തുടർച്ചയായ തോൽവികൾക്ക് വിരാമമിട്ട് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആഴ്‌സണൽ. ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്സിന്റെ വിജയം. ഇബെറെച്ചി എസെ നേടിയ തകർപ്പൻ ഗോളാണ് ആഴ്‌സണലിന് തുണയായത്.
ബേൺമൗത്ത്, മാഞ്ചസ്റ്റർ സിറ്റി എന്നിവരോട് വഴങ്ങിയ അപ്രതീക്ഷിത തോൽവികളോടെ ഒക്ടോബറിന് ശേഷം ആദ്യമായി ആഴ്‌സണലിന് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. എന്നാൽ ഇപ്പോള്‍ നേടിയ ഈ മൂന്ന് പോയിന്റുകളോടെ 34 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി ആഴ്‌സണൽ പട്ടികയിൽ ഒന്നാമതെത്തി. നിലവിൽ 33 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ ആഴ്‌സണൽ ലീഡ് നേടി. കൈ ഹാവെർട്‌സിൽ നിന്ന് ലഭിച്ച പന്ത് പെനാൽറ്റി ബോക്സിന് തൊട്ടുപുറത്ത് നിന്ന് എസെ തൊടുത്ത ഷോട്ട് ന്യൂകാസിൽ ഗോൾകീപ്പർ നിക്ക് പോപ്പിനെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു. ഈ സീസണിൽ സെറ്റ് പീസുകളിൽ (കോർണറുകളിൽ) നിന്ന് ആഴ്‌സണൽ നേടുന്ന 17-ാം ഗോളിനൊപ്പം ഒരു പുതിയ പ്രീമിയർ ലീഗ് റെക്കോഡും പിറന്നു. രണ്ടാം ഗോൾ കണ്ടെത്താൻ ആഴ്‌സണൽ ബുദ്ധിമുട്ടിയതോടെ ആരാധകർ സമ്മർദത്തിലായി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ന്യൂകാസിലിന്റെ യോവാൻ വിസയ്ക്ക് ലഭിച്ച സുവർണാവസരം പാഴായത് ആർട്ടെറ്റയ്ക്കും സംഘത്തിനും വലിയ ആശ്വാസമായി.
മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ലിവര്‍പൂള്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. അലക്സാണ്ടര്‍ ഐസക് (34), ആന്‍ഡ്ര്യു റോബര്‍ട്സണ്‍ (40), ഫ്ലോറിയന്‍ റിറ്റ്സ് (96) എന്നിവരാണ് ലിവര്‍പൂളിന്റെ സ്കോറര്‍മാര്‍. ഡാനിയല്‍ മ്യൂണസാണ് (71) പാലസിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment