ലോൺ ആപ്പ് എന്ന ഇന്റർനെറ്റ് അധോലോകവും ഇരകളും

Janayugom
Developer Admin

കേരളസമൂഹം അതീവ ഗുരുതരമായ നിയമവിരുദ്ധ ഇന്റർനെറ്റ് അധിഷ്ഠിത വായ്പാക്കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് കണ്ണൂരിലെ അഞ്ചരക്കണ്ടിയിലുള്ള ദന്തൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒരു ലോൺ ആപ്പ് ഇടപാടുമൂലമുള്ള നിരന്തരമായ ശല്യപ്പെടുത്തലും ഉണ്ടായിരുന്നതായി ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതേ ദിവസങ്ങളിൽത്തന്നെയാണ് വടകര സ്വദേശിയായ 25കാരൻ വിഷ്ണു പ്രകാശ് നിരന്തര ലോൺ ആപ് ശല്യപ്പെടുത്തലിനെത്തുടർന്ന് അപ്രത്യക്ഷനായ വാർത്ത മാധ്യമങ്ങളിൽ സ്ഥാനംപിടിച്ചത്. ഇയാളെ പിന്നീട് കണ്ടെത്തിയെങ്കിലും കേരളീയ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പുതിയ വിപത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ അത് കാരണമായി. 2023 സെപ്റ്റംബറിൽ എറണാകുളം ജില്ലയിലെ വലിയ കടമക്കുടിയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളും മാതാപിതാക്കളുമടക്കം നാലംഗ കുടുംബത്തിന്റെ ജീവനെടുത്തതും ലോൺ ആപ്പ് ഭീഷണിയായിരുന്നു. വിഷയത്തിൽ പൊലീസ് കേസെടുത്തെങ്കിലും മുഖ്യ കുറ്റവാളികളെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ആര്യനാട്ടെ ആനന്ദ് എന്ന 21കാരൻ ഇക്കഴിഞ്ഞ മാർച്ച് നാലിന് ആസിഡ് കുടിച്ച് ജീവനൊടുക്കിയതും നിരന്തരമായ ലോൺ ആപ് ഭീഷണിയെ തുടർന്നാണ്. ഇത്തരത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലെ അസ്വാഭാവിക മരണങ്ങളുടെയും അപ്രത്യക്ഷമാകലുകളുടെയും വാർത്തകൾ സൂക്ഷ്മ പരിശോധനയ്ക്കും പഠനങ്ങൾക്കും വിധേയമാക്കിയാൽ നിയമവിരുദ്ധ ലോൺ ആപ് സംവിധാനം കേരളീയ സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ വേരോട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും എത്ര ഭീകരമായ പ്രത്യാഘാതങ്ങളാണ് അത് സാമൂഹ്യ ജീവിതത്തിൽ സൃഷ്ടിക്കുന്നതെന്നും വിലയിരുത്താനാവും. സർക്കാർ തലത്തില്‍ ഔദ്യോഗികമായും ഒപ്പം സാമൂഹികമായും അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്ന അതീവ ഗുരുതരമായ സാമൂഹിക, സാമ്പത്തിക വിപത്തായി മാറിയിരിക്കുകയാണ് നിയമവിരുദ്ധ ലോൺ ആപ്പ്എന്ന ഇന്റർനെറ്റ് അധോലോകം. 

നിയമവിരുദ്ധ ലോൺ ആപ്പ് വ്യാപനം സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളും ഗുരുതര മാനസിക പ്രതിസന്ധികളും കുതിച്ചുയരാൻ കാരണമായതായി പൊതുയിടങ്ങളിൽ ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നു. നിരന്തര ലോൺ ആപ്പ് ഭീഷണിയുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം 15,000ത്തിൽ അധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായാണ് മനസിലാക്കുന്നത്. മുൻ ഖണ്ഡികയിൽ പരാമർശിച്ചതുള്‍പ്പെടെ കൂട്ട ആ ത്മഹത്യകളടക്കം നിരവധി ദുരന്തങ്ങളും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തെ മാത്രം പിടികൂടിയിട്ടുള്ള ഒരു ദുർഭൂതമല്ല. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളെയും മൂന്നാംലോക രാഷ്ട്രങ്ങളെയും ബാധിക്കുന്ന മാരക പ്രതിഭാസമായി ലോൺ ആപ്പ് എന്ന ഇന്റർനെറ്റ് അധോലോകം വികസിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിതിൻരാജിന്റെ മരണത്തെത്തുടർന്ന് ലോൺ ആപ്പ് ഭീഷണിയിൽ ഉൾപ്പെട്ട മൂന്നുപേരെ ഡൽഹി തലസ്ഥാന മേഖലാ പരിധിയിൽ വരുന്ന നോയിഡയിൽനിന്നും കേരളാ പോലീസ് പിടികൂടുകയുണ്ടായി. എന്നാൽ, അവർ, വിപുലമായ ഒരു ഇന്റർനെറ്റ് അധോലോകത്തിന്റെ ഉപകരണങ്ങൾ മാത്രമാവാനാണ് സാധ്യത. യഥാർത്ഥ കുറ്റവാളികൾ നിയമത്തിന്റെ കൈകൾക്ക് അപ്രാപ്യമായ ആഴങ്ങളിലാണ് പതിയിരിക്കുന്നത് എന്നുവേണം കരുതാൻ. മാത്രമല്ല, ഇത്തരം ലോൺ ആപ്പ് പ്ലാറ്റുഫോമുകൾ ഏറെയും പ്രവർത്തിക്കുന്നത് നിയമവാഴ്ചയുടെ നിഴൽപ്രദേശങ്ങൾ ഏറെയുള്ള കംബോഡിയ, ലാവോസ്, തട്ടിപ്പ് പറുദീസകളായി കുപ്രസിദ്ധിയാർജിച്ച ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ നിന്നാണെന്ന് വേണം അനുമാനിക്കാൻ. ജനങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയും ആധുനിക ജീവിതത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങളും വ്യവസ്ഥാപിത മാർഗങ്ങളിലൂടെ കുറഞ്ഞ പലിശനിരക്കിൽ സുഗമമായ വായ്പാ സംവിധാനങ്ങളുടെ അഭാവവുമാണ് ലോൺ ആപ്പ് വിപത്തിന് വളക്കൂറുള്ള മണ്ണായി മാറുന്നത്. ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണുകളുടെയും സാർവത്രിക ലഭ്യത അധോലോക പ്രവർത്തനങ്ങൾക്കും സാർവത്രികത നേടിക്കൊടുത്തു. 

യാതൊരു കടലാസുപണികളും കാത്തിരിപ്പും കൂടാതെ, ജാമ്യക്കാരോ ഈടോ ആവശ്യമില്ലാതെ, വായ്പയെടുക്കുന്ന ആളുടെ ബന്ധത്തിലോ പരിചയത്തിലോ ഉള്ളവരുടെ ‘ഡാറ്റ’യുടെ മാത്രം പിൻബലത്തിൽ, സത്വരം ലഭിക്കുന്ന വായ്പ, ആവശ്യക്കാർക്ക് എത്രത്തോളം ആകർഷകവും ആശ്വാസകരവുമാണെന്ന് പറയേണ്ടതില്ലല്ലോ. ഇത്തരം വായ്പകളുടെ പലിശ മിക്കപ്പോഴും ആരംഭിക്കുന്നതുതന്നെ 36ശതമാനത്തിൽ നിന്നായിരിക്കും. വായ്പയുടെ അടവുകൾ മുടങ്ങിയാൽ പിഴപ്പലിശ മാത്രമല്ല പിടിവിടാതെ പിന്തുടർന്നുള്ള പീഡന പരമ്പരയും ആരംഭിക്കുകയായി. അതിനാവട്ടെ യാതൊരു മാനുഷിക, ധാർമ്മിക പരിഗണകളും ഉണ്ടാവില്ല. ഇരകളുടെ പ്രിയപ്പെട്ടവരുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങളടക്കം ഏതറ്റംവരെയും ഭീഷണി കൊണ്ടുപോകാനും അവർ മടിക്കില്ല. ആത്മഹത്യയിൽ അഭയം പ്രാപിച്ചാലും കൈമാറിയ ഡാറ്റയെ അവർ വിടാതെ പിന്തുടരും. മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വിപ്ലവകരമായ കുതിച്ചുചാട്ടം ഉറപ്പാക്കിയ ഇന്റർനെറ്റിന്റെ ഇരുണ്ട മറുപുറത്തിൽ ഒന്നാണ് ലോൺ ആപ്പ് അധോലോകം. രാജ്യത്തെ പണമിടപാടുകൾ നിയന്ത്രിക്കുന്ന റിസർവ് ബാങ്കിന്റെ അനുമതിയോ അംഗീകാരമോ കൂടാതെ, രാജ്യാതിർത്തികളെയും നിയമവാഴ്ചയെയും അപ്രസക്തമാക്കി, രാക്ഷസീയ രൂപഭാവങ്ങൾ കൈവരിച്ച പ്രതിഭാസമായി അത് മാറിയിരിക്കുന്നു. ഭരണകൂടത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ വിർച്വൽ ലോകത്ത് തമസ്കരിക്കാൻ നിതാന്ത ജാഗ്രതയും വ്യഗ്രതയും പുലർത്തുന്ന കേന്ദ്ര ഭരണകൂടം ആയിരക്കണക്കിന് കോടി രൂപ ജനങ്ങളെ കൊള്ളയടിക്കുന്ന ഈ രാക്ഷസീയതയെ കണ്ട ഭാവം പോലും നടിക്കുന്നില്ല. ഡിജിറ്റൽ ഇന്ത്യയെപ്പറ്റി വാതോരാതെ ആത്മപ്രശംസ നടത്തുകയും അതിന്റെ പേരിൽ ഊറ്റംകൊള്ളുകയും ചെയ്യുന്ന ഭരണാധികാരികൾ ഡിജിറ്റൽ ആക്രമണങ്ങളിൽനിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തംകൂടി ഏറ്റെടുക്കാൻ തയ്യാറാവണം. രാഷ്ട്രീയ കാരണങ്ങളാൽ ഇന്റർനെറ്റ് തമസ്കരണത്തിൽ ലോകറെക്കോഡിന് ഉടമകളായി മാറിയ ഭരണകൂടം ലോൺ ആപ്പ് അടക്കം ഇന്റർനെറ്റ് അധോലോക വിമുക്തമായ ഒരു വിർച്വൽ ആവാസവ്യവസ്ഥയെപ്പറ്റി അടിയന്തരമായി ചിന്തിക്കാനും സത്വര നടപടികൾ സ്വീകരിക്കാനും തയ്യാറാവണം. 

Previous
സമാധാന പോരാട്ടത്തിൽ ലെനിൻ ആശയങ്ങളുടെ പ്രസക്തി
Next
പൂരത്തിന്റെ കാര്യം എല്ലാവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും ; സ്പോടനസ്ഥലം സന്ദ...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment