പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ഇറാൻ — യുഎസ് സമാധാനചർച്ചകൾ എവിടെയും എത്താതെ അലസിപ്പിരിഞ്ഞത് പശ്ചിമേഷ്യയെയും ലോകത്തെയും അനിശ്ചിതത്വത്തിലേക്കും ആശങ്കയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. ചർച്ചകൾ തകർന്നതോടെ ഹോർമുസ് കടലിടുക്ക് വിമോചിപ്പിക്കാനുള്ള സൈനിക നീക്കം ശക്തമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും അങ്ങനെയുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന ഇറാന്റെയും പ്രഖ്യാപനങ്ങൾ രണ്ടാഴ്ചയായി തുടർന്നുപോന്നിരുന്ന ദുർബലമായ വെടിനിർത്തലിന്റെ അന്ത്യവും മറ്റൊരു ഭീകരയുദ്ധത്തിന്റെ ആരംഭവുമാണെന്ന ആശങ്ക വ്യാപകമാണ്. ഇറാനുമായുള്ള തുടർചർച്ചകളുടെ സാധ്യതകൾ തള്ളിക്കൊണ്ട് ഹോർമുസ് കടലിടുക്ക് ഉപരോധം ഉടൻ ആരംഭിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ ഭീഷണി അദ്ദേഹത്തിന്റെ പതിവ് വായാടിത്തത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നതിന്റെ സൂചനകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ചരിത്രപരമായും സൈനികമായും യുഎസിന്റെ മുഖ്യ നാറ്റോ സഖ്യശക്തിയായ ബ്രിട്ടൻ ഹോർമുസ് ഉപരോധത്തിൽ പങ്കാളിയാവില്ലെന്ന സൂചന പ്രധാനമന്ത്രി കെയർ സ്റ്റാമർ നൽകിക്കഴിഞ്ഞു. സ്റ്റാമറുടെ നിലപാട് വ്യക്തമാണ്. ‘ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, പ്രകൃതിവാതക നീക്കം നിർണായകമാണ്. അത് തടസപ്പെടുന്നത് അന്താരാഷ്ട്രവിപണിയിൽ തന്ത്രപ്രധാനമായ ഈ ഉല്പന്നങ്ങളുടെ വില ഉയർത്തും. അത് സമ്പദ്ഘടനകളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. തങ്ങൾക്ക് മൈൻ വാരാൻ ശേഷിയുണ്ട്. എന്നിരിക്കിലും യുഎസിന്റെ ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ല. ഹോർമുസ് പ്രതിസന്ധി മറികടക്കാൻ യൂറോപ്യൻ സഖ്യശക്തികളുമായി കൂടിയാലോചിക്കും.’ സ്റ്റാമറുടെ നിലപാട് അന്താരാഷ്ട്രരംഗത്ത് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും നേരിടുന്ന കടുത്ത ഒറ്റപ്പെടലിനെയാണ് അടയാളപ്പെടുത്തുന്നത്.
പശ്ചിമേഷ്യയിലെ യുഎസ് ഇസ്രയേലി നയങ്ങൾക്കും ഗാസയിലും ലെബനനിലും ഇറാനിലും തുടരുന്ന യുദ്ധത്തിലും ഇതര പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും അവരുടെ താല്പര്യങ്ങൾക്കും എതിരെ നടത്തുന്ന യുദ്ധങ്ങൾക്കും എതിരെയുള്ള കെയർ സ്റ്റാമറുടെ നിലപാട് പൊടുന്നനെ ഉണ്ടായതോ ഒറ്റപ്പെട്ടതോ അല്ല. അത് ജനതകളുടെ പൊതുവികാരത്തെ അവഗണിക്കാനാവാത്ത രാഷ്ട്രീയ ബോധ്യത്തിൽനിന്നും ഉരുവംകൊണ്ടതാണ്. ഗാസയിലെ കൂട്ടക്കുരുതിക്കും ലെബനനിനും ഇറാനും പശ്ചിമേഷ്യക്കും ലോകത്തിനുതന്നെയും എതിരായ യുദ്ധത്തെ അപലപിക്കാൻ, ഒന്നിലേറെത്തവണ, ചരിത്രത്തിലാദ്യമായി സാർവത്രിക കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കക്കാരൻ, പോപ്പ് ലിയോ പതിനാലാമൻ (ഷിക്കാഗോയിൽ ജനിച്ച മുൻ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവെസ്റ്റ്) തന്നെ മുന്നോട്ടുവരികയുണ്ടായി. തന്റെ നയങ്ങൾക്കെതിരായ പോപ്പ് ലിയോയുടെ പ്രതികരണത്തിനെതിരെ പതിവുപോലെ രൂക്ഷവും മര്യാദാരഹിതവുമായ ഭാഷയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ലോകത്തേറ്റവും പഴക്കം ചെന്ന ഇറാൻ നാഗരികതയെത്തന്നെ തകർക്കുമെന്ന ട്രംപിന്റെ ഭീഷണിയെ ‘തികച്ചും അസ്വീകാര്യം’ എന്നു വിശേഷിപ്പിച്ച പോപ്പ് നേതാക്കളോട് രക്തച്ചൊരിച്ചിലിന് അറുതിവരുത്തണമെന്നും നിർദേശിക്കുകയുണ്ടായി. ‘കുറ്റകൃത്യങ്ങളോട് ദുർബലതയുള്ളവനെന്നും, വിദേശ നയസമീപനങ്ങളിൽ മോശക്കാരാണെന്നും’ ആക്ഷേപിച്ചുകൊണ്ടാണ് ട്രംപ് ആ വിമർശനങ്ങളോട് പ്രതികരിച്ചത്. താൻ ‘വൈറ്റ് ഹൗസിൽ എത്തിയിരുന്നില്ലെങ്കിൽ ലിയോ വത്തിക്കാനിൽ എത്തുമായിരുന്നില്ല’ എന്ന് അവകാശപ്പെട്ട ട്രംപ് സ്വന്തം പദവിക്കുതന്നെ അപമാനകരമായ പരാമർശങ്ങളാണ് പോപ്പിനെക്കുറിച്ച് നടത്തിയത്.
യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രവചനാതീതമായ പ്രസിഡന്റായാണ് ട്രംപ് വിലയിരുത്തപ്പെടുന്നത്. ട്രംപിനെ അമേരിക്കൻ ഭരണഘടനയുടെ 1967ലെ 25-ാം ഭേദഗതി നിയമമനുസരിച്ച് തൽസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന ആവശ്യംവരെ രാജ്യത്ത് ഉയർന്നുകഴിഞ്ഞു. പ്രഖ്യാപിക്കപ്പെട്ട ഒരു ലക്ഷ്യംപോലും കൈവരിക്കാത്ത, ആറാഴ്ചയിലേറെ നീണ്ട യുദ്ധത്തിനുശേഷമാണ് രണ്ടാഴ്ചത്തെ വെടിനിർത്തലിലൂടെ യുഎസ് ഇറാനുമായുള്ള സമാധാന ചർച്ചകൾക്ക് തയ്യാറായത്. യുഎസ് പ്രസിഡന്റ് എന്ന തന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് ലെബനനെതിരായ ഇസ്രയേലി ആക്രമണത്തിൽനിന്നും സയണിസ്റ്റ് ഭരണകൂടത്തെ പിന്തിരിപ്പിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടു. നെതന്യാഹുവിന്റെ പിടിവാശിക്കുമുന്നിൽ പരാജയപ്പെട്ട ട്രംപിന് എങ്ങനെ ഫലപ്രദമായി ഒരു സമാധാനക്കരാർ നടപ്പാക്കാനാകുമെന്ന ലോകത്തിന്റെ സംശയം പ്രസക്തമാണ്. തന്റെ ഉറ്റസുഹൃത്തായ ട്രംപിനെയും ഇന്ത്യയുമായി സഹസ്രാബ്ദങ്ങളുടെ നാഗരിക ബന്ധമുള്ള ഇറാനെയും സമാധാന ചർച്ചകളിലേക്ക് കൊണ്ടുവരുന്നതിൽ നമ്മുടെ സ്വന്തം ‘വിശ്വഗുരു’ പരാജയപ്പെട്ടിടത്താണ് പാകിസ്ഥാൻ മധ്യസ്ഥവേഷം എടുത്തണിഞ്ഞതെന്നത് ഇന്ത്യൻ നയതന്ത്രത്തിന്റെ പരാജയത്തെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment