ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോട് നടത്തിയ രാഷ്ട്രീയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും നടപടിയെടുക്കണമെന്നുമുള്ള ആവശ്യം ശക്തമായി. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നിലനില്‍ക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതര ലംഘനമാണ് മോഡിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനയച്ച കത്തില്‍ സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് പി സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടി. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായി സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി അറിയിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികളും കത്തയച്ചിട്ടുണ്ട്.
മോഡിയുടേത് പൂര്‍ണമായും രാഷ്ട്രീയ പ്രസംഗവും പക്ഷപാതപരമായ വാദങ്ങൾ, സജീവവും രാഷ്ട്രീയ വിവാദം ഉയര്‍ന്നതുമായ വിഷയത്തിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ നേരിട്ടു നടത്തിയ ശ്രമങ്ങൾ എന്നിവ ഉള്‍ച്ചേര്‍ന്നതുമായിരുന്നുവെന്ന് പി സന്തോഷ് കുമാര്‍ പറഞ്ഞു. അതിലും ആശങ്കാജനകമായ കാര്യം ദൂരദർശൻ, സൻസദ് ടിവി തുടങ്ങിയ ദേശീയ പൊതു പ്രക്ഷേപണ മാധ്യമങ്ങളിൽ ഈ പ്രസംഗം സംപ്രേഷണം ചെയ്തു എന്നതാണ്. അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ പ്രസംഗം നടത്തുന്നതിന് ഭരണ സംവിധാനങ്ങളും പൊതുവേദികളും ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനമാണ്. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന വേളയിലുള്ള ഉത്തരം ലംഘനങ്ങളില്‍ ഇടപെടാത്ത തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് ഭരണഘടനാപരമായി ഉയര്‍ത്തിപ്പിടിക്കേണ്ട ഉത്തരവാദിത്തത്തെ സംശയാസ്പദമാക്കുന്നു. നടപടി സ്വീകരിക്കാതിരിക്കുന്നത് കമ്മിഷന്റെ നിഷ്പക്ഷതയിലുള്ള വിശ്വാസം ഇല്ലാതാക്കുന്നതാണെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായ പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് മാതൃകാപെരുമാറ്റചട്ടം നാലാം വകുപ്പില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് എം എ ബേബി പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയത്തെ വനിതാ സംവരണവുമായി കൂട്ടിക്കെട്ടിയ ഭരണഘടനാ ബില്‍ പരാജയപ്പെട്ടതില്‍ ജാള്യതപൂണ്ട പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ സമ്മതിദായകരെ, പ്രത്യേകിച്ച് വനിതകളെ സ്വാധീനിക്കാവുന്ന കാര്യങ്ങളാണ് പ്രസംഗ വിഷയമാക്കിയത്. യഥാര്‍ത്ഥത്തില്‍ വനിതാസംവരണം പൊളിച്ചത് ബിജെപിയാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെട്ടതില്‍ വിറളിപൂണ്ട ബിജെപിക്കുവേണ്ടി ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ തമിഴ്‌നാട്ടിലെയും ബംഗാളിലെയും ഡിഎംകെ, ടിഎംസി എന്നിവയുള്‍പ്പെടെ കക്ഷികളെ പല തവണ പേരെടുത്ത് കുറ്റപ്പെടുത്തുകയാണ് മോഡി ചെയ്തത്. വനിതാസംവരണം എത്രയും വേഗം നടപ്പിലാക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമായി നിലനില്‍ക്കെ അടുത്തൊന്നും നടപ്പിലാക്കാതിരിക്കാനും അതേസമയം ഖ്യാതി തങ്ങള്‍ക്കാണെന്ന് വരുത്താനുമുള്ള ഗൂഢനീക്കവുമായി ബിജെപി രംഗത്തെത്തിയതോടെ അവരുടെ കാപട്യം തുറന്നുകാട്ടപ്പെടുകയായിരുന്നു. പരാതികള്‍ പോലുമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടാവുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകുമെന്ന് കരുതുകവയ്യ. ഈ സാഹചര്യത്തിലാണ് വിവിധ പാര്‍ട്ടികളും സംഘടനകളും നടപടി ആവശ്യപ്പെട്ട് പരാതികള്‍ നല്‍കിയിരിക്കുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment