കേന്ദ്ര ഇലക്ട്രോണിക്സ് — വിവര സാങ്കേതിക മന്ത്രാലയം 2026 ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) രണ്ടാം ഭേദഗതി നിയമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. മാർച്ച് 30ന് പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം ബന്ധപ്പെട്ടവർക്ക് ഏപ്രിൽ 14നകം അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എങ്കിലും സമൂഹത്തിൽ ശക്തമായ സാന്നിധ്യം ചെലുത്തുന്ന സ്വതന്ത്രമാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാൻ ലക്ഷ്യമിട്ടുള്ളതാണ് നിർദിഷ്ട ഭേദഗതിയെന്നതിനാൽ അവ അതിന്റെതായ അർത്ഥത്തിലോ പൂർണതയിലോ പരിഗണിക്കപ്പെടുമെന്ന് കരുതാനാകില്ല. പുതിയ കാലത്ത് പരമ്പരാഗത മാധ്യമങ്ങളെപ്പോലെയോ അതിനെക്കാൾ ശക്തമായോ സമൂഹത്തിൽ വേരുറപ്പിച്ചിരിക്കുന്നതാണ് ഡിജിറ്റൽ രംഗം. സംഘടിതരൂപത്തിനപ്പുറം വ്യക്തിഗത സാധ്യതകൾ വിപുലമാണെന്നതിനാൽ ഈ രംഗം വ്യാപകമായി മാറുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ പോർട്ടലുകൾ, യുട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് (നേരത്തെ ട്വിറ്റർ) എന്നിങ്ങനെ അനന്തമായി പരന്നുകിടക്കുകയാണ്. മറ്റ് ചില മേഖലകളിലെന്ന പോലെ വിവരങ്ങളിലും ഉള്ളടക്കത്തിലും അനാശാസ്യ പ്രവണതകളുണ്ടെങ്കിലും ഇവ സമൂഹത്തിന് അനിവാര്യതയായി മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്. അഭിപ്രായ രൂപീകരണങ്ങളിലും തെരഞ്ഞെടുപ്പ് വിജയങ്ങളിലും ഇന്ന് സമൂഹമാധ്യമ വേദികൾ നിർണായകമായിട്ടുണ്ട്. അത്തരമൊരു സാഹചര്യമുള്ളപ്പോൾ പതിവുപോലെ മധുരമുള്ള വാചകങ്ങളുടെ അകമ്പടിയോടെയാണ് കരട് എന്ന പേരിലുള്ള ഭേദഗതി വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇന്റർനെറ്റ് പ്രാപ്തമാക്കിയ സേവനങ്ങൾ ഉപയോഗിക്കുന്ന എല്ലാ പൗരന്മാർക്കും സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ലഭ്യത ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നാണ് ആമുഖമായി പറയുന്നത്. അതിനായി ഉള്ളടക്ക നിയന്ത്രണ സംവിധാനങ്ങളുടെയും മേൽനോട്ടത്തിന്റെയും ഫലപ്രാപ്തി കൂട്ടുന്നതിനാണ് നിർദിഷ്ട ഭേദഗതികൾ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം അവകാശപ്പെടുന്നു.
എന്നാൽ ഭേദഗതിയുടെ ഉള്ളടക്കത്തിലേക്ക് കടക്കുമ്പോൾ അത് അമിതാധികാര പ്രവണതയുടെയും കടുത്ത നിയന്ത്രണത്തിന്റെയും കോട്ടകൾ കെട്ടുന്നതിന്റെ ഭാഗമാണെന്ന് മനസിലാക്കാവുന്നതാണ്. ഭേദഗതി പ്രകാരം ഡിജിറ്റൽ ഇടങ്ങളിൽ വ്യക്തിഗതമായി വാർത്തകൾ കൈകാര്യം ചെയ്യുന്നവരെല്ലാം പ്രസാധകരെന്ന നിർവചനത്തിൽ ഉൾപ്പെടുത്തുന്നതുകാരണം പൂർണമായും സർക്കാർ നിയന്ത്രണത്തിന് വിധേയമാകും. നിയമം പ്രാബല്യത്തിലായാൽ വാർത്തകളോ സമകാലിക സംഭവങ്ങളോ പോസ്റ്റ് ചെയ്യുന്ന, എന്നാൽ രജിസ്റ്റർ ചെയ്ത പ്രസാധകരല്ലാത്ത വ്യക്തിഗത ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ പരിധിയിൽ വരും. ഇതിലൂടെ ഇവർക്കെതിരെയും ഉള്ളടക്കം നേരിട്ട് തടയുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ സർക്കാരിന് അവസരം ലഭിക്കും. സ്വമേധയാ നീക്കം ചെയ്യുന്നില്ലെങ്കിൽ അത് ചെയ്യുന്നതിനുള്ള അധികാരവും ഉദ്യോഗസ്ഥതല നിരീക്ഷണ സംവിധാനത്തിൽ നിക്ഷിപ്തമാക്കി. അതാത് ഘട്ടങ്ങളിൽ സർക്കാർ നൽകുന്ന വിശദീകരണങ്ങൾ, മാർഗ നിർദേശങ്ങൾ, ഉപദേശങ്ങൾ, പ്രവർത്തന മാനദണ്ഡങ്ങൾ എന്നിവ പാലിക്കൽ നിർബന്ധമാക്കുകയും നിരീക്ഷണ സംവിധാനം കർശനമാക്കുകയും ചെയ്തിട്ടുണ്ട്. വാർത്തകൾ നൽകുന്നവരും ഇടനിലക്കാരും മാത്രമല്ല അവ സമൂഹമാധ്യമ വേദികളിൽ പങ്കുവയ്ക്കുന്നവരും നിരീക്ഷണ, ശിക്ഷാ പരിധിയിൽ വരുന്നുവെന്ന അരക്ഷിതാവസ്ഥയും പുതിയ ഭേദഗതിക്കുണ്ട്. സത്യസന്ധതയും വിശ്വാസ്യതയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുകയും വേണം. ഉള്ളടക്കത്തിൽ എന്തൊക്കെയുണ്ടാകാം, ഉണ്ടാകരുത്, തടയേണ്ടവ ഏതൊക്കെ, ഇതുസംബന്ധിച്ച മാനദണ്ഡങ്ങൾ രൂപീകരിക്കൽ എന്നിവയെല്ലാം പൂർണമായും നിരീക്ഷണ സംവിധാനത്തിന്റെ പരിധിയിലാകുന്നു. നിലവിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കുന്നതിനുള്ള അവസരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മറ്റെല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
പുതിയ ഭേദഗതികളോടെ സമ്പൂർണ നിയന്ത്രണം കയ്യടക്കുകയും നിശബ്ദമാക്കുകയുമാണ് സംഭവിക്കുകയെന്ന ആശങ്ക എല്ലാ മേഖലകളിൽ നിന്നും ഉയർന്നുകഴിഞ്ഞു. ഡിജിറ്റൽ വേദികളുടെ സാധ്യത ഉപയോഗിക്കുമ്പോൾ എന്തും ഏതും വാർത്തയാകുന്ന പുതിയ കാലത്താണ് നാമെത്തിയിരിക്കുന്നത്. പ്രാദേശികതലത്തിൽ അവഗണിക്കപ്പെടുന്നതും വികസനത്തെയും പുരോഗതിയെയും പ്രേരിപ്പിക്കുന്നതുമായ നിരവധി വാർത്തകളും ദൃശ്യങ്ങളും ഇത്തരം വേദികളിലൂടെ പുറംലോകത്തെത്തുന്നുണ്ട്. സ്വേച്ഛാധിപത്യ മനോഭാവമുള്ള ഭരണാധികാരികൾക്ക് അതുണ്ടാക്കുന്ന അലോസരം വളരെ വലുതാണ്. അതുകൊണ്ടുതന്നെയാണ് പരാതി പരിഹാരത്തിനെന്ന പേരിലുള്ള സമിതികളും നിരീക്ഷണ സംവിധാനങ്ങളും രൂപപ്പെടുന്നത്. പരാതി ലഭിക്കുന്ന ഏത് ഉള്ളടക്കവും പരിശോധിക്കാനും നീക്കം ചെയ്യുന്നതിന് നിർദേശിക്കാനും നടപടിക്കും ഔദ്യോഗിക സംവിധാനങ്ങൾക്ക് അധികാരം ലഭിക്കുന്നിടത്ത് ദുരുപയോഗ സാധ്യത വർധിക്കുന്നു. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ രാഷ്ട്രീയ, ആശയ എതിരാളികൾ വേട്ടയാടപ്പെടുന്ന സാഹചര്യം കേന്ദ്രത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വ്യാപകമായിരിക്കെ നിയമ ഭേദഗതിയുടെ പേരിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം തടയുക എന്നതുതന്നെയാണ് ഇതിന് പിന്നിലെന്നത് സുവ്യക്തമാണ്. വിവരാവകാശ നിയമത്തിന്റെ സാധ്യതകളും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാക്കുകയെന്നത് അജണ്ടയാക്കിയിരിക്കുന്ന ബിജെപി സർക്കാർ, ഡിജിറ്റൽ കാലത്ത് വാർത്തകളും വിവരങ്ങളും അറിയാന്‍ പൗരന്മാർക്ക് തുറന്നുകിട്ടിയിരിക്കുന്ന വിശാലമായ വേദികളെയാണ് തകർക്കുവാൻ ശ്രമിക്കുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment