നിതിൻ രാജിന്റെ മരണവും ജാതി ചിന്തയും

Janayugom
Developer Admin

ഹാഭാരതം അനുശാസനപർവം 44-ാം അധ്യായത്തിൽ ഭീഷ്മർ യുധിഷ്ഠിരനോട് പറയുന്ന പ്രസിദ്ധമായ കഥയുണ്ട്. ഒരിക്കൽ, ഒരു ബ്രാഹ്മണൻ തന്റെ ഉത്തമയായ മകളെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുകയും അതിനായി നിരവധി രാജകുമാരന്മാരെ കണ്ടെത്തുകയും ചെയ്തു. പക്ഷേ ഒരാളും മകൾക്ക് അനുയോജ്യരല്ലെന്ന് മനസിലാക്കി വിഷണ്ണനായിരിക്കെ ഒരു ദിവസം ഒരു വൃദ്ധൻ അദ്ദേഹത്തിന്റെ മുന്നിലെത്തുകയും തന്റെ ഗുണവാനും ധർമ്മപാലകനുമായ മകനുമായുള്ള ബ്രാഹ്മണ പുത്രിയുടെ വിവാഹത്തിന് താല്പര്യം ആരായുകയും ചെയ്തു. വൃദ്ധന്റെ മകനെ കണ്ടപ്പോൾ ഗുണവാനും ഉത്തമനുമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബ്രാഹ്മണൻ തന്റെ മകളെ അയാള്‍ക്ക് വിവാഹം ചെയ്ത് നൽകി. ഈ കഥ പറഞ്ഞ ശേഷം ഭീഷ്മർ യുധിഷ്ഠിരനോട് പറഞ്ഞത് “ന കുലേന ന വർണേന, ഗുണാഃ കന്യാം പ്രയച്ഛതി” എന്നായിരുന്നു. (കുടുംബത്തിന്റെ പേരുകൊണ്ടോ, ജാതിയുടെ പേരുകൊണ്ടോ ഒരു പെൺകുട്ടിയെ നൽകരുത്, ഗുണം ഉള്ളവർക്ക് മാത്രമേ പെൺകുട്ടിയെ നൽകാവൂ). എന്നാൽ ഒരുവനിലെ പൈതൃകമല്ല മറിച്ച് അവനിലെ ഗുണമാണ് മാനിക്കപ്പെടേണ്ടതെന്ന വിശാല കാഴ്ചപ്പാടിൽ നിന്ന് വിരുദ്ധമായി പരിഷ്കാരവും സ്വയ നീതിയും ഭാവിക്കുന്നവർ തങ്ങൾക്ക് വെളിയിലുള്ളവരെ ഹീനരും മ്ലേച്ഛരുമായി വിലയിരുത്തുകയും അമാന്യരും അയോഗ്യരും അധഃകൃതരുമാക്കി തിരസ്കരിക്കുകയും ചെയ്യുന്നതായി ചരിത്രത്തിൽ പലയിടങ്ങളിൽ നമുക്ക് വായിക്കാൻ കഴിയുന്നുണ്ട്.
ആര്യന്മാരെ കുറിച്ചു പഠിക്കുമ്പോൾ ഉന്നത കുലസ്ഥനെന്നും ശ്രേഷ്ഠനെന്നും മറ്റുള്ളവർ ആശ്രയിക്കത്തക്ക സർവ ഗുണങ്ങളും തികഞ്ഞവനെന്നും മഹാനെന്നുമുള്ള വിശേഷണങ്ങൾ അവർ സ്വയം സ്വീകരിക്കുകയും ‘പരാജിതർ’ എന്നും ‘ദസ്യുക്കൾ ‘എന്നും വിശേഷിപ്പിച്ചുകൊണ്ട്, ദ്രാവിഡരെ തങ്ങളുടെ അധീശത്വം അംഗീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 

സാമൂഹ്യനീതി ഉറപ്പാക്കുന്ന ഇന്ത്യന്‍ ഭരണഘടനയും ഭരണഘടന അതിന്റെ പതിനേഴാം വകുപ്പിലൂടെ പുറപ്പെടുവിക്കുന്ന അയിത്ത നിരോധനവുമാകട്ടെ പൊതുകിണറിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേ രിൽ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും ചാക്ക് വിരിച്ച് ക്ലാസ് മുറിയുടെ മൂലയിൽ അപമാനിതനായി ഇരുന്നപ്പോഴും മുടി മുറിച്ച കത്രിക അശുദ്ധമായെന്ന് ആക്രോശിച്ച് മുടി വെട്ടുകാരൻ അഭിമാനത്തെ വ്രണപ്പെടുത്തിയപ്പോഴും ഒരു ദളിത് ബാല്യം വേദനിച്ചതിന്റെയും പിടഞ്ഞതിന്റെയും വൈ ജ്ഞാനിക ഉത്തരമായിരുന്നു. ജന്മാടിസ്ഥാനത്തിൽ രൂപപ്പെടുന്നു എന്നുള്ളത് കൊണ്ടുതന്നെ ഉപേക്ഷിച്ചാലും വിട്ടുപോകാത്തത്ര സങ്കീർണതകൾ നിറഞ്ഞ ജാതി വ്യവസ്ഥ തിരസ്കരിക്കാനും സ്വീകരിക്കുവാനും കഴിയാത്ത വിധത്തിൽ വസ്തുനിഷ്ഠമായ യാഥാർത്ഥ്യമായി പൊതു സമൂഹത്തിൽ നിലകൊള്ളുന്നുവെന്ന് കാണാൻ കഴിയും. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഭാഗത്തുനിന്നുണ്ടായ ജാതീയമായ വിവേചനത്തിന്റെയും മാനസിക പീഡനത്തിന്റെയും ഭാഗമായി മരണമടഞ്ഞ സംഭവവും വർത്തമാന സമൂഹത്തിൽ ജാതി വ്യവസ്ഥകളെ രൂപപ്പെടുത്തിയ ചാതുർവർണ്യത്തിന്റെ പ്രത്യക്ഷവും ഗൂഢവും ക്രൂരവുമായ ഇടപെടലുകളെയാണ് തുറന്നുകാട്ടുന്നത്.
തന്റെ മകൻ കോളജിൽ വച്ച് ക്രൂരമായ ജാതീയ പീഡനത്തിന്നും വർണവിവേചനത്തിനും ഇരയായതായി വെളിപ്പെടുത്തിയ നിതിന്റെ പിതാവ്, മകന്റേത് ആത്മഹത്യയല്ലെന്ന് ഉറപ്പിച്ചു പറയുകയാണ്. തന്റെ സഹോദരിയുമായി നടത്തിയ ഫോൺ ചാറ്റുകളിൽ ഓറൽ പതോളജി വിഭാഗം മേധാവിയും മറ്റൊരു അധ്യാപികയും നിറത്തിന്റെയും ജാതിയുടെയും സാമ്പത്തികനിലയുടെയും പേരിൽ തന്നെ നിരന്തരം അധിക്ഷേപിച്ചതായി നിധിൻ വ്യക്തമാക്കിയിട്ടുണ്ട്.
സവർണബോധം വികസിപ്പിച്ചെടുത്ത വംശീയ ബോധത്തിനുമുന്നിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ദളിത് ജീവിതങ്ങൾക്ക് രക്ഷയില്ലെന്നതിന്റെ നിർഭാഗ്യ സാക്ഷ്യമായി രോഹിത് വെമുലയുടെ വാക്കുകൾ ഈയവസരത്തിൽ ഓർത്തു പോകുന്നു. “കാൾ സാഗനെപോലെ ശാസ്ത്രത്തെക്കുറിച്ച് എഴുതാനായിരുന്നു ഞാൻ സ്വപ്നം കണ്ടത്. എന്നാൽ ഈ കത്ത് മാത്രമാണ് എനിക്ക് എഴുതാനായത്. ലോകത്തെ മനസിലാക്കുന്നതിൽ ഞാനൊരു തികഞ്ഞ പരാജയമായിരുന്നിരിക്കാം. 

സ്നേഹം, ​വേദന, ജീവിതം, മരണം… എല്ലാം തെറ്റായി മനസിലാക്കിയതാകാം. ഒരാവശ്യവുമില്ലാത്ത തിടുക്കം ജീവിതത്തിൽ എനിക്കൊപ്പമുണ്ടായിരുന്നു. ജീവിതം ആരംഭിക്കാനുള്ളതായിരുന്നു ആ തിടുക്കം. മനുഷ്യരിൽ ചിലർക്ക് ജീവിതം തന്നെയാണ് ശാപം. എന്റെ ജനനം തന്നെ കൊടും തെറ്റായിരുന്നു.”
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല കടുത്ത ജാതീയ പീഡനങ്ങളിൽ മനം നൊന്തായിരുന്നു അന്ന് ആത്മഹത്യയിൽ അഭയം പ്രാപിച്ചത്. “എന്റെ പിറവിയാണ് എന്റെ മാരകമായ അപകടം” എന്ന ആത്മഹത്യാക്കുറിപ്പിലെ അദ്ദേഹത്തിന്റെ പരാമർശം ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പോലും ഇതര സമൂഹങ്ങളെ അടിച്ചമർത്തക്കവിധം പുഷ്ടി പ്രാപിക്കുന്ന ജാതീയതയുടെ ബീഭത്സതയെയാണ് വിളിച്ചോതിയത്. ഇതേ സ്ഥാപനത്തിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന ബിഹാറിലെ കാളഹന്ദി സ്വദേശി രശ്മി രഞ്ജൻ സുനയുടെ മരണത്തിനിടയാക്കിയതും ജാതിവിവേചനമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഊർജതന്ത്രത്തിൽ ഗവേഷണം നടത്തിവരികയായിരുന്ന വിദ്യാർത്ഥിക്ക് എലിപ്പനി ബാധിച്ച ഘട്ടത്തിൽ കാമ്പസിലെ മെഡിക്കൽ ജീവനക്കാർ കാണിച്ച അവഗണനയാണ് മരണകാരണമെന്ന് പറയപ്പെടുന്നു. സംസ്കൃത വാക്കായ ‘ദല്‍’ എന്ന പദത്തിൽ നിന്നുമാണ് ‘ദളിത് ‘എന്ന പദം രൂപപ്പെടുന്നത്. ‘ചിതറിയ’ ‘മുറിഞ്ഞ’ തുടങ്ങിയ അർത്ഥങ്ങളാണ് ഈ പദത്തിന് നൽകപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ ജനസംഖ്യയുടെ 25 ശതമാനത്തോളം ദളിത് വിഭാഗങ്ങളാണ്. ജാതീയവും ചരിത്രപരവുമായ കാരണങ്ങളാൽ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട അനേക ജാതികളുടെ കൂട്ടങ്ങളാണ് ദളിതർ. രാജ്യത്ത് ഓരോ പതിനെട്ട് മിനിറ്റിലും ഒരു ദളിതനെങ്കിലും ആക്രമണത്തിന് വിധേയനാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിദിനം 27 അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ആഴ്ചയിൽ ആറ് ദളിതരെയെങ്കിലും കാണാതാവുകയോ തട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നു എന്നാണ് കണക്കുകൾ പറയുന്നത്. തമിഴ്‌നാട്ടിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു സവർണൻ ചുറ്റിലുമുള്ള അവർണരുമായുള്ള സമ്പർക്കം ഒഴിവാക്കുവാൻ 20 അടി ഉയരത്തിൽ കെട്ടിയ ചുറ്റുമതിൽ പൊളിഞ്ഞുവീണ് 17 പേർ മരിച്ച സംഭവം ഓർക്കുന്നുണ്ടാകും. 

ഏറ്റവുമൊടുവിൽ വിദ്യാഭ്യാസ മേഖലയിൽ നിന്നടക്കം പുറത്ത് വരുന്ന രൂക്ഷമായ ജാതീയ പീഡനങ്ങളുടെയും കടുത്ത അവഗണനകളുടെയും വാർത്തകൾ ജാതിചിന്ത ഇന്ത്യൻ സാമൂഹ്യഘടനയുടെ ഭാഗമായിത്തന്നെ നിലകൊള്ളുന്നു എന്ന നഗ്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ പ്രാകൃതവും മനുഷ്യത്വരഹിതവുമായ സാമൂഹ്യ ദുരാചാരത്തെ നിർമ്മാർജനം ചെയ്യാൻ സാധിക്കുകയുള്ളൂ. ജന്മവും ജാതിയുമല്ല മനുഷ്യത്വവും സ്നേഹവുമാണ് ഒരുവനെ ശ്രേഷ്ഠനാക്കുന്നതെന്ന ബോധമാണ് പ്രധാനം. ആധുനിക ലോകത്തിന്റെ ബോധനിലവാരത്തെയും കാഴ്ചപ്പാടുകളെയും സാമൂഹ്യപ്രകൃതികളെയും രൂപപ്പെടുത്തുന്ന വികലമായ ജീവിത വ്യവസ്ഥകളെ നിയമം മൂലം നിർമ്മാർജനം ചെയ്താലും മാനസികമായി മാറാൻ തയ്യാറല്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും. മാറേണ്ടത് കാഴ്ചപ്പാടുകൾ തന്നെയാണ്. 

Previous
ഡോ. അംബേദ്കറുടെ സ്വപ്നം സഫലമാക്കിയ കേരളം
Next
പരാജയപ്പെട്ട സമാധാനചർച്ചയും ഉരുണ്ടുകൂടുന്ന യുദ്ധഭീഷണിയും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment