യേശു ക്രിസ്തുവിന്റെ ഐഹിക ജീവിതത്തിലെ അവസാന പ്രസംഗങ്ങളിൽ ഒന്ന് ചൂഷണത്തിൽ അധിഷ്ഠിതമായ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ സഹജമായ അനീതിക്കെതിരെയായിരുന്നുവെന്ന് ബൈബിളിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയുന്നുണ്ട്. ആ പ്രസംഗത്തിൽ കപടഭക്തിക്കാരായ പരീശന്മാരുടെയും ശാസ്ത്രിമാരുടെയും സ്വയ നീതിയെയും ചൂഷണ മനോഭാവത്തെയുമാണ് ക്രിസ്തു വിമർശന വിധേയമാക്കുന്നത്. മത്തായിയുടെ സുവിശേഷം 23-ാം അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ് — “യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞത്, ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. ആകയാൽ അവർ നിങ്ങളോട് പറയുന്നതൊക്കെയും പ്രമാണിച്ചു ചെയ്‌വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുത് താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നു; ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസില്ല.”
(മത്തായി 23: 1–4)
പരീശന്മാരും ശാസ്ത്രിമാരും ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ തോളിൽ വയ്ക്കുന്നുവെങ്കിലും ഒരു വിരൽകൊണ്ടുപോലും അവയെ സ്പർശിച്ച് മറ്റുള്ളവർക്ക് ആശ്വാസമാകാനുള്ള മാനസികാവസ്ഥ ഇല്ലാത്തവരായിരുന്നുവെന്നാണ് ഇവിടെ വിവക്ഷിക്കുന്നത്. വിരുന്നുകളിൽ മികച്ച സ്ഥാനങ്ങളും പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും പൊതുസമൂഹത്തിന്റെ വന്ദനങ്ങളും മറ്റുള്ളവരുടെ ‘റബ്ബീ’ വിളികളും ഇഷ്ടപ്പെടുന്ന ഇക്കൂട്ടരെ മനുഷ്യരുടെ അംഗീകാരം മാത്രം പ്രതീക്ഷിച്ച് ജീവിതം കഴിച്ചുകൂട്ടുന്ന കപട ഭക്തിയുടെ വക്താക്കളായിട്ടാണ് യേശു അവതരിപ്പിക്കുന്നത്. മറ്റുള്ളവരെക്കാളധികം ധാർമ്മികരായിരിക്കുകയും മത നിയമങ്ങളെ കൂടുതൽ ആധികാരികമായും കൃത്യതയോടെയും വ്യാഖ്യാനിക്കാൻ അവകാശമുള്ളവരെന്ന് സ്വയം ഭാവിക്കുകയും ചെയ്യുന്ന പരീശന്മാർ തങ്ങൾ മാനുഷികമായ കുറവുകൾക്ക് അതീതരാണെന്ന് വിശ്വസിക്കുകയും തങ്ങൾക്ക് വെളിയിലുള്ളവരെ നിസാരരെന്ന് മുദ്രകുത്തി പുച്ഛിക്കുകയും ചെയ്തിരുന്നുവെന്നും കാണാൻ കഴിയും. യേശു ക്രിസ്തുവിനെ മിശിഹയായി അംഗീകരിക്കുവാനോ യേശുവിന്റെ ദൈവത്വം ഉൾക്കൊള്ളുവാനോ കഴിയാതെ കേവലം വാചാലതയുടെ പ്രകടനത്തിൽ അഭിരമിച്ചു കൊണ്ട് അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള പരിഹാസം മറയില്ലാതെ തന്നെ അവർ വെളിപ്പെടുത്തുന്ന ഒരു വചനം കൂടി കേൾക്കാം. “അവർ വിസ്മയിച്ചു: ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്ന്? ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതൊക്കെയും എവിടെ നിന്ന് എന്ന് പറഞ്ഞ് അവങ്കൽ ഇടറിപ്പോയി”.
(മത്തായി 13: 54- 56)
ന്യായപ്രമാണവും മത പാരമ്പര്യങ്ങളും ആത്മീയ കർമ്മങ്ങളും കർക്കശമായി പാലിക്കുന്നവരായിരുന്നുവെങ്കിലും അവരുടെ ഹൃദയം സ്നേഹവും അനുകമ്പയും വറ്റിയുണങ്ങിയ അവസ്ഥയിലായിരുന്നുവെന്നതാണ് സത്യം. രാഷ്ട്രീയത്തിൽ സ്വജീവിതവും ഇച്ഛകളും നിരാകരിച്ചുള്ള ത്യാഗസന്നദ്ധതകളുടെയും ആത്മസമർപ്പണത്തിന്റെയും പ്രതിരൂപങ്ങളായ കമ്മ്യൂണിസ്റ്റുകാരോട് ആശ്രിത നിയമനത്തിൽ നേതൃ സ്ഥാനം അലങ്കരിക്കുന്ന ചിലർക്ക് പരമ പുച്ഛമാണത്രേ!
അതുകൊണ്ടുതന്നെ കുറേ അഭിനവ പരീശന്മാരും ശാസ്ത്രിമാരും തങ്ങളുടെ ധാർഷ്ട്യവും അപരനോടുള്ള വെറുപ്പും പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് തൊഴിലിന്റെ അടിസ്ഥാനപരവും സ്വാഭാവികവുമായ ലക്ഷ്യങ്ങളെ അപഹാസ്യമാംവിധം പൊതുസമൂഹത്തിന്ന് മുന്നിൽ കഴിഞ്ഞ ദിവസം അവതരിപ്പിക്കുന്നത് കാണുകയുണ്ടായി. വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ വിള്ളൽ പരിശോധന നടത്തിയ മന്ത്രി കെ രാജനെ കൂലിപ്പണിക്കാരനെന്ന് വിലയിരുത്തിക്കൊണ്ടാണ് തൊഴിലിന്റെ പേരിൽ മനുഷ്യരെ വിവിധ തട്ടുകളായി നിർത്തി ചിലതിന് മാന്യതയും മറ്റു ചിലതിന് നിന്ദ്യതയും കല്പിക്കുന്ന സമ്പ്രദായത്തെ ഇക്കൂട്ടർ മഹത്വവല്‍ക്കരിച്ചത്.
ആത്മാർത്ഥത എന്നത് തൊട്ടുതീണ്ടാതെ പേരിനും പ്രശസ്തിക്കും ഉപജീവനത്തിനുമായുള്ള സംവിധാനമായി രാഷ്ട്രീയത്തെ ദുരുപയോഗം ചെയ്യുന്നവർ തൊഴിലിന്റെ ‘വലിപ്പം’ നോക്കി ആളുകളെ അളക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. അതിനുള്ള മന്ത്രിയുടെ മറുപടിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്. “ഞാൻ ഒരു തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് എന്നുള്ളത് കൊണ്ട് ആ കൂലിപ്പണിക്കാരന്റെ ഹൃദയ വികാരവും വേദനകളും അറിയുന്ന, ചെത്തു തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും ഒക്കെ വേദനകൾ അറിയുന്ന മണ്ണിൽ നിന്ന് വന്ന ഒരാളെന്ന നിലയിൽ, ഞാനെന്റെ അഭിമാനകരമായ സമ്മാനമായി സുഹൃത്തുക്കളിൽ നിന്ന് അത് ഹൃദയപൂർവം ഏറ്റുവാങ്ങുന്നു.” തൊഴിലിൽ ഉയർച്ചതാഴ്ചകൾ ഇല്ലെന്നും ആദർശങ്ങളെ വിറ്റ് കാശാക്കുന്നതാണ് അപമാനമെന്നും തിരിച്ചറിയാത്ത പരീശന്മാർ അധ്വാനനിരതമായ ജീവിതത്തിന്റെ മധുരഫലങ്ങളോട് എന്നും കലഹിച്ചു കൊണ്ടേയിരിക്കട്ടെ, നാം മുന്നോട്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment