അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ ശരി തെറ്റുകളല്ല, എല്ലാ കാര്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിക്കുന്ന ‘മോഡി ഗ്യാരന്റി‘യുടെ വ്യർത്ഥതയെ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഫെബ്രുവരി 28നാണ് യുദ്ധം തുടങ്ങിയത്. ഒരാഴ്ച തികയും മുമ്പ് ഇസ്രയേലിന്റെയും അമേരിക്കയുടെയും ബോംബുകൾ ഇന്ത്യയിലെ വീടുകളിലെയും ഹോട്ടലുകളിലെയും അടുക്കളകളിലും ഗ്യാസ് ഉപയോഗിച്ച് ശവം ദഹിപ്പിക്കുന്ന ശ്മശാനങ്ങളിലും വീണ് പൊട്ടിത്തെറിച്ച അവസ്ഥയിലായി.
ഹോട്ടലുകൾ അടച്ചു, അടുക്കളകൾ പൂട്ടി, വാതക ശ്മശാനങ്ങളുടെ പടികള്‍ക്ക് താഴുവീണു. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയും സൈനികശക്തിയുമായ ഇന്ത്യയുടെ നിത്യോപയോഗ അവശ്യ വസ്തുക്കളുടെ കരുതൽ ശേഖരവും വിതരണ സംവിധാനങ്ങളും അപകടകരമാംവിധം ദുർബലമാണെന്നാണ് ഈ അവസ്ഥ കാണിക്കുന്നത്. കേന്ദ്രസർക്കാർ അവകാശപ്പെടുന്നത് രണ്ട് കൃഷികൾ തുടർച്ചയായി നശിച്ചാലും (ഏതാണ്ട് ഒരു കൊല്ലം) ഇന്ത്യയിൽ ക്ഷാമം ഉണ്ടാകാത്ത വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെയും പയറുവർഗങ്ങളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും കരുതൽ ശേഖരം ഉണ്ടെന്നാണ്. കടലിനക്കരെ പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയപ്പോൾ (ഇന്ത്യൻ വൻകരയിൽ അല്ല യുദ്ധം, ഇന്ത്യ അതിൽ കക്ഷിയുമല്ല) ഒരാഴ്ചത്തേക്ക് പോലും വിതരണം ചെയ്യുന്നതിനുള്ള പാചകവാതകത്തിന്റെ (എൽപിജി) കരുതൽ ശേഖരം നമുക്ക് ഇല്ലാതെ പോയത് മോഡി ഗ്യാരന്റിയുടെ വ്യര്‍ത്ഥത വ്യക്തമാക്കുന്ന ഒന്നാമത്തെ കാര്യമാണ്.
ഇന്ത്യൻ ജനസമൂഹത്തെ ഭയപ്പെടുത്തുന്ന സംഗതിയുമാണിത്. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്താൽ 21 ദിവസത്തിനു ശേഷവും വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടർ 45 ദിവസം കഴിഞ്ഞും മാത്രമേ ലഭിക്കുകയുള്ളൂ എന്ന നിബന്ധന ഏർപ്പെടുത്തി. ഭരണാധികാരികളുടെ ദീർഘവീക്ഷണമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ് ഇത്. ഒരു മാസത്തേക്കാവശ്യമായ കരുതൽ ശേഖരം പോലും ഇല്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ കരുതൽ ശേഖരത്തെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം വെളിപ്പെടാൻ ഇന്ത്യൻ വൻകരയെ നേരിട്ട് ബാധിക്കുന്ന മറ്റൊരു യുദ്ധമോ ദുരന്തമോ വേണ്ടി വന്നേക്കാം. പെട്രോളിന്റെയും ഡീസലിന്റെയും ഏവിയേഷൻ ഇന്ധനത്തിന്റെയും കരുതൽ ശേഖരം ഒട്ടും മെച്ചമല്ല എന്നുതന്നെയാണ് ഇവയുടെ വില വർധിപ്പിക്കേണ്ടി വന്നതിൽ നിന്നും മനസിലാകുന്നത്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പായതുകൊണ്ട് മാത്രമാണ് ഗാർഹിക സിലിണ്ടറുകൾക്കും സാധാരണ പെട്രോളിനും വില വർധിപ്പിക്കാതിരുന്നത്.
തെരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാനിക്കുന്ന ദിവസം പെട്രോൾ ഡീസൽ വില കുത്തനെ കൂട്ടുക തന്നെ ചെയ്യും. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് വില ക്രമാതീതമായി വർധിപ്പിച്ചിട്ടും ആവശ്യത്തിന് വിതരണം നടത്താനാകാത്ത അവസ്ഥ ഇപ്പോഴും തുടരുകയാണ്. പ്രീമിയം പെട്രോളിന്റെയും ഏവിയേഷൻ ഇന്ധനത്തിന്റെയും വില ആവർത്തിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നു. പൊതുഗതാഗത ചെലവുകൾ കൂടുകയാണ്. വിമാന കമ്പനികൾ യാത്രക്കാരിൽ നിന്നും അമിത നിരക്കുകൾ ഈടാക്കുന്നു. പോപ്പുലേഷൻ വേൾഡോ മീറ്ററിന്റെ കണക്കുപ്രകാരം മാർച്ച് 31ന് ലോക ജനസംഖ്യ 828.45 കോടിയാണ്. ഇന്ത്യയുടെ ജനസംഖ്യ 147.36 കോടിയും. അതായത് ലോക ജനസംഖ്യയുടെ ഏകദേശം 18% ഇന്ത്യയിലാണ്. എന്നാൽ ഇന്ത്യയുടെ വലിപ്പം ലോക ഭൂഭാഗത്തിന്റെ 2.2% മാത്രമാണ്. 147 കോടി ജനങ്ങൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കളോ പാചകവാതകമോ പോലുള്ള നിത്യോപയോഗ സാധനത്തിന്റെ കുറവ് ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് അനുഭവപ്പെട്ടാൽ അത് ഉടൻ നികത്താൻ മറ്റ് ലോകരാഷ്ട്രങ്ങൾ ആത്മാർത്ഥമായി ശ്രമിച്ചാൽ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്.
ഇത്രയും ആളുകൾക്കാവശ്യമായ സാധനങ്ങൾ വിലയ്ക്കു വാങ്ങാൻ ലോകകമ്പോളത്തിലേക്ക് ഇറങ്ങി ചെന്നാൽ തരാൻ ആളും സാധനവും അവിടെ ഉണ്ടാവില്ല. ഇന്ത്യയെപ്പോലെ ഇത്രയും ജനസംഖ്യയുള്ള രാജ്യം ഇത്തരം പ്രതിസന്ധികൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ സ്വന്തം നിലയിൽ സ്വീകരിച്ചേ മതിയാവൂ. അതിനാൽ എല്ലാ അവശ്യ — നിത്യോപയോഗ വസ്തുക്കളുടെ ഏറ്റവും കുറഞ്ഞത് ആറുമാസത്തേക്കെങ്കിലുമുള്ള കരുതൽ ശേഖരം നമുക്കുണ്ടാവണം. തൊട്ടയൽ രാജ്യമായ ചൈനയാണ് 141.36 കോടി ജനങ്ങളുമായി ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ഏഷ്യയിൽ ആകെ 48 രാജ്യങ്ങളും ലോക ജനസംഖ്യയുടെ 58.6%വുമാണുള്ളത്. ജനസംഖ്യയുടെ പകുതിയിലധികം ഏഷ്യയിൽ ആണെന്നര്‍ത്ഥം. ഇതെല്ലാം കാണിക്കുന്നത് നമ്മുടെ അയൽ രാജ്യങ്ങൾക്കോ ഏഷ്യൻ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങൾക്കോ ഇന്ത്യയിൽ നിത്യോപയോഗ വസ്തുക്കളുടെ കുറവ് അനുഭവപ്പെട്ടാൽ സഹായിക്കാനാവില്ലെന്നാണ്. വില കൊടുത്താൽ പോലും ലഭിക്കാൻ സാധ്യതയുമില്ല. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളോ യുദ്ധമോ ഭക്ഷ്യക്ഷാമമോ ഒക്കെ നേരിടുന്നതിനായി സൂക്ഷിക്കുന്ന അത്യാവശ്യ സാധനങ്ങളുടെ കരുതൽ ശേഖരത്തെയാണ് തന്ത്രപരമായ ശേഖരം (സ്ട്രാറ്റജിക് റിസർവ്) എന്ന് പറയുന്നത്.
കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ഇതിന്റെ സൂക്ഷിപ്പും കൈകാര്യ നടത്തിപ്പുകാരുമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യക്കോ (എഫ്‌സിഐ) അതു പോലെയുള്ള ഏജൻസിക്കോ ഈ കരുതൽ ശേഖരത്തിൽ നിന്നും ഭക്ഷ്യധാന്യം വിതരണം ചെയ്യാനാവുകയുള്ളൂ. ഈ ശേഖരത്തെ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ ഇൻഷുറൻസ് എന്നാണ് പറയുന്നത്. ഭക്ഷ്യവസ്തുക്കൾ പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് പെട്രോളും പെട്രോളിയം ഉല്പന്നങ്ങളും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യവസ്തുക്കളും പെട്രോളിയം ഉല്പന്നങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം ഭക്ഷ്യോല്പന്നങ്ങളുടെ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തമാണ് എന്നതാണ്.
എന്നാൽ പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തിൽ നാം സ്വയം പര്യാപ്തരല്ല. 80–90% പെട്രോളിയം ഉല്പന്നങ്ങളും വിദേശ രാഷ്ട്രങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. അപ്പോൾ കരുതൽ ശേഖരത്തിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തിൽ ആണെന്ന കാര്യം എടുത്തു പറയേണ്ടതില്ല. ഓസ്ട്രേലിയ ഇന്ത്യയുടെ രണ്ടിരട്ടി വലിപ്പവും കേരളത്തെക്കാൾ ചെറിയ ജനസംഖ്യയുമുള്ള രാജ്യമാണ്. ശ്രീലങ്ക, മലേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ എത്രയോ രാജ്യങ്ങളിൽ രണ്ട് മുതൽ ആറ് കോടി വരെയുള്ള ജനങ്ങളാണുള്ളത്. ഈ രാജ്യങ്ങൾക്കാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധി നേരിടുന്നതെങ്കിൽ ഇന്ത്യയോ ചൈനയോ പോലെയുള്ള രാജ്യങ്ങൾ രണ്ടോ മൂന്നോ കപ്പലുകളിൽ സാധനം കയറ്റി അവിടെ എത്തിച്ചാൽ പ്രതിസന്ധിക്ക് പരിഹാരമാവുന്നതാണ്.
എന്നാൽ ഇന്ത്യയിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ആവശ്യം അളവിൽ വളരെ വലുതാകും. അപ്പോൾ ചെറിയ രാജ്യങ്ങൾക്ക് നമ്മെ സഹായിക്കാൻ കഴിയില്ല. ഈ വസ്തുതകളെല്ലാം മുൻകൂട്ടി കണ്ട് പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള കരുതൽ ഉണ്ടാക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. അടുത്ത ദിവസം വായിച്ച ഒരു കുറിപ്പില്‍ നിന്നും മനസിലാക്കിയത് ഇന്ത്യയിൽ ഒമ്പത് ദിവസത്തേക്ക് ആവശ്യമായ പാചകവാതകവും പെട്രോളിയം ഉല്പന്നങ്ങളും മാത്രമാണ് കരുതൽ ശേഖരമായുള്ളതെന്നാണ്.
ഈ പശ്ചാത്തലത്തിലാവാം 22,500 കിലോമീറ്റർ അകലെയുള്ള അർജന്റീനയിൽ നിന്ന് പോലും പാചകവാതകം ഇറക്കുമതി ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്ന് കേൾക്കുന്നത്. യുദ്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. യുദ്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് തന്നെ അവസാനിപ്പിക്കാം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പട്ടാളക്കാർ വെനസ്വേലയിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കിടപ്പുമുറിയിൽ രാത്രി അതിക്രമിച്ചു കയറി പത്നി സിലിയ ഫ്ലോറസിനൊപ്പം ബലമായി പിടിച്ചുകൊണ്ടുപോയി മയക്കുമരുന്ന് കടത്താരോപിച്ച് തടവിലാക്കി. അവിടെ വലിയ രക്തച്ചൊരിച്ചിൽ ഒന്നും ഉണ്ടാകാതെ കാര്യങ്ങൾ അവസാനിച്ചു.
എന്നാൽ ഇറാനിൽ കാര്യങ്ങൾ അത്ര എളുപ്പത്തിൽ അവസാനിപ്പിക്കാൻ ട്രംപിനോ നെതന്യാഹുവിനോ കഴിയില്ലെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. താരതമ്യേന ദുർബലമായ ഉക്രെയ്‌നെ ലോകത്തിലെ വൻശക്തികളിലൊന്നായ റഷ്യ ഏതാനും ദിവസങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്താം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ യുദ്ധം നാലു കൊല്ലമായിട്ടും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതുതന്നെയാവും ട്രംപിനും നെതന്യാഹുവിനും ഇറാനിലും സംഭവിക്കാൻ പോകുന്നത്. അനീതി കാട്ടിയവർ, അധിനിവേശക്കാർ സ്വയം തോറ്റുപിന്മാറേണ്ടി വരും. വിയറ്റ്നാമിലെയും അഫ്ഗാനിസ്ഥാനിലേയും ഇറാഖിലെയും എല്ലാം അമേരിക്കൻ പട്ടാള അധിനിവേശത്തിന്റെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത് അതാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment