എഎപിയും ബിജെപിയുടെ അട്ടിമറി രാഷ്ട്രീയവും

Janayugom
Developer Admin

ടുത്തവർഷം ആരംഭത്തിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ ലക്ഷ്യംവച്ച് വ്യാപകമായ കൂറുമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ബിജെപിയും രംഗത്തിറങ്ങിക്കഴിഞ്ഞു. പ്രതിപക്ഷത്ത് രാഷ്ട്രീയമായും ആശയപരമായും സംഘടനാപരവുമായ ദൗർബല്യങ്ങൾ ഏറെ നേരിടുന്ന ആം ആദ്മി പാർട്ടിയാണ് ബിജെപിയുടെ ഒന്നാമത്തെ ലക്ഷ്യവും ഇരയുമെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. രാജ്യസഭയിലെ എഎപിയുടെ 10 അംഗങ്ങളിൽ ഏഴുപേരെ അടർത്തിയെടുത്തുകൊണ്ടാണ് ‘ഓപ്പറേഷൻ താമര-2026’ന്റെ അരങ്ങേറ്റം. പാർട്ടിയുടെ രാജ്യസഭാ ഗ്രൂപ്പിന്റെ ഉപനേതാവ്, വ്യവസായി അശോക് മിത്തൽ അടക്കമാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ കാലുമാറിയത്.

അടുത്തകാലത്ത് ഛദ്ദയെ ഉപനേതാവ് സ്ഥാനത്തുനിന്നും നീക്കിയാണ് മിത്തലിനെ തൽസ്ഥാനത്ത് അവരോധിച്ചത്. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി 117ൽ 92 സീറ്റുകൾ നേടി വിജയിക്കുന്നതിലും സ്ഥാനാർത്ഥി നിർണയത്തിലും നിർണായക പങ്ക് വഹിച്ചിരുന്ന നേതാവായിരുന്നു കാലുമാറിയ സന്ദീപ് പാഠക്. രാജ്യസഭാ ഗ്രൂപ്പിലെ മൂന്നിൽ രണ്ട് അംഗങ്ങൾ ബിജെപിയിൽ ചേർന്നത്, കാലുമാറ്റമല്ലെന്നും ‘ലയനം’ ആണെന്നുമുള്ള വ്യാഖ്യാനമാണ് കാലുമറിയവരും ബിജെപിയും, കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യത കല്പിക്കാതിരിക്കാനുള്ള ന്യായമായി ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ വിവിധ കോടതിവിധികൾ വ്യത്യസ്തവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. എന്നിരിക്കിലും, എഎപി കൂറുമാറിയവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നൽകിക്കഴിഞ്ഞു. സ്വാഭാവികമായും അധ്യക്ഷൻ, ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടും തീരുമാനവും ഊഹിക്കാവുന്നതേയുള്ളു.

അത് സുപ്രധാനമായ ഒരു നിയമയുദ്ധത്തിലേക്ക് നയിക്കുമെന്ന് ഉറപ്പാക്കാം. പഞ്ചാബിന് പുറമെ അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാന നിയമസഭകളിലും ഡൽഹി നിയമസഭയിലുമുള്ള എഎപി എംഎൽഎമാരെ കൂറുമാറ്റാനും, വേണ്ടിവന്നാൽ വിലയ്ക്കെടുക്കാനുമുള്ള പദ്ധതിയാണ് ഓപ്പറേഷൻ താമര-2026ന്റേത്. പഞ്ചാബിൽ ഇതിനകം നാല്പതിലധികം എംഎൽഎമാർ തങ്ങളുടെ വലയിൽ ഉണ്ടെന്നാണ് കൂറുമാറ്റക്കാരും ബിജെപി വൃത്തങ്ങളും അവകാശപ്പെടുന്നത്. മൂന്നിൽ രണ്ട് അംഗങ്ങളെ തികയ്ക്കാനാവുമെന്നാണ് അട്ടിമറിക്കാരുടെ കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ അത് ഭഗവന്ത് മാൻ സർക്കാരിന്റെ അന്ത്യമായിരിക്കും. ബിജെപിക്ക് ഇപ്പോൾ പഞ്ചാബ് നിയമസഭയിൽ രണ്ട് അംഗങ്ങൾ മാത്രമാണുള്ളത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6.5% മാത്രം വോട്ടുണ്ടായിരുന്ന ബിജെപി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18.5% ആയി തങ്ങളുടെ വോട്ടുവിഹിതം ഉയർത്തിയിരുന്നു. കോൺഗ്രസിൽനിന്നും വൻതോതിൽ കൂറുമാറ്റം സംഘടിപ്പിച്ചാണ് ഇത് സാധ്യമായത്. എഎപിക്ക് ഗുജറാത്തിൽ നാലും ഗോവയിൽ രണ്ടും സീറ്റുകൾ മാത്രമാണുള്ളത്. അവിടങ്ങളിൽ എഎപിയെ സമ്പൂർണമായും തുടച്ചുനീക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

ഡൽഹി നിയമസഭയിലെ എഎപിയുടെ 22 എംഎൽഎമാരിൽ 15 പേരെ പുറത്തുകൊണ്ടുവന്ന് കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനും ഡൽഹിയെ എഎപി മുക്തമാക്കുകയുമാണ് ഓപ്പറേഷൻ താമര-2026 ലക്ഷ്യമിടുന്നത്. തങ്ങൾ പ്രത്യയശാസ്ത്രമുക്തമായ വേറിട്ട പാർട്ടിയെന്ന് പ്രഖ്യാപിച്ചാണ് എഎപി രംഗത്തുവന്നത്. അണ്ണാ ഹസാരെയുടെ 2011ലെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ഉപോല്പന്നമായി രൂപംകൊണ്ട എഎപി മുഖ്യമായും മുന്നോട്ടുവച്ച ആശയവും മുദ്രാവാക്യവും അഴിമതി വിരുദ്ധത മാത്രമായിരുന്നു. തുടക്കത്തിൽ അത് ഡൽഹിയിൽ ഫലം കണ്ടുവെങ്കിലും രാഷ്ട്രീയത്തിൽ നിലനിൽക്കാൻ അതുമാത്രം പോരാ എന്ന് കാലം തെളിയിച്ചു. സ്ത്രീകൾക്ക് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളിൽ സൗജന്യ യാത്ര തുടങ്ങിയ ചില്ലറ പൊടിക്കെെകളിൽ പാർട്ടിയെ നിലനിർത്താമെന്നായിരുന്നു കെജ്‌രിവാളിന്റെ വ്യാമോഹം. പാർട്ടി രൂപീകരിച്ചപ്പോൾ അരവിന്ദ് കെജ്‌രിവാളിനൊപ്പം ഉണ്ടായിരുന്ന യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖരെല്ലാം ഏറെ വൈകാതെ പാർട്ടി വിട്ടുപോയിരുന്നു. ഹസാരെ പാർട്ടി രൂപീകരണത്തെ എതിർക്കുകയും കെജ്‌രിവാളുമായി അകലം പാലിക്കുകയും ചെയ്തു. കെജ്‌രിവാളും എഎപിയും ഒരു ജീവിതവൃത്തം പൂർത്തിയാക്കിയെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരും വിരളമല്ല. ആം ആദ്മി പാർട്ടി അതിന്റെ പേര് സൂചിപ്പിക്കുംപോലെ രാജ്യത്തെ സാധാരണക്കാരുടെയോ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന തൊഴിലാളികളുടെയോ കർഷകരുടെയോ ഇടത്തരക്കാരുടെയോ പാർട്ടിയല്ലെന്ന് അതിന്റെ പ്രവൃത്തികൊണ്ട് തെളിയിച്ചിട്ടുണ്ട്.

ഉയർന്ന ഇടത്തരക്കാരുടെയും വ്യവസായികളടക്കം സമ്പന്നരുടെയും ചരിത്രാനന്തര തലമുറയെന്ന് സ്വയം കരുതുന്നവരുടെയും ഭ്രമങ്ങളും മനോരഥങ്ങളുമനുസരിച്ചല്ല രാഷ്ട്രീയത്തിന്റെ വഴികൾ. രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷക പ്രക്ഷോഭത്തോടും ഡൽഹിയിലെ സ്വെെരജീവിതത്തെ ഉലച്ച വർഗീയകലാപത്തോടും ഹിന്ദുത്വ ആഖ്യാനങ്ങളോടും ആ പാർട്ടിയും കെജ്‌രിവാളും സ്വീകരിച്ച സമീപനം മാത്രം പരിശോധിച്ചാൽ മതി അത് സാമാന്യ ജനജീവിതത്തിൽ നിന്നും എത്ര അകലെയാണെന്ന് തിരിച്ചറിയാൻ. അഴിമതിവിരുദ്ധത മുഖ്യാശയവും രാഷ്ട്രീയ ആയുധവുമാക്കിയ എഎപി നേതൃത്വം എന്തുകൊണ്ട്, എങ്ങനെ അഴിമതി ആരോപണങ്ങൾക്കും വിചാരണയ്ക്കും വിധേയമാവുന്നു എന്നതും ഉത്തരംതേടുന്ന ചോദ്യമാണ്.

എന്നാൽ, അവയൊന്നും ബിജെപി നേതൃത്വം നൽകുന്ന ജനാധിപത്യവിരുദ്ധ അട്ടിമറികൾക്കുള്ള ന്യായീകരണമല്ല. ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപി അധികാരം നിലനിർത്തുന്നത് ജനാധിപത്യവിരുദ്ധ കൗശലങ്ങളും കൗടില്യങ്ങളും കൊണ്ടാണ്. അഴിമതിയിലൂടെയും ഭരണഘടനാവിരുദ്ധവും അധാർമ്മികവുമായ സ്രോതസുകളിലൂടെയും ആർജിച്ച ഭീമമായ വിഭവശേഷി ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്കെടുത്തും ഇഡി, എൻഐഎ, സിബിഐ തുടങ്ങി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗംചെയ്തും അഴിമതിക്കാരും നിയമലംഘകരും ദുർബലരുമായ രാഷ്ട്രീയ നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച് അലക്കിവെളുപ്പിച്ച് സ്വന്തമാക്കി അവതരിപ്പിക്കുന്നത് മോഡി ഭരണകൂടം ഒരു കലയാക്കി വികസിപ്പിച്ചിരിക്കുന്നു.

എഎപിയിൽ നിന്നുള്ള ഇപ്പോഴത്തെ കൂറുമാറ്റത്തിൽ സംഭവിച്ചിരിക്കുന്നതും മറ്റൊന്നല്ല. മോഡി ഭരണത്തിന്റെ കഴിഞ്ഞ 12 വർഷത്തെ ചരിത്രം അത്തരം രാഷ്ട്രീയ അധാർമ്മികതയുടെയും അട്ടിമറിയുടെയും കൂടി ചരിത്രമാണ്. എഎപിയിൽ നിന്നുള്ള കൂറുമാറ്റവും കുതിരക്കച്ചവടവും നിയമത്തിന്റെ മുന്നിൽ എങ്ങിനെ വ്യാഖ്യാനിക്കപ്പെടും, നീതിപീഠം അതിനോട് എങ്ങനെ പ്രതികരിക്കും, എന്നത് രാഷ്ട്രം ഉറ്റുനോക്കുകയാണ്. എന്നാൽ നിയമത്തിനും നീതിപീഠത്തിനും അസാധ്യമായത് ജനകീയ ശക്തിയാൽ സാധ്യമാണെന്നത് വിസ്മരിച്ചുകൂടാ.

Previous
ആഘോഷങ്ങള്‍ക്കായി എരിഞ്ഞടങ്ങുന്നവർ
Next
നെല്ലി കോർഡ വീണ്ടും ലോക ഒന്നാം നമ്പർ താരം; ഷെവ്റോൺ ചാമ്പ്യൻഷിപ്പിൽ ആധികാരിക വിജയ...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment