കേരളത്തിന്റെ വികസന മുന്നേറ്റത്തെ ഇനിയും അഞ്ചു വർഷം നയിക്കേണ്ടവർ ആരെന്ന് വെളിപ്പെടാനിരിക്കുന്ന വേളയിലാണ് ഡോ. ബി ആർ അംബേദ്കറെ നമ്മൾ അനുസ്മരിക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം പട്ടിക വിഭാഗങ്ങൾക്ക് പൊതുസമൂഹത്തിൽ സ്ഥാനമുറപ്പിക്കുന്നതിനും സ്വജീവിതത്തിലൂടെ യത്നിക്കുകയായിരുന്നു അദ്ദേഹം. വിദ്യയിലൂടെ മുന്നേറി ജനാധിപത്യ സമൂഹത്തിലെ അധികാരശക്തിയായി പട്ടിക വിഭാഗങ്ങളെ മാറ്റാനാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ഡോ. അംബേദ്കർ അന്തരിച്ച് 70 വർഷമായിട്ടും പല സംസ്ഥാനങ്ങളിലും പട്ടിക വിഭാഗക്കാർ ഇന്നും ദുരിതത്തിലാണ്. എന്നാൽ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലേക്ക് എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ 10 വർഷങ്ങളിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളും ഗ്രാന്റും നൽകി ഉന്നതിയിലേക്ക് അവരെ നമ്മുടെ സർക്കാർ കൈപിടിച്ചുയർത്തുകയാണ്.
പ്രീ പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യസ മേഖല വരെയും, പൈലറ്റ് പരിശീലനം പോലുള്ള ആകർഷക കോഴ്സുകൾക്കും സ്കോളർഷിപ്പ് അനുവദിക്കുന്നു. പണമില്ലാത്തതിന്റെ പേരിൽ ആർക്കും പഠനാവസരങ്ങൾ മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. പ്രതിവർഷം 5.6 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇ ഗ്രാന്റ്സ് സഹായത്തോടെ പഠിക്കുന്നത്. ഇതിനുപുറമേ 7.5 ലക്ഷത്തോളം ഒഇസി/ ഒബിസിഎച്ച്/ ഒബിസി/ പൊതുവിഭാഗം കുട്ടികൾക്കും പഠനസഹായം നൽകുന്നുണ്ട്.
എംബിബിഎസ് കോഴ്സിനു മാത്രം പ്രതിവർഷം 7.5 ലക്ഷം രൂപയാണ് കോഴ്സ് ഫീസായി ഒരു വിദ്യാർത്ഥിക്ക് നൽകുന്നത്. ഇതിനുപുറമേ താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവയ്ക്കും ഗ്രാന്റ് നൽകുന്നു. ഒരു വിദ്യാർത്ഥിയെ ഡോക്ടറാക്കാൻ കുറഞ്ഞത് 50 ലക്ഷം രൂപ സർക്കാർ വിനിയോഗിക്കുന്നുണ്ട്. വിദേശ പഠനത്തിനും 25 ലക്ഷം രൂപ വരെ ഓരോ വിദ്യാർത്ഥിക്കും ചെലവിടുന്നുണ്ട്. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ പ്രീ മെട്രിക് സഹായം പോലും കേന്ദ്രസർക്കാർ നിർത്തലാക്കിയ സാഹചര്യത്തിലാണ് കേരളത്തിന്റെ കരുതൽ. 2.5 ലക്ഷം വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ കുട്ടികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിൽ 60% മാത്രമാണ് കേന്ദ്ര വിഹിതം. ബാക്കി 40% വിഹിതം നൽകുന്നതിന് പുറമേ ലംപ്സം ഗ്രാന്റ്, സ്റ്റൈപന്റ്, പോക്കറ്റ് മണി, ഹോസ്റ്റൽ ഫീസ് എല്ലാം സംസ്ഥാന സർക്കാർ തന്നെയാണ് വരുമാനപരിധി പരിഗണിക്കാതെ നൽകുന്നത്. ഇത്തരത്തിലൊക്കെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. സിവിൽ സർവീസ് പരീക്ഷകളിലടക്കം നമ്മുടെ വിദ്യാര്‍ത്ഥികൾ ഉയർന്ന റാങ്കുകളിൽ വന്നത് ഇതിനുദാഹരണമാണ്. ലക്ഷ്യ സ്കോളർഷിപ്പിലൂടെ 2025ൽ തിരുവനന്തപുരത്തെ കിരണും 2026ൽ കോട്ടയത്തെ ദിവ്യയും ഐഎഎസ് കരസ്ഥമാക്കിയിരുന്നു.
സ്വന്തമായി ഒരു കൊച്ചു വീടെന്ന സ്വപ്നവും 2,12,043 പട്ടികവിഭാഗം കുടുംബങ്ങളിൽ എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കി. ഇതിൽ ലൈഫ് പദ്ധതിയിൽ മാത്രം 1,77,131 വീടുകൾ പൂർത്തികരിച്ചു. ലൈഫിൽ പൂർത്തീകരിച്ച ആകെ വീടുകളുടെ 35.4% വരുമിത്. 2011–16 ഭരണകാലത്ത് യുഡിഎഫ് സർക്കാർ പട്ടികജാതി, പട്ടികവർഗ വകുപ്പുകളുടെ ബജറ്റ് വിഹിതമുപയോഗിച്ച് 41,743 വീടുകളാണ് നിർമ്മിച്ചത്. ഇതിന്റെ അഞ്ചിരട്ടി വീടുകളാണ് ലൈഫിലൂടെയടക്കം നിലവില്‍ പൂർത്തിയാക്കിയത്. പട്ടികജാതി വിഭാഗത്തിൽ 1,30,088 വീടുകളാണ് ലൈഫിൽ പൂർത്തിയായത്. വകുപ്പിലെ ബജറ്റ് വിഹിതത്തിൽ നിന്ന് 2016–17, 17–18 സാമ്പത്തിക വർഷങ്ങളിൽ 23,801 വീടുകളും പൂർത്തിയാക്കിയിരുന്നു. പട്ടിക വർഗത്തിൽ ലൈഫിൽ പൂർത്തിയാക്കിയത് 47,043 വീടുകളാണ്. ബജറ്റ് വിഹിതവും പട്ടികവർഗ പുനരധിവാസ മിഷൻ ഫണ്ട് ഉപയോഗിച്ചും 11,111 വീടുകളും പൂർത്തിയാക്കി. ഇതെല്ലാം ചേർത്താണ് യുഡിഎഫ് കാലത്തേക്കാൾ അഞ്ചിരട്ടി വീട് ഇപ്പോൾ പൂർത്തിയാക്കിയത്.
പട്ടിക ജാതിക്കാർക്ക് നാല് ലക്ഷം രൂപയും ദുർഘട മേഖലകളിൽ താമസിക്കുന്ന പട്ടികവർഗക്കാർക്ക് ആറ് ലക്ഷം രൂപയുമാണ് സർക്കാർ വിഹിതമായി വീട് നിർമ്മിക്കാൻ നൽകുന്നത്. നിലവിലുള്ള വീടുകൾ നവീകരിച്ച് സുരക്ഷിതമാക്കുന്ന ‘സേഫ്’ പദ്ധതിയിലൂടെ 63,964 കുടുംബങ്ങളെയും സുരക്ഷിതരാക്കി.
പട്ടികവിഭാഗക്കാർക്കുള്ള ബജറ്റ് വകയിരുത്തലിലും കേന്ദ്ര വിഹിതത്തേക്കാൾ കൂടുതലാണ് സംസ്ഥാനത്ത് അനുവദിക്കുന്നത്. ഇവിടെ പട്ടികവിഭാഗ ജനസംഖ്യാ ശതമാനമായ 10.55 നെക്കാൾ ഉയർന്ന് 12.7 ശതമാനമാണ് ബജറ്റ് വിഹിതം വകയിരുത്തിയത്. ദേശീയതലത്തിൽ 25.6% വരുന്ന പട്ടിക വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതം 6.3% മാത്രമാണ് കേന്ദ്രം വകയിരുത്തുന്നത്. ഇഷ്ടമുള്ള പ്രദേശത്ത് സ്വന്തമായി കണ്ടെത്തുന്ന സ്ഥലം വാങ്ങാനും പട്ടിക വിഭാഗക്കാർക്ക് ഇപ്പോൾ അവസരമുണ്ട്. നിലവിലുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തി, പട്ടിക വർഗക്കാരായ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് നമ്മുടെ സർക്കാർ. ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങളായി കഴിയുന്നവർ, പതിവായി വെള്ളം കയറുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ടാകും. 70 വയസിൽ താഴെയുള്ളവർക്ക് പോലും ഭൂമിക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽ ലൈഫ് പട്ടികയില്‍ പേരുള്ളവർക്കാണ് ഭൂമി വാങ്ങി നൽകുക. ഭൂരഹിതരായവർ ആവശ്യമായ രേഖകൾ സഹിതം ബ്ലോക്ക് പട്ടികജാതി ഓഫിസിലോ, പട്ടികവർഗ ഓഫിസിലോ അപേക്ഷ നൽകിയാല്‍ മതി. കഴിഞ്ഞ 10 വർഷത്തിനിടെ ഭൂരഹിതരായ 36,612 പട്ടികജാതി കുടുംബങ്ങൾക്കും 9,196 പട്ടിക വർഗ കുടുംബങ്ങൾക്കും ഭൂമി നൽകാന്‍ സർക്കാരിന് കഴിഞ്ഞു. വിദൂര മേഖലകളിൽ താമസിക്കുന്നവരുൾപ്പെടെ എല്ലാവർക്കും മികച്ച വിദ്യാഭ്യാസം നൽകുക എന്ന മാർഗമാണ് പട്ടിക വിഭാഗങ്ങളുടെ ഉന്നതിക്കായി സർക്കാർ പ്രധാനമായും സ്വീകരിച്ചത്. വാണിജ്യ വ്യവസായ യൂണിറ്റുകൾക്കായി ‘സമൃദ്ധി കേരളം’, കുടുംബങ്ങളുടെ എണ്ണം കുറവുള്ള ഉന്നതികളുടെ വികസനത്തിനായി ‘ഐശ്വര്യഗ്രാമം’ തുടങ്ങിയ പുതിയ പദ്ധതികളും ആരംഭിച്ചു.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അഭിമാനത്തോടെ നിൽക്കാവുന്ന ഒരു സാമൂഹ്യാവസ്ഥ എൽഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. വികസനത്തിന്റെ മാറ്റങ്ങൾ എല്ലാ ഉന്നതികളിലും ലഭ്യമാണ്. പട്ടിക വിഭാഗം ജനതയുടെ ക്ഷേമത്തിൽ മറ്റൊരു കേരള മാതൃകയാണ് 10 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലൂന്നി സർക്കാർ നടപ്പാക്കിയ നൂതന പദ്ധതികളാണ് ഈ മാറ്റങ്ങൾ സൃഷ്ടിച്ചത്. ഒരു തുടർഭരണം കൊണ്ട് സമൂഹത്തിൽ എത്ര മാത്രം ക്ഷേമ വികസന പ്രവർത്തനങ്ങൾ സാധ്യമാകും എന്നതിന്റെ തെളിവാണിത്. പല സംസ്ഥാനങ്ങളിലും പട്ടിക വിഭാഗക്കാർ ജാതീയ ആക്രമണങ്ങളും ഉച്ചനീചത്വങ്ങളും നേരിടുമ്പോൾ കേരളം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. എൽഡിഎഫ് സർക്കാരിന്റെ കരുതലിൽ ഡോ. അംബേദ്കർ ലക്ഷ്യമിട്ട സ്വയംപര്യാപ്തതയിലേക്ക് അവർ മുന്നേറുകയാണ്. കൂടുതൽ കരുതലും വിദ്യാഭ്യാസ പ്രോത്സാഹനവും ഇനിയും ശക്തമായി തുടരണം. പട്ടിക വിഭാഗങ്ങളിലെ അവസാനത്തെ ദുർബലനെയും വികസന ധാരയിൽ മുന്നിലെത്തിക്കണം. മഹാനായ ഡോ. അംബേദ്കറെ സ്മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ പൂർണമാക്കാനുള്ള പിന്തുണയും സഹകരണവുമാണ് പട്ടിക വിഭാഗങ്ങളിൽ നിന്നും ഉണ്ടാകേണ്ടത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment