Related News

കുതിച്ചുയര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മേഖല

Janayugom
Developer Admin

കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖല അനുദിനം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ 7,400-ലധികം സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതുവഴി 74,000ത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടുന്നത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി 514 കോടി രൂപയുടെ സാമ്പത്തിക പിന്തുണയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 63 ഇൻക്യൂബേറ്ററുകളും 557 മിനി ഇൻക്യൂബേറ്ററുകളും സ്ഥാപിച്ചു. ആശയങ്ങൾക്ക് ചിറകേകിയും സ്വപ്നങ്ങൾക്ക് വേദിയൊരുക്കിയും മുന്നേറുന്ന കേരളത്തിന്റെ വളർച്ചയുടെ അടയാളമാണ് ഈ ഉജ്ജ്വല നേട്ടം.

അതിഥി തൊഴിലാളികളെ ചേര്‍ത്തു പിടിച്ച സര്‍ക്കാര്‍
തിരുവനന്തപുരം: അതിഥിത്തൊഴിലാളികള്‍ക്കായി ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചു. ഇതിലൂടെ ജോലി, ബാങ്കിങ്, ആരോഗ്യം, അപകട ധനസഹായം തുടങ്ങിയ മേഖലകളില്‍ സഹായം ലഭിക്കും. അതിഥിത്തൊഴിലാളികള്‍ക്ക് ‘ആവാസ് ആരോഗ്യ ഇൻഷുറൻസ്’ ഏര്‍പ്പെടുത്തി രാജ്യത്ത് ആദ്യമായി അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തിയ സംസ്ഥാനമായി കേരളം. അതിഥി പോർട്ടൽ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയും പരാതിപ്പെടാനും കൂലി നിരക്ക് അറിയാനും സഹായിക്കുന്ന ‘അതിഥി ആപ്പ്’ പുറത്തിറക്കിയും സര്‍ക്കാര്‍ അതിഥി തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തി.

തൊഴിലാളി ക്ഷേമം
തിരുവനന്തപുരം: തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയ സര്‍ക്കാരാണിത്. ചുമട്ടുതൊഴിലാളി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ‘തൊഴില്‍ സേവ’ ആപ്പ് പുറത്തിറക്കി. നോക്കുകൂലി, ചുമട്ടു തൊഴിൽ തര്‍ക്കങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനാണ് ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ആപ്പ് രൂപീകരിച്ചത്. മട്ടുതൊഴിലാളികൾ എടുക്കാവുന്ന ഭാരം പുരുഷന്മാർക്ക് 55 കിലോയായും സ്ത്രീകൾക്കും കൗമാരക്കാർക്കും 35 കിലോയായും കുറച്ചു.

മിനിമം വേതനമുറപ്പാക്കി വേതന സുരക്ഷാ പദ്ധതി
തിരുവനന്തപുരം: രാജ്യത്താദ്യമായി 85 തൊഴില്‍ മേഖലകളില്‍ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനമെന്ന നേട്ടവും തൊഴില്‍ മികവിനും മികച്ച തൊഴിലിടങ്ങള്‍ക്കും പുരസ്കാരം നല്‍കുന്ന ഏക സംസ്ഥാനമെന്ന നേട്ടവും കേരളത്തിന് സ്വന്തമാണ്. അസംഘടിത തൊഴിലാളി ക്ഷേമത്തിനും സുരക്ഷയ്ക്കുമായി മിനിമം വേതനം ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതിയും ആരംഭിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വവും നല്‍കി. ഇവര്‍ക്ക് വിരമിക്കല്‍, വിവാഹം, പ്രസവം, ചികിത്സ, മരണം തുടങ്ങിയ ആനുകൂല്യങ്ങള്‍, ക്ഷേമ പെന്‍ഷന്‍, 10,000 രൂപ വരെ ചികിത്സാ സഹായം എന്നിവയും ഏര്‍പ്പെടുത്തി. തോട്ടം തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 58ൽ നിന്നും 60 ആക്കി ഉയര്‍ത്തി. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് സമീപത്തായി വീട് വച്ചു നൽകുന്ന പദ്ധതിയും ഏര്‍പ്പെടുത്തി.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 43,152 നിയമനം
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ മാത്രം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 8,293 സ്ഥിരം നിയമനങ്ങളും 34,859 താൽക്കാലിക നിയമനങ്ങളും ഉൾപ്പെടെ 43,152 പേർക്കാണ് സര്‍ക്കാര്‍ നിയമനം നൽകിയത്. സേവനങ്ങള്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ എക്സ്ചേഞ്ചിനെ മോഡൽ ആക്കി മാറ്റി, ഉദ്യോഗാർത്ഥികൾക്ക് സ്മാർട്ട് കാർഡ് വിതരണം ചെയ്തു.

മികവേറും ജില്ലാ ആശുപത്രികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഉന്നത നിലവാരത്തിലെത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി ചരിത്രത്തിലിടം പിടിച്ച് എറണാകുളം ജില്ലാ ആശുപത്രി. രാജ്യത്താദ്യമായി ജില്ലാ ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചതും ഇവിടെയാണ്. റോബോട്ടിക് സര്‍ജറി, പൂര്‍ണമായി ചലന ശേഷി നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാന്‍ സഹായിക്കുന്ന ജി ഗൈറ്റര്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയാി തിരുവനന്തപുരം ജനറല്‍ ആശുപത്രി മാറി. വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം ഈ സൗകര്യം ലഭ്യമാക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രവുമായി. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കുന്നു. ഇത് കൂടാതെ 12 ജില്ലകളില്‍ സൗജന്യ സ്ട്രോക്ക് ചികിത്സയും ഈ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.

കാന്‍സര്‍ ചികിത്സയില്‍ താങ്ങായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സാധ്യമാക്കി ആരോഗ്യം രംഗം. ‘ആരോഗ്യം-ആനന്ദം, അകറ്റാം അര്‍ബുദം’ കാമ്പയിൻ, കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാൻസര്‍ ഡ്രഗ് കൗണ്ടറുകള്‍ എന്നിവ ആരംഭിച്ചു. കഴി‍ഞ്ഞ നാല് വര്‍ഷത്തില്‍ മാത്രമായി 1400 കോടിയുടെ സൗജന്യ കാൻസര്‍ ചികിത്സയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി ആര്‍സിസിയിലും എംസിസിയിലും തുടങ്ങി. പീഡിയാട്രിക് റോബോട്ടിക് സര്‍ജറി ആര്‍സിസിയില്‍ ആരംഭിച്ചു. പ്രധാന ആശുപത്രികള്‍ക്ക് പുറമേ 25 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ, താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ്സ്മിയര്‍ സംവിധാനമൊരുക്കാന്‍ പ്രവര്‍ത്തിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി ആരംഭിച്ചു. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകള്‍ സ്ഥാപിച്ചു.

പൊതുജനാരോഗ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളും
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ഇന്ത്യയില്‍ ആദ്യമായി പരിസ്ഥിതി, മൃഗാരോഗ്യം, പൊതുജനാരോഗ്യം എന്നിവയെ കൂട്ടിയിണക്കി ഏകാരോഗ്യം പദ്ധതി നടപ്പിലാക്കിയത് കേരളമാണ്. ആരോഗ്യവകുപ്പിന് കീഴില്‍ പുതുതായി രൂപംകൊണ്ട ഏകാരോഗ്യ കേന്ദ്രം (വണ്‍ ഹെല്‍ത്ത് സെന്റര്‍) അതിന്റെ ചുക്കാന്‍ പിടിച്ചു. ലോകം ഇന്ന് നേരിടുന്ന രോഗാണുക്കളുടെ ആന്റിബയോട്ടിക് അതിജീവനം (എഎംആര്‍) എന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നത്തെ നേരിടുന്നതിനുള്ള മാതൃകയായി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മാറി.നിപ രോഗത്തെപ്പറ്റി പഠിക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുമായി കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് ആന്റ് റസീലിയന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചു.
————————————————
അപൂര്‍വരോഗ പരിചരണത്തിനായി കെയര്‍ പദ്ധതി
തിരുവനന്തപുരം: അപൂര്‍വരോഗ പരിചരണത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് കെയര്‍ പദ്ധതി നടപ്പിലാക്കി. അപൂര്‍വ രോഗങ്ങള്‍ക്ക് വിലപിടിപ്പുള്ള മരുന്നുകള്‍ വിദേശത്ത് നിന്നും ഉള്‍പ്പെടെ എത്തിക്കാനുള്ള പദ്ധതിയും ലൈസോസോമല്‍ സ്റ്റോറേജ്, ഗ്രോത്ത് ഹോര്‍മോണ്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. രാജ്യത്തെ 12 ആശുപത്രികളിലൊന്നായി എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിവര്‍ഷം കോടികള്‍ ചെലവു വരുന്ന എസ്എംഎ തുടങ്ങിയ അപൂവ രോഗങ്ങള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. രോഗം അപൂര്‍വമാണെങ്കിലും ചികിത്സ അപൂര്‍ണമാകരുത് എന്നതാണ് ലക്ഷ്യമിടുന്നത്.

ആരോഗ്യ വിദ്യാഭ്യാസ രംഗം മിന്നിത്തിളങ്ങും
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് കോന്നി, ഇടുക്കി, കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളജുകള്‍ യാഥാര്‍ത്ഥ്യമാക്കി. സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ 22 നഴ്സിങ് കോളജുകള്‍ ആരംഭിച്ചു. ആദ്യമായി ദേശീയ റാങ്കിങ് പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജും ദന്തല്‍ കോളജും ഉള്‍പ്പെട്ടതും ഈ കാലയളവില്‍ ആണ്. മെഡിക്കല്‍, നഴ്സിങ് സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആയിരത്തില്‍ അധികം ബിഎസ്‌സി നഴ്‌സിങ് സീറ്റുകള്‍ ആണ് പുതുതായി അനുവദിച്ചത്.

ഗുണനിലവാര അംഗീകാരങ്ങളും ഇ‑ഹെല്‍ത്തും
തിരുവനന്തപുരം: ഇതുവരെ 312 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് നേടി. ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുസ്കാന്‍ അംഗീകാരവും 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ അംഗീകാരവും ലഭിച്ചു. സംസ്ഥാനത്ത് ഇ‑ഹെല്‍ത്ത് പദ്ധതി നാളിതുവരെ 1000ലധികം ആശുപത്രികളില്‍ നടപ്പിലാക്കി. ഇതിലൂടെ ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നു. കാലതാമസം ഒഴിവാക്കാന്‍ ഇതേറെ സഹായിക്കും. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ‑ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യം. ഇ പേയ്മെന്റ്, എം ഇഹെല്‍ത്ത് മൊബൈല്‍ ആപ്പ് എന്നിവയും സജ്ജമാക്കി.

പാലിയേറ്റീവ് പരിചരണത്തില്‍ ഒന്നാമത്
തിരുവനന്തപുരം: കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് സുപ്രധാന ഇടപെടലുകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് സ്ഥാപിച്ചു. എല്ലാ കിടപ്പ് രോഗികള്‍ക്കും സമഗ്ര പാലിയേറ്റീവ് പരിചരണം നടപ്പിലാക്കി. നമ്മുടെ പാലിയേറ്റീവ് പരിചരണത്തെ ലോകാരോഗ്യ സംഘടനയും ആഗോള അക്കാദമിക സമൂഹവും (ലാന്‍സെറ്റ് കമ്മിഷന്‍) അഭിനന്ദിക്കുകയുണ്ടായി. ആവശ്യമായ കെയര്‍ കമ്പോണന്റുകള്‍ എല്ലാം സമന്വയിപ്പിച്ച് സമഗ്ര പാലിയേറ്റീവ് പരിചരണം സര്‍ക്കാര്‍ മേഖലയില്‍ തന്നെ നടപ്പിലാക്കാനുള്ള നടപടികള്‍ക്ക് നാം തുടക്കം കുറിച്ചിട്ടുണ്ട്. പീഡിയാട്രിക് പാലിയേറ്റീവ് കെയര്‍ ആരംഭിച്ചു.

കുരുന്നുകള്‍ക്ക് കാവലായി കാവല്‍ പ്ലസ്
തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ പിടിയിലായ കുട്ടികൾക്ക് കരുതലൊരുക്കിയ വനിതാ ശിശുവികസന വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നാണ് ‘കാവൽ’. നിയമവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ചതാണ് ഈ പദ്ധതി. അനാഥരായവർ, തെരുവിൽ കഴിയുന്നവർ, ബാലവേല, ബാല വിവാഹം എന്നിവയിൽ പെട്ടു പോയവർ, ലൈഗികാതിക്രമങ്ങൾക്ക് ഇരകളായവർ തുടങ്ങിയ കുട്ടികൾക്ക് പുനരധിവാസം നല്‍ക്കുന്നതാണ് കാവല്‍ പ്ലസ് പദ്ധതി. ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കാണ് ചുമതല. സര്‍ക്കാരിന്റെ കാവല്‍ പ്ലസ് പദ്ധതിയെ സുപ്രീം കോടതിയും യുഎൻ വിമണും അഭിനന്ദിച്ചിരുന്നു.

സ്ത്രീ സുരക്ഷ ഉറപ്പാണ്
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്, വെെദ്യസഹായം, ചികിത്സ , നിയമസഹായം, പൊലീസ് സംരക്ഷണം എന്നിവ നല്‍ക്കുന്നതിനുമായി ‘വണ്‍സ്റ്റോപ്പ് സെന്ററുകള്‍’ സ്ഥാപിച്ച് സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഒരു വണ്‍സ്റ്റോപ്പ് സെന്ററുകള്‍ വീതം 24 മണിക്കൂറും പ്രവര്‍ത്തിക്കും. സ്ത്രീകള്‍ക്ക് കുറഞ്ഞ ചിലവില്‍ ഹ്രസ്വകാല താമസ സൗകര്യം ഒരുക്കിന്ന ‘സേഫ് സ്റ്റേ’ പദ്ധതിയ്ക്കും തുടക്കം കുറിച്ചു. സ്ത്രീ യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളെ കേന്ദ്രീകരിച്ച് സുരക്ഷിത താമസ സൗകര്യങ്ങളാണ് ഉറപ്പുവരുത്തിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ നിന്ന് തനിച്ചെത്തുന്ന സ്ത്രീകള്‍ക്ക് തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ സുരക്ഷിത താമസത്തിനായി വണ്‍ഡേ ഹോമുകളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ദുരന്തബാധിതരും അഗതികളുമായ സംരക്ഷിക്കാനാരുമില്ലാത്ത സ്ത്രീകള്‍ക്കും അവരുടെ ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും താമസിക്കുന്നതിനുമായി മഹിളാ മന്ദിരങ്ങളും സ്ഥാപിച്ചു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ പിങ്ക് പ്രോട്ടക്ഷൻ പ്രോജക്ടും രൂപീകരിച്ചു.

Previous
ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ പങ്കാളികളാവൂ; ഓരോ വോട്ടും കരുത്തുറ്റ നാളെയ്ക്കായി
Next
അഘോരികൾ വന്നുകഴിഞ്ഞു; കേരളമേ ഉണരൂ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment