12-ാം നൂറ്റാണ്ടിലെ ദക്ഷിണ ഭാരതത്തിൽ സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രമുഖ ദാർശനികനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു ബസവേശ്വരൻ. ജാതിവ്യവസ്ഥ, അന്ധവിശ്വാസങ്ങൾ, മതപരമായ അനാചാരങ്ങൾ എന്നിവക്കെതിരായ ശക്തമായ വിമർശനങ്ങളിലൂടെ സമൂഹത്തിൽ ഒരു സമത്വാധിഷ്ഠിത ദർശനം അദ്ദേഹം സ്ഥാപിച്ചു.
ബസവേശ്വരൻ ജനിച്ചത് കർണാടകത്തിലെ ബിജാപ്പൂർ ജില്ലയിലുള്ള ബാഗേവാടി എന്ന സ്ഥലത്താണ്. കല്യാണ ചാലുക്യ ഭരണകാലത്ത്, രാജാവ് ബിജ്ജളയുടെ കാലത്ത് അദ്ദേഹം മഹാമന്ത്രിയായി സേവനമനുഷ്ഠിച്ചു. ആ കാലഘട്ടത്തിൽ ദക്ഷിണ ഭാരതത്തിൽ ശക്തമായി നിലനിന്നിരുന്ന ബ്രാഹ്മണാധിപത്യവും ജാതിവ്യവസ്ഥയും സാമൂഹിക അസമത്വവും അദ്ദേഹത്തിന്റെ ചിന്താഗതിയുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. സാമൂഹിക പരിഷ്കരണാശയങ്ങൾ നിറഞ്ഞ ബസവേശ്വരന്റെ ദർശനത്തിന്റെ കേന്ദ്രബിന്ദു, കായകവേ കൈലാസം (അധ്വാനം ആരാധന) എന്ന ആശയമാണ്.
ഇത് തൊഴിൽമൂല്യമെന്ന ആശയം മാത്രമല്ല, ആത്മീയതയും സാമൂഹിക നീതിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതുമാണ്. ഓരോ വ്യക്തിയും സ്വയം ചെയ്യുന്ന കഠിനാധ്വാനം വഴി ആത്മീയവിജയം നേടാമെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു.
മറ്റൊരു പ്രധാന ആശയം “ദാസോഹ” എന്നതാണ്. ഇത് സമ്പത്തിന്റെ പുനർവിതരണം, സാമൂഹിക ഉത്തരവാദിത്തം, സഹജീവനം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വ്യക്തിഗത സമ്പാദ്യം സമൂഹത്തിനായി വിനിയോഗിക്കപ്പെടണം എന്നതാണ് ഇതിന്റെ ഉള്ളടക്കം.
ജനാധിപത്യ ആശയവിനിമയത്തിന്റെ ആദിമ മാതൃകയായ ബസവേശ്വരൻ സ്ഥാപിച്ച “അനുഭാവ മണ്ഡപം” ലോകത്തിലെ ആദ്യത്തെ ജനാധിപത്യ ചർച്ചാവേദികളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. ഇവിടെ ജാതി, ലിംഗം, സാമ്പത്തികനില തുടങ്ങിയ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും ആശയങ്ങൾ പങ്കുവയ്ക്കാനുള്ള അവകാശമുണ്ടായിരുന്നു.
സ്ത്രീകൾക്കും താഴ്ന്ന ജാതിക്കാർക്കും സമാന അവകാശം നൽകിയ ഈ വേദി, സാമൂഹിക ഉൾക്കൊള്ളലിന്റെ പ്രായോഗിക മാതൃകയായി പഠിക്കപ്പെടുന്നു. ഒരു കവിയെന്ന നിലയിൽ സാമൂഹിക വിമർശനവും ആത്മീയതയും നിറഞ്ഞ ബസവേശ്വരന്റെ വചനങ്ങൾ ലളിതമായ കന്നട ഭാഷയിൽ രചിക്കപ്പെട്ടവയാണ്. ഇവയിൽ ദാർശനിക ആഴവും സാമൂഹിക വിമർശനവും സമന്വയിക്കുന്നു. അവ സാമൂഹിക പരിഷ്കരണത്തെ പ്രചോദിപ്പിക്കുന്ന കാവ്യ സാമ്പത്തായി നിലകൊള്ളുന്നു.
“പണമുള്ളവർ ശിവാലയം പണിയുന്നു,
ഞാനെന്തു പണിയും ദാരിദ്രനയ്യ
എന്റെ കാലുകൾ തൂണുകൾ,
ദേഹം ദേവാലയം.
ശിരസ്സ് താഴികക്കുടം
കൂടലസംഗമദേവാ കേൾക്കനീ
സ്ഥാവരമായതു നശിക്കും
ജംഗമമായതു നിലനിൽക്കും”
ഈ വചനം ദൈവത്തെ പുറത്തുള്ള ക്ഷേത്രങ്ങളിൽ അന്വേഷിക്കുന്നതിനുപകരം മനുഷ്യന്റെ ഉള്ളിൽ കണ്ടെത്തണമെന്ന് സൂചിപ്പിക്കുന്നു. സാമൂഹിക പരിഷ്കാരങ്ങളിൽ ബസവേശ്വരന്റെ പങ്ക് അതുല്യമാണ്. ജനനം അടിസ്ഥാനമാക്കിയുള്ള സാമൂഹിക ക്രമീകരണത്തെ അദ്ദേഹം തള്ളി, തൊഴിൽ അടിസ്ഥാനമാക്കിയുള്ള മാന്യതയെ ഉയർത്തിപ്പിടിച്ചു.
സ്ത്രീശാക്തീകരണം: അക്കാലത്ത് സ്ത്രീകൾക്ക് സമാന അവകാശങ്ങൾ നൽകിയതിലൂടെ അദ്ദേഹം ഒരു പുരോഗമനചിന്തകൻ ആയിരുന്നു. അനുഭവമണ്ഡപത്തിലെ അക്കാ മഹാദേവിയെപോലുള്ള സ്ത്രീ ചിന്തകരുടെ പങ്കാളിത്തം ഇതിന് ഉദാഹരണമാണ്.
യാഗങ്ങൾ, പൂജകൾ, ഇടനിലക്കാരായ പുരോഹിതന്മാർ എന്നിവയെ ഒഴിവാക്കി വ്യക്തിപരമായ ഭക്തിയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ആധുനിക സമൂഹത്തിൽ സാമൂഹിക അസമത്വം, സാമ്പത്തിക വ്യത്യാസങ്ങൾ, ലിംഗവിവേചനം എന്നിവ നിലനിൽക്കുന്ന സാഹചര്യത്തിൽ ബസവേശ്വരന്റെ ചിന്തകൾ കൂടുതൽ പ്രസക്തമാണ്.
ബസവേശ്വരന്റെ ജീവിതവും ചിന്തകളും ഒരു സമത്വസമൂഹത്തിന്റെ രൂപീകരണത്തിനുള്ള ശക്തമായ ബൗദ്ധിക അടിത്തറയാണ്.
അദ്ദേഹത്തിന്റെ “കായക”യും “ദാസോഹ”യും ഇന്നത്തെ സാമൂഹ്യ‑ആർത്ഥിക ചർച്ചകളിൽ പ്രാധാന്യമുള്ള ആശയങ്ങളായി തുടരുന്നു. അദ്ദേഹം വിഭാവനം ചെയ്ത വീരശൈവ അഥവാ ലിംഗയത് സിദ്ധാന്തങ്ങൾ കേവലമൊരു ജാതിവ്യവസ്ഥ അല്ല അത് മനുഷ്യന്റെ സമഗ്ര പുരോഗതിക്കുള്ള ഉദാത്ത ദർശനങ്ങൾ ഉൾക്കൊള്ളുന്നതാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment