ജോലി സ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് ഉടമയുടെ ക്രൂരമർദനത്തിനിരയായ തൃശൂർ വാടാനപ്പള്ളി തളിക്കുളം സ്വദേശിനി സുനിത (47) മരിച്ചു. ബംഗളൂരുവിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്കെത്തിയ സുനിതയെ അബോധാവസ്ഥയിൽ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തളിക്കുളം പത്താംകല്ല് മങ്ങാട്ട് ഷിന്റോയുടെ ഭാര്യയായ സുനിതയുടെ മരണമൊഴിക്ക് സമാനമായ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. പ്രതിയായ ബംഗളൂരു സുളിബെലെ സ്വദേശി ദീപക് കൃഷ്ണനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
സ്വന്തം വീട്ടിൽ 160ഓളം തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്ന സുനിതയും ഭർത്താവ് ഷിന്റോയും വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സ്കൂളുകൾ അവധിയായതോടെ നായ്ക്കൾക്ക് ഭക്ഷണം നൽകാൻ വഴിയില്ലാതെ വന്ന സാഹചര്യത്തിലാണ് ബംഗളൂരുവിലെ ദീപക് കൃഷ്ണന്റെ കേന്ദ്രത്തിൽ സുനിത ജോലിക്കു ചേരുന്നത്. മാസം 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ഏപ്രിൽ 17നാണ് സുനിതയും മറ്റ് രണ്ട് യുവതികളും ബംഗളൂരുവിലേക്ക് പോയത്.
ജോലി സ്ഥലത്ത് ദീപക് കൃഷ്ണൻ മോശമായി പെരുമാറാൻ തുടങ്ങിയതോടെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണെന്ന് സുനിത അറിയിച്ചു.
ഇതോടെയാണ് പ്രതി അക്രമാസക്തനായത്. മേയ് മൂന്നിന് വൈകിട്ടുണ്ടായ അക്രമത്തെക്കുറിച്ച് ഭർത്താവ് ഷിന്റോ പൊലീസിന് പരാതി നൽകി. സുനിതയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും നിലത്തിട്ട് തലയിൽ ചവിട്ടുകയും മുടിയിൽ കുത്തിപ്പിടിച്ച് പലതവണ തല ഭിത്തിയിൽ ഇടിച്ചുവെന്നും പരാതിയിൽ പറയുന്നു. വിവരമറിഞ്ഞെത്തിയ രണ്ട് പൊലീസുകാർ വീട് തുറന്ന് അകത്തു കയറിയെങ്കിലും, പിന്നാലെയെത്തിയ ദീപക് പൊലീസുകാരെയും പെൺകുട്ടികളെയും അകത്തിട്ട് വീണ്ടും പൂട്ടി. പിന്നീട് കൂടുതൽ പൊലീസ് സംഘമെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന സുനിതയെ ബംഗളൂരുവിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂരിലേക്ക് എത്തിക്കുകയായിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment