2025ൽ രാജ്യത്തെ തൊഴിൽ രംഗത്ത് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ഇതേക്കുറിച്ചുള്ള ആദ്യത്തെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎല്‍എഫ്എസ്-2025) വെളിപ്പെടുത്തുന്നു. സാധാരണ നില (പ്രിന്‍സിപ്പല്‍ സ്റ്റാറ്റസ് + സബ്സിഡിയറി സ്റ്റാറ്റസ്) അടിസ്ഥാനമാക്കിയുള്ള തൊഴില്‍ശക്തി പങ്കാളിത്ത നിരക്കും (എല്‍എഫ്‌പിആര്‍) തൊഴിലാളി ജനസംഖ്യാ അനുപാതവും (ഡബ്ല്യുപിആര്‍) 2024നെ അപേക്ഷിച്ച് 2025ൽ സ്ഥിരമായി തുടർന്നു. തൊഴിലില്ലായ്മാനിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും (0.1%) സ്ത്രീകളുടേത് സ്തംഭനാവസ്ഥയിലായിരുന്നു. 2025ലെ വാർഷിക കണക്കുകൾ മുൻ വാർഷിക റിപ്പോർട്ടുകളുമായി പൂര്‍ണമായും താരതമ്യപ്പെടുത്താനാവില്ലെങ്കിലും, പിഎല്‍എഫ്എസ്-2025 മുൻ വർഷങ്ങളിലെ ഫലങ്ങൾ താരതമ്യം ചെയ്തിട്ടുണ്ട്.
2025 മുതൽ, പ്രധാന തൊഴിൽശക്തി സൂചകങ്ങളുടെ ഉയർന്ന നിരക്കിലുള്ള കണക്കുകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പിഎല്‍എഫ്എസിന്റെ സാമ്പിൾ ഡിസൈൻ പരിഷ്കരിച്ചിട്ടുണ്ടെന്ന കാര്യം ഓർമ്മിക്കേണ്ടതാണ്. പരിഷ്കരിച്ച രൂപകല്പനയിൽ സാമ്പിൾ അലോക്കേഷൻ, സാമ്പിൾ സെലക്ഷൻ, റൊട്ടേഷണൽ പാനൽ എന്നിവയില്‍ മാറ്റങ്ങളുണ്ട്. 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ സാധാരണ നിലയിലുള്ള എല്‍എഫ്‌പിആര്‍ 2025ൽ 59.3 ശതമാനമായി, 2024നെ അപേക്ഷിച്ച് സ്ഥിരത പുലർത്തിയെന്ന് സര്‍വേ പറയുന്നു. 2025ൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യത്തിൽ ഇത് യഥാക്രമം 79.1, 40% വീതമായിരുന്നു. ഗ്രാമീണ പുരുഷ തൊഴിൽസേനാ പങ്കാളിത്തം 80.5 ശതമാനമായി തുടർന്നു. അതേസമയം ഗ്രാമീണ സ്ത്രീപങ്കാളിത്തം 45.9% മാത്രമായിരുന്നു.
അതനുസരിച്ച് സംയോജിത ഗ്രാമീണ പങ്കാളിത്ത നിരക്ക് 62.8 ശതമാനമായി. 2024ൽ ഇത് 62.9 ശതമാനത്തിൽ താഴെയായിരുന്നു. നഗരപ്രദേശങ്ങളിലെ തൊഴില്‍ശക്തി പങ്കാളിത്ത നിരക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 52.2 ശതമാനമെന്ന നിശ്ചലാവസ്ഥയിലായിരുന്നു. അതില്‍ പുരുഷന്മാരുടേത് 76.2 ശതമാനവും സ്ത്രീ പങ്കാളിത്തം 27.7 ശതമാനവുമാണ്. 15 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തികളുടെ സാധാരണ അവസ്ഥയിലുള്ള (പിഎസ്+എസ്‌എസ്) തൊഴിലാളി ജനസംഖ്യാ അനുപാതം 2025ൽ 57.4 ശതമാനമാണ്. 2024ലെ നിലവാരം തന്നെയാണിത്. 2025ൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഡബ്ല്യുപിആര്‍ യഥാക്രമം 76.6, 38.8% വീതമായിരുന്നു. ഗ്രാമീണ മേഖലയിലെ ഡബ്ല്യുപിആര്‍ 2023ൽ 61.9, 2024ൽ 61.4% വീതമായിരുന്നത് 61.2 ശതമാനമായി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ പുരുഷ ഡബ്ല്യുപിആര്‍ 2024ലേതുപോലെ 78.4 ശതമാനമായി തുടർന്നു. ഗ്രാമീണ സ്ത്രീകളുടെ തൊഴിലാളി ജനസംഖ്യാ അനുപാതം 44.9 ശതമാനമായിരുന്നു. 2025ൽ നഗര തൊഴില്‍ ജനസംഖ്യാ അനുപാതം 49.7% ആയിരുന്നു, 2024ൽ ഇത് 49.6 ശതമാനമായിരുന്നു.
നഗര പുരുഷ തൊഴില്‍ ജനസംഖ്യാ അനുപാതം 73 ശതമാനവും സ്ത്രീകളുടേത് 25.9 ശതമാനവുമായിരുന്നു. പുരുഷന്മാരിൽ 69.8% പേർ തുടര്‍പഠനം ആഗ്രഹിക്കുന്നത് തൊഴിൽ സേനയിൽ ഇല്ലാതാകുന്നതിനുള്ള പ്രധാന കാരണമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, സ്ത്രീകളിൽ 44.4% കുട്ടികളുടെ സംരക്ഷണം, വീട്ടുജോലിയിലെ പ്രതിബദ്ധത എന്നിവയാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. 15 വയസിന് മുകളിലുള്ള പുരുഷന്മാരിൽ, ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഉള്ളവരിലെ ഏകദേശം 82.7% പേരും, ബിരുദം നേടിയവരിൽ 79.1% പേരും, ബിരുദാനന്തര ബിരുദവും അതിനു മുകളിലും യോഗ്യതയുമുള്ളവരിൽ 83.1% പേരും തൊഴിൽ മേഖലയിലുണ്ട്. സ്വയംതൊഴിൽ ചെയ്യുന്നവരുടെ എണ്ണം 2023 മുതൽ ക്രമേണ കുറഞ്ഞു. 2023ൽ 58.2% ആയിരുന്നത് 2024 ൽ 57.5, 2025ൽ 56.2% വീതമായി. നഗരങ്ങളിൽ സ്വയംതൊഴിൽ ചെയ്യുന്ന പുരുഷന്മാർ സ്ത്രീകളെക്കാൾ ആഴ്ചയിൽ 17.5 മണിക്കൂർ കൂടുതൽ ജോലി ചെയ്തു.
ഗ്രാമപ്രദേശങ്ങളിൽ ഈ വ്യത്യാസം 12.3 മണിക്കൂറായിരുന്നു. സ്ഥിര വേതനം/ശമ്പളമുള്ള തൊഴിലിലും കാഷ്വൽ തൊഴിലിലും പുരുഷന്മാർ സ്ത്രീകളെ അപേക്ഷിച്ച് യഥാക്രമം 7.9 മണിക്കൂറും 6.9 മണിക്കൂറും കൂടുതൽ ജോലി ചെയ്യുന്നു. 15ന് മുകളില്‍ പ്രായമുള്ളവരിൽ പിഎസ്+എസ്‌എസ് നിരക്ക് 2025ൽ പുരുഷന്മാരിലും സ്ത്രീകളിലും 3.1% ആയിരുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഇത് 2024ലെ 3.3 ശതമാനത്തിൽ നിന്ന് നേരിയ കുറവ് കാണിക്കുന്നു. അതേസമയം സ്ത്രീകളുടെ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. ഇതേപ്രായമുള്ളവരിൽ ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 2.4 ശതമാനമായിരുന്നു. 2024ലെ 2.5 ശതമാനത്തെക്കാൾ നേരിയ കുറവും 2023ലെ അതേ നിലവാരവും. ഗ്രാമീണ പുരുഷന്മാരിലെ തൊഴിലില്ലായ്മ 2.6 ശതമാനവും സ്ത്രീകളിലെ നിരക്ക് 2.1 ശതമാനവുമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 4.8 ശതമാനമായിരുന്നു. പുരുഷന്മാരുടേത് 5.2 ശതമാനവും സ്ത്രീകളുടെ നിരക്ക് 6.4 ശതമാനവും. 2024ൽ 10.3 ശതമാനമായിരുന്ന 15–29 പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 9.9 ശതമാനമായി കുറഞ്ഞു.
ഗ്രാമീണ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 2024ലെ 8.7ൽ നിന്ന് 8.3 ശതമാനമായി കുറഞ്ഞു. നഗരപ്രദേശങ്ങളിലെ യുവാക്കളിൽ ഇത് ഉയർന്ന നിലയിൽ തുടർന്നെങ്കിലും 14.3ൽ നിന്ന് 13.6 ശതമാനമായി കുറഞ്ഞു. തൊഴിൽദാതാക്കള്‍ക്ക് അപേക്ഷ നല്‍കുക, പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ മറുപടി നൽകുകയോ ചെയ്യുക, ഫാക്ടറികൾ, തൊഴിലിടങ്ങൾ എന്നിവ സന്ദര്‍ശിക്കുക, ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായം തേടുക എന്നിവയാണ് പ്രധാനമായും ജോലി അന്വേഷിക്കാനായി യുവാക്കള്‍ ചെയ്യുന്നത്. 15 — 25 വയസും അതില്‍ കൂടുതലും പ്രായമുള്ള ഔപചാരിക വിദ്യാഭ്യാസം നേടിയവരുടെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ശരാശരി വർഷങ്ങള്‍ യഥാക്രമം 10, 9.8 എന്ന് കണക്കാക്കുന്നു. 15ന് മുകളില്‍ പ്രായമുള്ളവരിൽ 67.8% പേർക്ക് കുറഞ്ഞത് സെക്കൻഡറി വിദ്യാഭ്യാസം ലഭിച്ചതായി കണക്കാക്കപ്പെടുന്നു. ഗ്രാമങ്ങളിൽ 61.9, നഗരപ്രദേശങ്ങളിൽ 79.7% വീതമാണ് ഇത്. 15–59 പ്രായക്കാരിൽ 4.2% പേർ ഔപചാരിക തൊഴിലധിഷ്ഠിത — സാങ്കേതിക പരിശീലനം നേടി.
15–29 വയസുകാരിൽ ഇത് അഞ്ച് ശതമാനമാണ്. 15–59 വയസിനിടയിലെ ഔപചാരിക തൊഴിലധിഷ്ഠിത — സാങ്കേതിക പരിശീലനം ലഭിച്ചവരിൽ 83.3% പുരുഷന്മാരും 51.4% സ്ത്രീകളും തൊഴിൽ മേഖലയിലുണ്ട്. 15–24 പ്രായമുള്ളവരിൽ 21, 15–29 വയസുകാരിൽ 25% വീതം തൊഴിലധിഷ്ഠിത വിദ്യാഭ്യാസമോ പരിശീലനമോ നേടിയിട്ടില്ല. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രൊജക്ടഡ് ജനസംഖ്യാ കണക്കുകളനുസരിച്ച്, 15 വയസും അതിൽ കൂടുതലും പ്രായമുള്ള തൊഴിലാളികളുടെ എണ്ണം ശേഖരിച്ചിട്ടുണ്ട്. 2025 ജനുവരി മുതൽ ഡിസംബർ വരെ രാജ്യത്ത് ശരാശരി 61.6 കോടി ആളുകൾ (15 വയസില്‍ കൂടുതലുള്ളവർ) പിഎസ്+എസ്‌എസ് നിലയിൽ ജോലി ചെയ്തിരുന്നു. അതിൽ 41.6 കോടി പുരുഷന്മാരും 20 കോടി സ്ത്രീകളുമാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment