ആലപ്പാട്ടച്ചന്റെ ശരീരം ഇനി പാഠപുസ്തകം

Janayugom
Developer Admin

കേരളത്തിലെ ഒരു സ്വകാര്യമെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടർ, സ്വന്തം മൃതശരീരം അതേ കോളജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടുകൊടുത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഒരു മതസ്ഥാപനം നടത്തുന്ന മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറാണ് മതം അനുവദിക്കാത്ത ഈ പുണ്യപ്രവൃത്തി ചെയ്തത് എന്നത് പ്രത്യേക പ്രാധാന്യം അർഹിക്കുന്നുണ്ട്. ഫാ. ഫ്രാൻസിസ് ആലപ്പാടിനെ ശാസ്ത്രകേരളം എക്കാലത്തും നന്ദിയോടെ ഓർമ്മിക്കുകതന്നെ ചെയ്യും. തൃശൂർ ജൂബിലി മിഷന്‍ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറായിരുന്ന ഫാ. ഫ്രാൻസിസ് ആലപ്പാട്, ആ ആതുരാലയത്തിന്റെ വളർച്ചയ്ക്കു വേണ്ടി അശ്രാന്തപരിശ്രമം നടത്തിയ മാതൃകാമനുഷ്യനാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ കാസ മുതൽ കഡാവർ വരെ എന്ന പുസ്തകം ആ ജീവിതത്തിന്റെ തിളക്കമുള്ള അടയാളമാണ്. എംബിബിഎസ് ബിരുദധാരിയായിരുന്ന ആലപ്പാട്ടച്ചന്, വൈദ്യപഠനത്തിൽ മനുഷ്യന്റെ മൃതശരീരത്തിനുള്ള പ്രാധാന്യം ശരിക്കും അറിയാമായിരുന്നു. അതുകൊണ്ടാകാം മതം അനുവദിക്കാത്ത രീതിയിലുള്ള ഒരു അന്ത്യത്തിന് അദ്ദേഹം സമ്മതപത്രം നൽകിയത്. മൃതശരീരം പള്ളിസെമിത്തേരിയിൽ അടക്കുന്നതിനു പകരം, ദഹിപ്പിച്ച ചരിത്രം കേരളത്തിലുണ്ട്. ‍ഡൊമിനിക് ജോസഫ്, ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ഡോ. ജോസഫ് പുലിക്കുന്നേല്‍ എന്നിവര്‍ ആ ഗണത്തിൽ പെടുന്നു. മൃതശരീരം വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് വിട്ടുകൊടുത്ത കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പുരോഹിതൻ ഫാ. അലോഷ്യസ് ഫെർണാണ്ടസ് ആണ്. പക്ഷേ അദ്ദേഹം അവസാനകാലത്ത് ക്രിസ്തുമതാശയങ്ങളിൽ നിന്നും മോചിതനാവുകയും ആന്ധ്രാപ്രദേശിലെ ഡോ. ലവണത്തിന്റെ യുക്തിവാദകേന്ദ്രവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ലവണത്തിന്റെ മാതൃകയിൽ ഒരു സാമൂഹ്യക്ഷേമ പ്രവർത്തനകേന്ദ്രമാക്കി, ആലപ്പുഴയിലെ ജനജാഗൃതിയെ മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആന്ധ്രയിൽ പോയി അതിനെക്കുറിച്ചു മനസ്സിലാക്കിയതിനു ശേഷമുള്ള മടക്കയാത്രയിൽ അദ്ദേഹം മരണമടയുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുകയായിരുന്നു. 

നമ്മുടെ നിരവധി മതസംഘടനകളും ജാതിസംഘടനകളും സ്വകാര്യഏജൻസികളും മെഡിക്കൽ കോളജുകൾ നടത്തുന്നുണ്ട്. അവിടെയെല്ലാം രോഗികളെയും വിദ്യാർത്ഥികളെയും ഊറ്റിപ്പിഴിഞ്ഞ് പണമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് കണ്ടുവരാറുള്ളത്. ആ മാനേജുമെന്റിൽ ഉള്ളവരാരും സ്വന്തം മൃതശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകിയിട്ടില്ല. ഡോക്ടർമാർ പോലും അങ്ങനെ ചെയ്യാറില്ല. ഡോ. എൻ എം മുഹമ്മദലിയെ പോലെയുള്ള അത്യപൂർവം ഡോക്ടർമാർ മാത്രമേ സ്വന്തം ശരീരം പഠിക്കാനായി വിട്ടുനൽകിയിട്ടുള്ളു. ശാസ്ത്രജ്ഞാനവും ശാസ്ത്രാവബോധവും രണ്ടാണല്ലോ. സ്വകാര്യ മെഡിക്കൽ കോളജുകളിലെ പണംമുടക്കികൾ, ശാസ്ത്രാവബോധമുള്ളവരുടെ മൃതശരീരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആത്മാവിനെക്കുറിച്ചും ബാർ അറ്റാച്ച്ഡ് പരലോകത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവർക്ക് പണം മുടക്കി പണം വാരാമെന്നല്ലാതെ മൃതശരീരദാനമോ അവയവദാനമോ ചിന്തിക്കാൻ കൂടി സാധ്യമല്ല. ഫാ. ഫ്രാൻസിസ് ആലപ്പാടെന്ന ആദരണീയനായ പുരോഹിതൻ, രക്തദാനത്തെയും അവയവദാനത്തെയും പരമാവധി പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ ഇനി രണ്ടുപേരിലൂടെ ജീവിക്കും. ആന്തരികാവയവങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾ പഠനവിധേയമാക്കുകയും അവരെല്ലാം വിദഗ്ധ ഡോക്ടർമാരായി മാറുകയും ചെയ്യും. സ്നേഹത്തിന് ഒരു മരണാനന്തരസാധ്യതകൂടിയുണ്ടെന്ന് ആലപ്പാട്ടച്ചൻ തെളിയിച്ചിരിക്കുന്നു. കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകനായ അദ്ദേഹം 87 തവണയാണ് രക്തം ദാനം ചെയ്ത്, സഹജീവികളുടെ ജീവനെ നിലനിർത്തിയത്. സ്നേഹവിപ്ലവം രക്തദാനത്തിലൂടെ എന്നതായിരുന്നു അദ്ദേഹം പ്രചരിപ്പിച്ച മുദ്രാവാക്യം. ഡോക്ടർ എന്ന നിലയിലും അദ്ദേഹം പലപ്പോഴും സഹജീവികളെ സഹായിച്ചിരുന്നു. ആലപ്പാട്ടച്ചൻ എന്നും ഡോക്ടറച്ചൻ എന്നും വിശ്വാസികൾ ആരാധനയോടെ വിളിച്ചിരുന്ന ഡോ. ഫ്രാൻസിസ് ആലപ്പാട് നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 

Previous
കൂലിപ്പണിയെ പുച്ഛിക്കുന്ന അഭിനവ പരീശന്മാർ
Next
പാർലമെന്ററി വ്യാമോഹമെന്ന ഭാഷാപ്രമാദം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment