മോഡിയുടെ മാപ്പ്: മറ്റൊരു അതിഭാവുകത്വ അരോചകനാടകം

Janayugom
Developer Admin

നിതാസംവരണത്തിന്റെ മറവിൽ, പരാജയം ഉറപ്പായ തമിഴ്‌നാട്, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഖം രക്ഷിക്കാനും, വരുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് ഒരിക്കൽക്കൂടി അധികാരം ഉറപ്പിക്കാനും ലക്ഷ്യവച്ചുള്ള മണ്ഡല പുനർനിർണയ പദ്ധതികൂടി കൂട്ടിയിണക്കി അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ തകർന്നടിഞ്ഞ ഞെട്ടലിൽനിന്ന് ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രി വിമുക്തനായിരുന്നില്ല.

ബില്ലിന്റെ പരാജയം ഉറപ്പുവരുത്തിയ പ്രതിപക്ഷ പാർട്ടികളോടുള്ള രോഷംകൊണ്ട് സ്ഥലകാലബോധം നഷ്ടപ്പെട്ട നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാൾ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിന്റെ ഉദ്ദേശ്യലക്ഷ്യം എന്തെന്ന് വിസ്മരിച്ച് ഒരു തെരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്യുന്ന പ്രതീതിയാണ് ഉളവാക്കിയത്. എല്ലാ സ്വേച്ഛാധിപതികളും അങ്ങനെയാണ്. തങ്ങൾ ആഗ്രഹിക്കുംവിധം, വിഭാവനം ചെയ്യുംവിധം, കാര്യങ്ങൾ നടന്നില്ലെങ്കിൽ അവർ പ്രകോപിതരാകും. തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്തവർക്കെതിരെ അവർ രോഷാകുലരാവും. രോഷംകൊണ്ട്, കഴിഞ്ഞദിവസം മോഡിക്ക് സംഭവിച്ചതുപോലെ, അവർക്ക് കണ്ണുകാണാതാവുകയും സ്ഥലകാലബോധം നഷ്ടമാവുകയും സ്വാഭാവികമാണ്.

താൻ, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും, അതുനൽകുന്ന പ്രത്യേക അവകാശ അധികാരങ്ങൾ ഉപയോഗിച്ച് പൊതുഉടമസ്ഥതയിലുള്ള മാധ്യമംവഴിയാണ് മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതെന്നും മോഡി വിസ്മരിച്ചുപോയി. സ്വേച്ഛാധിപതികൾ അങ്ങനെയാണ്. അവർ എല്ലാ നിയമങ്ങൾക്കും അതീതരാണ്. മറ്റെല്ലാവരും നിയമാനുസൃതം പ്രവർത്തിക്കണമെന്ന് നിഷ്കർഷിക്കുമ്പോഴും അവ തങ്ങൾക്കു ബാധകമല്ലെന്ന് അവർ കരുതുന്നു. മോഡിയുടെ റോഡ്ഷോ പരമ്പരകൾ മാത്രം നോക്കിയാൽമതി അവ ഏറെയും രാജ്യത്ത് നിലവിലുള്ള റോഡ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. നിയമവാഴ്ചയുടെ സമ്പൂർണ പരിരക്ഷയിൽ, നിയമവാഴ്ചയെ പരിഹസിക്കുന്ന നിയമലംഘനം! അത്തരത്തിലൊരു നിയമലംഘന ശ്രമമാണ് വെള്ളിയാഴ്ച രാജ്യത്തിന്റെ പരമോന്നത നിയമനിർമ്മാണ സഭയായ ലോക്‌സഭയിൽ നിലംപരിശായത്. അത് നരേന്ദ്ര മോഡിയെന്ന സ്വേച്ഛാധിപതിയെ വിറളിപിടിപ്പിച്ചില്ലങ്കിലേ അത്ഭുതമുള്ളു.

രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിന്റെ പേരിൽ, ആവർത്തനവിരസതകൊണ്ട് അരോചകമാംവിധം, പ്രതിപക്ഷ പാർട്ടികളെ മഹിളകളുടെ നാമത്തിൽ ശാപവാക്കുകൾകൊണ്ട് മൂടുകയായിരുന്നു അരമണിക്കൂർ നീണ്ട അഭിസംബോധനയിൽ ഏറെയും. അഭിസംബോധനയുടെ മുഖ്യലക്ഷ്യം തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ബിജെപി മുഖ്യ പ്രതിയോഗികളായിക്കാണുന്ന സംസ്ഥാന സർക്കാരുകളെ നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) തൃണമൂൽ കോൺഗ്രസും (ടിഎംസി) ആവുക സ്വാഭാവികം മാത്രം. മോഡിയുടെ ഇരുപാർട്ടികളോടുമുള്ള അസഹിഷ്ണുത 131-ാം ഭരണഘടനാ ഭേദഗതിയുടെ അടിയന്തര ലക്ഷ്യം എന്താണെന്ന് പകൽപോലെ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രത്തോടുള്ള അഭിസബോധനയെത്തുടർന്ന്, മോഡി പശ്ചിമബംഗാളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പുറാലികളില്‍ നടത്തിയ പ്രസംഗങ്ങൾ അക്കാര്യത്തിൽ അവശേഷിക്കുന്ന സംശയം കൂടി ദൂരീകരി‌ക്കാൻ മതിയായവയാണ്.

സ്ത്രീശാക്തീകരണവും സംവരണവും തന്റെ കാലങ്ങളായുള്ള രാഷ്ട്രീയ സ്വപ്നവും ദൗത്യവുമാണെന്ന് രാഷ്ട്രത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മോഡി 2023 സെപ്റ്റംബർ 19 ലോക്‌സഭാ പാസാക്കുകയും 20ന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്ത ‘നാരി ശക്തി വന്ദൻ അധിനിയം’ വിജ്ഞാപനം ചെയ്ത് നിയമമാക്കാൻ 131-ാം ഭേദഗതി ബിൽ ചർച്ചക്കെടുക്കുന്നതിന്റെ തലേദിവസംവരെ, 30 മാസം, എന്തിന് കാത്തിരുന്നുവെന്ന് രാജ്യത്തെ സ്ത്രീകളോട് വിശദീകരിക്കാൻ ബാധ്യസ്ഥനാണ്. സ്ത്രീ സംവരണം നിലവിലുള്ള സീറ്റുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കാനുള്ള പ്രതിപക്ഷ ആവശ്യത്തോട് അന്നും ഇന്നും ബിജെപി പുറംതിരിഞ്ഞുനിന്നതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാൻ എന്തേ മോഡിയും ഷായും ബിജെപിയും വിസമ്മതിക്കുന്നു?

സംസ്ഥാനങ്ങളിൽ നിലവിലുള്ള സീറ്റുകൾക്കൊപ്പം 50% സീറ്റുകൾ വർധിപ്പിച്ചു സമവായം ഉണ്ടാക്കാൻ തയ്യാറായിരുന്നെങ്കിൽ ഒരു പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ പതിവുള്ള കീഴ്‌വഴക്കമനുസരിച്ച് സർവകക്ഷി യോഗം വിളിച്ച് അതിനു ശ്രമിക്കാൻ ആരായിരുന്നു തടസം? എന്തുകൊണ്ട് അത്തരം ഒരു ഫോർമുല 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ ഭാഗമായില്ല? അത്തരം ഒരു സമവായശ്രമത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ബില്ലിന്റെ ചർച്ചകൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടിയിൽ അടിവരയിട്ട ‘ഒരു വ്യക്തി, ഒരു വോട്ട്, ഒരേ മൂല്യം’ എന്ന വ്യാഖ്യാനത്തിന്റെ അർത്ഥമെന്ത്? വസ്തുതകൾ കൂട്ടിവായിക്കുന്ന സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും ബോധ്യമാകുന്നത് മോഡി ഭരണകൂടം കുഴിച്ച കുഴിയിൽ അവർതന്നെ വീണിരിക്കുന്നു എന്നതാണ്.

മുഖ്യ പ്രതിപക്ഷപാർട്ടിയെ പരാദജീവിയെന്ന് അധിക്ഷേപിച്ച പ്രധാനമന്ത്രി മോഡി താൻ ആ സ്ഥാനത്ത് തുടരുന്നത് അഴിമതിയും അവസരവാദവും കൈമുതലാക്കിയ നിതീഷ് കുമാറിന്റെ ജനതാ ദളിന്റെയും (യുണൈറ്റഡ്), ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുടെയും പിന്തുണയോടെയാണെന്നത് സൗകര്യപൂർവം വിസ്മരിക്കുന്നു. അബ് കി ബാർ ചാർസോ പാർ മുദ്രാവാക്യമുയർത്തി 2024ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിക്ക് കേവലം 240 സീറ്റ് മാത്രമാണ് നേടാനായത്. 17-ാമത് ലോക്‌സഭയിൽ 303 സീറ്റുകൾ ഉണ്ടായിരുന്ന ബിജെപിക്ക് 18-ാമത് സഭയിൽ നഷ്ടമായത് 66 സീറ്റുകൾ. അതുനൽകുന്ന സൂചന മറ്റാരേക്കാളും നന്നായി മനസിലാക്കുന്നത് മോഡിയും ഷായുമാണ്. അവിടെയാണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം പ്രസക്തമാകുന്നത്.

തങ്ങൾക്ക് രാഷ്ട്രീയ മേൽക്കയ്യുള്ള, ജനസംഖ്യാ സുസ്ഥിരത എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ട ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ അധികാരത്തിൽ അനന്തമായി തുടരാമെന്ന വ്യാമോഹമാണ് മോഡി സർക്കാർ മതിയായ ഗൃഹപാഠമോ ആവശ്യമായ ആലോചനകളോ സമവായ ശ്രമങ്ങളോ കൂടാതെ 131-ാം ഭരണഘടനാ ഭേദഗതിയായി രാജ്യത്തിനുമേൽ അടിച്ചേല്പിക്കാൻ ശ്രമിച്ചത്. അതാണ് മോഡി സർക്കാരിന്റെയും ബിജെപിയുടെയും ചരിത്ര പരാജയത്തിലേക്ക് നയിച്ചത്. 100% സ്ത്രീകൾ തന്നോടൊപ്പമുണ്ടാകുമെന്ന മോഡിയുടെ ആത്മവിശ്വാസത്തിന്റെ ഉറവിടം അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ മനോഘടനയിൽനിന്നും ഉദയംകൊള്ളുന്നതാണ്. അതിന് യാഥാർത്ഥ്യങ്ങളുമായി പുലബന്ധംപോലും ഇല്ലെന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും കാലവും തെളിയിക്കും. പിന്നെ, മോഡിയുടെ മാപ്പ് ഇന്ത്യ കണ്ടുമടുത്ത മറ്റൊരു അതിഭാവുകത്വ അരോചക നാടകമായി ജനങ്ങൾ തിരിച്ചറിയുന്നു.

Previous
ബസവേശ്വരന്റെ സമത്വചിന്തയും സാമൂഹിക നവോത്ഥാനവും
Next
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയില്‍ ;...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment