Related News

ബിജു വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Janayugom
Developer Admin

മണ്ണഞ്ചേരിയിൽ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ബിജു എന്നയാളെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. കൊല്ലം ഇടിവ പഞ്ചായത്ത് എട്ടാം വാർഡിൽ പൂച്ചെടി പണയിൽ വീട്ടിൽ മനോജ് കൃഷ്ണനെയാണ് (30) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 

മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ വരകാടി വെളിയിൽ കുഞ്ചുപിള്ളയുടെ മകൻ ബിജുവാണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുമായി പ്രതി മനോജ് കൃഷ്ണൻ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഈ ബന്ധത്തെ ബിജു ശക്തമായി എതിർത്തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

സംഭവദിവസം എറണാകുളത്തുനിന്ന് പാസഞ്ചർ ട്രെയിനിൽ മാരാരിക്കുളത്തെത്തിയ ബിജുവിനെ കാത്ത് മനോജ് അവിടെ നിന്നിരുന്നു. ഇരുവരും ചേർന്ന് മദ്യപിച്ച ശേഷം ബിജുവിന്റെ വീട്ടിലെത്തി. അവിടെ വെച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ബിജുവിന്റെ ഭാര്യ ലതയുടെയും മക്കളുടെയും മുന്നിൽ വെച്ച് പ്രതി ബിജുവിനെ ചവിട്ടി താഴെയിട്ടു. തുടർന്ന് പത്തൽ വടി ഉപയോഗിച്ച് നെഞ്ചിലും വയറ്റിലും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ബിജു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. 

സംഭവം നടന്ന ദിവസം തന്നെ മണ്ണഞ്ചേരി പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. മാരാരിക്കുളം സി ഐമാരായ എസ് ശ്രീജിത്ത്, എം കെ രാജേഷ് എന്നിവരാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ, അഭിഭാഷകരായ നാരായൺ ജി അശോക് നായർ, ദീപ്തി കേശവ് എന്നിവർ ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ എൽ മാത്യു, ശ്യാം എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Previous
മുംബൈക്ക് ഇന്ന് തീക്കളി
Next
ഹണിമൂണ്‍ കൊലപാതകം; പ്രതി സോനം രഘുവംശിക്ക് ജാമ്യം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment