Related News

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയില്‍ ;ശമ്പളം തുടര്‍ച്ചയായി മുടങ്ങുന്നു

Janayugom
Developer Admin

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടക,ഹിമാചല്‍ പ്രദേശിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍.ഹിമാചലിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം നിശ്ചിത ശതമാനം വെട്ടിക്കുറച്ചപ്പോൾ കർണാടകത്തിൽ മാർച്ചിലെ ശമ്പളം തന്നെ മുടങ്ങി. 

ഹിമാചലിൽ കേന്ദ്രത്തിൽനിന്നുള്ള ഗ്രാന്റുകൾ വെട്ടിക്കുറച്ചതിനെത്തുടർന്ന് ഉണ്ടായ ‘അസാധാരണ സാമ്പത്തിക വെല്ലുവിളികൾ’ കണക്കിലെടുത്താണ് ഈ കടുത്ത നടപടിയെന്ന് സർക്കാർ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. കർണാടകത്തിൽ ഏപ്രിൽ മൂന്നാം ആഴ്ച്ചയിലേക്ക് കടന്നിട്ടും റവന്യു, വിദ്യാഭ്യാസം, പൊലീസ്, മൃഗസംരക്ഷണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് തുടങ്ങിയ പ്രധാന വകുപ്പുകളിലെ 6.4 ലക്ഷത്തോളം ജീവനക്കാർക്ക്‌ ശമ്പളം കിട്ടിയിട്ടില്ല.

ദാവണഗരെ സൗത്ത്, ബാഗൽകോട്ട്‌ ഉപതിരഞ്ഞെടുപ്പുകൾക്ക്‌ മുന്നോടിയായി ഗൃഹലക്ഷ്‌മി പദ്ധതിയിലെ ഗുണഭോക്താക്കൾക്ക്‌ 2000 രൂപ ധനസഹായം കൈമാറാൻ ഫണ്ട്‌ വൻ തോതിൽ വകമാറ്റിയതാണ്‌ ശമ്പളം മുടങ്ങാൻ കാരണമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.ഹിമാചലിൽ ഞായറാഴ്ച പുറപ്പെടുവിച്ച ധനകാര്യ വകുപ്പിന്റെ വിജ്ഞാപന പ്രകാരം മേയ് മാസം മുതൽ അടുത്ത ആറ് മാസത്തേക്കാണ് ഈ നിയന്ത്രണം. 

ഉദ്യോഗസ്ഥരുടെ പദവി അനുസരിച്ച് 30 ശതമാനം മുതൽ 20 ശതമാനം വരെ ശമ്പളമാണ് താൽക്കാലികമായി തടഞ്ഞുവെക്കുന്നത്. ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെയാണ്‌ ഇത്‌ ബാധിക്കുക.ഭരണഘടനയുടെ 309ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ചാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന്റെ ശമ്പളത്തിൽനിന്ന് 50 ശതമാനം മന്ത്രിമാരുടേത് 30 ശതമാനം എംഎൽഎമാർക്ക് 20 ശതമാനം എന്നിങ്ങനെ കുറവുവരുത്തി ശമ്പളം താൽക്കാലികമായി പിടിച്ചുവെക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു.

പുതിയ വിജ്ഞാപനപ്രകാരം, ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, അഡീഷനൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്നിവർക്ക് ശമ്പളത്തിന്റെ മുപ്പത് ശതമാനം തുക കുറക്കും.കോൺഗ്രസ്‌ ഭരിക്കുന്ന തെലങ്കാനയിൽ ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും മുടങ്ങിയതിനെതിരെ ജീവനക്കാരുടെയും പെൻഷൻകാരുടെയും നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക്‌ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചിരുന്നു.

Previous
മോഡിയുടെ മാപ്പ്: മറ്റൊരു അതിഭാവുകത്വ അരോചകനാടകം
Next
വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിടുതലൈ ചിരുതൈഗല്‍ കച്ചി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment