ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ പങ്കാളികളാവൂ; ഓരോ വോട്ടും കരുത്തുറ്റ നാളെയ്ക്കായി

Janayugom
Developer Admin

ന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് ഓരോ പൗരന്റെയും കയ്യിലുള്ള വോട്ടവകാശമാണ്. ഈ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് കേവലം അവകാശമല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിലുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും ജനകീയവുമാക്കാൻ ‘സമ്മതിദായക കേന്ദ്രീകൃതമായ’ വിപുലമായ തയ്യാറെടുപ്പുകളാണ് കേരളത്തിൽ പൂർത്തിയാക്കിയിരിക്കുന്നത്. നാളെ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, സമ്മതിദായകർക്ക് ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനികവൽക്കരിക്കാനും കൂടുതൽ ജനകീയമാക്കാനും മുപ്പതോളം പുതിയ പദ്ധതികളാണ് കമ്മിഷൻ ഇത്തവണ നടപ്പിലാക്കുന്നത്. വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കുമായി 40ലധികം ആപ്പുകളെയും വെബ്സൈറ്റുകളെയും സംയോജിപ്പിച്ചുള്ള ഏകജാലക ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. പോളിങ് സുതാര്യമാക്കാൻ 100% വെബ് കാസ്റ്റിങ് സംവിധാനവും, തിരക്ക് നിയന്ത്രിക്കാൻ ഒരു ബൂത്തിൽ പരമാവധി 1,200 വോട്ടർമാർ എന്ന ക്രമീകരണവും ഇത്തവണത്തെ പ്രത്യേകതയാണ്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കേരളം, ‘eVidya’ എന്ന ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി പരിശീലനം നൽകിവരുന്നു. ഉദ്യോഗസ്ഥർക്ക് എവിടെയിരുന്നും ലളിതമായി, പരിശീലന മൊഡ്യൂളുകൾ ഇതിലൂടെ ലഭ്യമാകും. നിലവിലെ പരിശീലനങ്ങൾക്ക് പുറമേയാണിത്. വോട്ടിങ് ശതമാനം 85ന് മുകളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം, തണൽ, ഇരിപ്പിടങ്ങൾ, റാമ്പുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും പ്രാദേശിക കലാരൂപങ്ങളും പൈതൃകവും വിളിച്ചോതുന്ന ‘മോഡൽ പോളിങ് സ്റ്റേഷനുകളും’, സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 1000ത്തിലധികം ‘പിങ്ക് ബൂത്തുകളും’ സജ്ജമാണ്. തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ബൂത്തും സജ്ജമാക്കിയിട്ടുളളത്.
യുവജന പങ്കാളിത്തം ഉറപ്പാക്കാൻ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിലെ 2.71 കോടിയില്‍ 4.6 ലക്ഷം പേർ കന്നിവോട്ടർമാരാണ്. ഇവരെ ബൂത്തുകളിലേക്ക് ആകർഷിക്കാൻ ഓരോ ജില്ലയിലെയും നിശ്ചിത ബൂത്തുകളിൽ ആദ്യമെത്തുന്ന 200 കന്നിവോട്ടർമാർക്ക് ‘ഹൽവ’ വിതരണം ചെയ്യും. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഊബറുമായി (Uber) സഹകരിച്ച് സൗജന്യയാത്രയും.
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ അതിർത്തികളിൽ ചെക്ക് പോസ്റ്റുകളും സ്റ്റാറ്റിക്‌ സർവൈലൻസ് ടീമുകളും (എസ് എസ്‌ടി) സജീവമാണ്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സായുധസേനയെ വിന്യസിക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ ‘സി വിജിൽ’ ആപ്പിലൂടെ പരാതി നൽകിയാൽ 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും. സംശയനിവാരണത്തിനായി 1950 എന്ന ടോൾഫ്രീ നമ്പരിൽ 24 മണിക്കൂറും കോൾ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തടയാൻ പ്രത്യേക സൈബർ സെല്ലുകളും ജാഗ്രതയിലാണ്.
ജനാധിപത്യം എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം. ഇതിന്റെ ഭാഗമായി 85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കുമായി ഹോം വോട്ടിങ് സൗകര്യം ഏർപ്പെടുത്തി. ഏകദേശം രണ്ട് ലക്ഷത്തിലധികം പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കും അവശ്യസേവന വിഭാഗങ്ങൾക്കും പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ടിങ്ങിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
100% പ്രകൃതിസൗഹൃദമായ രീതിയിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പരിസ്ഥിതി സംരക്ഷണത്തിൽ പുതിയ മാതൃക സൃഷ്ടിക്കാൻ കേരളം ലക്ഷ്യമിടുന്നു. പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെട്ട 2,71,06,059 വോട്ടർമാരാണ് നിലവിൽ പട്ടികയിലുള്ളത്. ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ജില്ലാ കളക്ടർമാർ, ബിഎൽഒമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം സ്തുത്യർഹമാണ്. ഏപ്രിൽ 9 ന് നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഓരോ വോട്ടറെയും ഞാൻ ഹൃദയപൂർവം ക്ഷണിക്കുന്നു.
നമുക്ക് വോട്ട് ചെയ്യാം, ജനാധിപത്യം കരുത്തുറ്റതാക്കാം.

Previous
വികസിത രാജ്യ മാതൃക തുടരണം
Next
കുതിച്ചുയര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മേഖല

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment