പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ചുള്ള സർവകക്ഷി യോഗത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിട്ടുനിന്നതിനെ ചോദ്യം ചെയ്തതിനും സംഘർഷത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള സഭയിലെ ചർച്ചയ്ക്ക് സമ്മതിക്കാത്തതില്‍ സർക്കാരിനെ വിമർശിച്ചതിനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും തമ്മില്‍ സഭയിലുണ്ടായത് ചൂടേറിയ വാഗ്വാദം. ചർച്ചയ്ക്കായി പട്ടികപ്പെടുത്തിയ ബില്ലുകളെക്കുറിച്ച് സംസാരിക്കാൻ ചെയർമാൻ മന്ത്രിയെ അനുവദിച്ചപ്പോൾ, ബിജെപിക്ക് നിയമനിർമ്മാണം പാസാക്കാൻ സമയമുണ്ട് എന്നാൽ നോട്ടീസുകൾ നൽകിയിട്ടും ഇറാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാന്‍ സമയമില്ലെന്ന് ഖാർഗെ വിമര്‍ശിച്ചു.
“എൽപിജി വില കുതിച്ചുയരുകയാണ്, പക്ഷേ സർക്കാർ അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ എന്ത് നിർദേശിച്ചാലും അവർ വിയോജിക്കുന്നു. അവർക്ക് വേണ്ടത് ബലപ്രയോഗത്തിലൂടെ നടപ്പിലാക്കുകയും ചെയ്യുന്നു. ഇത് ജനാധിപത്യമാണോ?” — ഖാര്‍ഗെ ചോദിച്ചു. മറുവശത്ത്, സർവകക്ഷി യോഗം ഒഴിവാക്കിയതിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കുറ്റപ്പെടുത്തിക്കൊണ്ട് ആരോപണത്തെ പ്രതിരോധിക്കാൻ കിരൺ റിജിജു ശ്രമിച്ചു. പെട്രോളിയം മന്ത്രിയും പ്രധാനമന്ത്രിയും വിഷയത്തിൽ ഇരുസഭകളിലും പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും റിജിജു പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ രാഷ്ട്രീയ യുദ്ധം ശക്തമായി. പശ്ചിമ ബംഗാളിലെ വോട്ടർമാർ ഭയപ്പെടാതെ വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തു. തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഇത്തവണ ആരും ഭയപ്പെടേണ്ടതില്ല; ബംഗാളില്‍ വോട്ടർമാരെ തടയാൻ ഒരു ഗുണ്ടയ്ക്കും കഴിയില്ല. തൃണമൂൽ കോൺഗ്രസിനെ പിഴുതെറിയാനും ബംഗാൾ ഉൾക്കടലിലേക്ക് എറിയാനും എല്ലാവരും ഭയമില്ലാതെ വോട്ട് ചെയ്യണം” — അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭാനിപൂരിലെ വോട്ടർമാരോട് സുവേന്ദു അധികാരിയെ പിന്തുണയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ഒരു “സോണാർ ബംഗാള്‍” നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഭരണകക്ഷിയെ അഴിമതി ബാധിച്ചിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
ഭബാനിപൂരിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരിയെ മത്സരിപ്പിക്കുന്നതിലൂടെ, കൊൽക്കത്തയുടെ ഹൃദയഭാഗത്ത് നന്ദിഗ്രാം നാടകം പുനർനിർമ്മിക്കാനും, ബംഗാളിലെ ഏറ്റവും പ്രഗത്ഭരായ രണ്ട് രാഷ്ട്രീയ മുഖങ്ങൾ തമ്മിലുള്ള നേരിട്ടുള്ള അഭിമാന പോരാട്ടമാക്കി മാറ്റാനുമാണ് ബിജെപി ശ്രമിക്കുന്നത്. അതേസമയം, മാൾഡയിലെ കാലിയചക്കിൽ ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞത് ബിജെപിയും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനും ഉൾപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്തുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് മുർഷിദാബാദ് ജില്ലയിലെ സാഗർഡിഗിയിൽ നടന്ന റാലിയിൽ അവർ പറഞ്ഞു.
ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയും പാര്‍ട്ടി ഹൈക്കമാൻഡും തമ്മിലുള്ള ആഭ്യന്തര ഭിന്നത പുറത്തുവന്നത് അദ്ദേഹത്തെ മാറ്റി അശോക് മിത്തലിനെ രാജ്യസഭയിലെ ഉപനേതാവായി നിയമിച്ചതിന് ശേഷമാണ്. ആം ആദ്മിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഛദ്ദ ദീർഘകാലം മൗനം പാലിച്ചതിനും ആം ആദ്മി മേധാവി അരവിന്ദ് കെജ്‌രിവാൾ നയിച്ച പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നതിനുമിടയിലാണ് ഈ മാറ്റം. പഞ്ചാബിൽ നിന്ന് ഏഴും ഡൽഹിയിൽ നിന്ന് മൂന്നും ഉൾപ്പെടെ എഎപിക്ക് രാജ്യസഭയിൽ 10 അംഗങ്ങളാണുള്ളത്. അതേസമയം, താൻ നിശബ്ദനാക്കപ്പെട്ടിരിക്കുകയാണെന്നും പരാജയപ്പെട്ടതല്ലെന്നും രാഘവ് ഛദ്ദ പറഞ്ഞു.
എക്സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിൽ, “അവസരം ലഭിക്കുമ്പോഴെല്ലാം, ജനങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ഞാൻ ഉന്നയിക്കാറുണ്ട്, പലപ്പോഴും അവഗണിക്കപ്പെടുന്ന വിഷയങ്ങൾ ഉൾപ്പെടെ. ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകരമാണോ? ഞാൻ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ?” എന്ന് ഛദ്ദ ചോദിച്ചു. തന്നെ സംസാരിക്കാൻ അനുവദിക്കരുതെന്ന് പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മറുവശത്ത്, പഞ്ചാബ് തെരഞ്ഞെടുപ്പിന് മുമ്പ് ഛദ്ദ ബിജെപിയിലേക്ക് മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമാണ്. എന്നാൽ ആം ആദ്മി നേതാക്കൾ ഈ സാധ്യത തള്ളിക്കളഞ്ഞു.
അടുത്തവര്‍ഷം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) മേധാവി മായാവതി പശ്ചിമ ഉത്തർപ്രദേശ് എന്ന പ്രത്യേക സംസ്ഥാനത്തിനായുള്ള പഴയ ആവശ്യം വീണ്ടും ഉന്നയിക്കുന്നു. ബിഎസ്‌പി സംസ്ഥാന പുനഃസംഘടനയെ അനുകൂലിക്കുന്നു. അതേസമയം ബിജെപിയും സമാജ്‌വാദി പാർട്ടിയും ക്ഷേമത്തെക്കാൾ സ്വന്തം രാഷ്ട്രീയത്തിലാണ് കൂടുതൽ താല്പര്യം കാണിക്കുന്നതെന്ന് പശ്ചിമ ഉത്തർപ്രദേശിലെ ജനങ്ങളോട് മുൻ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഈ മേഖലയിലെ ജനസംഖ്യയുടെ 45 ശതമാനത്തിലധികവും ദളിതരും മുസ്ലിങ്ങളുമാണ്. ഇതില്‍ ദളിതര്‍ 20 ശതമാനത്തോളം വരും. ദളിത് ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം ബിഎസ്‌പിയുടെ പ്രധാന അടിത്തറയായി കണക്കാക്കപ്പെടുന്ന ജാതവ് സമുദായത്തിൽപ്പെട്ടവരാണ്.
കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ഭരണപങ്കാളികളാണ്. എന്നാല്‍ അസം രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ജെഎംഎം ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കും. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍ ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ കിഴക്കൻ, വടക്കൻ അസമിലെ തേയിലത്തോട്ടങ്ങളിൽ പ്രചാരണം നടത്തുകയാണ്. അവിടെ ആദിവാസി വോട്ടർമാർ നിർണായകമാണ്. ഝാർഖണ്ഡിനപ്പുറം പാർട്ടിയുടെ രാഷ്ട്രീയ വികാസമാണ് 18 നിയമസഭാ സീറ്റുകളിലെ മത്സരമെന്ന് ജെഎംഎം പ്രഖ്യാപിച്ചു, ഝാർഖണ്ഡിൽ ഉത്ഭവിച്ചതായി കരുതപ്പെടുന്ന സന്താള്‍, മുണ്ട, ഒറാവോൺ, കുറുഖ് സമുദായങ്ങൾ ഉൾപ്പെടെ 65 ലക്ഷത്തിലധികം വരുന്ന ഗോത്ര ജനതയെയാണ് അവർ ലക്ഷ്യമിടുന്നത്. സംസ്ഥാന ജനസംഖ്യയുടെ 20 ശതമാനത്തോളം തേയില മേഖലയിലെ ഗോത്ര സമൂഹമാണ്.
(ഐപിഎ)
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment