ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണത്തിനെന്ന പേരിൽ അംഗീകരിച്ചിരിക്കുന്ന ഭേദഗതി നിയമം വൻവിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ട്രാൻസ്ജെൻഡർ സംഘടനകൾ മാത്രമല്ല സാമൂഹ്യ പ്രവർത്തകരും പ്രതിപക്ഷവുമെല്ലാം നിയമത്തിനെതിരെ രംഗത്തെത്തുകയുണ്ടായി. ലോക്‌സഭയിലെ അംഗബലത്തിന്റെ പിൻബലത്തിൽ ബിൽ പാസാക്കിയെടുക്കുകയായിരുന്നു ബിജെപി സർക്കാർ. വിവിധ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പലപല പേരുകളിൽ അറിയപ്പെടുകയും സാമൂഹ്യമായും കുടുംബപരമായും അകറ്റിനിർത്തപ്പെടുകയും ചെയ്യപ്പെട്ടവരായിരുന്നു ട്രാൻസ്ജെൻഡർ വിഭാഗം. പൊതുവിടങ്ങളിൽ ശല്യക്കാരായും അവഗണിക്കപ്പെട്ടവരായും ജീവിക്കേണ്ടിവന്ന അവർ കാലാന്തരത്തിൽ സമൂഹത്തിന്റെ ഭാഗമായി മാറിയവരാണ്. കുടുംബങ്ങളിൽ നിന്ന് പുറന്തള്ളപ്പെട്ട്, ജീവിക്കാൻ മാർഗമില്ലാതെ തെരുവുകളിൽ അഭയം തേടേണ്ടിവന്നവരായിരുന്നു ഈ വിഭാഗം. അവരെയാണ് നിയമപരിരക്ഷ നൽകി ഉയർത്തിക്കൊണ്ടുവന്നത്. അതിന് സാമൂഹ്യചിന്തകളിലും പൗരബോധത്തിലും പുരോഗമനപരമായ മാറ്റമുണ്ടാക്കുന്നതിന് സാമൂഹ്യസംഘടനകളും സന്നദ്ധപ്രവർത്തകരും നടത്തിയ പരിശ്രമങ്ങൾ ചെറുതായിരുന്നില്ല. പാഴ്ജന്മങ്ങളെന്നോ പാപ ജന്മങ്ങളെന്നോ മുദ്രകുത്തപ്പെട്ട പ്രസ്തുത വിഭാഗത്തെ പൊതുസമൂഹത്തിന്റെ ഭാഗമാക്കുന്നതിനുള്ള നിയമനിർമ്മാണങ്ങളും സംരക്ഷണ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് അത്തരം പരിശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു. ഈ വിഷയത്തിൽ പരമോന്നത കോടതിയും പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുകയും വിധിപ്രസ്താവങ്ങൾ നടത്തുകയും ചെയ്തതാണ്. എന്നിട്ടും അവയെല്ലാം അവഗണിച്ചാണ് കേന്ദ്രം നിയമഭേദഗതിക്ക് തയ്യാറായിരിക്കുന്നത്.
തങ്ങളുടെ പരിഗണനയ്ക്ക് വന്ന ഹർജിയുടെ അടിസ്ഥാനത്തിൽ 2014ൽ സ്വയം നിർണയാവകാശവും സ്വയം തിരിച്ചറിയലുമെന്നത് ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൗലികാവകാശമാണെന്നാണ് സുപ്രീം കോടതി വിധിച്ചിരുന്നത്. എന്നാൽ ഈ ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്ന വ്യവസ്ഥകളാണ് ഭേദഗതി നിയമത്തിലുള്ളത്. ഓരോ വ്യക്തിക്കും സ്വയം ലിംഗ വ്യക്തിത്വം തിരിച്ചറിയാനുള്ള അവകാശം ഉറപ്പുനൽകുന്ന 2019ലെ നിയമത്തിലുള്ള വകുപ്പ് 4(2) ഒഴിവാക്കിയിരിക്കുകയാണ്. ട്രാൻസ്ജെൻഡർ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ലഭിക്കണമെങ്കിൽ മെഡിക്കൽ ബോർഡിന്റെ അനുമതി നിർബന്ധമാക്കിയിരിക്കുന്നു. ഇതാകട്ടെ ജില്ലാ മജിസ്ട്രേറ്റിന്റെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ജനന സമയത്ത് നിർണയിക്കപ്പെട്ട ലിംഗത്തിൽ നിന്ന് വ്യത്യസ്തമായ സ്വത്വത്തെ ട്രാൻസ് നിർവചനത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ലിംഗവ്യത്യാസവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ ആരോഗ്യ സ്ഥാപനങ്ങൾ ജില്ലാ അധികൃതരെ അറിയിച്ചിരിക്കണമെന്ന നിർബന്ധിത വ്യവസ്ഥയുമുണ്ട്. അതും വ്യക്തിയുടെ സ്വകാര്യത എന്ന അവകാശം ഹനിക്കുന്നതാണ്. ഇവയെല്ലാം ഭരണഘടനാനുസൃതമായി നൽകിയിട്ടുള്ള പൗരാവകാശങ്ങളും സ്വകാര്യതാവകാശങ്ങളും ട്രാൻസ് വിഭാഗങ്ങൾക്ക് നിഷേധിക്കുന്നതിന് തുല്യമാണെന്ന് മനസിലാക്കുവാൻ അധിക ബുദ്ധി ആവശ്യമില്ല. സംരക്ഷണവും പ്രത്യേക പരിഗണനയും ആവശ്യമുള്ളവരെന്ന നിലയിൽ നിന്ന് വ്യത്യസ്തമായി, മാറ്റിനിർത്തപ്പെടേണ്ടവരെന്ന പ്രാകൃത ചിന്തയെ പുനരവതരിപ്പിക്കുകയാണ് ബില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ശക്തവും യുക്തിഭദ്രവുമായ എതിർപ്പ് ബന്ധപ്പെട്ടവരിൽ നിന്നെല്ലാം ഉണ്ടായിരിക്കുന്നത്.
സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായി ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരായ ട്രാൻസ്ജെൻഡർ ജനങ്ങളെ സംരക്ഷണവും അവകാശങ്ങളും ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതാണ് നിയമമെന്നതുകൊണ്ടാണ് ശക്തമായ എതിർപ്പുയർന്നിരിക്കുന്നത്. സ്വയംനിർണയം, വ്യക്തിത്വം തിരിച്ചറിയൽ എന്നിവയ്ക്കുള്ള അധികാരങ്ങൾ മെഡിക്കൽ ബോർഡിന് നൽകപ്പെടുന്നതിലൂടെ നിരവധി പേർ പിന്നെയും പുറത്താക്കപ്പെടുന്നതിനാണിടയാക്കുകയെന്ന ബന്ധപ്പെട്ടവരുടെ ആശങ്ക അസ്ഥാനത്തുള്ളതല്ല. പ്രാകൃത മനോഭാവവും പൗരോഹിത്യചിന്തകളും യാഥാസ്ഥിതികത്വവും അടിത്തറയായിരിക്കുന്ന ആശയങ്ങളാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. കണക്കെടുപ്പിൽ വളരെ ന്യൂനപക്ഷമായി ഈ വിഭാഗം ഇപ്പോഴും അവഗണിക്കപ്പെടുന്നതും അത്തരം യാഥാസ്ഥിതിക ചിന്തകൾക്ക് വളക്കൂറുള്ള മണ്ണിടങ്ങളിലാണെന്നതും ശ്രദ്ധിക്കണം. പുരോഗമന സമൂഹങ്ങൾ ഈ വിഭാഗങ്ങളെ അംഗീകരിക്കുകയും പരിഗണന നൽകുകയും ചെയ്യുന്നുണ്ട്. വോട്ടവകാശവും തൊഴിൽരംഗത്തുൾപ്പെടെ വിവിധ മേഖലകളിലേക്കുള്ള പ്രവേശനവും തടസമില്ലാതെ അത്തരം ഇടങ്ങളിൽ ലഭിക്കുന്നുമുണ്ട്. അങ്ങനെയൊരു പരിസരത്ത് ഈ നിയമഭേദഗതി യാദൃച്ഛികമാണെന്ന് കരുതുകവയ്യ. അധഃസ്ഥിത ജനവിഭാഗങ്ങളെ തൊട്ടുകൂടാത്തവരായും സ്ത്രീ ജന്മങ്ങളും ജെൻഡർ സമൂഹങ്ങളും അവഗണിക്കേണ്ടവരുമായി കരുതുന്നൊരു ആശയ തലച്ചോറുകളിൽ നിന്നാണ് ഇത്തരം അബദ്ധ നിയമങ്ങൾ രൂപപ്പെടുന്നത്. നിയമ സ്ഥാപനങ്ങളെപ്പോലും പരിഗണിക്കാതെയാണ് കടുത്ത നീതിനിഷേങ്ങൾക്ക് വഴിവയ്ക്കുന്ന നിയമനിർമ്മാണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിൽ പിൻവലിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഉപദേശക സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബിൽ ഉയർത്തുന്ന പ്രശ്നങ്ങൾ കഴിഞ്ഞയാഴ്ച ചേർന്ന ഉപദേശക സമിതി ചർച്ച ചെയ്തിരുന്നതുമാണ്. ഈ യോഗത്തിൽ കേന്ദ്രസർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ല. പരമോന്നത കോടതിയുടെ നിർദേശം കാറ്റിൽപ്പറത്തിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതുപോലൊരു നിയമം നടപ്പിലാക്കപ്പെടുകയാണെങ്കിൽ അത് പുരോഗമന സമൂഹത്തിന് ഭൂഷണമല്ല.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment