ലോകമെമ്പാടുമുള്ള വിപ്ലവകാരികളും കമ്മ്യൂണിസ്റ്റുകാരും മഹാനായ സൈദ്ധാന്തികനും ബോൾഷെവിക് വിപ്ലവ നേതാവും ലോകത്തിലെ ആദ്യ തൊഴിലാളിരാഷ്ട്ര സ്ഥാപകനുമായ വി ഐ ലെനിനെ, എല്ലാ വർഷവും ഏപ്രിൽ 22ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അനുസ്മരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം, ലെനിന്റെ ജീവിതവും കൃതികളും വെറും ചരിത്ര വസ്തുക്കളല്ല; സമകാലിക ആഗോള ചലനാത്മകത മനസിലാക്കുന്നതിനും സമാധാനത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടം രൂപപ്പെടുത്തുന്നതിനുമുള്ള ജീവസുറ്റ വഴികാട്ടിയാണ്. വിനാശകരമായ യുദ്ധങ്ങൾ, വർധിച്ചുവരുന്ന സൈനികത, സാമ്രാജ്യത്വ വിരുദ്ധ രോഷം എന്നിവയാൽ അടയാളപ്പെടുത്തിയ ഇന്നത്തെ ആഗോള സാഹചര്യത്തിൽ, ലെനിന്റെ ആശയങ്ങളുടെ പ്രസക്തി എന്നത്തെക്കാളും മൂർച്ചയുള്ളതും അനിവാര്യവുമായി മാറിയിരിക്കുന്നു. ഒന്നിലധികം സായുധ സംഘട്ടനങ്ങളിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങളിലും മുഴുകിയിരിക്കുകയാണ് ലോകം. ഉക്രെയ്‌നിലെ നീണ്ടുനിന്ന യുദ്ധം, ഗാസയിൽ ഇസ്രയേൽ നടത്തിയ വംശഹത്യാ ആക്രമണം, ഇറാനുമായി യുഎസ്-ഇസ്രയേൽ സൈനിക ഏറ്റുമുട്ടൽ, പശ്ചിമേഷ്യയിലുടനീളം അസ്ഥിരതാ വ്യാപനം, ദക്ഷിണ ചൈനാ കടലിലും കൊറിയൻ ഉപദ്വീപിലും വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾ എന്നിവയെല്ലാം ആഗോള സമാധാനം എത്രത്തോളം ദുർബലമാണെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്.
ഈ സംഘർഷങ്ങൾ ഒറ്റപ്പെട്ട അപകടങ്ങളോ വംശീയമോ മതപരമോ ആയ വിദ്വേഷത്തിന്റെ പ്രകടനങ്ങളോ അല്ല. മറിച്ച് വിപണികൾ, ഊർജോപാധികൾ, അസംസ്കൃത വസ്തുക്കൾ, ഭൗമരാഷ്ട്രീയ മേധാവിത്വം എന്നിവയ്ക്കായി കുത്തക മൂലധന കൂട്ടായ്മകൾ തമ്മിലുള്ള ആഗോള മത്സരത്തിൽ ഘടനാപരമായി വേരൂന്നിയതാണ്. ഒരു നൂറ്റാണ്ടിലേറെ മുമ്പ്, ലെനിൻ ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ട’ത്തിൽ എന്ന തന്റെ മഹത്തായ കൃതിയില്‍ അത്തരം പ്രതിഭാസങ്ങൾക്ക് ശാസ്ത്രീയ വിശദീകരണം നൽകിയിട്ടുണ്ട്. ആധുനിക യുദ്ധങ്ങൾ കുത്തക മുതലാളിത്തത്തിന്റെ ഒരു ജൈവ ഉല്പന്നമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ചും ഉല്പാദന ശക്തികൾക്കും രാജ്യാതിർത്തികൾക്കും ഇടയിൽ രൂക്ഷമാകുന്ന വൈരുധ്യങ്ങൾ, മൂലധന കയറ്റുമതി, കൊളോണിയൽ ശക്തികൾക്കിടയിൽ ലോകത്തെ വിഭജിക്കൽ, മുതലാളിത്ത രാഷ്ട്രങ്ങളുടെ അസമമായ വികസനം എന്നീ കാര്യങ്ങളിൽ. യുദ്ധം സൃഷ്ടിക്കുന്ന വ്യവസ്ഥയെ തകർക്കുന്നതിന് തൊഴിലാളിവർഗവും അടിച്ചമർത്തപ്പെട്ട ജനങ്ങളും ഇടപെട്ടില്ലെങ്കിൽ സാമ്രാജ്യത്വം അനിവാര്യമായും സൃഷ്ടിക്കുന്നത് മനുഷ്യരാശിയെ വിനാശകരമായ നാശത്തിലേക്ക് നയിക്കുന്ന അന്തർ‑സാമ്രാജ്യത്വ സംഘർഷങ്ങളാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലെ അന്താരാഷ്ട്ര സാഹചര്യം ലെനിന്റെ വിശകലനത്തെ ശക്തമായി പ്രതിധ്വനിപ്പിക്കുന്നു.
നാറ്റോ പോലുള്ള സൈനിക സഖ്യങ്ങൾ കിഴക്കോട്ടും ഏഷ്യയിലേക്കും വ്യാപിക്കുന്നു. ആഗോള സൈനിക ചെലവ് പ്രതിവർഷം 2.4 ലക്ഷം കോടി ഡോളറിലധികമായി റെക്കോഡ് ഉയരത്തിലെത്തി. ആണവായുധങ്ങളുടെ ആധുനികവൽക്കരണ പരിപാടികൾ ത്വരിതപ്പെടുത്തുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ദാരിദ്ര്യം, നിർബന്ധിത കുടിയിറക്കം, പട്ടിണി, പരിസ്ഥിതി തകർച്ച എന്നിവയാൽ കഷ്ടപ്പെടുമ്പോൾ ആയുധ വ്യവസായം അമിത ലാഭം കൊയ്യുന്നു. സൈനികത ഒരു വ്യതിയാനമല്ല, മറിച്ച് സാമ്രാജ്യത്വ മത്സരത്തിന്റെ ആവശ്യകതയാണെന്ന ലെനിന്റെ ഉൾക്കാഴ്ച കൃത്യതയോടെ പ്രകടമാകുന്നു. സമാധാനത്തെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെയും കുറിച്ചുള്ള ലെനിന്റെ പ്രതിബദ്ധത വർഗ വിശകലനത്തിലും വിപ്ലവകരമായ പ്രയോഗത്തിലും വേരൂന്നിയതായിരുന്നു. അധികാരം പിടിച്ചെടുത്തതിന്റെ പിറ്റേന്ന് തന്നെ, 1917 നവംബർ എട്ടിന്, സോവിയറ്റ് സര്‍ക്കാര്‍ ലെനിൻ തന്നെ തയ്യാറാക്കിയ ചരിത്രപരമായ സമാധാന ഉത്തരവ് പുറപ്പെടുവിച്ചു. ഈ രേഖയിലൂടെ കടന്നാക്രമണങ്ങളെ അപലപിക്കുകയും ഒന്നാം ലോക മഹായുദ്ധത്തിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെടുകയും ചെയ്തു. പോരാടുന്ന എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളോടും ജനങ്ങളോടും സ്വന്തം സാമ്രാജ്യത്വ സര്‍ക്കാരുകൾക്കെതിരെ ഉയർത്തെഴുന്നേൽക്കാൻ ആഹ്വാനം ചെയ്തു.
ലാഭം പരമാവധി വർധിപ്പിക്കൽ, പ്രദേശിക മത്സരം എന്നിവയാൽ നയിക്കപ്പെടുന്ന മുതലാളിത്തത്തിന് കീഴിൽ ശാശ്വതസമാധാനം ഉറപ്പാക്കാൻ കഴിയില്ലെന്ന് ലെനിൻ മനസിലാക്കി. മൂലധന ശക്തിയെ അട്ടിമറിക്കാതെ സമാധാനം അസാധ്യമാണെന്ന് അദ്ദേഹം വാദിച്ചു. അതിനാൽ, സമാധാനത്തിനുള്ള പോരാട്ടം സാമ്രാജ്യത്വത്തിനും ചൂഷണത്തിനും സാമൂഹിക അനീതിക്കും എതിരായ പോരാട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും യഥാർത്ഥ സമാധാനം യുദ്ധമില്ലായ്മ മാത്രമല്ല, സോഷ്യലിസം സാധ്യമാക്കുന്ന ഒരു വ്യവസ്ഥയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ദേശീയത, വർഗീയത, വംശീയത, സൈനിക പ്രചാരണം എന്നിവയിലൂടെ സാമ്രാജ്യത്വം തൊഴിലാളികളെ വിഭജിക്കാൻ വ്യവസ്ഥാപിതമായി ശ്രമിക്കുന്നുവെന്ന് അദ്ദേഹം മനസിലാക്കി.
ഇന്നത്തെ ആഗോളവൽക്കരിക്കപ്പെട്ട മുതലാളിത്തത്തിൽ, ലെനിൻ തിരിച്ചറിഞ്ഞ വൈരുധ്യങ്ങൾ നിലനിൽക്കുക മാത്രമല്ല, തീവ്രമാവുകയും ചെയ്തിട്ടുണ്ടെന്നതാണ് ലെനിനിസത്തിന്റെ സമകാലിക പ്രസക്തി. സാമ്പത്തിക അസമത്വം അതിഭീകരമായ തീവ്രതയിലെത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാർക്ക് ലോകജനതയുടെ ഏറ്റവും താഴെയുള്ള 40% പേരുടെ കൈവശമുള്ളതിനെക്കാൾ കൂടുതൽ സമ്പത്തുണ്ട്. അന്തർദേശീയ കോർപറേറ്റുകളും കുത്തകകളും രാഷ്ട്രങ്ങളിലും അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക് പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിലും ആഗോള മാധ്യമങ്ങളിലും നിയന്ത്രണം സ്ഥാപിച്ചിരിക്കുന്നു. നാമമാത്ര ജനാധിപത്യ രാജ്യങ്ങളിൽ പോലും ജനാധിപത്യ അവകാശങ്ങൾ ആക്രമണത്തിന് വിധേയമാകുന്നു. അതേസമയം തീവ്ര വലതുപക്ഷ, ഫാസിസ്റ്റ് ശക്തികൾ സാമ്പത്തിക അരക്ഷിതാവസ്ഥയെ ചൂഷണം ചെയ്ത് തൊഴിലാളിവർഗ ഘടനയെ ദുർബലപ്പെടുത്തുന്നു.
കാലാവസ്ഥാ തകർച്ച, മഹാമാരികളെ നേരിടൽ, ദാരിദ്ര്യം, അഭയാർത്ഥി പ്രതിസന്ധികൾ തുടങ്ങിയ അടിയന്തര ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് പകരം സർക്കാരുകൾ വിഭവങ്ങൾ ആയുധോല്പാദനത്തിലേക്കും സൈനിക വിപുലീകരണത്തിലേക്കും തിരിച്ചുവിടുന്നു. ചൈനയെയും റഷ്യയെയും വളയാനുള്ള യുഎസ് നേതൃത്വത്തിലുള്ള നീക്കം, ഉക്രെയ്‌നിൽ റഷ്യക്കെതിരായ നാറ്റോ നിഴൽ യുദ്ധം, ജർമ്മനിയുടെയും ജപ്പാന്റെയും പുനർസൈനികവൽക്കരണം എന്നിവയെല്ലാം സാമ്രാജ്യത്വം യുദ്ധത്തിലേക്ക് നയിക്കുന്നുവെന്ന ലെനിന്റെ നിഗമനത്തെ സ്ഥിരീകരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ലെനിന്റെ ജന്മദിനം അനുസ്മരിക്കുന്നത് സമാധാനത്തിനും അന്താരാഷ്ട്ര ഐക്യദാർഢ്യത്തിനുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ പ്രതിബദ്ധത പുതുക്കുന്നതിനുള്ള ഒരവസരമാണ്. ഇതിന് നിരവധി മുന്നണികളിൽ മൂർത്തമായ രാഷ്ട്രീയ നടപടി ആവശ്യമാണ്. ഒന്നാമതായി, കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികൾ യുദ്ധം, സൈനികത, ആണവായുധങ്ങൾ എന്നിവയ്ക്കെതിരെ പൊതുജനാഭിപ്രായം വളർത്തിക്കൊണ്ടുവരണം. നയതന്ത്ര പരിഹാരങ്ങൾ ആവശ്യപ്പെടുന്നതിനും സൈനിക വർധനവിനെ എതിർക്കുന്നതിനും അപകടകരമായ ആയുധ മത്സരത്തെ നിരസിക്കുന്നതിനും ട്രേഡ് യൂണിയനുകൾ, സമാധാന പ്രസ്ഥാനങ്ങൾ, യുവജന സംഘടനകൾ, യുദ്ധവിരുദ്ധ ബുദ്ധിജീവികൾ, ജനാധിപത്യ ശക്തികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന വിശാലമായ ഐക്യമുന്നണികൾ കെട്ടിപ്പടുക്കണം. നാറ്റോ, ക്വാഡ് തുടങ്ങിയ സൈനിക സഖ്യങ്ങൾ പ്രതിരോധമല്ല, സാമ്രാജ്യത്വ ആധിപത്യത്തിന്റെ ഉപകരണങ്ങളാണെന്ന് തുറന്നുകാട്ടുകയും വേണം.
രണ്ടാമതായി, ഇന്ത്യൻ സാഹചര്യത്തിൽ, നരേന്ദ്ര മോഡി സർക്കാരിന്റെ സാമ്രാജ്യത്വ അനുകൂല നിലപാടുകളെ തുറന്നുകാട്ടണം. യുഎസ് — ഇസ്രയേൽ അച്ചുതണ്ടുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ബന്ധം, ക്വാഡ് പങ്കാളിത്തം, ഗാസയിലെ വംശഹത്യയെ അപലപിക്കാനുള്ള വിമുഖത, പാശ്ചാത്യ സൈനിക കൂട്ടായ്മകളുമായി സഹകരിക്കൽ എന്നിവ ഇന്ത്യയുടെ ചരിത്രപരമായ ചേരിചേരാ നയത്തിൽ നിന്നും കൊളോണിയൽ വിരുദ്ധ ഐക്യദാർഢ്യത്തിൽ നിന്നുമുള്ള അപകടകരമായ വ്യതിചലനത്തെയാണ് പ്രതിനിധീകരിക്കുന്നത്. സിപിഐ, സിപിഐ(എം), മറ്റ് ഇടതുപക്ഷ ജനാധിപത്യ ശക്തികൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ മാറ്റത്തിനെതിരെ സ്ഥിരതയുള്ളതും തത്വാധിഷ്ഠിതവുമായ ശബ്ദമുയർത്തണം. മൂന്നാമതായി, പുരോഗമന ശക്തികൾക്കിടയിലുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യം അടിയന്തരമായി ശക്തിപ്പെടുത്തണം. തീവ്രമായ ഭൗമ രാഷ്ട്രീയ ചേരികളുടെ ഒരു കാലഘട്ടത്തിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു യഥാർത്ഥ സാമ്രാജ്യത്വ വിരുദ്ധ സാര്‍വദേശീയത കെട്ടിപ്പടുക്കണം. സാമ്രാജ്യത്വ വിരുദ്ധ മത്സരങ്ങളിൽ പക്ഷം പിടിക്കുന്ന ഒന്നല്ല, മറിച്ച് എല്ലാ സാമ്രാജ്യത്വ യുദ്ധങ്ങളെയും എതിർക്കുന്ന ഒന്ന്. നാലാമതായി, കമ്മ്യൂണിസ്റ്റുകാര്‍ ദേശീയ പരമാധികാരം, സമാധാനപരമായ സഹവർത്തിത്വം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം എന്നിവയുടെ തത്വങ്ങളെ സംരക്ഷിക്കണം. യുഎൻ ചാർട്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ളതും എന്നാൽ ശക്തമായ രാഷ്ട്രങ്ങൾ വ്യവസ്ഥാപിതമായി ലംഘിക്കുന്നതുമായ ഈ തത്വങ്ങൾ, യുദ്ധങ്ങൾ തടയുന്നതിനും രാജ്യങ്ങൾക്കിടയിൽ സഹകരണം സാധ്യമാക്കുന്നതിനും അത്യന്താപേക്ഷിതമാണ്. അതേസമയം, കമ്മ്യൂണിസ്റ്റുകാര്‍ യഥാർത്ഥ ദേശീയ വിമോചന സമരങ്ങളെയും (പലസ്തീൻ പോലുള്ളവ) ബൂർഷ്വാ രാഷ്ട്രങ്ങളുടെ സൈനിക ആഗ്രഹങ്ങളെയും വേർതിരിച്ചറിയണം. സമാധാനം എന്നത് യുദ്ധത്തിന്റെ അഭാവം മാത്രമല്ല — അത് സാമൂഹിക നീതി, സമത്വം, അധ്വാനിക്കുന്ന ജനങ്ങളുടെ വിമോചനം എന്നിവയിൽ നിന്ന് വേർതിരിക്കാനാവാത്തതാണ് എന്നാണ് ലെനിന്റെ പൈതൃകം നമ്മെ പഠിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, ലെനിന്റെ ദർശനം ഒരു ദീപസ്തംഭമായി തിളങ്ങുന്നു. യുദ്ധത്തോടുള്ള തത്വാധിഷ്ഠിത എതിർപ്പിനെ ജനാധിപത്യ, സമത്വ, സോഷ്യലിസ്റ്റ് ഭാവിക്കായുള്ള പോരാട്ടവുമായി — സംയോജിപ്പിക്കാൻ അദ്ദേഹത്തിന്റെ ആശയങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു. ലെനിനുള്ള ഏറ്റവും നല്ല ആദരാഞ്ജലി അനുസ്മരണമല്ല — മറിച്ച് പ്രവർത്തനമാണ്; യുദ്ധം, അടിച്ചമർത്തൽ, അനീതി എന്നിവയിൽ നിന്ന് മുക്തമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള അചഞ്ചലമായ സമർപ്പണത്തോടെയുള്ള പ്രവര്‍ത്തനം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment