അടുത്തിടെ അവസാനിച്ച പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറാനുനേരെയുള്ള അമേരിക്ക‑ഇസ്രയേൽ സംയുക്ത ആക്രമണത്തെക്കുറിച്ച് സംസാരിച്ചു. എന്നാൽ ശ്രദ്ധേയമായത് അദ്ദേഹം പറഞ്ഞതായിരുന്നില്ല. മറിച്ച് മോഡി ബോധപൂർവം പറയാതിരുന്നവയാണ്. അമേരിക്ക‑ഇസ്രയേൽ സംയുക്ത ആക്രമണത്തെ മോഡി അപലപിച്ചില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തെ പരാമർശിച്ചതുമില്ല. ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട നിരപരാധികളെ കണ്ടതില്ല. സ്കൂളിൽ ബോംബിട്ട് പെൺകുട്ടികളെ ചുട്ടെരിച്ചത് അറിയാത്തതായി നടിച്ചു. ഇസ്രയേൽ ബോംബാക്രമണത്തിൽ പിടഞ്ഞുവീണ നൂറുകണക്കിന് കുരുന്നുകളെക്കുറിച്ചോ നിസഹായരായ മനുഷ്യരെക്കുറിച്ചോ ഒരു വാക്കുപോലും ഉരിയാടാത്ത പ്രധാനമന്ത്രിയുടെ നിലപാട് നയതന്ത്ര ലോകത്ത് കനത്ത ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഗാസയിലെ മനുഷ്യക്കുരുതിയെക്കുറിച്ചുള്ള മൗനവും തുടർന്നു. പ്രധാനമന്ത്രി അറിഞ്ഞുകൊണ്ടു തുടരുന്ന ഇത്തരം നിശബ്ദതയെ നയതന്ത്ര ജാഗ്രതയായി കരുതി തള്ളിക്കളയാനാകില്ല. ഇത് കൂടുതൽ ആഴത്തിലുള്ള പലതിനെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ സ്വതന്ത്ര ശബ്ദത്തെ വിലക്കി അമേരിക്കയുടെ തന്ത്രപ്രധാനമായ മുൻഗണനകൾക്ക് അനുസൃതമായി ഇന്ത്യയുടെ വിദേശനയം പുനഃക്രമീകരിക്കപ്പെടുന്നതിന്റെ കൃത്യമായ സൂചനയാണിത്.
ഈ നയതന്ത്രപരമായ കീഴ്പ്പെടൽ ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. 2020ൽ കോവിഡ് മഹാമാരിയുടെ കാലങ്ങളിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദത്തിന് വഴങ്ങി ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിയിൽ ഇന്ത്യ വരുത്തിയ തിടുക്കത്തിലുള്ള മാറ്റം സമാന പ്രവണതയുടെ തുടക്കമായിരുന്നു. തുടർന്ന് 2019ൽ ഇറാനുമായുള്ള യുഎസ് ഉപരോധത്തിന് ചുവടുപിടിച്ച് എണ്ണ വ്യാപാരത്തിൽ നിന്ന് പിന്മാറാനും തന്ത്രപ്രധാനമായ ചബഹാർ തുറമുഖ പദ്ധതിയുടെ വേഗത കുറയ്ക്കാനും ഇന്ത്യ നിർബന്ധിതമായി.
കൂടുതൽ ചെലവേറിയ എണ്ണ ഇറക്കുമതിയിലേക്ക് മാറാനും ഇന്ത്യ സന്നദ്ധമായി. സാമ്പത്തികവും തന്ത്രപരവുമായി ഇന്ത്യക്ക് വലിയ നഷ്ടമുണ്ടാക്കിയിട്ടും വാഷിങ്ടണിൽ നിന്നുള്ള ഭീഷണികളെ ചോദ്യം ചെയ്യാൻ ഭരണകൂടം തയ്യാറായില്ല. മുൻ യുഎസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജോൺ ബോൾട്ടൺ ദി റൂം വേർ ഇറ്റ് ഹാപ്പെൻഡ് എന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ ഇന്ത്യ അമേരിക്കൻ ഉപരോധങ്ങൾക്ക് എങ്ങനെ കീഴടങ്ങി എന്ന് വിവരിക്കുന്നു. ഇന്ത്യയുടെ ആശങ്കകളെ പുച്ഛിച്ചുതള്ളിയ ട്രംപിന്റെ ആത്മവിശ്വാസം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ ചലനങ്ങൾ.
2026ഓടെ ഭാരതത്തിന്റെ വിധേയത്വം പൂർണരൂപം കൈവരിച്ചു. ഫെബ്രുവരിയിലെ വ്യാപാര കരാറുകൾ പ്രകാരം റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചതും അതിൽ അമേരിക്കൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടം അംഗീകരിച്ചതും ഒരു പരമാധികാര രാഷ്ട്രത്തിന് നിരക്കാത്തതാണ്. ഇത്തരം നിബന്ധനകൾ ഒരു പരമ്പരാഗത വ്യാപാര കരാറിന്റെ ചട്ടക്കൂടിനപ്പുറത്തുള്ളതാണ്. ബാഹ്യമായ മേൽനോട്ടം നയപരമായ ഇടം പരിമിതപ്പെടുത്തിയിരിക്കുന്ന അവസ്ഥയെയാണിത് സൂചിപ്പിക്കുന്നത്. “ഇന്ത്യ അമേരിക്കൻ നിർദേശങ്ങൾ ഭംഗിയായി പാലിക്കുന്നു” എന്ന യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ പരിഹാസം നയതന്ത്ര മര്യാദകളുടെ ലംഘനമാണെങ്കിലും അതിന് മറുപടി നൽകാൻ ഇന്ത്യക്ക് കഴിഞ്ഞതുമില്ല. റഷ്യൻ എണ്ണ താൽക്കാലികമായി വാങ്ങാൻ അനുവദിക്കുന്ന പരിമിതമായ ഇളവ് പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങളും നയതന്ത്ര ചർച്ചകളിൽ അസാധാരണമായി പലതും വിളിച്ചുപറയുന്നതും ഉഭയകക്ഷി ബന്ധങ്ങളിലെ മാറിക്കൊണ്ടിരിക്കുന്ന സന്തുലിതാവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ അമേരിക്കൻ നേതൃത്വത്തിന്റെ അനിവാര്യതയെക്കുറിച്ച് മാർക്കോ റൂബിയോ സംസാരിക്കുമ്പോഴും ചൈനയുടെ കാര്യത്തിൽ ചെയ്ത തെറ്റ് ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കില്ലെന്ന് ക്രിസ്റ്റഫർ ലാൻഡൗ വ്യക്തമാക്കുമ്പോഴും ഇന്ത്യയുടെ വളർച്ച അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും എന്ന സന്ദേശമാണ് അടിവരയിടുന്നത്.
രാജ്യത്തിന്റെ ഊർജ സുരക്ഷാ നയം പോലും ഇന്ന് ബാഹ്യശക്തികളുടെ അനുമതിക്ക് വിധേയമാണ്. റഷ്യ‑ഉക്രെയ്ൻ സംഘർഷത്തെത്തുടർന്ന് കുറഞ്ഞവിലയിൽ ലഭിക്കുന്ന റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ചു, ചെലവ് ഗണ്യമായി കുറയ്ക്കുകയും വിതരണം സ്ഥിരപ്പെടുത്തുകയും ചെയ്തു. എന്നാൽ, വർധിച്ചുവരുന്ന യുഎസ് സമ്മർദത്തെത്തുടർന്ന്, 2026ന്റെ തുടക്കത്തിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറയ്കേണ്ടി വന്നു.
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളെത്തുടർന്ന് അമേരിക്ക അനുവദിച്ച നിശ്ചിതകാല ഇളവുകൾക്ക് കാത്തുനിൽക്കേണ്ടി വരുന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ ഭാരതത്തിന്റെ പരിമിതിയെയാണ് കാണിക്കുന്നത്. ആഭ്യന്തരമായി ആത്മനിർഭർ ഭാരതം എന്നും വിശ്വഗുരു എന്നും പ്രഘോഷിക്കുമ്പോഴും അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ അടിമ സഖ്യകക്ഷി എന്ന നിലയിലേക്ക് ചുരുങ്ങുകയാണ്.
നയതന്ത്രം പലപ്പോഴും വാക്കുകളിലൂടെയും സാന്നിധ്യത്തിലൂടെയും മാത്രമേ അറിയിക്കാനാകൂ. ഇറാൻ ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, പ്രധാനമന്ത്രി മോഡി ഇസ്രയേലിൽ ഉന്നതതല ഇടപെടലുകളിൽ ഏർപ്പെട്ടിരുന്നു. അത്തരം സന്ദർശനങ്ങൾ അവയിൽ തന്നെ അസാധാരണമല്ലെങ്കിലും അവയുടെ സമയം അനിവാര്യമായും പ്രതീകാത്മകമായും പ്രാധാന്യമർഹിക്കുന്നു. അതേസമയം മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ ബന്ധം വികസിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ചബഹാർ തുറമുഖം പോലുള്ള ദീർഘകാല തന്ത്രപരമായ പദ്ധതികൾക്ക് പ്രാധാന്യം കുറഞ്ഞു. യുഎസ് മുൻഗണനകളുമായി യോജിപ്പിച്ച ബദൽ ഇടനാഴികൾ ശ്രദ്ധ ആകർഷിക്കുമ്പോഴും ഇത്തരം മാറ്റങ്ങൾ ഇന്ത്യയുടെ നയതന്ത്ര ഭൂപടത്തെ മാറ്റിവരയ്ക്കുന്നു.
ഒരു രാജ്യത്തിന്റെ പരമാധികാരം അളക്കുന്നത് വെറും വാചകക്കസർത്തിന്റെ ബലത്തിലല്ല. അന്യായമായ യുദ്ധങ്ങളെ അപലപിക്കാനും സ്വന്തം നിക്ഷേപങ്ങളെ സംരക്ഷിക്കാനും അരുത് എന്ന് ഉറപ്പിച്ചു പറയാനുമുള്ള കഴിവിലുമാണ് അത് അടയാളപ്പെടുത്തുന്നത്. ഇത്തരം അളവുകോലുകൾ പ്രകാരം ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം മിഥ്യയായി മാറിക്കഴിഞ്ഞു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് “ഞങ്ങൾ പറയുന്നത് ഇന്ത്യ ചെയ്യുന്നു” എന്ന് പരസ്യമായി പറയാൻ കഴിയുന്നതും അതിൽ ഭാരതത്തിന് നിശബ്ദത പാലിക്കേണ്ടി വരുന്നതും ലജ്ജാകരമാണ്. ഇത് ഒരു ആത്മാഭിമാനമുള്ള പരമാധികാര രാഷ്ട്രമാകാനുള്ള പാതയല്ല, മറിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കോളനിയാകാനുള്ള മാർഗമാണ്. നിശബ്ദതയല്ല, നിശ്ചയദാർഢ്യമാണ് ഒരു ‘വിശ്വഗുരു‘വിന് വേണ്ടത്. മോഡി സർക്കാരിന്റെ നിശബ്ദതയുടെയും കീഴടങ്ങലിന്റെയും ചരിത്രം ഈ പാത കേന്ദ്രഭരണകൂടം സ്വയം തെരഞ്ഞെടുത്തുവെന്ന് അടിവരയിടുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment