒരു നവചൈതന്യം വരിച്ചതാണ് അവരുടെ പുതിയമുഖം. കഴിഞ്ഞ വർഷം മുതൽ പുതിയ അഭിരുചി ഉള്ളിൽ കടക്കാതിരിക്കാൻ പൊരുതുകയാണ് പിഎസ്ജി. രണ്ടാമത് സെമിയിൽ രണ്ട് അട്ടിമറി വിദഗ്ധന്മാരാണ് ഏറ്റുമുട്ടിയത്. എല്ലാ അർത്ഥത്തിലും ശക്തരായ ബാഴ്സയെ അവരുടെ തട്ടകത്തിൽ ചെന്ന് തകർത്തു നാട്ടിലെത്തിയ അത്‌ലറ്റിക്കോ മാഡ്രിഡും ആഴ്സണലും ആണ് അടുത്ത സെമിയിൽ ഏറ്റുമുട്ടിയത്. തോൽക്കാതിരിക്കിൻ കരുതലോടെ നീങ്ങുന്ന ശീലമാണ് അത്‌ലറ്റിക്കോയും ആഴ്സണലും പയറ്റിയത്. അതുകൊണ്ട് വിജയം ആരെ തുണയ്ക്കുമെന്ന് പറയാറായിട്ടില്ല. വമ്പന്മാരായ ബാഴ്സയേയും ലിവർപൂളിനെയും റയൽ മാഡ്രിഡിനെയും മുട്ടുകുത്തിച്ച വീര്യം ഇപ്പോൾ നടന്ന സെമിയിൽ അവർ രണ്ട് ടീമുകളും പ്രയോഗിച്ചില്ല. തോറ്റുകൊടുത്തില്ല എന്ന് മാത്രം ആശ്വസിക്കാം.
അടുത്ത ലഗ്ഗിൽ പിഎസ്ജി യെ തോല്പിച്ചാൽ മാത്രം പോര, രണ്ടു ഗോളിന് തോല്പിച്ചാലെ ജർമ്മൻ ചാമ്പ്യന്മാർക്ക് ഫൈനൽ ബർത്ത് കിട്ടുകയുള്ള. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ജയിക്കാനാവശ്യമായ തന്ത്രങ്ങളുമായി വരുന്ന പടയാളികളാണ്, അവർ കപ്പ് നിലനിർത്തുമോ?. അടുത്ത സെമിയിൽ മുഖാമുഖം കാണുന്നത് വലിയ അട്ടിമറി നടത്തിയവരാണ്. ആഴ്സണലും, അത്‌ലറ്റിക്കോയും. കലാശക്കളി ചാമ്പ്യൻസ് ലീഗിന്റെ അന്തസിന് ചേർന്നതാകും. ബുണ്ടസ്‌ലിഗ കഴിഞ്ഞില്ലെങ്കിലും ചാമ്പ്യൻ പട്ടം ബയേൺ കൈവിടില്ല. ചരിത്രരേഖ നോക്കി വിജയം ഊഹിക്കുന്നത് നല്ലതല്ല. മാഞ്ചസ്റ്റർ സിറ്റിയും വിജയവാതിൽക്കലുണ്ട്.
ബാഴ്സലോണയുടെ ആധിപത്യം ലാലിഗയിൽ തുടരുന്നു. ഫിഫയുടെ കർക്കശമായ തീരുമാനം ലോകത്തിന്റെ മുമ്പിൽ വ്യക്തമാക്കപ്പെട്ട ഒരു സന്ദർഭത്തിലാണ് പുതിയ ലോകകപ്പിന് തിരശീലയുയരുന്നത്. അമേരിക്ക ലോകത്തെ വളഞ്ഞവഴിയിൽ കൂടി സ്വന്തം വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ദുരിതങ്ങൾ നമ്മളെല്ലാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കച്ചവടക്കണ്ണുള്ള യുദ്ധമാണ് അമേരിക്ക നടത്തുന്നത്. ലോക മേധാവിത്വം മുഖ്യലക്ഷ്യമെന്ന് കരുതി ലോകത്തെ സ്വന്തം വരുതിയിലാക്കാൻ ശ്രമിക്കുന്ന ട്രംപിനെ നീതിയുടെ മാർഗം ചൂണ്ടിക്കാട്ടി നിഷേധിക്കുവാനുള്ള തന്റേടം ഫിഫ തന്നെ നേരിട്ട് പറഞ്ഞത് ലോകമാകെ സന്തോഷത്തോടെ സ്വീകരിച്ചു. 48 രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരത്തിൽ ഇറാന് പകരം ഇറ്റലിയെ ചേർക്കണമെന്നാണ് ട്രംപിന്റെ നിർദേശം. മറ്റൊരാലോചനയില്ലാതെ ട്രംപിനെ തള്ളിയ ഫിഫയുടെ പ്രസിഡന്റ് ഒരു കാര്യം വ്യക്തമാക്കി. നിയമം എല്ലാവർക്കും തുല്യമാണ്, ഇപ്പോൾ ഫിഫ ഇറാനുമായി പ്രശ്നം ചർച്ച ചെയ്യുകയാണ്. സമാധാനവും സാഹോദര്യവും കൂട്ടായ്മയും നിലനിർത്തുന്ന പ്രസ്ഥാനം ഫിഫയാണ്. ഫുട്ബോൾ സാമൂഹിക വളർച്ചയുടെ ഭാഗമാണ്. ഭാഷയോ മതമോ മറ്റു അനാവശ്യ ചിന്തകളോ ഇല്ലാതെ മനുഷ്യന്റെ ചിന്തയിലും കായിക വളർച്ചയിലും നിർണായക പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ് ഫിഫ. 48 ടീമുകൾ പങ്കെടുക്കുന്ന ലോകപൂരം നമുക്ക് നിദ്രാവിഹീനമായ രാത്രികളായിരിക്കും നൽകുക. ഇന്ത്യയിലെ കോടാനുകോടി ഫുട്ബോൾ ആരാധകർ അനിശ്ചിതത്വത്തിലും ആധിയിലുമാണ്. കാരണം, ഇന്ത്യയിൽ കളി ബ്രോഡ്കാസ്റ്റ് ചെയ്യാൻ ആരും മുന്നോട്ട് വന്നില്ല. നമ്മുടെ രാജ്യത്തെ കളികാണാൻ ജനങ്ങൾക്ക് സൗകര്യം ഒരുക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. അതുനിർവഹിക്കാൻ സർക്കാർ തയ്യാറാകണം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment