ആഘോഷങ്ങള്‍ക്കായി എരിഞ്ഞടങ്ങുന്നവർ

Janayugom
Developer Admin

തൃശൂരിലെ മുണ്ടത്തിക്കോട് ഗ്രാമത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വെടിക്കെട്ടുപുരയിലെ സ്ഫോടനത്തിൽ മരിച്ചത് 14 പേർ. ഇവരിൽ ചിലരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മുളങ്കുന്നത്തുകാവിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമുള്ളവരുടെ നില അതീവ ഗുരുതരം. ദുരന്ത മുഖത്തു നിന്നും ഓടി രക്ഷപ്പെട്ട വേലൂർ സ്വദേശി ഭവാനിക്കും വിൽസണുമെല്ലാം പുതുജന്മമാണിത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തിരി, കരിമരുന്ന് പുരട്ടി പുറത്തെ പായകളിൽ ഉണക്കാൻ ഇടുന്നവരായതിനാലാണ് ഇവരെപ്പോലെ ചിലർക്ക് ജീവൻ തിരിച്ചുകിട്ടിയത്. തൃശൂർ പൂരത്തിന്റെ രണ്ടു പ്രധാന വിഭാഗങ്ങളിൽ ഒന്നായ തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് തയ്യാറാക്കാന്‍ അഞ്ച് പുരകളിലായി നാല്പതോളം പേരുണ്ടായിരുന്നുവെന്ന് പറയുന്നു. ഇത്രയും ഗൗരവമുള്ള, നിരവധി മനുഷ്യ ജീവനുകൾ നഷ്ടപ്പെടാവുന്ന ഒരു നിർമ്മാണ സ്ഥലത്ത്, ഉണ്ടായിരുന്ന തൊഴിലാളികളുടെപോലും എണ്ണമോ, സുരക്ഷ ക്രമീകരണങ്ങളെപ്പറ്റിയോ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല എന്നത് ഞെട്ടിക്കുന്നതാണ്.

20 വര്‍ഷം മുമ്പ് 2006 മേയ് നാലിനും വെടിക്കെട്ടുപുര സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചിരുന്നു. അന്ന് പാറമേക്കാവിന്റെ പാടുക്കാട്ടുള്ള വെടിക്കെട്ടുപുരയാണ് പൊട്ടിച്ചിതറിയത്. വെടിക്കെട്ട് പുരയ്ക്കുള്ളിൽ നിലത്തിരുന്ന് കരിമരുന്നു നിറച്ചിരുന്നവരും ഒപ്പമുണ്ടായിരുന്നവരും അഗ്നിഗോളങ്ങൾക്കൊപ്പം പൊട്ടിത്തെറിച്ച് നൂറു മീറ്റർ അകലെ വരെയെത്തി. ശരീര ഭാഗങ്ങൾ പാടത്തും പറമ്പിലുമായി ചിന്നിച്ചിതറി. ഇവ കഡാവർ നായകളുടെ സഹായത്തോടെയാണ് ശേഖരിച്ചത്. കുറെയെല്ലാം സംഭവ ദിവസം തന്നെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളുടെ വാതിലുകളും ജനലുകളും സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്നു. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ വീടിനുള്ളിലുണ്ടായിരുന്നവർ ഭൂകമ്പമെന്ന് കരുതി ഇറങ്ങിയോടി. അമ്പതോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മൂന്നു വീടുകൾ പൂർണമായും തകർന്ന നിലയിലാണ്. തൃശൂർ നഗരത്തിൽ നിന്നും 14 കിലോമീറ്റർ ദുരമുള്ള മുണ്ടത്തിക്കോട് കുട്ടംകുളം പാടത്തിനോട് ചേർന്നുള്ള ആളൊഴിഞ്ഞ അഞ്ചേക്കറിലായിരുന്നു വെടിക്കെട്ട് പുരകൾ.

കുഴിമിന്നലും ഡൈനയും അമിട്ടുമെല്ലാം സംഭരിച്ചിരുന്ന പുരകളാണ് സ്ഫോടനത്തിൽ പൊട്ടിചിതറിയത്. കരിമരുന്നു പുരട്ടി ഉണക്കാനിട്ട തിരിയിൽ നിന്നും കഠിനമായ ചൂടു മൂലമാകും തീ പടർന്നതെന്ന് സംശയിച്ചിരുന്നു. എന്നാൽ ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ വിലയിരുത്തൽ. അപകട കാരണം എന്താണ് എന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്. സ്ഫോടനത്തിന്റെ കൃത്യമായ കാരണങ്ങൾ ജൂഡീഷ്യൽ കമ്മിഷന്റെ അന്വേഷണത്തിന് ശേഷം പുറത്തുവന്നേക്കാം. തൃശൂർ പൂരാഘോഷങ്ങളുടെ മിഴിവും ചന്തവുമെല്ലാം മണിക്കൂറുകൾക്കുള്ളിൽ ചാമ്പലായി തീരുമ്പോൾ, അനാഥമാകുന്നത് കുറെ കുടുംബങ്ങളുടെ സ്വസ്ഥമായ ജീവിതം കൂടിയാണ്. ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും മറ്റ് ആഘോഷങ്ങൾക്കുമെല്ലാം കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള വെടിക്കെട്ട് സാമഗ്രികൾ തന്നെ വേണമെന്ന നിർബന്ധം, സാധാരണ തൊഴിലാളികളെയാണ് എന്നും ഇരകളാക്കുന്നത്.

ശബ്ദതീവ്രതയുടെ വർധനവിന് അനുസരിച്ച് പെരുന്നാളിന്റെയും ഉത്സവ‑വേല‑പൂര ആഘോഷങ്ങളുടെയും ഗരിമ ഉയർന്നുവെന്നാണ് പലരുടെയും മിഥ്യാധാരണ. തൃശൂർ റൗണ്ടെന്ന ഇട്ടാവട്ടത്തിന്റെ നടുവിലെ മൈതാനത്ത് അരങ്ങേറുന്ന പൂരം വെടിക്കെട്ട് ആയിരങ്ങളുടെ ലഹരിയാണ്. അതിനു മാത്രമായി വിദൂര ദേശങ്ങളിൽ നിന്നു പോലും അർധരാത്രിയെത്തുന്നവർ അനവധി. കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രസർക്കാരിന്റെ കർശനമായ നിയന്ത്രണം വരികയും വെടിക്കെട്ടുപുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും കാഴ്ചക്കാർ നിൽക്കുന്ന സ്ഥലവും തമ്മിൽ കൃത്യമായ ദൂരം പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. വെടിക്കെട്ട് നടത്തുന്ന സംഘാടകരിൽ ഒരാൾക്ക് പ്രത്യേക പരിശീലനവും സർട്ടിഫിക്കറ്റും ആവശ്യമെന്ന വ്യവസ്ഥയും ഉണ്ടായി. രണ്ടിനും ഉടനെ പരിഹാരവും ഉണ്ടായി. കോടതികളുടെയോ ഭരണകൂടങ്ങളുടെയോ നിർദേശങ്ങളോ നിയമ വ്യവസ്ഥകളോ വെടിക്കെട്ടിന് അനുകൂലമായില്ലെങ്കിൽ, ഉടനെ ക്ഷേത്രോത്സവങ്ങൾ തകർക്കുന്നുവെന്നും ആചാരലംഘനമെന്നും മുറവിളി ഉയരും. ഇതു മുതലെടുക്കാൻ കാത്തിരിക്കുന്നവർ അവയ്ക്ക്, മത‑രാഷ്ട്രീയ നിറം നൽകി കൊഴുപ്പിക്കും. കുറച്ച് വർഷം മുമ്പ് ഒരു പ്രമുഖ ചാനൽ ‘കരിയും വേണ്ട, കരിമരുന്നും വേണ്ട’ എന്ന തലക്കെട്ടോടെ ആരംഭിച്ച കാമ്പയിൻ തല്ല് വാങ്ങിയാണ് അവസാനിപ്പിച്ചത്. പൂരത്തലേന്ന് ഇവരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന വലിയ ബാനറുകൾ പൂരപ്പറമ്പിൽ ഉയർന്നതോടെ ചാനൽ കാമ്പയിന്‍ പിൻവലിച്ച് രക്ഷപ്പെടുകയായിരുന്നു.

സ്ഫോടക സുരക്ഷാഏജൻസികളും പെസോ പോലുള്ള സംവിധാനങ്ങളും നിഷ്കർഷിക്കുന്ന നിർദേശങ്ങൾ മറ്റു പലവിധത്തിലും മറികടന്ന് നിയമപരമായ അനുമതി സംഘടിപ്പിക്കുവാനുള്ള രാഷ്ട്രീയ സാമൂഹിക ശക്തിയുള്ളവരാണ് മിക്ക ആഘോഷക്കമ്മറ്റികളും. ആഘോഷങ്ങൾക്കൊപ്പം സുരക്ഷയ്ക്കും കൂടി മുൻഗണന നൽകി മാത്രമേ ഇത്തരം അപകടകരമായ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാവൂ. ഏതു വിഭാഗത്തിന്റെ മതാചാരങ്ങളാണെങ്കിലും നിയമത്തിന് പുറത്തേക്ക് പോകുന്നുവെങ്കിൽ നിയന്ത്രിക്കാനും ആവശ്യമെങ്കിൽ നിരോധിക്കാനും ഭരണകൂടങ്ങൾ തയ്യാറാകണം. വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം, ലൈസൻസുള്ള ഫാക്ടറി പരിസരത്ത് മാത്രമേ പാടുള്ളുവെന്നും സുരക്ഷിതവും നിശ്ചിതവുമായ അകലം പാലിക്കണമെന്നുമെല്ലാം വ്യവസ്ഥയുണ്ട്. തൊഴിലാളികളുടെ എണ്ണം, വെടിമരുന്ന് സാമഗ്രികളുടെ അളവ് എന്നിവയിലും കർശന നിയന്ത്രണമുണ്ട്. ഇതാെന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ദാരുണമായ ഈ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം സൂക്ഷ്മമായി തന്നെ വിലയിരുത്തപ്പെടണം. ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും സ്വീകരിക്കണം. വെടിക്കെട്ട് മതപരമായ ആചാരമല്ലെന്നും ആഘോഷത്തിന്റെ ഭാഗം മാത്രമാണെന്നും കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ അന്വേഷണങ്ങളുടെ ഭാഗമായി അഭിപ്രായപ്പെട്ടിരുന്നു.

110 പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2016ലെ പുറ്റിങ്ങൽ ദുരന്തത്തിന്റെ അന്വേഷണ കാലയളവിൽ വ്യത്യസ്ത മതപുരോഹിതരിൽ നിന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വെടിക്കെട്ട് ഒഴിവാക്കുന്നതിൽ പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. വെടിക്കെട്ടുമായി ബന്ധപ്പെട്ട് നിർമ്മാണം മുതൽ പാലിക്കേണ്ട മാനദണ്ഡങ്ങളും ചട്ടങ്ങളും കൃത്യമായി പലയിടത്തും പാലിക്കപ്പെടാറില്ല. വെടിക്കെട്ട് നടക്കുന്നിടത്തു മാത്രമല്ല, നിർമ്മാണ സ്ഥലത്തും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. അത്തരം പരിശോധനകൾ നടക്കുന്നില്ലെന്നും 2019ൽ സർക്കാർ അംഗീകരിച്ച പുറ്റിങ്ങൽ അന്വേഷണ റിപ്പോർട്ടിലെ പ്രധാന നിർദേശമായ സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ജസ്റ്റിസ് ഗോപിനാഥൻ ചൂണ്ടിക്കാട്ടിയിരുന്നു. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ പാലക്കാട് മുതലമടയിലുള്ള വെടിക്കെട്ടുപുരയിൽ പരിശോധന നടത്തിയപ്പോൾ 50 കിലോ സൂക്ഷിക്കേണ്ടിടത്ത് നിന്നും കണ്ടെത്തിയത് അഞ്ഞൂറ് കിലോ വെടിമരുന്ന്. ഇതിൽ നിന്നുതന്നെ നിയമവും പ്രവൃത്തിയും തമ്മിലുള്ള അന്തരം വ്യക്തമാണല്ലോ. ദുഃഖാചരണങ്ങളും ആഘോഷങ്ങളും അതിന്റെ വഴിക്ക് തുടരും.

അപ്പോഴും മരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം പുറത്തുള്ളവർക്ക് പൂർണമായി ബോധ്യമാകണമെന്നില്ല. മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാനം 14 ലക്ഷം രൂപയാണ് നൽകുമെന്ന് അറിയിച്ചിട്ടുള്ളത്. പരിക്കേറ്റവർക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും. അതിനുപുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായമായും ചികിത്സാസഹായവുമെല്ലാം അനുവദിക്കുന്നുണ്ട്. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മിഷനാണ് അന്വേഷണത്തിന്റെ ചുമതല. സമൂഹം ഇതെല്ലാം ഒരു ജനാധിപത്യ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നവ തന്നെയാണ്. പക്ഷെ ഇതിലും പ്രധാനം കേരളത്തിൽ തുടരുന്ന ഇത്തരം മനുഷ്യ സൃഷ്ടമായ ദുരന്തങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള കർശനമായ നിയമങ്ങളും അതിന്റെ ശക്തമായ പ്രയോഗവുമാണ്.

Previous
നന്ദഗോവിന്ദം ഭജൻസിനെ എതിർക്കുന്നവർ ഭക്തരാണോ?
Next
എഎപിയും ബിജെപിയുടെ അട്ടിമറി രാഷ്ട്രീയവും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment