പാർലമെന്ററി വ്യാമോഹമെന്ന ഭാഷാപ്രമാദം

Janayugom
Developer Admin

ക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ പലതവണ ഉയർന്നു കേട്ട ഒരു രാഷ്ട്രീയ പദമാണ് ‘പാർലമെന്ററി വ്യാമോഹം’. സ്വന്തം പാർട്ടിയിൽ സീറ്റ് കിട്ടാത്തതിന് രായ്ക്ക്‌രാമാനം ശത്രുപക്ഷത്ത് ചേർന്ന് മത്സരിക്കുന്നയാൾ ‘പാർലമെന്ററി വ്യാമോഹി’ എന്ന് പൊതുവേ വിളിക്കപ്പെട്ടു. യഥാർത്ഥത്തിൽ അർഹനായ തനിക്ക് നൽകാതെ സീറ്റ് തട്ടിയെടുത്ത ഔദ്യോഗിക സ്ഥാനാർത്ഥിക്കാണ് ആ വിശേഷണം കൂടുതൽ ചേരുക എന്നാണ് വിമതന്റെ പക്ഷം. ഇപ്രകാരം നാലഞ്ച് മണ്ഡലങ്ങളിലെങ്കിലും ഈ ‘വ്യാമോഹം’ ജനവിചാരണയുടെ കൂട്ടിൽ മുഖ്യപ്രതിയായി. ‘എനിക്ക് പാർലമെന്ററി വ്യാമോഹം’ ഇല്ല എന്ന് പല രാഷ്ട്രീയ വ്യക്തിത്വങ്ങളും അഭിമാനപൂർവം പ്രഖ്യാപിക്കുമ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അമിതാഗ്രഹം ഇല്ല എന്നാണ് അവർ ഉദേശിക്കുന്നത്. പക്ഷേ ദൗർഭാഗ്യവശാൽ തങ്ങൾക്ക് ഭാഷാപരമായി ഒരു അബദ്ധം പിണഞ്ഞ കാര്യം അവരറിഞ്ഞില്ല. ഇംഗ്ലീഷിൽ പാർലമെന്ററി ക്രെറ്റിനിസം എന്ന് മാർക്സും എംഗൽസും ലെനിനും വിശേഷിപ്പിച്ച ആ വാക്കിന്റെ യഥാര്‍ത്ഥ അർത്ഥം ഇതല്ല. ആചാര്യന്മാരുടെ അർത്ഥത്തിൽ അത് വ്യക്തികളെ പിടികൂടുന്ന ഒരു രോഗമല്ല. അലസത കൊണ്ടും അനവധാനത കൊണ്ടും പ്രചാരത്തിൽ വരുന്ന അർത്ഥവ്യതിയാനങ്ങൾ രാഷ്ട്രീയ ഭാഷയുടെ മൂർച്ച കുറയ്ക്കുമെന്ന് ഇത്തരം പിശകുകൾ നമ്മെ ജാഗ്രതപ്പെടുത്തുന്നുണ്ട്. മേൽ പരാമർശിക്കപ്പെട്ട സന്ദർഭങ്ങളിലെല്ലാം ഈ പദം കൊണ്ട് അർത്ഥമാക്കപ്പെട്ടത് പദവികൾക്കായുള്ള അത്യാഗ്രഹത്തെയാണ്.

ദീർഘകാലം പൊതുപ്രവർത്തനം നടത്തി കഷ്ടപ്പെട്ടതിന് പ്രതിഫലമായി കണ്ണടയുന്നതിന് മുമ്പ് ഒരു എംഎൽഎയോ എംപിയോ മന്ത്രിയോ ഒക്കെ ആയില്ലെങ്കിൽ പിന്നെന്ത് കാര്യം എന്ന ചിന്ത രാഷ്ട്ര വ്യവഹാരത്തിൽ ഇന്ന് സാമാന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അത്രയും ഒന്നും പ്രതീക്ഷിക്കാൻ വകയില്ലാത്തവർക്ക് ഇത്തവണ ഒരു ഗ്രാമപഞ്ചായത്ത്, അടുത്ത തവണ ബ്ലോക്കോ ജില്ലയോ. പൊതുപ്രവർത്തനത്തിന്റെ ആത്യന്തികമായ ലക്ഷ്യം സ്ഥാനലബ്ധിയാണെന്ന് വരുന്നു. അത് നേടാത്ത ജീവിതം പരാജയം ആണെന്നും. ഈ സൂക്കേടിന് പറയുന്ന പേര് പാർലമെന്ററി കരിയറിസം എന്നാണ്. ക്രെറ്റിനിസം വേറെ കരിയറിസം വേറെ.
എന്താണ് പാർലമെന്ററി വ്യാമോഹം അഥവാ ക്രെറ്റിനിസം? 1852ൽ പ്രസിദ്ധപ്പെടുത്തിയ ‘ലൂയി ബോണപ്പാർട്ടിന്റെ പതിനെട്ടാം ബ്രൂമെയർ’ എന്ന വിഖ്യാത കൃതിയുടെ അഞ്ചാം അധ്യായത്തിലാണ് കാള്‍ മാർക്സ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്. സമൂഹത്തിന്റെ പരിണാമശക്തികളായ വർഗങ്ങൾ തമ്മിൽ നടക്കുന്ന സംഘർഷങ്ങളുടെ യഥാര്‍ത്ഥ ചിത്രം കാണാൻ കഴിയാതെ അവയുടെ ഉപരിപ്ലവമായ പ്രതിഫലനം മാത്രമായ ജനപ്രതിനിധിസഭാ സംവാദങ്ങളാണ് ചരിത്രനിയാമകങ്ങൾ എന്ന മിഥ്യാബോധത്തിന് അടിപ്പെട്ടവരെ പരിഹസിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചിട്ടുള്ളത്. (ഭ്രൂണാവസ്ഥയിലോ ശൈശവാരംഭത്തിലോ അയഡിന്റെ അപര്യാപ്തത മൂലം സംജാതമാകുന്ന ഗുരുതരമായ ശാരീരിക മാനസിക മാന്ദ്യത്തെയാണ് ശരീരശാസ്ത്ര പ്രകാരം ക്രെറ്റിനിസം എന്ന് വിളിക്കുന്നത്).
ഫ്രെഡറിക്ക് എംഗൽസ് എഴുതി: “പാർലമെന്ററി ക്രെറ്റിനിസം എന്ന ഭേദമാക്കാൻ ആകാത്ത രോഗത്തിന്റെ നിർഭാഗ്യവാന്മാരായ ഇരകൾ ജനപ്രതിനിധികളാണ്. തങ്ങളെ അംഗങ്ങളായി ലഭിക്കാൻ ഭാഗ്യം ചെയ്ത പ്രാതിനിധ്യ സഭയുടെ ഭൂരിപക്ഷ വോട്ടുകളാണ് ലോകത്തിന്റെ ഭൂത — ഭാവികളെ നിർണയിക്കുന്നതെന്ന മഹാബോധ്യമാണ് അവരെ ഈ രോഗത്തിന് അടിമകളാക്കിയിരിക്കുന്നത്.” അതായത് മനുഷ്യരുടെ ഭാവി തീരുമാനിക്കപ്പെടുന്നത് ഔപചാരികവും നിയമാനുസൃതവുമായ ചർച്ചാവേദികളിലല്ല മറിച്ച് മർദനവും ചൂഷണവും അടിച്ചമർത്തലും നടമാടുന്ന സാമൂഹ്യവ്യവസ്ഥയ്ക്കെതിരെ തെരുവുകളിലും തൊഴിൽശാലകളിലും കലാശാലകളിലുമെല്ലാം നടക്കുന്ന യഥാർത്ഥ ചെറുത്തുനില്പുകളിൽ ആണെന്നും പാർലമെന്റിൽ സംഭവിക്കുന്നത് അതിന്റെ പ്രതിഫലനം മാത്രമാണ് എന്നും മാർക്സിസ്റ്റുകൾ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കുന്നവർ മാത്രമേ മാർക്സിസ്റ്റുകൾ ആകുന്നുള്ളൂ. 

അതിനർത്ഥം കമ്മ്യൂണിസ്റ്റുകാർ പാർലമെന്റിൽ പങ്കെടുക്കാൻ പാടില്ല എന്നാണോ? അല്ല. “തൊഴിലാളി വർഗ വിപ്ലവവും വഞ്ചകനായ കൗട്സ്കിയും” എന്ന കൃതിയിൽ ലെനിൻ ഈ വൈരുധ്യത്തെ സമൂർത്തമായി വിശദീകരിക്കുന്നുണ്ട്. നിയമവിധേയമായ പാർലമെന്ററി പ്രവർത്തനങ്ങളിലൂടെ മാത്രം സോഷ്യലിസം കെട്ടിപ്പടുക്കാം എന്ന മിഥ്യാധാരണയെ മാത്രമാണ് ലെനിൻ വഞ്ചന എന്ന് വിളിക്കുന്നത്. ഭരണകൂടത്തിന്റെ വർഗസ്വഭാവം എന്ന മൗലിക മാർക്സിസ്റ്റ് തത്വം കയ്യൊഴിയുകയാണ് ഇങ്ങനെ വിശ്വസിക്കുന്നതിലൂടെ ചെയ്യുന്നത് എന്നതാണ് അദ്ദേഹത്തിന്റെ വിമർശനത്തിന്റെ കാതൽ. എന്നാൽ പാർലമെന്ററി പ്രവർത്തനങ്ങളേ പാടില്ല എന്ന ചിന്താധാരയെ തീവ്ര ഇടതുപക്ഷ വ്യതിയാനമായി കണ്ട് അദ്ദേഹം തള്ളിക്കളയുന്നുമുണ്ട്. ഭരണകൂടത്തിന്റെ വർഗസ്വഭാവത്തെ മറനീക്കി കാണിക്കുന്നതിനും ബഹുജനങ്ങളെ രാഷ്ട്രീയ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും അധീശ വർഗങ്ങളുടെ ജനവഞ്ചന തുറന്നു കാണിക്കുന്നതിനും മികച്ച ഒരു വേദിയാണ് പാർലമെന്റ് എന്ന് തന്നെയാണ് അദ്ദേഹം പ്രസ്താവിച്ചത്. പ്രാതിനിധ്യസഭാ വേദികൾക്ക് പുറത്തുള്ള ജനകീയ സമരങ്ങളും മുന്നേറ്റങ്ങളുമാണ് രാഷ്ട്രീയപ്രവർത്തനത്തിന്റെ മുഖ്യ രൂപം എന്നും അതിനു വിധേയപ്പെട്ട് നിൽക്കേണ്ട ഒന്നായിരിക്കണം പാർലമെന്ററി പ്രവർത്തനം എന്നുമാണ് അദ്ദേഹം സമർത്ഥിച്ചത്. അതായത് തെരഞ്ഞെടുപ്പുകൾക്കും പാർലമെന്ററി പ്രാതിനിധ്യത്തിനും വേണ്ടിയല്ല രാഷ്ട്രീയ പ്രവർത്തനം. മറിച്ച് രാഷ്ട്രീയപ്രവർത്തനത്തിന്റെ ഒരു രൂപം മാത്രമാണത്. പാർലമെന്ററി പ്രവർത്തനം നടത്തുന്ന കമ്മ്യൂണിസ്റ്റുകാർക്കെല്ലാം അടിസ്ഥാന ദിശാബോധം നൽകുന്നത് ലെനിനിസത്തിന്റെ ഈ മാർഗദർശനമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങളിൽ അവർ അതിരറ്റ് അഹങ്കരിക്കുകയോ പരാജയങ്ങളിൽ തകർന്നു പോവുകയോ ചെയ്യുന്നില്ല. ലെനിനിസത്തിന്റെ ഈ കാഴ്ചപ്പാട് ചരിത്രം പലകുറി സാധൂകരിച്ചിട്ടുണ്ട്. 

കേരളത്തിന്റെ ചരിത്രം തന്നെ എടുക്കുക. 1957ൽ അധികാരത്തിൽ വന്ന ഒന്നാം സിപിഐ മന്ത്രിസഭയുടെ മുതൽ 1970കളിലെ സി അച്യുതമേനോൻസർക്കാരിന്റെ വരെയുള്ള കാലയളവുകളിൽ നടന്ന ദീർഘമായ നിയമനിർമ്മാണ പ്രക്രിയയാണ് കേരളത്തിന്റെ തലവരമാറ്റിയ ഭൂപരിഷ്കരണം ഔപചാരികമായി യാഥാർത്ഥ്യമാക്കിയത്. എങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയും വർഗ സംഘടനകളും നടത്തിയ ധീരോദാത്തമായ ബഹുജനപ്രക്ഷോഭമാണ് ഈയൊരു പരിവർത്തനത്തിന്റെ യഥാർത്ഥ ചാലകശക്തി എന്നത് ആർക്കാണ് അറിയാത്തത്? ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സമാനമായ ഭൂപരിഷ്കരണ നിയമങ്ങളും ക്ഷേമനിയമങ്ങളും ഔപചാരികമായി നിർമ്മിക്കപ്പെട്ടു എന്നത് വസ്തുതയാണ്. എന്നാൽ ഭൂരഹിതന് ഭൂമി കയ്യേൽക്കാനോ അനുഭവിക്കാനോ അവസരം ലഭിച്ചില്ല. അവരെ അതിനു പ്രാപ്തമാക്കിയ ഒരു ജനമുന്നേറ്റം ഉണ്ടായില്ല എന്നതാണ് കാരണം. നമ്മുടെ രാജ്യത്ത് സ്ത്രീകളുടെയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും തൊഴിലാളികളുടെയുമെല്ലാം ക്ഷേമത്തിനുവേണ്ടി എത്രയെത്ര നിയമങ്ങളാണ് സഭകളിൽ പാസാക്കി രാഷ്ട്രപതിയോ ഗവർണറോ ഒപ്പുവെച്ച് പ്രാബല്യത്തിൽ ആക്കപ്പെട്ടിട്ടുള്ളത്? എന്തുകൊണ്ട് അവ ആർക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണോ ആ വിഭാഗങ്ങൾക്ക് അനുഭവവേദ്യമായി മാറാതിരിക്കുന്നു? വൻകിട ഭൂവുടമകളും ചങ്ങാത്ത മുതലാളിമാരും ഉദ്യോഗസ്ഥ മേധാവികളും എല്ലാ നിയമങ്ങളെയും അട്ടിമറിക്കാൻ മാത്രം ശക്തരായിരിക്കുന്നത് എന്തുകൊണ്ട്? നീതിപീഠങ്ങൾ സമ്പത്തും അറിവധികാരവും ഉള്ളവർക്ക് മാത്രം പ്രാപ്യമായിരിക്കുന്നത് ഒരപൂർവതയാണോ? അല്ല എന്നത് ഭരണകൂടത്തിന്റെ വർഗസ്വഭാവം എന്ന അടിസ്ഥാന മാർക്സിസ്റ്റ് പരികല്പനയെ വീണ്ടും വീണ്ടും ദൃഢീകരിക്കുന്ന യാഥാർത്ഥ്യങ്ങളാണ്. ക്രെറ്റിനിസവും കരിയറിസവും അടിസ്ഥാനപരമായി രണ്ട് പ്രവണതകളെയാണ് അർത്ഥം വയ്ക്കുന്നതെങ്കിലും ഇവ തമ്മിലുള്ള ബന്ധത്തെ തീർത്തും അവഗണിച്ചു കൂടാ. വിപ്ലവകരമായ പാർലമെന്ററി പ്രവർത്തനം എന്ന ലെനിനിസ്റ്റ് കാഴ്ചപ്പാടിനെ കയ്യൊഴിഞ്ഞ് പാർലമെന്ററി പ്രവർത്തനം മാത്രമാണ് മുഖ്യം എന്നതിലേക്ക് ന്യൂനീകരിക്കപ്പെടുകയും മറ്റെല്ലാ രാഷ്ട്രീയ പ്രവർത്തന രൂപങ്ങളും അതിലേക്കുള്ള സഹായക ഘടകങ്ങൾ മാത്രമായി കാണുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെടുന്നുണ്ട് എന്നത് ആശാസ്യമല്ല. വ്യക്തികൾ കൂടുതൽക്കൂടുതലായി കരിയറിസ്റ്റുകൾ ആയി മാറുന്നതിന് ഇത് ശക്തമായ ആശയാടിത്തറ നിർമ്മിക്കുന്നു. താത്വികാചാര്യന്മാർ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ. അതിനെ മാറ്റിത്തീർക്കാൻ തുനിഞ്ഞിറങ്ങിയത് മാർക്സിസ്റ്റുകൾ മാത്രം. എന്നാൽ വ്യാഖ്യാനങ്ങൾ പിഴച്ചാൽ ദിശയും പിഴയ്ക്കും. സമൂർത്ത സാഹചര്യങ്ങളെ സമൂർത്തമായി വിശകലനം ചെയ്യാൻ, ആശയങ്ങളെ ശരിയാംവിധം വാക്കുകളായി പരിവർത്തിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു പ്രമാദമാണ്. ഭാഷാപരമായ പ്രമാദങ്ങൾ ആശയപരവും പതുക്കെ പ്രവർത്തനപരവുമായ അവ്യക്തതകളിലേക്ക് നയിക്കും. 

Previous
ആലപ്പാട്ടച്ചന്റെ ശരീരം ഇനി പാഠപുസ്തകം
Next
ദുരന്തങ്ങളുടെ ആവർത്തനത്തിന് അറുതിവരുത്തണം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment