ഏപ്രിൽ ഒമ്പതിന് നിയമസഭാ തെരഞ്ഞെടുപ്പ് നമ്മുടെ സംസ്ഥാനത്തെയും ജനങ്ങളെയും സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. വളരെ ജാഗ്രതയോടെയും ഉന്നത രാഷ്ട്രീയ ബോധത്തോടെയും ഈ അവസരം വിനിയോഗിച്ചില്ലെങ്കിൽ അത് നമ്മുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിനാശകരമായ ഫലമായിരിക്കും ഉണ്ടാക്കുക.
മലയാളികളായ നാമെല്ലാം അഭിമാനപൂർവം ഓർമ്മിക്കുകയും പറയുകയും ചെയ്യുന്ന ഒരു കാര്യം, ഏത് മാനദണ്ഡപ്രകാരം നോക്കിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞുവെന്നതാണ്. അത്തരമൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞത് സാമൂഹ്യ രാഷ്ട്രീയ തലങ്ങളിലും ഭരണതലത്തിലും ദശാബ്ദങ്ങളോളം നടത്തിയ നിരന്തരമായ ഇടപെടലുകളുടെയും അക്ഷീണമായ പ്രവർത്തനങ്ങളുടെയും ഫലമായിട്ടാണ് എന്നതു കൂടിയാണ്. ഈ യത്നത്തിന് ദിശാബോധം നൽകിയ ഇടതുപക്ഷത്തിന്റെ കരുത്തും കെട്ടുറപ്പുമാണ് നാമിന്ന് കൈവരിച്ചുകഴിഞ്ഞിട്ടുള്ള നേട്ടങ്ങളുടെ അടിസ്ഥാനം. അത് നിലനിർത്താനും മുന്നോട്ടു കൊണ്ടുപോകാനും ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച കേരളത്തിന് അനിവാര്യമാണ്.
എന്തുകൊണ്ടാണ് കേരളം നമ്പർ വൺ എന്ന് നാം പറയുന്നത്? എതിരാളികൾ പ്രചരിപ്പിക്കുന്നതുപോലെ അതൊരു അടിസ്ഥാനമില്ലാത്ത പൊങ്ങച്ചമാണോ? വസ്തുതകളും കണക്കുകളും യാഥാർത്ഥ്യം കാണിച്ചുതരുന്നുണ്ട്. പബ്ലിക് അഫയേഴ്സ് ഇൻഡക്സിൽ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം കേരളമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചിക പ്രകാരം 2018–19, 2019–20, 2020–21, 2023–24 വർഷങ്ങളിൽ രാജ്യത്ത് കേരളം ഒന്നാംസ്ഥാനത്താണ്. ‘ഗുണമേന്മയുള്ള വിദ്യാഭ്യാസം’ എന്ന സുസ്ഥിര വികസന ലക്ഷ്യത്തിൽ 82 സ്കോറും ‘നല്ല ആരോഗ്യവും ക്ഷേമവും’ എന്ന ലക്ഷ്യത്തിൽ 80 സ്കോറും നേടിയും കേരളം ഇന്ത്യൻ സംസ്ഥാനങ്ങളുടെ മുൻനിരയിലാണ്. ഊർജം, ശുദ്ധജലം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ, അസമത്വങ്ങൾ, കാലാവസ്ഥാ പ്രവർത്തനങ്ങൾ തുടങ്ങിയ മറ്റ് സുസ്ഥിര വികസന ലക്ഷ്യങ്ങളിലും കേരളം മുൻപന്തിയിലാണ്. മാനവ വികസന സൂചികയിൽ 7.5 പോയിന്റോടെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. ഇത് ലോകത്തിലെ വികസിത രാജ്യങ്ങൾക്ക് തുല്യമാണ്.
നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികയനുസരിച്ച് 2021ലും 23ലും സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ബഹുമുഖ ദാരിദ്ര്യമുള്ളത് കേരളത്തിലാണ്. 2021ലെ 0.71ൽ നിന്നും 2023ൽ 0.55ലെത്തി. അവിടെ നിന്നും മുന്നോട്ടുപോയി 2025 നവംബർ ഒന്നിന് ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടു. ആദ്യമായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനം കേരളമാണ്. ട്രാൻസ്പെരൻസി ഇന്റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസും ചേർന്നു നടത്തിയ ഇന്ത്യാ കറപ്ഷൻ സർവേയിൽ രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനവും നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം വർഗീയാസ്വാസ്ഥ്യങ്ങൾ ഇല്ലാത്ത സംസ്ഥാനവും കേരളം തന്നെ.
വയോജന പരിപാലനത്തിലെ രാജ്യത്തെ മികച്ച മാതൃകയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ വയോശ്രേഷ്ഠ പുരസ്കാരം, രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ്, ശിശുമരണ നിരക്ക് വികസിത ലോകത്തിന് തുല്യമായി കുറച്ചുകൊണ്ടുവന്ന സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ അംഗീകാരം എന്നിവയെല്ലാം ലഭിച്ചത് നമ്മുടെ സംസ്ഥാനത്തിനാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിലും പ്രധാനമന്ത്രി സ്വച്ഛ്ഭാരത് പദ്ധതിയിലും ഒന്നാംസ്ഥാനം, കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഇ‑പഞ്ചായത്ത് പുരസ്കാരം, ദേശീയ നഗര ഉപജീവന പദ്ധതിയിലെ മികച്ച പ്രകടനത്തിന് ദേശീയ നഗര മന്ത്രാലയം നൽകുന്ന പുരസ്കാരം, തുടർച്ചയായി ഏഴുവർഷം ദേശീയ നഗര ജീവനോപാധി മിഷൻ കാര്യക്ഷമമായി നടത്തുന്നതിനുള്ള സ്പാർക് അവാർഡ്, വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഒന്നാംസ്ഥാനം എന്നിവ കേരളം നേടി. ‘സംരംഭകവർഷം’ പദ്ധതിയെ രാജ്യത്തെ ‘ബെസ്റ്റ് പ്രാക്ടീസ് ആയി കേന്ദ്രസർക്കാർ തെരഞ്ഞെടുത്തു.
കേരള സ്റ്റാർട്ട് അപ്പ് മിഷൻ മികച്ച പബ്ലിക് ബിസിനസ് ആക്സിലറേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ടൂറിസം രംഗത്തെ പ്രകടനത്തിന് ഗോൾഡൻ സ്റ്റാർ പുരസ്കാരം, ലോൺലി പ്ലാനറ്റ് അവാർഡ്, ബെറ്റർ ഹോളിഡേ അവാർഡ്, ഔട്ട് ലുക്ക് ട്രാവലർ അവാർഡ്, ഉത്തരവാദിത്ത ടൂറിസത്തിനുള്ള പുരസ്കാരം തുടങ്ങിയവയും ഇന്ത്യാ ടുഡേ ന്യൂസ് മാഗസിന്റെ സ്റ്റേറ്റ്സ് സർവേയിൽ ഭാരതത്തിലെ മോസ്റ്റ് ഹാപ്പി സ്റ്റേറ്റ് അംഗീകാരവും കേരളത്തിനാണ്. ഈ അംഗീകാരങ്ങളൊന്നും സംസ്ഥാനത്തെ ഭരണ കക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് രാഷ്ട്രീയാഭിമുഖ്യം പുലർത്തുന്ന ആരെങ്കിലും നൽകിയിട്ടുള്ളതല്ല. കേന്ദ്രസർക്കാരോ അതിന്റെ ഏജൻസികളോ സ്വതന്ത്ര സ്ഥാപനങ്ങളോ നൽകിയവയാണ്. ലോക വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളിലൂടെയാണ് ഈ തെരഞ്ഞെടുപ്പുകൾ നടന്നിട്ടുള്ളത്.
ഈ നേട്ടങ്ങളൊന്നും തന്നെ യാദൃച്ഛികവും ഞൊടിയിടയ്ക്കുള്ളിൽ ഉണ്ടായതുമല്ല. ആധുനിക കേരളത്തിന്റെ നിർമ്മിതിയുമായി ബന്ധപ്പെട്ട് ചരിത്രപരമായി കൈവരിച്ചിട്ടുള്ളതാണ് ഈ നേട്ടങ്ങളുടെ അടിത്തറ. രാജ്യത്തെ വിദേശ ശക്തികളിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടത്തോടൊപ്പം സാമൂഹ്യനീതിക്കും നവോത്ഥാനത്തിനും വേണ്ടിയുള്ള ധീരമായ മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച നാടാണ് കേരളം. തിരുവിതാംകൂറിലെ രാജഭരണകൂടവും ദിവാനും 1947ൽ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്നപ്പോൾ രാജ്യസ്നേഹികളായ ആലപ്പുഴയിലെ തൊഴിലാളിവർഗം അമേരിക്കൻ മോഡലിനെതിരായും ജനാധിപത്യ പരമാധികാര ഇന്ത്യക്ക് വേണ്ടിയും ജീവത്യാഗം ചെയ്യാൻ തയ്യാറായി മുന്നോട്ടുവന്നു.
ക്ഷാമകാലത്തെ പൂഴ്ത്തിവയ്പിനെതിരായി മലബാറിലെ ജനങ്ങൾ സമരരംഗത്തിറങ്ങി. ജന്മിത്തത്തിനും നാടുവാഴിത്തത്തിനും എതിരെ, കൂലിക്കും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി, ചൂഷണത്തിനും മർദനത്തിനും അപമാനത്തിനുമെതിരെ, അയിത്തത്തിനും ജാതീയതയ്ക്കുമെതിരെയെല്ലാമുള്ള എണ്ണമറ്റ സമരങ്ങളുടെ നാടാണിത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി ജന്മിത്തം അവസാനിപ്പിക്കാനും കൃഷിഭൂമിയിൽ കർഷകന് സ്ഥിരാവകാശം ഉറപ്പിക്കാനും കഴിഞ്ഞ നാടിന്റെ പേരും കേരളം എന്നാണ്. നിയമ നിർമ്മാണത്തിലൂടെ ഭൂപരിഷ്കരണം നടപ്പിലാക്കുകയും കുടിയിറക്ക് നിരോധിക്കുകയും ചെയ്തതും ഇവിടെയാണ്. ഇതിനെല്ലാം വേണ്ടി നമ്മുടെ മുൻഗാമികൾ ചൊരിഞ്ഞ രക്തത്തിന്റെ അടിത്തറയിലാണ് അഭിമാനകരമായ ഒന്നാം സ്ഥാനത്തോടെ കേരളം തലയുയർത്തി നിൽക്കുന്നത്. ഈ മുന്നേറ്റത്തിന്റെ നായകനായി എക്കാലവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ പ്രസ്ഥാനവും മുന്നിൽ നടന്നു.
ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള വീറുറ്റ സമരങ്ങളിൽ മാത്രമല്ല ജനപക്ഷ ഭരണനയങ്ങളുടെ നിർവഹണത്തിലും ഇടതുപക്ഷ പ്രസ്ഥാനം മികവ് തെളിയിച്ചു. 1953ൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാഭ്യാസം സാർവത്രികമാക്കാനുള്ള വിപ്ലവകരമായ ചുവടുവയ്പുകൾ നടത്തി. 1957ലെ സിപിഐ നേതൃത്വത്തിലുള്ള പ്രഥമ മന്ത്രിസഭ സമഗ്രമായ കാർഷിക വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആരംഭിച്ചു. ജന്മിത്തം അവസാനിപ്പിക്കാനുള്ള നിയമനിർമ്മാണ പ്രക്രിയയ്ക്ക് തുടക്കമിട്ടത് അന്നാണ്. സമൂഹത്തിലെ ഉന്നതകുലജാതരും വരേണ്യരുമായ ഒരു ന്യൂനപക്ഷത്തിനു മാത്രം അനുഭവവേദ്യമായിരുന്ന ഭരണകൂട സേവനങ്ങൾ സാമാന്യജനങ്ങൾക്ക് ഭക്ഷണവും കൂലിയും ഭൂമിയും പാർപ്പിടവും അടക്കമുള്ള ജീവിതാവശ്യങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ഉപകരണമാക്കി മാറ്റിയത് കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളായിരുന്നു. ഇന്നും ആ നേട്ടങ്ങളുടെ നേരവകാശികളായി ജനങ്ങളുടെ മുന്നിൽ വന്നുനിൽക്കുന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. അതുകൊണ്ടാണ് ഈ സർക്കാരിന് ഭരണത്തുടർച്ച നൽകേണ്ടത്, ഈ നേട്ടങ്ങൾ സംരക്ഷിക്കുന്നതിന് ഒഴിച്ചുകൂടാനാവാത്തതാകുന്നത്.
സ്വാതന്ത്ര്യലബ്ധിയുടെ സമയത്തും ഐക്യകേരളപ്പിറവിയുടെ സമയത്തും പട്ടിണി, ദാരിദ്ര്യം, വിദ്യാഭ്യാസ സൗകര്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും അഭാവം ഇതെല്ലാം കേരളത്തിലും സാധാരണമായിരുന്നു. കാർഷികോല്പാദനത്തിലോ വ്യാവസായികോല്പാദനത്തിലോ മുന്നിലായിരുന്നില്ല കേരളം. എന്നാൽ അവസര സമത്വവും സാമൂഹ്യനീതിയും എല്ലാവർക്കും ഉറപ്പാക്കിയ ഇടതുപക്ഷ ഭരണനയങ്ങളും നടപടികളുമാണ് ലോകവിഖ്യാതമായ കേരള മോഡൽ സൃഷ്ടിച്ചത്. സാമ്പത്തികാഭിവൃദ്ധിയിൽ ലോകത്തിലെ വികസിത രാജ്യങ്ങളിൽ നിന്നും ബഹുദൂരം പിന്നിൽ നിൽക്കുമ്പോഴും സാമൂഹ്യവികാസ സൂചികകളിൽ വികസിത സമൂഹങ്ങളോടൊപ്പം കയ്യെത്തിപ്പിടിക്കാൻ മലയാളിക്ക് കഴിഞ്ഞത് സവിശേഷമായ ഒരു വികസന ക്ഷേമ പരിപാടിയിലൂടെയായിരുന്നു. അതൊരു ഇടതുപക്ഷ പരിപാടിയായിരുന്നു. കാർഷിക ഭൂപരിഷ്കരണത്തിലൂടെയും മിച്ചഭൂമി വിതരണത്തിലൂടെയും എല്ലാവർക്കും കിടപ്പാടം ഉറപ്പുവരുത്തി.
1972ൽ ഭവന നിർമ്മാണ വകുപ്പ് മന്ത്രി എം എൻ ഗോവിന്ദൻ നായരുടെ ‘ലക്ഷം വീട് പദ്ധതി’ മുതൽ ഇന്നത്തെ ലൈഫ് വരെ എല്ലാ മനുഷ്യർക്കും പാർപ്പിടം നൽകാൻ ഭരണകൂടം നേരിട്ട് ഇടപെടൽ നടത്തിയ അനുഭവങ്ങൾ ലോകത്തെവിടെയും ഇല്ല. എല്ലാ ഗ്രാമങ്ങളിലും വിദ്യാലയങ്ങളും ആരോഗ്യ കേന്ദ്രങ്ങളും സർക്കാർ പൊതുപണം ചെലവ് ചെയ്ത് സ്ഥാപിച്ച് നടത്തുന്ന മാതൃകയും ലോകശ്രദ്ധ ആകർഷിച്ചതാണ്. ഒരുകാലത്ത് അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളും സ്ത്രീകളുമടക്കം എല്ലാവർക്കും സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലൂടെ ഒരു പുതിയ സമൂഹസൃഷ്ടിയാണ് ലോക സമക്ഷം അവതരിപ്പിച്ചത്. കേന്ദ്രസർക്കാരിന് നേതൃത്വം കൊടുക്കുന്ന ബിജെപിക്കും അവർ വിഭാവനം ചെയ്യുന്ന രാഷ്ട്രീയത്തിനും ഈ കേരളം സ്വീകാര്യമല്ല. ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയും വിഭജന രാഷ്ട്രീയത്തിലൂടെ ശക്തി പ്രാപിക്കുകയും ചെയ്യുക എന്നതാണ് അവരുടെ നയം. ഇടതുപക്ഷം എല്ലാ മതങ്ങളിലും സാമൂഹ്യ വിഭാഗങ്ങളിലും പെട്ട ജനവിഭാഗങ്ങളുടെ ജീവൽപ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയ വികസന രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നു.
ബിജെപി അന്യവിദ്വേഷത്തിന്റെ പിന്തിരിപ്പൻ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നു. അവർ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും നേർക്ക് ഭരണകക്ഷിയുടെ പിന്തുണയോടെ കടന്നാക്രമണങ്ങൾ നടക്കുന്നു. പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമവാഴ്ചയുടെ സൗകര്യങ്ങൾ ലഭിക്കുന്നില്ല. പീഡകർക്ക് എല്ലാ സംരക്ഷണവും ലഭിക്കുകയും ചെയ്യുന്നു. കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ മതമൈത്രിയും മനുഷ്യസാഹോദര്യവും നിലനിൽക്കുന്നു. വിദ്വേഷ രാഷ്ട്രീയത്തിന് കടന്നുവരാൻ കേരളം ഇടംകൊടുത്തിട്ടില്ല. ബിജെപിക്ക് നിയമസഭയിൽ ഒരംഗത്തിന്റെ പ്രാതിനിധ്യം പോലുമില്ല. ഇതുകൊണ്ടുതന്നെ ബിജെപിയും അവർ നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരും കേരളത്തോടും ഈ സംസ്ഥാനം വച്ചുപുലർത്തുന്ന സാമൂഹ്യനീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയത്തോടും വൈരാഗ്യബുദ്ധി വച്ചുപുലർത്തുന്നു. കേന്ദ്രസർക്കാർ വച്ചുപുലർത്തുന്ന വിദ്വേഷ നിലപാട് കേരളത്തിലെ ക്ഷേമ പ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ടുപോകുന്നതിന് വലിയ തടസം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെതിരെ ബഹുജനാഭിപ്രായം സൃഷ്ടിക്കാനും അർഹമായത് നേടിയെടുക്കാനും സംസ്ഥാന സർക്കാരിനോടും ജനങ്ങളോടും ഒപ്പം നിൽക്കേണ്ട ബാധ്യത ഇവിടുത്തെ പ്രതിപക്ഷത്തിനുണ്ട്.
എന്നാൽ യുഡിഎഫ് ഇക്കാര്യത്തിൽ ചെറുവിരലനക്കുന്നില്ല. കേരളത്തെ പ്രതിനിധീകരിക്കുന്ന മഹാഭൂരിപക്ഷം എംപിമാരും യുഡിഎഫ് ആണെന്നിരിക്കെ പാർലമെന്റിൽ സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ അവർ തയ്യാറാകുന്നില്ല. മകൻ ചത്താലും മരുമകളുടെ കണ്ണുനീർ കാണണം എന്ന യുഡിഎഫ് നിലപാടിന് കേരളത്തിലെ ജനങ്ങൾ അർഹിക്കുന്ന തിരിച്ചടി നൽകും. മൂന്നാം തവണയും എൽഡിഎഫിനെ തെരഞ്ഞെടുക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment