Related News

ചെറിപ്പൂക്കളുടെ വിസ്മയം തേടി സഞ്ചാരികൾ ചൈനീസ് ഗ്രാമങ്ങളിലേക്ക്

Janayugom
Developer Admin

ഏഷ്യയിൽ വസന്തകാലം വിരുന്നെത്തിയതോടെ ചെറി പുഷ്പങ്ങളുടെയും പ്ലം പൂക്കളുടെയും വിസ്മയക്കാഴ്ചകൾ തേടിയുള്ള സഞ്ചാരികളുടെ ഒഴുക്ക് ചൈനീസ് ഗ്രാമങ്ങളിലേക്ക് മാറുന്നു. വിനോദസഞ്ചാരത്തിന് പേരുകേട്ട ജപ്പാനിലെ പ്രധാന കേന്ദ്രങ്ങളിൽ തിരക്ക് മൂലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ചൈനയിലെ ഗ്രാമീണ ടൂറിസത്തിന് (Agri-tourism) ഉണർവ് നൽകിയത്. വിനോദസഞ്ചാരികളുടെ അനിയന്ത്രിതമായ തിരക്ക് കാരണം ഫുജിയോഷിഡ ഉൾപ്പെടെയുള്ള ജപ്പാനിലെ പല പ്രമുഖ കേന്ദ്രങ്ങളിലും ഇത്തവണ ആഘോഷങ്ങൾ വേണ്ടെന്നുവെച്ചു. ഐക്കോണിക് കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർക്ക് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത് ജപ്പാനിലെ വസന്തകാല ടൂറിസത്തിന് തിരിച്ചടിയായപ്പോൾ, ആ സുവർണ്ണാവസരം ചൈന പ്രയോജനപ്പെടുത്തുകയാണ്.

ചൈനയിലെ നാൻജിംഗിലുള്ള ലിഷുയി ജില്ല ഇപ്പോൾ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. 667 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന പ്ലം പുഷ്പത്തോട്ടങ്ങളാണ് ഇവിടുത്തെ ആകർഷണം. പ്രവിശ്യയിലെ ഏറ്റവും വലിയ ഗ്രാമീണ പ്ലം തോട്ടമായ ഇവിടെ പുഷ്പ പ്രദർശനം, പഴങ്ങൾ പറിക്കൽ, രാത്രികാലങ്ങളിലെ കരിമരുന്ന് പ്രയോഗം, ലൈറ്റ് ഷോകൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ലോകോത്തര അഗ്രി- ടൂറിസം കേന്ദ്രം ചൈനയിലെ ജിൻലോങ് ഗ്രാമം ലോകത്തെ ഏറ്റവും മികച്ച അഗ്രി-ടൂറിസം കേന്ദ്രമായി അതിവേഗം വളരുകയാണ്. ജപ്പാനിലെ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് ബദലായി ശാന്തമായ അന്തരീക്ഷം തേടുന്നവരാണ് ഇവിടേക്ക് എത്തുന്നത്. മേഖലയിലെ പ്രധാന സാംസ്കാരിക മേളയായി ‘ജിൻലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ’ ഇതിനോടകം മാറിക്കഴിഞ്ഞു.

സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ പ്രദേശവാസികൾ സ്വന്തം നിലയിൽ ഗസ്റ്റ് ഹൗസുകളും കഫേകളും ആരംഭിച്ചു. ഇത് കാർഷിക വൃത്തിയെ മാത്രം ആശ്രയിച്ചിരുന്ന കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി. തിരക്ക് ഒഴിവാക്കാൻ പ്രതിദിനം സന്ദർശകരുടെ എണ്ണം 5,000 ആയി പരിമിതപ്പെടുത്തി. ഇത് സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവം നൽകാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ടൂറിസത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 40 ശതമാനവും ഗ്രാമത്തിലെ സ്കൂളുകൾക്കും ആശുപത്രികൾക്കും പ്രായമായവരുടെ സംരക്ഷണത്തിനുമായാണ് ചൈനീസ് ഭരണകൂടം മാറ്റി വെക്കുന്നത്. കൃഷിയും പ്രകൃതിയും സംസ്കാരവും കോർത്തിണക്കിയുള്ള ചൈനയുടെ ഈ ‘വസന്തകാല വിപ്ലവം’ ആഗോള ടൂറിസം ഭൂപടത്തിൽ ചൈനീസ് ഗ്രാമങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. 

Previous
വിജയ്‍യുടെ രാഷ്ട്രീയ വിജയം പ്രവചിച്ച് പൂജ ഹെഗ്‌ഡെ; ‘ജനനായകൻ’ സെറ്റിലെ വീഡിയോ വൈറ...
Next
സ്‌പെയിനിൽ റെക്കോർഡ് ചൂട്; 60 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമാണിതെന്ന...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment