ഇറാനിലെ വെടിനിർത്തൽ പാഴ്‌വാക്കാകരുത്

Janayugom
Developer Admin

ണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിലേക്ക് അമേരിക്കയും ഇറാനും നീങ്ങിയത് പ്രതീക്ഷയോടെയാണ് ലോകം കണ്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തുടർചർച്ചകളെക്കുറിച്ചുള്ള വാർത്തകളും സമാധാനപ്രേമികൾക്ക് ആശ്വാസകരമായിരുന്നു. പക്ഷെ വെടിനിർത്തൽ കരാറിനു ശേഷവും ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ തുടരുന്ന കടുത്ത ആക്രമണം സമാധാന പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. ബുധനാഴ്ച മാത്രം നടന്ന വ്യോമാക്രമണങ്ങളിൽ മുന്നൂറിലധികം പേർ കൊല്ലപ്പെടുകയും 1,100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സാധാരണക്കാരെ ചികിത്സിക്കാൻ ആശുപത്രികൾ കഷ്ടപ്പെടുന്ന സാഹചര്യത്തിൽ, ബെയ്റൂട്ടിലെ രണ്ട് പ്രധാന ആശുപത്രികൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.

എന്നാൽ ഈ നിർദേശം പിൻവലിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് നയതന്ത്ര നീക്കങ്ങളെ തകർക്കാൻ ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിക്കുകവഴി സ്വന്തം സാമ്പത്തിക വ്യവസ്ഥയെ തകർക്കാനാണ് അമേരിക്കയുടെ ഭാവമെങ്കിൽ അത് അവരുടെ വിഡ്ഢിത്തം നിറഞ്ഞ തീരുമാനമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് നിർദേശം നൽകിയെന്ന് നെതന്യാഹു അവകാശപ്പെടുമ്പോഴും, യുദ്ധം ഒരു കാരണവശാലും നിർത്തിവയ്ക്കില്ലെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ വാക്കുകൾ.

ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ പൂര്‍ണമായ യുദ്ധക്കുറ്റമാണെന്ന് ലെബനീസ് പാർലമെന്റ് സ്പീക്കർ നബിഹ് ബെറി ചൂണ്ടിക്കാട്ടി. മേഖലയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽത്തന്നെ ഇത്തരം ക്രൂരകൃത്യങ്ങൾ അരങ്ങേറുന്നത് അന്താരാഷ്ട്ര സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇസ്രയേലും അവരുടെ രാഷ്ട്രീയ — സുരക്ഷാ വിഭാഗങ്ങളും വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും കൺവെൻഷനുകളെയും ഇസ്രയേൽ പരസ്യമായി വെല്ലുവിളിക്കുകയാണ്. ഇസ്രയേൽ ആധുനിക ചരിത്രത്തിൽ സമാനതകളില്ലാത്ത നരഹത്യയിലൂടെ നിയമങ്ങളെല്ലാം നിത്യേന ലംഘിച്ചുകൊണ്ടിരിക്കുന്നുവെന്ന് സ്പീക്കർ വ്യക്തമാക്കി.

15,000ത്തിലധികം അമേരിക്കൻ, ഇസ്രയേൽ മിസൈൽ ആക്രമണങ്ങൾ ഇറാനിലും, ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലും 5,000ത്തിലധികം ഇറാനിയൻ മിസൈൽ ആക്രമണങ്ങളും നടന്നതായാണ് കണക്ക്. പുറമെ ഡ്രോൺ ആക്രമണങ്ങളും. ആഴ്ചകൾ നീണ്ട സംഘർഷാവസ്ഥയിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം മേഖലയ്ക്കും ലോകത്തിനും വ­ലിയ ആശ്വാസമായിരുന്നു. യുദ്ധത്തിന്റെ ഭാഗമായി ഇറാൻ അടച്ചിട്ട ഹോർമുസ് കടലിടുക്ക് തുറക്കും. എന്നാൽ, അവിടെ ചുങ്കം പിരിക്കും. യു­ദ്ധം പൂർണമായും അവസാനിപ്പിക്കുക, കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് യുഎസ് ഉറപ്പുനൽകുക, ഇറാഖ്, ലെബനന്‍, യെമൻ തുടങ്ങി എല്ലായിടങ്ങളിലെയും യുദ്ധം അവസാനിപ്പിക്കുക എന്നതെല്ലാം വ്യവസ്ഥയുടെ ഭാഗമാണ്.

യുദ്ധത്തിന്റെ നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, യുഎസ് കൈവശംവച്ചിരിക്കുന്ന ഇറാനിയൻ ഫണ്ടുകളും മരവിപ്പിച്ച സ്വത്തുക്കളും വിട്ടുനൽകുക, ആണവോർജം വർധിപ്പിക്കാനുള്ള ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുക, ഇറാനും ഇറാനുമായി ബന്ധപ്പെട്ട് നിൽക്കുന്ന രാജ്യങ്ങൾക്കും പൗരന്മാർക്കും ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കുക, മേഖലയിൽനിന്ന് യുഎസ് സൈനികരെ പൂർണമായും പിൻവലിക്കുക, ഐക്യരാഷ്ട്രസഭയിൽ ഇറാനെതിരെയുള്ള പ്രമേയങ്ങൾ റദ്ദാക്കുക, ഇറാനെതിരായ രാജ്യാന്തര ആണവോർജ ഏജൻസി ബോർഡ് ഓഫ് ഗവേണേഴ്സിന്റെ പ്രമേയങ്ങള്‍ റദ്ദാക്കുക തുടങ്ങിയ നിബന്ധനകളും ചർച്ചകളുടെ ഭാഗമാണ്. തൽക്കാലം വെടിനിർത്തലിന് തയ്യാറായെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാലേ യുദ്ധം നിർത്തൂ എന്ന സൂചനയും നിബന്ധനകൾക്കൊപ്പം ഇറാൻ ഉയർത്തിയിരുന്നു.
ദീർഘകാല സംഘർഷാവസ്ഥയ്ക്കുശേഷം സംവാദത്തിനുള്ള വാതിൽ തുറക്കപ്പെടുന്നത് ആശ്വാസകരമായ വാർത്തയാണ്.

എന്നാല്‍ ദീർഘകാല പരിഹാരത്തിലേക്ക് നയിക്കണമെങ്കിൽ, ഇരു രാജ്യങ്ങളും പരസ്പര ബഹുമാനത്തോടെയും സത്യസന്ധമായ സംഭാഷണങ്ങളോടെയും മുന്നോട്ടു പോകണം. നിശ്ചയമായും വെടിനിര്‍ത്തല്‍ ഒരു പ്രായോഗിക തിരിച്ചറിവും കൂടിയാണ്. സൈനിക സമ്മർദങ്ങളിലൂടെയും ഭീഷണികളിലൂടെയും ഒരു പ്രശ്നങ്ങളും പരിഹരിക്കാനാകില്ലെന്ന ബോധ്യത്തിന് അടിവരയിടുകയാണിവിടെ. ഇറാൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന് ചർച്ചാമേശയിൽ എത്തിയത്, ശക്തി സമവാക്യങ്ങളിൽ മാറ്റം സംഭവിക്കുന്നതിന്റെ സൂചനയാണ്. ഈ സാഹചര്യത്തിൽ, സമാധാനപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകേണ്ടത് അനിവാര്യമാണ്.

എന്നാൽ, മേഖലയിലെ അവസാനിക്കാത്ത സംഘർഷങ്ങളെ അവഗണിക്കാനാവില്ല. മേഖലയെ അസ്ഥിരമാക്കുകയെന്നത് സയണിസ്റ്റ് ലോബിയുടെ താല്പര്യമാണെന്ന ആക്ഷേപത്തിന് കഴമ്പില്ലാത്തതുമല്ല. അവർ നിലവിലെ സമാധാന നീക്കത്തെ തകർക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ലെബനനില്‍ മറ്റൊരു ഗാസ സൃഷ്ടിക്കാനുള്ള ഇസ്രയേൽ നീക്കം ആശങ്കകൾ വളർത്തുന്നതാണ്. ചരിത്രപരമായ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കാതെ വെടിനിർത്തലുകളൊന്നും ഫലപ്രാപ്തി കൈവരിക്കില്ല. അതിനാൽ, ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും ഉത്തരവാദിത്തത്തോടെ, അന്താരാഷ്ട്ര നിയമങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും പരിഗണന നൽകി മുന്നോട്ടു പോകണം. സാധിതമായ അവസരം ശാശ്വത സമാധാനത്തിലേക്കുള്ള വഴിയായി മാറ്റാനുള്ള ഉത്തരവാദിത്തം രണ്ട് രാജ്യങ്ങൾക്ക് മാത്രമല്ല കൂടെയുള്ളവരിലും നിക്ഷിപ്തമാണെന്ന് മറക്കരുത്.

Previous
തൊഴിൽ മേഖലയില്‍ പുരോഗതിയില്ലാത്ത ഇന്ത്യ
Next
വേണുനായർ ചിത്രം ‘ഇഴകൾക്കപ്പുറം’ ചിത്രീകരണം പൂർത്തിയായി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment