വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നേടിയ ഉജ്വലമായ മുന്നേറ്റം ജനസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ ഏപ്രിൽ ഒമ്പതിന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സൗകര്യങ്ങളിലും ഉണ്ടായ മുന്നേറ്റം, പശ്ചാത്തല സൗകര്യ വികസനങ്ങളിലെ കുതിപ്പ്, ദുർബല ജനവിഭാഗങ്ങൾക്കുള്ള കൈത്താങ്ങ്, വിലക്കയറ്റത്തിനെതിരെ ശക്തമായ വിപണിയിടപെടൽ എന്നിവയിലെല്ലാം മാതൃകാപരമായ പ്രവർത്തനമാണ് ഈ സർക്കാർ കാഴ്ചവച്ചത്.
എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യവും പ്രവർത്തനവീര്യവും ലോകം ശ്രദ്ധിച്ച അവസരങ്ങളായിരുന്നു 2018ലെ പ്രളയത്തിന്റെയും കോവിഡിന്റെയും ഘട്ടം. കേരളീയ സമൂഹത്തെ ഒന്നാകെ ഒറ്റച്ചരടിൽ കോർത്തിണക്കി സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുന്നതിന് സർക്കാർ മുന്നിൽ നിന്ന് നയിച്ചു. ലോകമാകെ അടച്ചുപൂട്ടപ്പെട്ട കോവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും നിലച്ച് വീടുകളിൽ കഴിഞ്ഞ എല്ലാമനുഷ്യരെയും തകർന്നുപോകാതെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു.
കേരളത്തിൽ ജീവിച്ച ഒരാളെയും, മലയാളികൾ മാത്രമല്ല ലക്ഷക്കണക്കിന് വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ പട്ടിണിക്കിടാതെ കാക്കാൻ നടപടികൾ സ്വീകരിച്ചു. 6,000 കോടിയോളം രൂപ ചെലവിട്ട് ഭക്ഷ്യക്കിറ്റുകൾ വീടുകളിലും താമസസ്ഥലങ്ങളിലും എത്തിച്ചുനൽകി. പ്രളയകാലത്ത് അപകട മേഖലകളിൽ താമസിച്ച മുഴുവൻ പേരെയും ദുരിതാശ്വാസ ക്യാമ്പുകളിൽ താമസസൗകര്യം ഒരുക്കി സംരക്ഷിച്ചു. ഈ ദിശയിലുള്ള സർക്കാരിന്റെ വിസ്മയകരമായ നേട്ടമാണ് വയനാട് പുനരധിവാസ ടൗൺഷിപ്പിലൂടെ 2026 മാർച്ച് ഒന്നിന് യാഥാർത്ഥ്യമായത്.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മുണ്ടക്കൈയിലും ചൂരൽമലയിലും 2024 ജൂലൈ 30ന് സംഭവിച്ചത്. ഒരു ചതുരശ്ര കിലോമീറ്ററിനകത്ത് ഒരുമിച്ച് പാർത്ത 298 മനുഷ്യരുടെ ജീവനാണ് ഒറ്റയടിക്ക് ഉരുൾ കവർന്നത്. ജൂലൈ 29ന് രാത്രി 11.45 മുതലാണ് മണ്ണിടിച്ചിൽ തുടങ്ങിയത്. പുഞ്ചിരിമറ്റം, അട്ടമല, മുണ്ടക്കൈ — ചൂരൽമല പ്രദേശങ്ങളിൽ പൊട്ടിയൊഴുകിയ ഉരുൾ ജനവാസകേന്ദ്രങ്ങളെ തുടച്ചുനീക്കുകയായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് കേരളം ദുരന്തങ്ങളോട് പ്രതികരിച്ചത്.
സർക്കാർ സംവിധാനങ്ങൾ വിവിധ സേനാവിഭാഗങ്ങൾ, വിവിധ ജില്ലകളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെയെല്ലാം കൈമെയ് മറന്ന രക്ഷാപ്രവർത്തനമാണ് ഉണ്ടായത്. കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്താൻ മണിക്കൂറുകൾ കൊണ്ടാണ് ബെയ്‌ലി പാലം നിർമ്മിച്ചത്. മൃതദേഹങ്ങൾ കണ്ടെടുക്കാനും ആചാരങ്ങളോടും ബഹുമതികളോടും കൂടി സംസ്കരിക്കാനും നടത്തിയ പ്രവർത്തനങ്ങൾ ഐതിഹാസികമായിരുന്നു. ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരെ വളരെ പെട്ടെന്ന് വാടക വീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സഹായധനം നൽകി ബാധ്യത ഒഴിവാക്കുകയല്ല സർക്കാർ ചെയ്തത്. പുനരധിവാസത്തെപ്പറ്റി ദുരന്തബാധിതരോട് തന്നെ അഭിപ്രായം തേടി. ഒരിടത്ത് ഒരുമിച്ച് താമസിപ്പിക്കണമെന്ന അഭിപ്രായമാണ് അവരെല്ലാം പ്രകടിപ്പിച്ചത്. അങ്ങനെയാണ് ദുരന്തമുണ്ടായി 63-ാം ദിവസം വയനാട്ടിലെ എൽസ്റ്റൺ നെടുമ്പാല എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്. കല്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുത്തുകൊണ്ട് ടൗൺഷിപ്പിന് തറക്കല്ലിട്ട് ഒരു വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കി 178 വീടുകൾ കൈമാറി. പദ്ധതി പൂർത്തിയാകുമ്പോൾ 410 വീടുകളിലായി 1,662 ലധികം മനുഷ്യർ താമസിക്കുന്ന സമ്പൂർണ പാർപ്പിട നഗരമായി ഇത് മാറും.
ആധുനിക രീതിയിലുള്ള റോഡ്, വൈദ്യുതി, കുടിവെള്ള സംവിധാനം, ലബോറട്ടറിയും ഫാർമസിയും വാക്സിനേഷൻ സെന്ററും ഉൾക്കൊള്ളുന്ന ആരോഗ്യ കേന്ദ്രം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ, പൊതുമാർക്കറ്റ്, കുട്ടികൾക്കുള്ള പാർക്ക്, ലൈബ്രറി, ഓപ്പൺ തിയേറ്റർ തുടങ്ങിയവയെല്ലാം ടൗൺഷിപ്പിന്റെ ഭാഗമാണ്. ഉറ്റവരുടെയും ഉടയവരുടെയും ജീവൻ ഒഴികെ നഷ്ടപ്പെട്ടുപോയതെല്ലാം വീണ്ടെടുത്ത് നൽകുമെന്ന വാക്ക് എൽഡിഎഫ് സര്‍ക്കാര്‍ പാലിച്ചു.
വാസഗൃഹം നൽകുക മാത്രമായിരുന്നില്ല പുനരധിവാസം. കുട്ടികളുടെ പുനരധിവാസത്തിനായി ഒരു കേരള മോഡൽ വിദ്യാഭ്യാസ പാക്കേജ് തയ്യാറാക്കി. അക്ഷരാർത്ഥത്തിൽ അനാഥരായ 24 കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സഹായധനം അക്കൗണ്ടിൽ നിക്ഷേപിക്കുകയും യൂണിസെഫുമായി ചേർന്ന് 25 വയസുവരെ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. വ്യാപാരം നഷ്ടപ്പെട്ടവരെ ആ രംഗത്തേക്ക് തിരിച്ചുകൊണ്ടുവരാൻ ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിച്ചുവരുന്നു. ഓരോ സംരംഭത്തിനും ഉണ്ടായ നഷ്ടത്തിന്റെ 50% സർക്കാർ നൽകുകയാണ്. ദുരന്തബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്പാ പദ്ധതിക്കും ഉജ്ജീവന പദ്ധതിക്കും സർക്കാർ തീരുമാനമെടുത്തു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ തിളങ്ങുന്ന നേട്ടങ്ങളിൽ ഒന്നായി വയനാട് ദുരന്ത പുനരധിവാസം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
അതോടൊപ്പം കേന്ദ്രസർക്കാർ കേരളത്തോട് കാണിച്ച അവഗണനയുടെ അപമാനകരമായ ഒരു ചിത്രവും സംസ്ഥാനത്തെ പ്രതിപക്ഷം പിൻതുടർന്ന നിസഹകരണത്തിന്റെ രീതിയും ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടപ്പെടും. അതിതീവ്ര ദുരന്ത വിഭാഗത്തിൽ ചൂരൽമല ഉരുൾപൊട്ടലിനെ ഉൾപ്പെടുത്തണമെന്ന് കേരളം അന്ന് തന്നെ ആവശ്യപ്പെടുകയും ഓഗസ്റ്റ് ഒമ്പതിന് കേരളം സന്ദർശിച്ച കേന്ദ്രസംഘം റിപ്പോർട്ട് നൽകുകയും ചെയ്തിട്ടും ആറ് മാസം കഴിഞ്ഞാണ് അത്തരമൊരു പ്രഖ്യാപനം ഉണ്ടായത്. അതുമൂലം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പല സഹായങ്ങളും നമുക്ക് നഷ്ടമായി. കേരളം സമർപ്പിച്ച 2202 കോടിയുടെ നഷ്ടക്കണക്കുകൾ കേന്ദ്രസർക്കാർ നിർദാക്ഷിണ്യം തള്ളിക്കളഞ്ഞു.
759 കുടുംബങ്ങൾക്ക് 1,275 അക്കൗണ്ടുകളിലായി കടങ്ങൾ നിലവിലുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് ദുരന്ത മേഖലകളിലെ മുഴുവൻ കടങ്ങളും എഴുതിത്തള്ളി. പൊതുമേഖലാ ബാങ്കുകളും ഇതേ മാർഗം പിന്തുടരുന്നതിനായി കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും സെക്ഷൻ 13 ലൂടെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിതള്ളാനുള്ള നിലപാട് കേന്ദ്രം സ്വീകരിച്ചില്ല. ഒടുവിൽ 555 ഗുണഭോക്താക്കളുടെ 18.75 കോടിയുടെ കടബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഇതിനാവശ്യമായ തുക അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഈ വിധം ദുരന്തസമയത്തുപോലും ശ്വാസം മുട്ടിക്കുകയാണ് ചെയ്തതെങ്കിൽ സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളോട് മുഖംതിരിക്കുകയാണ് പ്രതിപക്ഷമായ യുഡിഎഫ് ചെയ്തത്. യുഡിഎഫിലെ മുഖ്യ പാർട്ടിയായ കോൺഗ്രസ്, സർക്കാരിനോട് സഹകരിക്കാതെ ദുരന്തബാധിതർക്ക് തങ്ങളുടെ നിലയിൽ വീട് വച്ചു കൊടുക്കുമെന്ന് അവകാശപ്പെട്ടു. എന്നാൽ നാളിതുവരെയും ഒരു വീടെങ്കിലും പൂർത്തിയാക്കുക പോയിട്ട് എന്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പോലും കാണാൻ കഴിയുന്നില്ല.
രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പലതരം ദുരന്തങ്ങളിൽ പെട്ടുപോകുന്ന മനുഷ്യർ അനാഥരായി മാറുന്ന കാഴ്ച നമുക്ക് പുതുമയല്ല. സാധാരണഗതിയിലുണ്ടാവാറുള്ള വെള്ളപ്പൊക്കവും വരൾച്ചയും പോലും പതിനായിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുകയും ജീവസന്ധാരണത്തിനായി ഭിക്ഷാടനം പോലുള്ള മാർഗങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യപ്പെടുന്ന രാജ്യമാണ് നമ്മുടേത്. അതേ ഇന്ത്യയിലാണ് ലോകത്തിലെ വികസിത രാജ്യങ്ങളെപ്പോലും അസൂയപ്പെടുത്തുമാറ് മാതൃകാപരമായ ഈ പുനരധിവാസം യാഥാർത്ഥ്യമായത്. കല്ലിലും കമ്പിയിലും സിമന്റിലും അല്ല ആ ടൗൺഷിപ്പ് പടുത്തുയർത്തിയിട്ടുള്ളത്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയിലും സംസ്ഥാന സർക്കാരിന്റെ നിശ്ചയ ദാർഢ്യത്തിലുമാണ്. ഈ മാതൃക ഭാവിയിലും നിലനിർത്തുന്നതിന് ഇടതുപക്ഷം അധികാരത്തിൽ തുടരേണ്ടതുണ്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment