ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. റോഡപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ തടിച്ചുകൂടിയവർക്കിടയിലേക്ക് അമിതവേഗതയിലെത്തിയ കാർ പാഞ്ഞുകയറിയാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച രാത്രി 11.30ഓടെ ജലാൽപൂർ — അക്ബർപൂർ റോഡിൽ അഷ്‌റഫ്പൂർ ഭുവ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. രണ്ട് മോട്ടോർ സൈക്കിളുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാനും ആശുപത്രിയിലേക്ക് മാറ്റാനുമായി നാട്ടുകാരും യാത്രക്കാരും റോഡിൽ തടിച്ചുകൂടി. ഇതിനിടയില്‍ ജലാൽപൂർ ഭാഗത്തുനിന്ന് അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് രക്ഷാപ്രവർത്തകർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ ജലാൽപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ആറുപേർ അപ്പോൾ തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മറ്റു രണ്ടുപേരെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ടാണ്ടയിലെ മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും ഇവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന് ശേഷം ഡ്രൈവർ വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment