Related News

തിരുവനന്തപുരം മേയര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

Janayugom
Developer Admin

തിരുവനന്തപുരം മേയര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. നഗരസഭയുടെ അവസ്ഥ കാണുമ്പോള്‍ മുന്‍ മേയര്‍ എന്ന നിലയില്‍ വിഷമം തോന്നുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. തെരുവിൽ മാലിന്യക്കൂമ്പാരം. ഹരിത കർമസേനാ പ്രവർത്തനം താളംതെറ്റി. റീൽ ഷൂട്ടിങ് മാത്രമായി നഗരസഭയുടെ പ്രവർത്തനം മാറിയെന്നും അദ്ദേഹം വിമർശിച്ചു. തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർക്ക് പേടിയാണ്. 

കുടിവെള്ള പ്രശ്നത്തിൽ വാട്ടർ അതോറിറ്റിയെ കുറ്റം പറഞ്ഞു നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. ഭരണാധികാരികൾക്ക് ഇച്ഛാശക്തിയില്ലെങ്കിൽ ജനങ്ങൾ പൊറുതിമുട്ടും.അലംഭാവത്തിന്റെ പര്യായമായി നഗരസഭാ ഭരണം മാറിയിരിക്കുന്നുവെന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്, മന്ത്രി പറഞ്ഞു. എന്തിനാണ് മേയർ ആ കസേരയിൽ ഇരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ബിജെപി ഭരണസമിതി തികഞ്ഞ പരാജയം. വാട്ടർ അതോറിറ്റിയോട് ആണ് കുടിവെള്ള പ്രശ്നത്തിൽ മറുപടി തേടേണ്ടത് എന്ന വി വി രാജേഷിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കുടിവെള്ളത്തിൽ നഗരസഭയ്ക്ക് ഉത്തരവാദിത്വമില്ലെന്ന മേയറുടെ നിലപാട് പരിഹസ്യമാണ്, അദ്ദേഹം പറഞ്ഞു. 

അധികാരത്തിലെത്തി 40 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിയെ കൊണ്ടുവന്ന് വികസന ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പു നൽകിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. എന്നാൽ, ഇന്ന് അതിനെക്കുറിച്ച് മിണ്ടാൻപോലും ബിജെപി നേതൃത്വം തയ്യാറല്ല. വോട്ട് നേടാൻ വലിയ വികസന പദ്ധതികളുംമോ‍ഡിയുടെ പേരും നിരത്തിയവർ അധികാരം കിട്ടിയപ്പോൾ സാധാരണക്കാരുടെ കുടിവെള്ളത്തിൽ പോലും ഉറപ്പുനൽകുന്നില്ല. വി.വി. രാജേഷ് എപ്പോഴെങ്കിലും കണ്ണാടിയിൽ നോക്കിയാൽ തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തകിടം മറിച്ചത് ആരാണെന്ന് വ്യക്തമാകും മന്ത്രി കൂട്ടിച്ചേർത്തു.

ആർ ശ്രീലേഖയും ടിപി. സെൻകുമാറും മുദ്രാവാക്യം വിളിച്ചത് മുൻകാല പ്രാബല്യത്തോടെയാണോ എന്ന് വ്യക്തമാക്കണം. ഇവർ രണ്ടുപേരും സർവീസിൽ ഇരിക്കുമ്പോൾ എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കണം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറെ ഭീഷണിപ്പെടുത്തി വാട്സാപ്പ് സന്ദേശം അയക്കുകയും ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്യാൻ ശാസ്തമംഗലം കൗൺസിലർക്ക് എന്ത് അധികാരമാണുള്ളത്. തിരഞ്ഞെടുപ്പ് വേളയിൽ പേരിനോട് ഐപിഎസ് എന്ന് ചേർക്കേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതാണെന്നും, ശിവൻകുട്ടി ചൂണ്ടിക്കാട്ടി. വേനൽ കടുത്തതോടെ പാമ്പ് ശല്യം രൂക്ഷമായി. ഉത്തരവാദിത്തപ്പെട്ടവർ രാഷ്ട്രീയ പാർട്ടികളെ എല്ലാം വിളിച്ച് യോഗം ചേരുകയല്ലേ വേണ്ടത്. ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ മന്ത്രി എന്ന നിലയിൽ കളക്ടറോട് സ്ഥലങ്ങൾ വൃത്തിയാക്കാൻ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Previous
പന്‍സാരെയുടെ വിധിയായിരിക്കും, നാവറക്കും, പുസ്കക പ്രസാധകന് എംഎല്‍എയുടെ വധഭീഷണി
Next
രാഹുല്‍ഗാന്ധിയുടെ ദളിത് പ്രേമത്തില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കൊടിക്കുന്നിലിന്...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment