വോട്ടർമാരെ സ്വാധീനിക്കുന്നതിന് കേരളത്തിന് പുറത്തുനിന്ന് കേട്ട് പരിചയമുള്ള കുതന്ത്രങ്ങൾ സംസ്ഥാനത്തും ബിജെപി നടപ്പിലാക്കുന്നുവെന്ന വാർത്തകളാണ് രണ്ടുദിവസമായി വന്നുകൊണ്ടിരിക്കുന്നത്. സൂപ്പർമാർക്കറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന ഒന്നിലധികം സംഭവങ്ങൾ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായി. ശനിയാഴ്ച തൃശൂർ മണ്ഡലത്തിലെ ഒളരിയിലാണ് സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റ് വിതരണം ചെയ്യുന്നത് എൽഡിഎഫ് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്.
അരിയും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടെ 1,000 രൂപയോളം വില വരുന്ന സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. ദുർബല ജനവിഭാഗങ്ങൾ പാർക്കുന്ന ഇടങ്ങളിൽ ചെന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് സൗജന്യമായി വിഷുക്കിറ്റ് വിതരണം ചെയ്യുന്നുവെന്നാണ് അറിയിച്ചത്. വിവരം കിട്ടിയതനുസരിച്ച് നിരവധി പേരെത്തി കിറ്റ് കൈപ്പറ്റി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകരാണ് കിറ്റ് വിതരണത്തിന് പിന്നിൽ ബിജെപിയാണെന്ന് കണ്ടെത്തിയത്. സ്വകാര്യ സൂപ്പർ മാർക്കറ്റിന്റേതെന്ന പ്രതീതിയുണ്ടാക്കി വോട്ടർമാരെ സ്വാധീനിക്കുന്നതിന് കിറ്റ് വിതരണം ചെയ്യുകയെന്ന ഗൂഢതന്ത്രമാണ് ആവിഷ്കരിച്ചത്.
കിറ്റ് വിതരണത്തിന്റെ വിവരങ്ങൾ വിവിധ പ്രദേശവാസികളെ അറിയിക്കുന്ന ചുമതല ബിജെപി പ്രവർത്തകർ ഏറ്റെടുത്തതിലൂടെ ഇത് അവർ ആവിഷ്കരിച്ച കുതന്ത്രമാണെന്ന് വ്യക്തമാകുകയായിരുന്നു. ഈ സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവിനെതിരെ കേസെടുത്ത പൊലീസ് സൂപ്പർമാർക്കറ്റ് പൂട്ടിച്ചു. ഇതിനുപിന്നാലെയാണ് മണലൂർ മണ്ഡലത്തിലും വ്യാപക കിറ്റ് വിതരണം നടക്കുന്നുവെന്ന വിവരം പുറത്തുവരികയും എല്‍ഡിഎഫ് — യുഡിഎഫ് മുന്നണികളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടാകുകയും ചെയ്തത്. വാടാനപ്പിള്ളിയിൽ വിതരണത്തിന് തയ്യാറാക്കിയ 2,000ത്തോളം ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. ഇതിന് പിന്നിലും ബിജെപി പ്രവർത്തകരാണെന്നാണ് കണ്ടെത്തിയത്.
വിവരമറിഞ്ഞ് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചപ്പോള്‍ ബിജെപിക്കാർ രംഗത്തെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചതിലൂടെ അവരുടെ കള്ളക്കളിയാണ് പുറത്തുവന്നത്. തങ്ങൾക്ക് പങ്കില്ലെങ്കിൽ അവരെത്തി സംഘർഷാവസ്ഥയുണ്ടാക്കിയതും വിറളി പിടിക്കുന്നതും എന്തിനെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. എന്നുമാത്രമല്ല ബിജെപി നേതാവും നടനുമായ ദേവനും മറ്റ് ചില പ്രവർത്തകരും തൊട്ടടുത്ത വീട്ടിൽ തമ്പടിച്ചതും സംശയം ബലപ്പെടുത്തി. പ്രതിഷേധത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്ക്വാഡെത്തി പരിശോധന നടത്തി കിറ്റുകൾ പിടിച്ചെടുത്തു. പൊലീസ് കേസെടുക്കുകയും ചെയ്തു.
വിഷു ആഘോഷത്തെ മറയാക്കി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കിറ്റുകളും മറ്റ് ഉപഹാരങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. ഇത്തരം അനാശാസ്യ നടപടികൾ തടയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായ നടപടികൾ എടുക്കേണ്ടതുണ്ട്. മതചിഹ്നങ്ങളും ജാതി ചിന്തകളും ഉയർത്തിവിട്ടും വിദ്വേഷം പ്രചരിപ്പിച്ചും സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ബിജെപി പലയിടങ്ങളിലും നടത്തിയിരുന്നു. ചില മണ്ഡലങ്ങളിൽ യുഡിഎഫും ഈ സമീപനം അവലംബിക്കുന്നത് വാർത്തയായിട്ടുണ്ട്. അതിനെതിരെ പരാതികളും നൽകിയിട്ടുണ്ട്.
പലയിടങ്ങളിൽ സ്ഥാനാർത്ഥിയാകുന്നതിന് ശ്രമിച്ച് ഒടുവിൽ ഗുരുവായൂരിലെത്തിയ ബിജെപി നേതാവ് ബി ഗോപാലഷ്ണൻ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ ഹൈക്കോടതിയുടെ പോലും വിമർശനത്തിനിടയാക്കിയതാണ്. കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥിയും ഇതേ നിലപാട് ആവർത്തിച്ചിരിക്കുന്നു. ബിജെപി മത്സരിക്കുന്ന പല മണ്ഡലങ്ങളിലും പരസ്യമായിതന്നെ ഇത്തരം നീക്കങ്ങളുണ്ട്. പേരാമ്പ്രയിലും കാസർകോട്ടുമെല്ലാം യുഡിഎഫാണ് ഈ തന്ത്രം പയറ്റുന്നത്. അതിന് പിന്നാലെയാണ് ബിജെപി കിറ്റുകളും മറ്റ് ആനുകൂല്യങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുകൾ പുറത്തായത്. തെരഞ്ഞെടുപ്പ് വിജയത്തിന് എന്ത് ഹീനമാർഗവും സ്വീകരിക്കുകയെന്നത് ദേശീയതലത്തിൽ ബിജെപി നടപ്പിലാക്കുന്ന തന്ത്രമാണ്.
സാമുദായിക ധ്രുവീകരണ ശ്രമങ്ങൾക്ക് പുറമേ വോട്ടർമാരെ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി സ്വാധീനിക്കുവാനുള്ള നീക്കങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് ഭരണനേട്ടങ്ങളുണ്ടെങ്കിൽ അത് പറയാമെന്നിരിക്കെയാണ് ഈ നടപടിയെന്നത് അവരുടെ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. ഇതിനർത്ഥം കേന്ദ്രസർക്കാരിന്റെ ഭരണത്തെക്കുറിച്ച് പറഞ്ഞാൽ കേരളീയർ വിശ്വസിക്കില്ലെന്ന് അവർക്കുതന്നെ ബോധ്യമുണ്ടെന്നാണ്. മാത്രവുമല്ല സുതാര്യവും സത്യസന്ധവുമായ തെരഞ്ഞെടുപ്പിനെ അവർ ഭയക്കുന്നുവെന്നതിന്റെ സൂചനയുമാണിത്.
എന്നാൽ ഇതൊന്നും കേരളത്തിലെ പ്രബുദ്ധ വോട്ടർമാരെ സ്വാധീനിക്കാൻ മതിയാകില്ല. കപട വാഗ്‌ദാനങ്ങളിലോ തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങളിലോ അവർ മയങ്ങിപ്പോകുകയുമില്ല. തങ്ങളെ വിലകുറച്ച് കാണുന്ന നടപടിയായി മാത്രമേ അവർ ഇതിനെ വിലയിരുത്തുകയുള്ളൂ. സംസ്ഥാനത്ത് നിലവിലുള്ള എൽഡിഎഫ് സർക്കാരിന്റെ ഭരണ നടപടികളിലൂടെ തങ്ങൾക്കുണ്ടായ അനുഭവങ്ങളിൽ അവർ സംതൃപ്തരാണെന്നാണ് എല്ലാ ജില്ലകളിലും എൽഡിഎഫിന് അനുകൂലമായുണ്ടായിരിക്കുന്ന തരംഗം വ്യക്തമാക്കുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment