എസ്ഐആർ നടപ്പിലാക്കിയില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികയിൽ പേര് ചേർക്കലും നീക്കം ചെയ്യലും നടത്തിയ അസമിലെ പട്ടികയിൽ നിന്ന് സംശയാസ്പദമായ ലക്ഷക്കണക്കിന് വോട്ടർമാരെ നീക്കം ചെയ്തുവെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവന പുറത്തുവരികയുണ്ടായി. ബിജെപി പ്രവർത്തകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇവയിൽ പലതും നീക്കം ചെയ്തതെന്നാണ് അദ്ദേഹം ഫെബ്രുവരിയിൽ വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്തിനായുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം വന്നത്. ഡിസംബറിൽ പുറത്തിറക്കിയ കരടിൽ നിന്ന് 10 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തിരുന്നു. അതിനുശേഷം അന്തിമ പട്ടികയിൽ നിന്ന് 2.4 ലക്ഷം പേരുകൾ കൂടി ഇല്ലാതാക്കി. ബിജെപി മുഖ്യമന്ത്രിമാർ വോട്ടർ പട്ടിക സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തുകയും പരാതി വസ്തുതാപരമാണോയെന്ന് പരിശോധിക്കാതെ ലക്ഷക്കണക്കിനാളുകളെ ഒഴിവാക്കുകയും ചെയ്തുവെന്നതിന്റെ സാക്ഷ്യമാണ് അസം മുഖ്യമന്ത്രിയുടെ പ്രസ്താവന. അതുസംബന്ധിച്ച് എന്തെങ്കിലും പ്രതികരണം നടത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ തയ്യാറായിട്ടുമില്ല. പശ്ചിമ ബംഗാളിൽ എസ്ഐആറിലൂടെ ഏകദേശം 91 ലക്ഷം വോട്ടർമാരാണ് പുറത്താക്കപ്പെട്ടത്. ഈ വോട്ട് വെട്ടൽ നടന്നത് ബിജെപിയിതര പാർട്ടി നേതാക്കൾ വിജയിക്കുന്ന മണ്ഡലങ്ങളിലാണെന്ന് ദ ക്വിന്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭബാനിപൂരിൽ നിലവിലുണ്ടായിരുന്നതിൽ 24.42% പേരുകളാണ് വെട്ടിയിരിക്കുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2,05,487 വോട്ടർമാരുണ്ടായിരുന്ന ഭബാനിപൂരിൽ എസ്ഐആറിന് ശേഷം, എണ്ണം 1,55,308 ആയി. 50, 179 വോട്ടർമാരുടെ കുറവ്.
2011 മുതൽ ഭബാനിപൂർ ടിഎംസിയുടെ ശക്തികേന്ദ്രമാണ്. മമത ബാനർജി ഈ സീറ്റിൽ നിന്ന് നിരവധി തവണ വിജയിച്ചു. ഏകദേശം 25% വോട്ടർമാരെ ഒഴിവാക്കുകയും ബിജെപിയുടെ സുവേന്ദു അധികാരി രംഗത്തെത്തുകയും ചെയ്തതോടെ മത്സരം കൂടുതൽ കടുത്തതായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മമതാ ബാനർജി സുവേന്ദു അധികാരിയോട് പരാജയപ്പെട്ട നന്ദിഗ്രാമിൽ 2024ൽ 2,73,790 വോട്ടർമാരുണ്ടായിരുന്നു. എസ്ഐആറിനു ശേഷം 8,873 വോട്ട് കുറഞ്ഞ് 2,64,917 ആയി (ഏകദേശം 3.24%). 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഖരഗ്പൂർ സദർ മണ്ഡലത്തിൽ 2,39,468 വോട്ടർമാരുണ്ടായിരുന്നു. എസ് ഐആറിന് ശേഷം 59,844 (24.99%) കുറഞ്ഞ് 1,79,624 ആയി. ബഹറാംപൂരിൽ 10. 11,ബാലിഗഞ്ചിൽ 27.08,ബാരുയിപൂർ വെസ്റ്റിൽ 15.68,കൊൽക്കത്ത പോർട്ടിൽ 30.55,കാളിഗഞ്ചിൽ 9.02,അസൻസോൾ സൗത്തിൽ 16.47% വോട്ടർമാരുടെ കുറവുണ്ടായെന്ന് ദ ക്വിന്റ് വാർത്തയിലുണ്ട്.
അതുപോലെതന്നെ തെരഞ്ഞെടുപ്പ് കമ്മിഷനെ സംശയമുനയിൽ നിർത്തുന്നതാണ് വോട്ടിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകളും വ്യക്തതയില്ലായ്മയും. വോട്ടെടുപ്പ് പൂർത്തിയായ ഉടൻ ബന്ധപ്പെട്ട കക്ഷികളും സമ്മതിദായകരും ഒരുപോലെ ഉറ്റുനോക്കുന്നതാണ് എത്രപേർ വോട്ട് ചെയ്തുവെന്ന കണക്ക്. 1977 മാർച്ചിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം എത്ര ശതമാനം പേർ വോട്ട് ചെയ്തുവെന്ന കണക്ക് പുറത്തുവന്നിരുന്നു. അന്ന് ഇന്നത്തെയത്രയും സാങ്കേതിക വിദ്യയുണ്ടായിരുന്നില്ല. കണക്കുകൾ കടലാസിൽ കൂട്ടി നിർണയിക്കുന്നതായിരുന്നു രീതി. എന്നിട്ടുപോലും തൊട്ടടുത്ത ദിവസങ്ങളിൽ എത്രപേർ, എത്ര ശതമാനം വോട്ട് ചെയ്തുവെന്ന കണക്ക് കമ്മിഷന് പറയാൻ കഴിയുമായിരുന്നു. എന്നാലിപ്പോൾ വോട്ടെണ്ണൽ പൂർത്തിയായാൽ പോലും യഥാർത്ഥ കണക്ക് പുറത്തുവിടുന്നതിന് പലപ്പോഴും കമ്മിഷൻ സന്നദ്ധമാകുന്നില്ല. എന്നുമാത്രമല്ല പോളിങ് കഴിഞ്ഞതിനു ശേഷം വോട്ടുകണക്കിൽ വർധനയുണ്ടായെന്ന ആരോപണവും വ്യാപകമായി ഉയരുകയുണ്ടായി.
2024ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ വോട്ട് വർധനയുണ്ടായെന്ന ആരോപണം അടുത്തിടെ ഉന്നയിച്ചത് സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ ജീവിത പങ്കാളിയുമായ പരകാല പ്രഭാകറായിരുന്നു. മൊത്തം വോട്ടുകളുടെ ഏകദേശം 4.16% രാത്രി 11.45 നും പുലർച്ചെ രണ്ടിനും ഇടയിൽ പോൾ ചെയ്തതായി പ്രഭാകർ ആരോപിക്കുന്നു. രാത്രി എട്ടിനും പുലർച്ചെ രണ്ടിനുമിടയിൽ ഏകദേശം 52 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. അർധരാത്രിക്ക് ശേഷം മാത്രം 17 ലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തി. ഏറ്റവും ശ്രദ്ധേയമായ വസ്തുത അർധരാത്രിക്ക് ശേഷം, ഓരോ 20 സെക്കൻഡിലും ഒരു വോട്ട് രേഖപ്പെടുത്തി എന്നതാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലും അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.
3,500 ബൂത്തുകളിലായി പുലർച്ചെ രണ്ടുമണി വരെ പോളിങ് തുടർന്നതായി പ്രഭാകർ പറയുന്നു. ഇവിഎമ്മുകൾ പുനഃസജ്ജമാക്കാൻ 14 സെക്കന്റ് വേണമെന്നിരിക്കെ, വെറും ആറ് സെക്കന്റിനുള്ളിൽ വോട്ടുകൾ എങ്ങനെയാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിലാണ് ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു തിരിച്ചെത്തിയത്. ടിഡിപി 135 സീറ്റുകൾ നേടിയപ്പോൾ, ബിജെപി എട്ട്, പവൻ കല്യാണിന്റെ ജനസേന 21 സീറ്റുകൾ വീതം നേടി. ടിഡിപി കൂടെ നിന്നതുകൊണ്ടാണ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേന്ദ്രഭരണം നിലനിർത്താനായതെന്നതും വോട്ട് മോഷണാരോപണത്തെ ശരിവയ്ക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത്രമേൽ പക്ഷപാതപരവും സത്യസന്ധതയുടെ കാര്യത്തിൽ സംശയാസ്പദവുമായിരിക്കെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. 1968ലെ നിയമമനുസരിച്ച്, പാർലമെന്റിന്റെ ഇരുസഭകളിലും ഇംപീച്ച്മെന്റ് നോട്ടീസ് നൽകി നീക്കം ചെയ്യണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിനുളള അനുമതി നേടാനാകും. ലോക്‌സഭയിൽ കുറഞ്ഞത് 100 അംഗങ്ങളും, രാജ്യസഭയിൽ 50 എംപിമാരും നോട്ടീസിൽ ഒപ്പിടേണ്ടതുണ്ട്. അതനുസരിച്ച് പ്രമേയം ചർച്ചയ്ക്കെടുക്കണമോ എന്നതിൽ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം ലോക്‌സഭയിൽ സ്പീക്കറിലും രാജ്യസഭയിൽ ചെയർമാനായ ഉപരാഷ്ട്രപതിയിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇരുസഭകളിലും വെവ്വേറെ നൽകിയ നോട്ടീസുകൾ തള്ളിക്കളഞ്ഞെങ്കിലും മതിയായ ഒരു കാരണവും ഭരണപക്ഷം നൽകിയിട്ടില്ല.
രാജ്യസഭയിൽ 50ന് പകരം 63 എംപിമാരും ലോക്‌സഭയിൽ 100ന് പകരം 130 പേരും ഒപ്പിട്ട നോട്ടീസാണ് നൽകിയത്. പ്രമേയ നോട്ടീസിൽ ഉൾപ്പെട്ടിരിക്കുന്ന പ്രസക്തമായ വശങ്ങളും സൂക്ഷ്മവും വസ്തുനിഷ്ഠവുമായ വിലയിരുത്തലിനും ശേഷം 1968ലെ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരം തനിക്ക് നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച്, നോട്ടീസ് അംഗീകരിക്കാൻ വിസമ്മതിച്ചുവെന്നായിരുന്നു രാജ്യസഭാ ചെയർമാൻ നൽകിയ മറുപടി. ലോക്‌സഭയിലും സമാന മറുപടിയാണ് നൽകിയത്. ഇവിടെ നാം ആരോഗ്യപരമായ കാരണം നിരത്തി ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച് പോയ ജഗ്ദീപ് ധൻഖറെ ഓർക്കണം. ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ സമർപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിക്കണമെന്ന ധൻഖറിന്റെ നിലപാട് കേന്ദ്രസർക്കാരിന് ഇഷ്ടപ്പെട്ടില്ലെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി. ജസ്റ്റിസ് വർമ്മയെ നീക്കം ചെയ്യുന്നതിനുള്ള ഒരു പ്രമേയം കേന്ദ്രം തയ്യാറാക്കി, പ്രതിപക്ഷ എംപിമാരിൽ നിന്നും ഒപ്പുകൾ വാങ്ങി, ലോക്‌സഭയിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് പ്രതിപക്ഷ എംപിമാരുടെ പ്രമേയം രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ധൻഖർ അംഗീകരിച്ചത് സർക്കാരിനെ അസ്വസ്ഥപ്പെടുത്തുകയും ഇത് ധൻഖറിനെതിരായ ഭീഷണിയായി മാറുകയും മണിക്കൂറുകൾക്കുള്ളിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിലേക്ക് നയിക്കുകയും ചെയ്തുവെന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. ഇതേ സാഹചര്യം ഭയക്കുന്ന സ്പീക്കറും ഉപരാഷ്ട്രപതിയും മറിച്ചൊരു തീരുമാനമെടുത്താലുണ്ടാകുന്ന പ്രത്യാഘാതം ബോധ്യമുള്ളവരാണ്. അതുകൊണ്ടാണ് ഓം ബിർളയും സി പി രാധാകൃഷ്ണനും ആദ്യ നോട്ടീസ് തളളിയിട്ടുണ്ടാവുകയെന്നതിൽ സംശയമില്ല.
2023ലെ ചീഫ് ഇലക്ഷൻ കമ്മിഷണറും മറ്റ് ഇലക്ഷൻ കമ്മിഷണർമാരും (നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി) നിയമപ്രകാരം, സിഇസിയെ സുപ്രീം കോടതി ജഡ്ജി എന്ന നിലയിലുള്ള സമാന കാരണങ്ങളല്ലാതെ അദ്ദേഹത്തിന്റെ ഓഫിസിൽ നിന്ന് നീക്കം ചെയ്യാൻ പാടില്ലെന്ന് പറയുന്നു. 1968ലെ ജഡ്ജസ് എൻക്വയറി ആക്ട് അനുസരിച്ച്, പാർലമെന്റിന്റെ ഇരുസഭകളിലും ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയാൽ ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യാൻ കഴിയും. അതേ രീതിയനുസരിച്ചായിരുന്നു ഗ്യാനേഷ് കുമാറിനെതിരായ നോട്ടീസ് പ്രതിപക്ഷം നൽകിയത്. എന്നാൽ മതിയായ കാരണം പോലും ബോധിപ്പിക്കാതെയാണ് നോട്ടീസ് തള്ളിയത്. സാങ്കേതിക കാരണങ്ങളും പ്രത്യേകാധികാരങ്ങളും ഉപയോഗിച്ച് നോട്ടീസ് തള്ളിയെങ്കിലും രാജ്യത്തെ ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടെടുപ്പ് സംബന്ധിച്ചുയരുന്ന സംശയങ്ങളും പ്രക്രിയകൾ സംബന്ധിച്ച ദുരൂഹതകളും തള്ളപ്പെടുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടക്കമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന് ചുറ്റും മൂടിനിൽക്കുന്ന കറുത്ത മേഘങ്ങൾ മായ്ക്കപ്പെടുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രണ്ടാമതും കുറ്റവിചാരണാ നോട്ടീസ് നൽകുന്നതിന് പ്രതിപക്ഷം നിർബന്ധിതമായിരിക്കുന്നത്.
(അവസാനിച്ചു)
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment