ഭക്തന്മാർ ചെയ്യുന്ന ഗാനാർച്ചനയാണ് ഭജനം. അപ്പോൾ ഭക്തർ ആരാണെന്നു പറയേണ്ടി വരും. എന്നാൽ മാത്രമേ എവിടെയായാലും നടക്കുന്നത് ഭജനമാണോ എന്ന് നിർണയിക്കാനാകൂ. ഭക്തർ ആരാണെന്ന ചോദ്യത്തിന് ഉത്തരം തേടിയാൽ ഭക്തിയുള്ളവർ എന്ന് മറുപടി കിട്ടും. അപ്പോൾ എന്താണ് ഭക്തി എന്ന് കണ്ടെത്താതെ ഭക്തരാരെന്ന് നിർണയം ചെയ്യൽ അസാധ്യമാകും. ഭക്തി എന്തെന്ന് നിർണയിക്കാനുള്ള ഏറ്റവും പ്രാമാണിക ഗ്രന്ഥം നാരദ ഭക്തിസൂത്രമാണ്. പ്രസ്തുത ഗ്രന്ഥത്തിലെ രണ്ടാമത്തെ സൂത്രത്തിൽ പറയുന്നത് ‘സാ ത്വസ്മിൻ പരമപ്രേമ രൂപഃ’ എന്നാണ് — സർവേശ്വരനോടുള്ള പരമ പ്രേമമാണ് ഭക്തി എന്നർത്ഥം. ഇത്തരം പരമപ്രേമരൂപമായ ഭക്തി സർവേശ്വരനോട് ഉണ്ടായിരുന്ന ഒരു മഹാത്മാവ് നമ്മുടെ സമീപ ഭൂതകാലത്ത് ജീവിച്ചിരുന്നു. സ്വാമി വിവേകാനന്ദരുടെ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരായിരുന്നു ചരിത്രപുരുഷനായ ആ ഭക്തമാനവൻ.
ശ്രീരാമകൃഷ്ണ പരമഹംസൻ കാളീക്ഷേത്രത്തിലെ പൂജാരിയും അന്തേവാസിയും ആയിരിക്കെത്തന്നെ ക്രിസ്തുദേവനെ ഉപാസിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്തിട്ടുണ്ട്; ഇസ്ലാമിക മുറയിൽ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നു ചൊല്ലി ഭജനം ചെയ്തും അനുഭൂതി കൊണ്ടിട്ടുണ്ട്. ‘വെള്ളത്തെ പാനി എന്നു വിളിച്ച് കുടിച്ചാലും തണ്ണി എന്ന് വിളിച്ചു കുടിച്ചാലും ജൽ എന്നോതിക്കുടിച്ചാലും ദാഹം ശമിക്കും’ എന്നാണ് വിവിധ മതമുറകളിൽ ഈശ്വരഭജനം ചെയ്ത് അനുഭൂതി ഉൾക്കൊണ്ട ശ്രീരാമകൃഷ്ണ പരമഹംസർ സധൈര്യം ശിഷ്യരെ പഠിപ്പിച്ചത്. ഈ ഗുരുവാണിയുടെ അകംപൊരുൾ അറിഞ്ഞതിനാൽത്തന്നെയാണ് നരേന്ദ്രനാഥ ദത്ത് ക്രിസ്മസ് ദിനത്തിൽ സന്യാസ ദീക്ഷാ പ്രതിജ്ഞ ചെയ്ത് സ്വാമി വിവേകാനന്ദനായി മാറാൻ തയ്യാറായത്.
മറ്റൊരു ശ്രീരാമകൃഷ്ണ വിവേകാനന്ദ ശിഷ്യനായ സ്വാമി സിദ്ധിനാഥാനന്ദയാണ് ഏറ്റവും വലിയ ക്രൈ സ്തവ ഭക്തിസാഹിത്യമായ ‘ഫിലോകാലിയ’ യു ടെ മലയാള തർജമക്ക് ചുക്കാൻ പിടിച്ചത്. സ്വാമി വിവേകാനന്ദൻ ആരംഭിച്ച പ്രബുദ്ധ ഭാരതം മാസികയിലൂടെയാണ് ‘രണ്ടാമത്തെ ബൈബിൾ’ എന്ന് ക്രൈസ്തവ പണ്ഡിതരും ഭക്തരും വിശേഷിപ്പിക്കുന്ന തോമസ് അ കെമ്പസീസിന്റെ ‘ദി ഇമിറ്റേഷന്‍ ഓഫ് ക്രെെസ്റ്റ്’ (ക്രിസ്ത്വനുകരണം) ബംഗാളി ഭാഷയിലേക്ക് തർജമ ചെയ്തു പ്രസിദ്ധീകരിച്ചത്. കേരളത്തിന്റെ മഹാഗുരുവായ നാരായണഗുരുവിന്റെ സന്യാസി ശിഷ്യനായിരുന്നു സ്വാമി ധർമ്മതീർത്ഥർ. ഇദ്ദേഹം ഗുരുവിന്റെ അനുമതിയോടുകൂടി തന്നെ ക്രിസ്തുമതം സ്വീകരിച്ച് സ്വാമി ജോൺ ധർമ്മ തീർത്ഥയായി. ഇദ്ദേഹം എഴുതിയ ‘ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം’ എന്ന ഗ്രന്ഥം ഡോ. അംബേദ്കറുടെ അഭിനന്ദനങ്ങൾക്ക് പാത്രീഭൂതമായിട്ടുണ്ടെന്നുകൂടി ഇവിടെ സൂചിപ്പിക്കട്ടെ.
എന്തായാലും, ശ്രീരാമകൃഷ്ണ പരമഹംസരെക്കാളും വലിയ ഭക്തരോ, വിവേകാനന്ദ സ്വാമികൾ, നാരായണഗുരു, സിദ്ധിനാഥാനന്ദ സ്വാമികൾ എന്നിവരെക്കാൾ വലിയ ആചാര്യ പ്രതിഭകളോ ആണ്, കെ പി ശശികലയും ടി പി സെൻകുമാറും സ്വാമി ചിദാനന്ദ പുരിയും വിദ്യാസാഗർ ഗുരുമൂർത്തിയും ഉൾപ്പെടെ വർഗീയ സംഘിവാദികൾ എന്ന് പ്രബുദ്ധരായ മലയാളികളാരും ജാതി — മത ഭേദമന്യേ കരുതാനിടയില്ല. അതിനാൽ ക്രിസ്തുഭക്തിയോട് ശ്രീരാമകൃഷ്ണ പരമഹംസനും വിവേകാനന്ദ സ്വാമികൾക്കും ഇല്ലാത്ത അകൽച്ചയും അയിത്തവും ഒന്നും ഒരു ഈശ്വരഭക്തർക്കും വേണ്ടതില്ല.
ഹിന്ദു ക്ഷേത്രത്തിൽ ക്രിസ്തുദേവനെ സ്തുതിക്കുന്ന ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജന സംഘത്തിന്റെ നടപടിയിൽ ശ്രീനാരദ ഭക്തിസൂത്രത്തെയും ശ്രീരാമകൃഷ്ണ പരമഹംസരെയും പ്രമാണമാക്കി യാതൊരു തെറ്റും ഇല്ലെന്നുതന്നെ നിർണയിക്കാം. ഈശ്വര പ്രേമം മതമതിലുകൾ ഉയർത്തുകയല്ല സ്നേഹ പാലങ്ങൾ പണിയുകയാണ് ചെയ്യുക. നന്ദഗോവിന്ദം ഭജൻസും അവരാലാവുംവിധം അതാണ് ചെയ്തത്. നന്ദഗോവിന്ദം ഭജൻസിനെ എതിർക്കുന്നവർ ഈശ്വരഭക്തരല്ല; മതസംഘ ഭക്തരാണ്. മതസംഘ ഭക്തി വർഗീയത വളർത്തും; ഈശ്വരഭക്തി ‘സർവഭൂത ഹിതേ രതി’ വളർത്തും. എല്ലാവരുടെയും നന്മ വളർത്തും എന്നർത്ഥം.
എല്ലാവരുടെയും നന്മ വളർത്തുന്ന മനോനിലയുണ്ടാവാൻ ഭേദബുദ്ധി ഇല്ലാതാകണം എന്നും നാരദ ഭക്തിസൂത്രം പറയുന്നുണ്ട് (സൂത്രം 72). ‘നാസ്തിതേഷു ജാതിവിദ്യാരൂപകുലധനക്രിയാഭേദഃ = തൊഴിൽ, ധനസ്ഥിതി, കുല മഹിമ, ശരീരലാവണ്യം, വിദ്യാഭ്യാസം, ജാതി (ആൺ/പെൺ തുടങ്ങി നായാടി, നമ്പ്യാർ, നായർ, നമ്പൂതിരി തുടങ്ങിയ ജാതികൾ വരെയുള്ളവ) തുടങ്ങിയ സകല ഭേദങ്ങളും ഭക്തിയിലും ഭക്തർക്കും അപ്രസക്തമായ്‌ത്തീരും’ എന്നാണ് സൂത്രത്തിന്റെ അർത്ഥം. ‘അദ്വേഷ്ടാ സർവഭൂതാനാം മൈത്ര കരുണ ഏവച’ എന്ന ഭഗവദ് ഗീതയിലെ ഭക്തിയോഗത്തിൽ പറയുന്ന ഭക്തലക്ഷണത്തോട് ഉള്ളിണക്കമുള്ള ഭക്തി/ഭക്ത ലക്ഷണം തന്നെയാണ് നാരദ ഭക്തിസൂത്രവും ഉദ്ഘോഷിക്കുന്നത്. ‘ചരാചര പ്രപഞ്ചത്തിൽ യാതൊന്നിനോടും വിദ്വേഷം ഇല്ലാത്തവരും എല്ലാറ്റിനോടും മൈത്രിയും കരുണയും പുലർത്തേണ്ടവരുമാണ് ഭക്തർ’ (ഗീതഃ12–13) എന്നാണ് ഗീതാശ്ലോക താല്പര്യം.
ഇപ്പറഞ്ഞതുവച്ച് ചിന്തിക്കുമ്പോൾ ഭേദ ബുദ്ധിയും വിദ്വേഷ ബുദ്ധിയും കുത്തിവയ്ക്കുന്ന വർഗീയവാദികൾ — അവരുടെ മതവും വേഷവും പേരും എന്തു തന്നെയായാലും — ഭഗവദ്ഗീതയ്ക്കും നാരദ ഭക്തിസൂത്രത്തിനും എതിരാണ്. ക്ഷേത്രാങ്കണത്തിൽ ക്രിസ്തു കീർത്തന ഗാനവും കൂടി പാടിക്കൊണ്ട് ഭേദബുദ്ധി ഒഴിവാക്കാനാണ് നന്ദഗോവിന്ദം ഭജൻസ് ശ്രമിച്ചത്. ആ സദുദ്യമത്തെ എതിർത്തവർ ആരായാലും അവർ ഭക്തജനങ്ങൾക്ക് മുമ്പാകെ ഉയർത്തിയിരിക്കുന്ന പ്രശ്നം ഭഗവദ്ഗീതയെയും നാരദ ഭക്തിസൂത്രത്തെയും ആദരിച്ച് നന്ദഗോവിന്ദം ഭജൻസിനെ പിന്തുണയ്ക്കണോ അതോ വിദ്വേഷം വളർത്തുന്ന കാവിധാരികളായ വർഗീയവാദികളെ പിന്തുണച്ച് ഭഗവദ്ഗീതയ്ക്കും നാരദഭക്തി സൂത്രത്തിനും വിരുദ്ധമായി നന്ദഗോവിന്ദം ഭജൻസിനെ എതിർക്കണോ എന്നതാണ്.
ഭക്തിയുള്ളവർ നന്ദഗോവിന്ദം ഭജൻസിനെ എതിർക്കില്ല; വർഗീയവാദികൾക്ക് ഭക്തിയൊട്ട് ഉണ്ടാവുകയും ഇല്ല. ഭക്തജനങ്ങൾ കൂടുതലുണ്ടാവുന്നത് ഭീഷണിയല്ല; എന്നാല്‍ വർഗീയവാദികളുടെ എണ്ണം ഒരെണ്ണം കൂടുതലാകുന്നതുപോലും അപകടമാണ്. അഥവാ കേരളത്തിൽ കുറൂരമ്മമാരും പൂന്താനവും കൂടുതലുണ്ടാകുന്നത് നന്ന്; പക്ഷേ, ശശികലമാരും സെൻകുമാറുമാരും കൂടുതലാകുന്നത് നന്നല്ല. നാരായണഗുരുക്കന്മാരുടെ എണ്ണം കൂടുന്നത് നന്ന്; പക്ഷേ ചിദാനന്ദപുരിമാരുടെ എണ്ണം കൂടരുത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment