പരാജയം മുമ്പേ അറിഞ്ഞവരുടെ നുണ വ്യവസായം

Janayugom
Developer Admin

“വർക്കി ഒരു ദിവസം കണ്ണാടിയിൽ നോക്കിയപ്പോഴാണ്, വർക്കി ഒരു സ്കോളറാണെന്ന് ആരോ പറഞ്ഞതിന്റെ ഒരു അശരീരി കേട്ടത്. വർക്കി കണ്ണാടിയിലേക്ക് തന്നെ കുറേ നേരം ഉറ്റുനോക്കി. കണ്ണ് കഴച്ചപ്പോൾ മഹാത്മാക്കളെഴുതിയ പുസ്തകങ്ങളിലേക്ക് നോക്കി. കണ്ണാടിച്ചില്ലിട്ട വലിയ ഈ അലമാരികളിൽ നിരത്തിവച്ചിരിക്കുന്ന പുസ്തകങ്ങളുടെ അടുക്കും ചിട്ടയും അടിമുടി നോക്കി. വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോൾ പഴയ കഥയൊന്നു തോന്നുകയാൽ വർക്കി ഇടത്തോട്ടും വലത്തോട്ടും നോക്കി. നോട്ടം വീണത് കുരിശുമരണത്തിന്റെ മുകളിലായിരുന്നതുകൊണ്ട് പിൽക്കാലത്ത് വർക്കിക്ക് കുരിശുമരണത്തെപ്പറ്റി ചിന്തിക്കേണ്ടി വരുമെന്ന ഭീതിയുണ്ടായി. ” പ്രശസ്ത സിനിമാസംവിധായകനും എഴുത്തുകാരനുമായ ജോൺ എബ്രഹാം ‘സ്കോളറായ വർക്കി’ എന്ന കഥയിലെഴുതിയ ആദ്യ വരികളാണിത്. ഇന്ന് തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസിലെ മുഖ്യമന്ത്രിപദ മോഹികളുടെ ക്രൂശിത യുദ്ധത്തിൽ കുരിശുമരണം ഉണ്ടാകുമെന്ന ഭീതിയോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്റെ പൂർവകാല പ്രവൃത്തികളും പ്രസ്താവനകളും മറന്നുകൊണ്ട് നുണപ്രചാരണ വ്യവസായം നടത്തുന്നു. കുരിശുമരണത്തിന് വിധേയമാക്കുവാൻ യത്നിക്കുന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിപദ മോഹികളാണ്. അവരും സതീശന്റെ ജല്പനങ്ങൾ ഏറ്റുപറയുന്നത് തങ്ങൾ സതീശനേക്കാൾ മിടുമിടുക്കന്മാർ എന്ന് സ്ഥാപിക്കുവാനാണ്.
കെപിസിസി അധ്യക്ഷ സ്ഥാനം വി ഡി സതീശനാൽ തെറിച്ച് പോവുകയും നിയമസഭാ സ്ഥാനാർത്ഥിത്വം നിരാകരിക്കപ്പെടുകയും ചെയ്ത, സെമി കേഡർ കോൺഗ്രസ് ഉണ്ടാക്കുമെന്ന് ഉഗ്രപ്രതിജ്ഞ ചെയ്ത് പരാജയപ്പെട്ട കെ സുധാകരൻ മുഖ്യമന്ത്രിയാവാൻ ഏറ്റവും യോഗ്യനും മുതിർന്നവനും രമേശ് ചെന്നിത്തലയാണെന്ന് പരസ്യമായി പത്രക്കാരോട് പറഞ്ഞതിലൂടെ വി ഡി സതീശന് കനത്ത പ്രഹരം കിട്ടി. തൊട്ടുപിന്നാലെ സതീശൻ മാധ്യമപ്രതിനിധികളെ കണ്ടപ്പോൾ മുഖം എത്രമേൽ വിവർണമായിരുന്നു? ആ കണ്ഠം എത്രമേൽ ഇടറി?
ഇടതുപക്ഷവും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ആരോപിക്കുന്നത് ഒരു ദശാബ്ദ കാലത്തെ ഇടതുപക്ഷ ഭരണത്തിലെ വികസന മുന്നേറ്റ വജ്രകാന്തികളെയും ക്ഷേമപ്രവർത്തനങ്ങളുടെ സൂര്യപ്രഭയെയും തമസ്കരിക്കുവാനാണ്, വർഗീയ ഫാസിസ്റ്റ് അജണ്ടകൾക്കെതിരായ മതേതര — മാനവിക മൂല്യങ്ങളുടെ രാഷ്ട്രീയ സംവാദ പരമ്പരകൾ ഒഴിവാക്കുവാനാണ്. അതായത് സംഘപരിവാര ഫാസിസ്റ്റുകളുടെയും ന്യൂനപക്ഷ വർഗീയ ശക്തികളുടെയും അതിഗൂഢ അജണ്ടകൾക്ക് തണലൊരുക്കാൻ കുടകൾ നിർമ്മിക്കുകയാണ് യുഡിഎഫ്. 

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ഭൂരിപക്ഷ‑ന്യൂനപക്ഷ വർഗീയ ശക്തികളൂമായി കൈകോർത്തു പിടിച്ച കോൺഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിലും മതനിരപേക്ഷ വഞ്ചനയുടെ ആ കൊടിയ പാതകത്തിന്റെ കറുത്ത വഴിയിലൂടെ തന്നെ.
ആരാണ് ആർഎസ്എസുമായും ബിജെപിയുമായും രഹസ്യമായും പരസ്യമായും സന്ധി പ്രഖ്യാപിച്ചത്? ചരിത്രം സാക്ഷ്യമാണ്, പണ്ഡിറ്റ് നെഹ്രുവിന്റെ കാലത്ത്, ബാബറി മസ്ജിദിനുള്ളിൽ അർധരാത്രിയുടെ മറവിൽ രാമന്റെ വിഗ്രഹം ഒളിച്ചു കടത്തി സ്ഥാപിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്ന നെഹ്രു പറഞ്ഞു, ‘ആ മന്ദിരം താഴിട്ടു ബന്ധിക്കൂ, അതിന്റെ താക്കോൽ രാമൻ മുങ്ങിത്താണ സരയൂ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയൂ. ഇനിയൊരിക്കലും അതു തുറക്കാൻ പാടില്ല’ എന്ന്. പക്ഷേ പിന്നീട് ആർഎസ്എസിനും ബിജെപിക്കും വിശ്വഹിന്ദു പരിഷത്തിനും ബജ്റംഗ്‌ദളിനും ശിലാന്യാസം നടത്താൻ തുറന്നുകൊടുത്തത് രാജീവ് ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്.
1992 ഡിസംബർ ആറിന്, 464 വർഷക്കാലത്തെ പാരമ്പര്യമുണ്ടായിരുന്ന ബാബറി മസ്ജിദ് സംഘപരിവാര തീവ്രവാദികൾ തകർത്തു തരിപ്പണമാക്കുമ്പോൾ, താഴികക്കുടങ്ങളെ മൺതരികളാക്കുമ്പോൾ വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെടുമ്പോൾ നിസംഗതയോടെയും നിഷ്ക്രിയത്വത്തോടെയും കേന്ദ്രത്തിൽ അധികാരത്തിലിരുന്നത് കോൺഗ്രസാണ്. 2002ൽ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കവേ വംശഹത്യാ പരീക്ഷണം നടത്തിയപ്പോൾ നിശബ്ദമായിരുന്ന പാർട്ടിയാണ് കോ­ൺഗ്രസ് എന്ന ചരിത്രവും ആരാണ് വിസ്മരിക്കുക.
1991ൽ ഇവിടെ കോൺഗ്രസ് — ലീഗ് — ബിജെപി സ­ഖ്യം ഉണ്ടാക്കിയ വസ്തുതയും കേരളം മറന്നിട്ടില്ല. വടകരയിലും ബേപ്പൂരിലും പരസ്യ സഖ്യമുണ്ടാക്കി ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ രത്നസിങ്ങും ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ സംഘപരിവാര പ്രതിനിധിയായ വി രാമൻകുട്ടിയും പരസ്യ ധാരണയിൽ മത്സരിച്ച ചരിത്രം കാലം മറന്നിട്ടില്ല.
ആർഎസ്എസ് സർ സംഘചാലകായ മാധവ് സദാശിവ ഗോള്‍വൾക്കറുടെ ഛായാചിത്രത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പുഷ്പാർച്ചന നടത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എൽഡിഎഫ് – ബിജെപി ഡീൽ എന്ന നുണബോംബ് പൊട്ടിച്ച് മലർന്നുകിടന്ന് തുപ്പുന്നത്. നിയമസഭാ സീറ്റ് കിട്ടാത്തതിനാൽ പ്രകോപിതനായ, ആർഎസ്എസ് ശാഖകൾക്ക് സുരക്ഷാ കവചമൊരുക്കിയെന്ന് അഭിമാനപൂർവം പറഞ്ഞ കെ സുധാകരനും രമേശ് ചെന്നിത്തലയും സതീശന്റെ പൊളിവചനം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവിലും നട്ടാൽ കുരുക്കാത്ത നുണ നട്ടു പിടിപ്പിച്ചു.
കേരളത്തിന്റെ വികസന മുന്നേറ്റത്തെയും ക്ഷേമപ്രവർത്തനങ്ങളുടെ സൂര്യശോഭയേയും തമസ്കരിക്കുവാനാണ് ഭൂരിപക്ഷ‑ന്യൂനപക്ഷ വർഗീയ ശക്തികളുമായി തരാതരം പോലെ സന്ധി പ്രഖ്യാപിക്കുന്ന യുഡിഎഫ് അസത്യ പ്രചാരണത്തിലൂടെ പരിശ്രമിക്കുന്നത്. പരാജയഭീതിയാൽ നുണകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നവർ മതനിരപേക്ഷ കേരളത്തിൽ ഒറ്റപ്പെടുമെന്നത് തീർച്ചയാണ്. ബിജെപിയുമായി ബാന്ധവം സ്ഥാപിച്ച് പറവൂരിൽ പലതവണ മത്സരിച്ച വി ഡി സതീശൻ ഇപ്പോൾ സ്വയം പരിഹാസ്യനാവുന്നു. ഈ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും വർഗീയ ശക്തികളുമായി സഖ്യം സ്ഥാപിച്ചവർ എസ്ഡിപിഐ സ്ഥാനാർത്ഥികളെ പിൻവലിക്കുന്നതിനായി കാലുപിടിക്കുന്നതും കേരളം കണ്ടു.
ഇതാെന്നും പോരാഞ്ഞിട്ടാണ് ചരിത്രനിരാസവും സ്ത്രീനിന്ദയുമുൾപ്പെടെയുള്ള ജുഗുപ്സാവഹമായ പ്രസ്താവനകളും കോൺഗ്രസ് — യുഡിഎഫ് നേതൃത്വത്തിൽ നിന്നുണ്ടാകുന്നത്. ‘സംസ്കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ല’ എന്നാണ് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയായ കോമഡി താരത്തിന്റെ വിടുവായത്തം. സ്വാതന്ത്ര്യസമരം മുതൽ അവകാശ സമരം വരെ നടത്തി സമൂഹത്തെ ഉണർത്തിയ ചരിത്രപുരുഷന്മാരെ അവഹേളിച്ച ഇത്തരക്കാരാണിപ്പോൾ സതീശന്റെ പിൻമുറക്കാർ. കായംകുളം എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ യു പ്രതിഭയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ്.
ജോൺ എബ്രഹാം തന്റെ മറ്റാെരു കഥയായ ‘മല്ലയ്യ’യിലെഴുതിയത് ഈ ഘട്ടത്തിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അന്വർത്ഥമാണ്. “നിങ്ങൾ ചെയ്യുന്ന തെറ്റ് നിങ്ങൾ അറിയുന്നില്ല. നിങ്ങൾ ആടിനെ ആനയാക്കും, ആനയെ ആമയാക്കും, ഓന്തിനെ ഒട്ടകമാക്കും. ”
കോൺഗ്രസിന്റെ രീതിയെ ഹാ! കഷ്ടം എന്നേ പറയാനാവൂ. 

Previous
രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ പുത്തൻ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്; ആഗ...
Next
പുരോഗമന സമൂഹത്തിന് യോജിക്കാത്ത നിയമനിർമ്മാണം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment