ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ ബഹുഭൂരിപക്ഷ സമരസംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ രൂപീകരിച്ചിട്ട് ഏപ്രിൽ 20ന് എൺപതാണ്ടു തികയുന്നു. രാജ്യം സ്വാതന്ത്ര്യത്തിലേക്കു മുന്നേറുന്ന 1946ൽ വൈറ്റ് കോളർ എന്നറിയപ്പെട്ടിരുന്ന മധ്യവർഗ ജീവനക്കാരുടെ ഇടയിൽനിന്ന് തൊഴിലാളിവർഗ പരിപ്രേക്ഷ്യത്തോടെ ഉയർന്നുവന്ന സംഘടനയാണ് എഐബിഇഎ. ബാങ്ക് ജീവനക്കാർക്കു മാത്രമല്ല, പൊതുവിൽ ഇന്ത്യൻ തൊഴിലാളിവർഗത്തിനു കരഗതമായ പല നേട്ടങ്ങളുടെയും പിന്നിൽ എഐബിഇഎ നടത്തിയ ഐതിഹാസിക സമരങ്ങളുണ്ട്. അതിലുപരി, ബാങ്ക് ദേശസാൽക്കരണം എന്ന മുദ്രാവാക്യമുയർത്തി രാജ്യമെമ്പാടും എഐബിഇഎ നടത്തിയ പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും ഈ സംഘടനയ്ക്ക് രാജ്യചരിത്രത്തിൽ തനതായ ഒരിടം നേടിക്കൊടുത്തിട്ടുണ്ട്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിങ്ങിന്റെ ചരിത്രം തുടങ്ങുന്നത് 1955 ജൂലൈ ഒന്നിനാണ്. അന്നാണ് ബ്രിട്ടീഷുകാർ സ്ഥാപിച്ച ഇംപീരിയൽ ബാങ്കിനെ സർക്കാർ ഏറ്റെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ചത്.
പിന്നീട് നാട്ടുരാജാക്കന്മാരുടെ ഉടമസ്ഥതയിൽ ആയിരുന്ന ഏഴ് ബാങ്കുകളെ ദേശസാല്‍ക്കരിച്ചു. ഇങ്ങനെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകൾ ഉണ്ടായത്. എങ്കിലും 1969 ജൂലൈ 19ന് പ്രഖ്യാപിച്ച 14 വൻകിട ബാങ്കുകളുടെ ദേശസാൽക്കരണം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി അറിയപ്പെടുന്നു. കാരണം, ഈ നടപടിക്കു ശേഷമാണ് സാധാരണ ജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ ഭരണപരമായ നടപടികൾ സ്വീകരിക്കപ്പെട്ടത്. ലീഡ് ബാങ്ക് പദ്ധതി, സംസ്ഥാന തല ബാങ്കേഴ്സ് സമിതി, മുൻഗണനാ വായ്പകൾ, ഗ്രാമീണ മേഖലകളിൽ കൂടുതൽ ശാഖകൾ വ്യാപിപ്പിക്കാനുള്ള നയപരമായ തീരുമാനം, കാർഷിക വായ്പകൾക്ക് മുൻഗണന, തുടങ്ങി ഒട്ടേറെ നടപടികളാണ് ഇതോടെ സ്വീകരിക്കപ്പെട്ടത്. ഇവയ്ക്കെല്ലാംതന്നെ അടിസ്ഥാനമായത് എഐബിഇഎ തുടർച്ചയായി ഈ വിഷയത്തിൽ നൽകിവന്ന നിർദേശങ്ങളാണ്.
ഇത് സാമ്പത്തികരംഗത്ത് രാജ്യത്തിട്രിബ്യൂ വലിയ കുതിപ്പിനു തുടക്കമിട്ടു. ഗ്രാമീണരുടെ കടക്കെണിക്ക് അയവുവന്നു. ഐആർഡിപി തുടങ്ങിയ ദാരിദ്യ്ര നിർമ്മാർജന പദ്ധതികൾക്ക് കളമൊരുങ്ങി. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ബാങ്ക് ദേശസാൽക്കരണമില്ലാതെ ഇന്ത്യ ഇന്ന് നാലാം സാമ്പത്തിക ശക്തിയാവുക സാധ്യമല്ലായിരുന്നു. 1954 ഓഗസ്റ്റ് മാസത്തിൽ കേന്ദ്ര തൊഴിൽമന്ത്രി വി വി ഗിരി രാജിവച്ചത് നെഹ്രു സർക്കാരിനെ പിടിച്ചുലച്ച സംഭവമായിരുന്നു. ബാങ്ക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് ഇന്നും ബാധകമായിരിക്കുന്ന ദേശീയ ട്രിബ്യൂണൽ അവാർഡാണ് ശാസ്ത്രി അവാർഡ്. ഈ അവാർഡ് സംബന്ധിച്ച് മാനേജ്മെന്റും തൊഴിലാളികളും തർക്കങ്ങൾ ഉന്നയിച്ചപ്പോൾ സർക്കാർ ഒരു ലേബർ അപ്പലേറ്റ് ട്രിബ്യൂണലിനെ നിയോഗിച്ചു. ഈ ട്രിബ്യൂണലിന്റെ വിധിയെ നെഹ്രു സർക്കാർ ഏകപക്ഷീയമായി, തൊഴിലാളികൾക്ക് എതിരായ വിധത്തിൽ പരിഷ്കരിച്ചു. ഈ നടപടിക്കെതിരെയാണ് ബാങ്കിങ് മേഖലയിൽ ആദ്യത്തെ ദേശീയ പണിമുടക്ക് നടന്നത്.
1954 സെപ്റ്റംബർ 23ന്. ഈ വിഷയത്തിൽ ക്യാബിനറ്റ് എടുത്ത ബാങ്ക് മാനേജ്മെന്റുകൾക്ക് അനുകൂലമായ സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു പിൽക്കാലത്ത് രാഷ്ട്രപതിയായ വി വി ഗിരിയുടെ രാജി. തൊഴിലാളികൾക്ക് അനുകൂലമായ നിലപാടെടുത്ത് ഒരു കേന്ദ്രമന്ത്രി രാജിവയ്ക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വിശ്വസിക്കുക പോലും ബുദ്ധിമുട്ടാണ്. അവിടെനിന്നാണ് 1966ലെ ആദ്യ വ്യവസായതല ദ്വികക്ഷി ഉടമ്പടിയിലേക്കുള്ള ബാങ്ക് ജീവനക്കാരുടെ മുന്നേറ്റം. ഇന്ന് 12 ദ്വികക്ഷി ഉടമ്പടികൾ പിന്നിട്ടുകഴിഞ്ഞു. എഐബിഇഎ പോരാട്ടങ്ങളിലൂടെ നേടിയ കൂട്ടായ വിലപേശലിന്റെ ഈ മാതൃക മറ്റു നിരവധി മേഖലകളിലെ തൊഴിലാളികൾക്ക് പ്രചോദനമായി. വേരിയബിൾ ഡിഎ, ഏർൺഡ് ലീവ്, എൽടിസി തുടങ്ങിയ ആനുകൂല്യങ്ങൾ ബാങ്കിങ് മേഖലയിൽ നിന്നാണ് സർക്കാർ ശമ്പള കമ്മിഷനുകൾ ഏറ്റെടുത്തത്. 1978 കാലഘട്ടത്തിൽ മൊറാർജി ദേശായ് പ്രധാനമന്ത്രി ആയിരിക്കെ വേരിയബിൾ ഡിഎ നിർത്തലാക്കാൻ ഭൂതലിംഗം കമ്മിറ്റിയിലൂടെ നടത്തിയ ശ്രമങ്ങളെ ചെറുത്തു തോൽപിക്കാൻ ബാങ്ക് ജീവനക്കാർക്കു സാധിച്ചു എന്നത് ക്ഷാമബത്തയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
ഇന്നു രാജ്യം ഭരിക്കുന്ന മോഡി സർക്കാരിന്റെ പ്രധാന നയം പൊതു ആസ്തികൾ വിൽക്കുക എന്നതാണ്. 2020ൽ പ്രഖ്യാപിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്‌ലൈൻ പരിപാടിയിലൂടെ ആറു ലക്ഷം കോടി രൂപയുടെ ദേശീയ ആസ്തികളാണ് വില്പനയ്ക്കു വച്ചത്. ഈ വർഷം വീണ്ടും 16.72 ലക്ഷം കോടിയുടെ ആസ്തികൾ വരുന്ന അഞ്ച് വർഷം കൊണ്ട് വിൽക്കാൻ ലക്ഷ്യമിടുന്നു. ഇപ്പറഞ്ഞ 22.72 ലക്ഷം കോടിയുടെ ആസ്തികൾ മോഡി അധികാരത്തിൽ വരുന്നതിന് എത്രയോ മുമ്പ് ഈ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതാണ്. ഇവയിലെല്ലാം ഈ രാജ്യത്തെ തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും കയ്യൊപ്പുണ്ട്. എൽഐസി രൂപീകരണം മുതൽ എണ്ണക്കമ്പനികളുടെ ദേശസാൽക്കരണം വരെ എല്ലാ സൃഷ്ടിപരമായ നടപടികളിലും ഇടതുപക്ഷം ക്രിയാത്മക പങ്കു വഹിച്ചിട്ടുണ്ട്. 1969 ലെ ബാങ്ക് ദേശസാൽക്കരണ ഓർഡിനൻസിനെതിരെ ബാങ്കുടമകളുടെ പ്രതിനിധി ആർസി കൂപ്പർ കോടതിയെ സമീപിച്ചപ്പോൾ അവരോടൊപ്പം ചേർന്ന് ബാങ്ക് ദേശസാല്‍ക്കരണത്തെ എതിർത്ത് കക്ഷി ചേർന്നവരാണ് ബിജെപിയുടെ മുൻഗാമികളായ ജനസംഘ്. വാജ്പേയി ആയിരുന്നു അന്ന് ആ പാർട്ടിയുടെ നേതാവ്. ആ കേസിൽ ദേശസാൽക്കരണത്തെ അനുകൂലിച്ചു കക്ഷിചേർന്ന സംഘടനയാണ് എഐബിഇഎ.
തികച്ചും സാങ്കേതികമായ കാരണങ്ങളാൽ സുപ്രീം കോടതി ദേശസാൽക്കരണ പ്രഖ്യാപനത്തെ റദ്ദു ചെയ്തപ്പോൾ അതിനെതിരെ ദേശീയ അളവിൽ 1970 ഫെബ്രുവരി 13ന് പണിമുടക്കി പ്രതിഷേധിച്ച സംഘടന കൂടിയാണ് എഐബിഇഎ. പിന്നീട് ഇന്ദിരാ ഗാന്ധി സർക്കാർ 1970 മാർച്ച് 24ന് പുതിയ നിയമനിർമ്മാണം നടത്തി സുപ്രീം കോടതി വിധി മറികടന്ന് ബാങ്ക് ദേശസാൽക്കരണം യാഥാർത്ഥ്യമാക്കിയത് ചരിത്രം. ധവള വിപ്ലവം, ഹരിത വിപ്ലവം, ഭക്ഷ്യധാന്യ സ്വയം പര്യാപ്തത തുടങ്ങിയവ യാഥാർത്ഥ്യമാക്കാൻ സഹായിച്ച സുപ്രധാന നടപടിയായി ബാങ്ക് ദേശസാൽക്കരണം മാറി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നതും പൊതുമേഖലാ ബാങ്കിങ്ങിനോടുള്ള പ്രതിബദ്ധതയും രണ്ടു കണ്ണുകൾ പോലെ തുല്യ പ്രാധാന്യത്തോടെ കണ്ടാണ് എഐബിഇഎ അന്നും ഇന്നും പ്രവർത്തിച്ചു വരുന്നത്. 1991ൽ ആരംഭിച്ച നവലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെ 53 പണിമുടക്കുകളാണ് എഐബിഇഎ നടത്തിയിട്ടുള്ളത്. ഇതിൽ സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിലുള്ള മുപ്പതോളം പണിമുടക്കുകളും ഉൾപ്പെടുന്നു. വൻകിട കോർപറേറ്റ് കമ്പനികളുടെ കിട്ടാക്കടങ്ങൾ ബാങ്കിങ് മേഖലയെ കാർന്നു തിന്നുന്ന സാഹചര്യം തുറന്നുകാട്ടിയും ദീർഘകാലമായി എഐബിഇഎ പ്രക്ഷോഭങ്ങൾ നടത്തിവരുന്നു. സമകാലിക വെല്ലുവിളികളായ നിശ്ചിതകാല തൊഴിൽ, ഔട്സോഴ്സിങ്, കരാർ തൊഴിൽ തുടങ്ങിയവയെ നേരിടുന്നതിനായും നിരവധി പ്രക്ഷോഭങ്ങൾ സംഘടന നടത്തിവരുന്നു. 80 വർഷത്തെ തിളക്കമാർന്ന പ്രവർത്തന സപര്യ പൂർത്തിയാക്കി മുന്നോട്ടു പോകുമ്പോൾ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ 80 പൊതുപരിപാടികളാണ് ഒരു വർഷത്തിനിടെ എഐബിഇഎ സംഘടിപ്പിച്ചത്.
ദേശീയ അളവിൽ ആഘോഷങ്ങളുടെ സമാപനം ഏപ്രിൽ 19 മുതൽ 22 വരെ ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന മുപ്പതാം ദേശീയ സമ്മേളനത്തിൽവച്ച് നടക്കുകയാണ്. ലോക തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി ജനറൽ പാമ്പിസ് കൈരിറ്റ്സിസ്, എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ തുടങ്ങിയ സമുന്നത നേതാക്കൾ പങ്കെടുക്കും. ഇന്ത്യൻ തൊഴിലാളി വർഗവുമായി ചേർന്ന് കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്തു മുന്നോട്ടു പോകാൻ ഈ സമ്മേളനവും എൺപതാം വാർഷിക ആഘോഷവും സംഘടനയ്ക്ക് കൂടുതൽ ഊർജം നൽകും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment