ലക്ഷക്കണക്കിന് പൂരപ്രേമികളടക്കം നാടിന്റെയാകെ പ്രതീക്ഷകൾക്കും ഭാവനകൾക്കും മേൽ വിവരണാതീതമായ നടുക്കത്തിന്റെയും ദുഃഖത്തിന്റെയും ഇരുൾപരത്തിക്കൊണ്ടാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് തിരുവമ്പാടി ദേവസ്വത്തിന്റെ തൃശൂർ, വടക്കാഞ്ചേരിക്ക് സമീപം, മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് സാമഗ്രി നിർമ്മാണ കേന്ദ്രത്തില്‍ വമ്പിച്ച സ്ഫോടനവും തീപിടിത്തവും ആൾനാശവും സംഭവിച്ചത്. വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുകയും സംഭരിക്കുകയും ചെയ്തിരുന്ന ഷെഡ്ഡുകൾ അവിടെ പണിയെടുക്കുന്ന നിരവധി തൊഴിലാളികളോടൊപ്പം കത്തിയമരുകയായിരുന്നു. സ്ഫോടനത്തിൽ തൊഴിലാളികളുടെ ശരീരവും വെടിക്കെട്ട് സാമഗ്രികൾക്കൊപ്പം ചിന്നിച്ചിതറി. സമീപ പ്രദേശങ്ങളിലെ നിരവധി വീടുകൾക്കും സ്ഫോടനം സൃഷ്ടിച്ച പ്രകമ്പനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായി. മണിക്കൂറുകൾ നീണ്ട സ്ഫോടന പരമ്പര രക്ഷാപ്രവർത്തനത്തിന് ഏറെ തടസം സൃഷ്ടിച്ചു. വെടിക്കെട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന 14 പേരുടെ മരണം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്. അപകടസ്ഥലത്തുനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ആരുടെതെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയടക്കം ഇതെഴുതുമ്പോളും തുടരുകയാണ്. ശരീരാവശിഷ്ടങ്ങൾക്കുവേണ്ടിയുള്ള തെരച്ചിലും പൊട്ടിത്തെറിക്കാത്ത വെടിക്കെട്ട് സാമഗ്രികൾ ഉണ്ടെങ്കിൽ അവ കണ്ടെത്തി നിർവീര്യമാക്കാനുമുള്ള ശ്രമവും തുടരുകയാണ്. നാല്പതോളം പേർ വെടിക്കെട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് അനുമാനമെങ്കിലും സംഭവസമയത്ത് എത്രപേർ അവിടെ ഉണ്ടായിരുന്നുവെന്നതില്‍ അവ്യക്തത തുടരുകയാണ്.
ഇന്നലെ ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം സംഭവത്തെ സവിശേഷ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച്, വിരമിച്ച ജസ്റ്റിസ് രാമചന്ദ്രൻനായരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ തൃശൂര്‍ പൂരം നടത്തിപ്പിനെപ്പറ്റി ആലോചിക്കാൻ മന്ത്രിമാർ, ജനപ്രതിനിധികൾ, പൂരം നടത്തിപ്പുകാരായ ദേവസ്വങ്ങളുടെ പ്രതിനിധികൾ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഇന്ന് ചേരുന്നുണ്ട്. ദാരുണസംഭവത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടും മറ്റ് ആർഭാടങ്ങളും കൂടാതെ കാര്യമാത്രപ്രസക്തമായി പൂരം ചുരുക്കുന്നതിനെപ്പറ്റി വിവിധ കോണുകളിൽനിന്നും ആശയവും ആവശ്യവും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തും രാജ്യത്തും വെടിക്കെട്ടപകടങ്ങളും പടക്ക, വെടിക്കെട്ട് നിർമ്മാണയിടങ്ങളിലെ അപകടങ്ങളും തെല്ലും പുതുമയുള്ള കാര്യമല്ല. മുണ്ടത്തിക്കോട് ദുരന്തത്തിന് തൊട്ടുമുമ്പാണ് തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ 25 പേരും ആന്ധ്രപ്രദേശിലെ കാക്കിനാഡയിൽ 21 പേരും പടക്കനിർമ്മാണശാലയിൽ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ നൂറ് വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ മാത്രം വെടിക്കെട്ടപകടങ്ങളിലും വെടിക്കെട്ട് സാമഗ്രി നിർമ്മാണ, സംഭരണയിടങ്ങളിലും ഉണ്ടായ 51 അപകടങ്ങളിലായി 474 പേർ കൊല്ലപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതുമൂലം വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും ഉണ്ടായ നാശനഷ്ടങ്ങൾ ഊഹാപോഹങ്ങൾക്ക് അപ്പുറമാണ്. 10 വർഷങ്ങൾക്കപ്പുറം കൊല്ലം, പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ 110 പേർ മരിക്കുകയും 750ൽപരം പേർക്ക് പരിക്കേൽക്കുകയും 380 വീടുകൾ തകരുകയും ചെയ്തു. അതിന് ഉത്തരവാദികളായവർക്കെതിരായ കേസ് ഇനിയും എവിടെയും എത്തിയിട്ടില്ല. അതേപ്പറ്റി അന്വേഷിച്ച കേന്ദ്ര കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ ഇപ്പോഴും കടലാസിൽ സുഷുപ്തിയിലാണെന്നതാണ് അത്തരം സംഭവങ്ങളുടെ ആവർത്തനത്തിലേക്കും, ഏറ്റവും അവസാനം മുണ്ടത്തിക്കോട് ദുരന്തത്തിലേക്കും നയിച്ചത്. കേരളത്തിലെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും മറ്റ് മതപരവും അല്ലാത്തതുമായ ആഘോഷങ്ങൾക്കും വെടിക്കെട്ടും കരിമരുന്നു പ്രയോഗവും അനിവാര്യതയായി മാറിയിട്ടുണ്ട്. അവയുടെ സാമൂഹിക പ്രാധാന്യവും അതുമായി ബന്ധപ്പെട്ട സാമ്പത്തിക യാഥാർഥ്യങ്ങളും വിസ്മരിച്ച് അവ ഒറ്റയടിക്ക് വേണ്ടെന്നുവയ്ക്കുക ദുഷ്കരമാണ്. എന്നാൽ ന്യായമായ നിയന്ത്രണങ്ങളും പ്രവർത്തന മാനദണ്ഡങ്ങളും പാലിക്കണമെന്ന് നിഷ്കർഷിക്കാതെ മുന്നോട്ടു പോകാനാവില്ല.
മുണ്ടത്തിക്കോട് ദുരന്തത്തെ നേരിടാൻ നാട്ടുകാരും അഗ്നി രക്ഷാസേനയും പോലീസും തൃശൂർ മെഡിക്കൽ കോളജ് അടക്കം കേരളത്തിലെ ആരോഗ്യവകുപ്പും സ്വകാര്യ ആശുപത്രികളും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാണിച്ച ജാഗ്രതയും കരുതലും വിശാല മാനവികതയുടെ ഉദാത്ത മാതൃകയാണെന്നതിൽ സംശയമില്ല. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ നിധികളിൽനിന്നായി യഥാക്രമം 10ഉം നാലും ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് രണ്ട് ലക്ഷം വീതവും നല്‍കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത് സമയോചിതമായി. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുകകൊണ്ട് വേർപാടിന്റെ വിടവ് നികത്താനാകില്ലെങ്കിലും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ അനാഥത്വത്തിന് തെല്ലെങ്കിലും ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കാം. അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും സർക്കാർ ഉറപ്പു നൽകുന്നുണ്ട്. എന്നാൽ, ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ അർഹിക്കുന്ന കർക്കശ്യത്തോടെയും പ്രതിബദ്ധതയോടെയും നിറവേറ്റാൻ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത സർക്കാർ സംവിധാനത്തിൽനിന്നും ഉണ്ടാവുമെന്ന പ്രതീക്ഷയാണ് ജനങ്ങൾ വച്ചുപുലർത്തുന്നത്. വെടിക്കെട്ടുകളും അപകടംനിറഞ്ഞ ഇതര ആഘോഷങ്ങളും നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമാണ്. മനുഷ്യ ജീവനും സ്വത്തുവകകൾക്കും നഷ്ടംകൂടാതെ അവയുടെ നടത്തിപ്പ് ഉറപ്പുവരുത്താൻ അത്തരം പരിപാടികളുടെ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ട്. അത്തരം കാര്യങ്ങൾ ഒത്തുതീർപ്പുകളും വിട്ടുവീഴ്ചകളും കൂടാതെ നിർവഹിക്കപ്പെടുന്നുവെന്നതിന്റെ ഉത്തരവാദിത്തം, പൗരന്മാരുടെ ജീവനും സ്വത്തിനും ഭരണഘടനാപരമായി ഉറപ്പുനൽകാൻ ബാധ്യസ്ഥമായ ഭരണകൂടത്തിന്റേതാണ്. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ഒരു വീഴ്ചയും സംഭവിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പുവരുത്താൻ ഭരണകൂടത്തിന് കഴിഞ്ഞാലേ ദുരന്തങ്ങളുടെ ആവർത്തനത്തിന് അറുതിവരുത്താനാവൂ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment