മോഡിയുടെയും രാഹുലിന്റെയും വാക്കുകളുടെ വിലനിലവാരം

Janayugom
Developer Admin

സംസ്ഥാനം കാലാവസ്ഥയിലും തെരഞ്ഞെടുപ്പ് ചൂടിലും തിളയ്ക്കുകയാണ്. ദേശീയ നേതാക്കളിൽ പലരും പ്രചാരണത്തിനായി സംസ്ഥാനത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചാരണത്തിനെത്തുകയുണ്ടായി. എൽഡിഎഫ് ഘടകക്ഷികളുടെ ദേശീയ നേതാക്കളും സംസ്ഥാനത്തുണ്ട്. 10 വർഷത്തെ വികസന നേട്ടങ്ങളും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന ജനവിരുദ്ധ സമീപനങ്ങളുമാണ് എൽഡിഎഫിന്റെ പ്രധാന പ്രസംഗ വിഷയങ്ങൾ. കേരളത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന കൊടിയ അവഗണനയും വിഭാഗീയ, വിദ്വേഷ നയങ്ങളും ഉന്നയിക്കുന്നു. തീർച്ചയായും കേരളത്തിൽ പ്രതിപക്ഷത്തായതുകൊണ്ട് നരേന്ദ്ര മോഡിയും രാഹുൽ ഗാന്ധിയും ഇടതുപക്ഷത്തിനെതിരെ വർത്തമാനം പറയുന്നത് മനസിലാക്കാമെങ്കിലും അവരുടെ ഭാഷകളിലെ പൊരുത്തം വിസ്മയിപ്പിക്കുന്നതാണ്. ഈ തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങളിലും മറ്റും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാക്കാണ് നുണ എന്നത്. സംസ്ഥാന സർക്കാരിനെതിരെ മാത്രമല്ല, സ്വന്തം നയസമീപനങ്ങളുടെ കാര്യത്തിൽ പോലും അവർ നുണ പറയുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന പരിഹാസം. രാജ്യത്തെ ജനാധിപത്യ വേദിയിലെ സമുന്നതരാണെന്നതിനാൽ മോഡിയും രാഹുലും നുണ പറയുന്നു എന്ന് വിശേഷിപ്പിക്കുന്നത് ഉചിതമല്ലെന്നതുകൊണ്ട് ഇരുവരും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് പറയാവുന്നതാണ്.
അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും കേരളത്തിന് മതിയായ വികസനം ഉണ്ടായില്ലെന്നായിരുന്നു മോഡിയുടെ കണ്ടുപിടിത്തം. കേന്ദ്രസർക്കാർ അനുവദിക്കുന്ന ധനസഹായങ്ങൾ കേരളം ദുരുപയോഗം ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ അതിവേഗ വികസനത്തിന് എൻഡിഎയെ അധികാരത്തിലെത്തിക്കണമെന്ന് സ്ഥാപിക്കാനാണ് മോഡി ഈ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. 

കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്രത്തോളം മുന്നിലും ലോകത്തിന് ഒപ്പവുമാണെന്നതിന് കേന്ദ്രസർക്കാരിന്റെ കണക്കുകൾതന്നെ സാക്ഷ്യം പറയുന്നുണ്ട്. അന്താരാഷ്ട്ര ഏജൻസികളുടെ സർവേകളിൽ ഇന്ത്യ പിറകിലാണെന്ന് സ്ഥാപിക്കപ്പെടുമ്പോൾ വ്യാജ സർവകലാശാലകളെയും അജ്ഞാത സംഘടനകളെയും കെട്ടിയിറക്കി ബിജെപി കെട്ടിച്ചമയ്ക്കുന്ന കണക്കുകളിൽ കേരളം മുന്നേറിയതിന്റെ തെളിവുകളുണ്ടാകണമെന്നില്ല. മറിച്ച് മോഡി സർക്കാരിന്റെ സൃഷ്ടിയായ നിതി ആയോഗിന്റെയും വിവിധ വകുപ്പുകളുടെയും കണ്ടെത്തലുകളാണത്. അതിദാരിദ്ര്യ നിർമ്മാർജനം, ലൈഫ് മിഷൻ ഭവന പദ്ധതി, പട്ടയ വിതരണം, വിപുലമായ പൊതുവിതരണ സംവിധാനം എന്നിവയിൽ കൈവരിച്ച നേട്ടങ്ങൾ കേരളത്തിന് മാത്രം അവകാശപ്പെട്ടതാണെന്നതിനാൽ അതുസംബന്ധിച്ച് മോഡിക്ക് വസ്തുതാവിരുദ്ധമായ കണക്കുകൾ അവതരിപ്പിക്കാം. പക്ഷേ നിതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ ഒന്നാമത്, പകർച്ചവ്യാധി നിയന്ത്രണത്തിന് ഐക്യരാഷ്ട്രസഭാ പുരസ്കാരം, ശിശു, മാതൃമരണ നിരക്കുകൾ കുറച്ചതിനുള്ള ദേശീയ അവാർഡുകൾ, വിദ്യാഭ്യാസ മികവിൽ ഒന്നാമതെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സൂചിക എന്നിവ തളളിക്കളയാൻ മോഡിക്ക് സാധിക്കില്ല. കാരണം അത് അദ്ദേഹത്തിന്റെ സർക്കാരിന്റെ കീഴിലുള്ള വകുപ്പുകളും ഏജൻസികളും സംസ്ഥാനത്തിന് നൽകിയതാണ്. ബിജെപിയെ അധികാരത്തിലെത്തിച്ചാൽ എഐ ഉൾപ്പെടെ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുമെന്ന വാഗ്ദാനവും മോഡി നൽകിയിട്ടുണ്ട്. ഇതിനകംതന്നെ ഈ രംഗത്ത് കേരളം ആർജിച്ച നേട്ടങ്ങൾ ഇ‑പഞ്ചായത്ത് പുരസ്കാരമായും ഐടി മിഷന്റെ അക്ഷയ പ്രോജക്ടിന് 2023ലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, യുഡൈസ് പ്ലസ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനമായും കേന്ദ്രത്തിന്റെ അംഗീകാരം കരസ്ഥമാക്കിയതാണ്. ഈ പശ്ചാത്തലമുള്ളപ്പോഴാണ് മോഡിയുടെ വായ്ത്താരികൾ. 

രാഹുൽ ദേശീയതലത്തിൽ തന്റെ പാർട്ടി സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളുടെയും ധാർമ്മികതയുടെയും അതിർവരമ്പുകൾ മാറ്റിയുള്ള പ്രസംഗങ്ങളാണ് നടത്തിയത്. ബിജെപിയെക്കുറിച്ച് എന്തെങ്കിലും ശക്തമായ വിമർശനമുന്നയിക്കാതെ അദ്ദേഹം ഇടതുപക്ഷത്തെ പ്രതിസ്ഥാനത്ത് നിർത്താനാണ് ശ്രമിച്ചത്. സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടുന്നു എന്നതിന്റെ പേരിൽ പോലും ബിജെപിയെ പരാമർശിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. പകരം ഇടതുപക്ഷം ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന പഴമ്പുരാണം വിളമ്പുകയും ചെയ്തിരിക്കുന്നു. കോൺഗ്രസും യുഡിഎഫും ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതിന്റെ ഓർമ്മകൾ മരിക്കാത്ത കേരളീയരുടെ മുന്നിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. എന്നുമാത്രമല്ല രാജ്യത്താകെ പല സംസ്ഥാനങ്ങളിലും കൈപ്പത്തി അടയാളത്തിൽ ജയിച്ച, നൂറുകണക്കിന് പേർ ബിജെപിയിലേക്ക് ചേക്കേറിയ പാർട്ടിയുടെ നേതാവാണ് ഇത്തരം വസ്തുതാവിരുദ്ധത വിളിച്ചുപറയുന്നതത് എന്നത് കേൾക്കുന്ന ജനങ്ങളുടെ മുന്നിൽ അദ്ദേഹത്തെ പരിഹാസ്യനാക്കുകയും ചെയ്യുന്നു. അധികാരത്തിലിരിക്കെ പ്രഖ്യാപിച്ച നിരവധി വാഗ്ദാനങ്ങൾ നടപ്പിലാക്കാതിരുന്നതിന്റെ അനുഭവങ്ങൾ നേരിട്ടറിഞ്ഞ മലയാളികൾക്ക് മുന്നിൽ പുതിയ പ്രഖ്യാപനങ്ങൾ നടത്താനും അദ്ദേഹം മടിച്ചില്ല. രണ്ടാഴ്ച മുമ്പ് സംസ്ഥാനത്തെത്തിയപ്പോൾ നടത്തിയ വാഗ്ദാനങ്ങൾ അതേപടി ആവർത്തിക്കുകയാണ് ചെയ്തത്. ഇതെല്ലാം പരിശോധിച്ചാൽ മോഡിയുടെയും രാഹുലിന്റെയും പ്രസംഗങ്ങൾ തീരെ നിലവാരമില്ലാത്തതാണെന്ന് മാത്രമേ വിലയിരുത്താനാകൂ. ആ നിലയിൽ ജനങ്ങൾ അവ തള്ളിക്കളയുമെന്നതിലും സംശയമില്ല. 

Previous
‘ധുരന്ധർ: ദ റിവഞ്ച്‘സിനിമയുടെ വ്യാജപതിപ്പ്; നീക്കം ചെയ്ത് യൂട്യൂബ്
Next
ഡിജിറ്റൽ വാർത്താ സാധ്യതകൾക്കും കത്രിക

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment