വനിതാ സംവരണം: വഞ്ചനയുടെ മറ്റൊരു മുഖം

Janayugom
Developer Admin

ന്ത്യൻ ജനാധിപത്യത്തിന് കേവലം ഒരു നിയമനിർമ്മാണ പ്രക്രിയ മാത്രമല്ല വനിതാ സംവരണം. രാജ്യത്തിന്റെ അധികാരഘടനയെയും പ്രത്യയശാസ്ത്രപരമായ ദിശയെയും സാമൂഹിക നീതിയെയും ചിട്ടപ്പെടുത്തുന്ന നിർണായകമായ രാഷ്ട്രീയ സമസ്യയാണത്. ഭാരതീയ ജനതാ പാർട്ടി ഈ വിഷയത്തെ അവതരിപ്പിച്ച രീതി വിശകലനം ചെയ്യുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തെ അവർ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റി എന്ന് ബോധ്യപ്പെടും. വനിതാ സംവരണം സാമൂഹിക മാറ്റത്തിനായല്ല, തന്ത്രപരമായ ഒരു രാഷ്ട്രീയ ആഖ്യാനം രൂപപ്പെടുത്താനാണ് ഉപയോഗിക്കുന്നതെന്ന് കൂടുതൽ തെളിമയോടെ വ്യക്തമാകുന്നു. ഇവിടെ ഭരണപക്ഷത്തിന്റെ ലക്ഷ്യം ബില്ല് പാസാക്കി നടപ്പിലാക്കുക എന്നതല്ല, മറിച്ച് പ്രതിപക്ഷത്തെ കുറ്റക്കാരായി ചിത്രീകരിക്കുക എന്നതിൽ കേന്ദ്രീകരിക്കുന്നു. സംവരണ ബില്ലിനെ സെൻസസുമായും മണ്ഡല പുനർനിർണയവുമായും ബന്ധിപ്പിച്ചതിലൂടെ ബിജെപി ബില്ലിന്റെ ഫലപ്രാപ്തിയെ തടസപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇത് വെറുമൊരു സാങ്കേതിക നടപടിയല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഭാഗമാണ്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കില്ലെന്നും വ്യക്തമാക്കിയ നിബന്ധനകളോട് പ്രതിപക്ഷം വിയോജിക്കുമെന്നും സർക്കാരിന് ഉറപ്പായിരുന്നു. അതുകൊണ്ട് ബില്ല് നടപ്പിലാക്കാൻ വേണ്ടിയല്ല, മറിച്ച് അത് പരാജയപ്പെടാൻ വേണ്ടി തന്നെയാണ് അവതരിപ്പിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു. അതിലൂടെ പരാജയത്തിന്റെ പഴി പ്രതിപക്ഷത്തിനുമേൽ അടിച്ചേല്പിക്കാനും തങ്ങൾ സ്ത്രീകളുടെ പരിപൂർണ സംരക്ഷകരാണെന്ന് വരുത്തിത്തീർക്കാനും കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. 

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി രാഷ്ട്രത്തോട് നടത്തിയ പ്രസംഗം ഇത്തരം കുബുദ്ധിയെ കൂടുതൽ വെളിച്ചത്ത് കൊണ്ടുവന്നു. വനിതാ സംവരണത്തെ ചരിത്രപരമായ ഒരു നേട്ടമായി പ്രഖ്യാപിക്കുമ്പോൾത്തന്നെ പ്രതിപക്ഷത്തെ നിശിതമായി വിമർശിക്കുന്ന നടപടിയിലൂടെ ബിജെപി പുലർത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് തെളിയിക്കുന്നു. നയപരമായ ചർച്ചകൾക്ക് പകരം പ്രതീകാത്മകമായ പ്രഖ്യാപനങ്ങളിലൂടെ പൊതുജനങ്ങളെ സ്വാധീനിക്കുന്ന രീതിയാണിത്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ചരിത്രപരമായ നിലപാടുകളിൽ നിന്ന് ഇതിനെ വേർപെടുത്താനാവില്ല. തുടക്കം മുതൽ കേന്ദ്രീകൃത അധികാരത്തിന് വേണ്ടി വാദിച്ച ആർഎസ്എസ്, രാജ്യത്തിന്റെ ഫെഡറൽ ഘടനയോട് എക്കാലവും പിന്തിരിഞ്ഞുനിന്നു. ഭരണഘടനാ നിർമ്മാണ വേളയിൽ ആർഎസ്എസ് അവരുടെ മുഖപത്രമായ ‘പാഞ്ചജന്യ’ത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ സംസ്ഥാന നിയമസഭകളുടെ നിലനില്പിനെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ആവർത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇത് കേവലം അഭിപ്രായ വ്യത്യാസമായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ജനാധിപത്യ രീതിയോടുള്ള കടുത്ത എതിർപ്പിന്റെ അനന്തര ഫലമായിരുന്നു. വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ, മണ്ഡല പുനർനിർണയത്തെയും സീറ്റ് വിഭജനത്തെയും വെറുമൊരു ഭരണപരമായ നടപടിയായി കാണാനാവില്ല. അത് രാഷ്ട്രീയ അധികാര സന്തുലിതാവസ്ഥയുടെ മാറ്റത്തിന് ഉപകരിക്കുന്ന ആയുധം കൂടിയാണ്. വനിതാ സംവരണം പോലുള്ള സുപ്രധാനമായ ഒരു വിഷയത്തെ മണ്ഡല പുനർനിർണയവുമായും സീറ്റ് വിഭജനവുമായും കൂട്ടിക്കെട്ടുമ്പോൾ, “ശക്തമായ കേന്ദ്രീകൃത രാഷ്ട്രം” എന്ന അവരുടെ ദീർഘകാല അജണ്ടയിലേക്കുള്ള ചുവടുവയ്പ്പ് തന്നെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പുരോഗമനപരമായ പരിഷ്കാരങ്ങളെ മുമ്പും എക്കാലവും ഇതേ പ്രത്യയശാസ്ത്രങ്ങൾ എതിർത്തിട്ടുണ്ട്. സ്ത്രീകൾക്ക് സ്വത്തിലും വിവാഹത്തിലും പിന്തുടർച്ചാവകാശത്തിലും നീതി ഉറപ്പാക്കാൻ ബി ആർ അംബേദ്കർ കൊണ്ടുവന്ന ‘ഹിന്ദു കോഡ് ബില്ലിനെ’ ആർഎസ്എസും അനുബന്ധ സംഘടനകളും നഖശിഖാന്തം എതിർത്തത് ചരിത്രമാണ്. അന്ന് ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അടൽ ബിഹാരി വാജ്പേയി ഈ ബില്ലിനെ കുടുംബഘടനയ്ക്ക് മേലുള്ള ആക്രമണം എന്നാണ് വിശേഷിപ്പിച്ചത്. ഇത് പാരമ്പര്യത്തെ സംരക്ഷിക്കാനായിരുന്നില്ല, മറിച്ച് സ്ത്രീകളുടെ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും തടയിടാനായിരുന്നു. ഇന്ന് അതേ ശക്തികൾ വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോൾ, അത് ആത്മാർത്ഥത കൊണ്ടാണോ അതോ വെറുമൊരു രാഷ്ട്രീയ മുഖംമൂടിയാണോ എന്ന് നിരന്തരം അന്വേഷിക്കേണ്ടതുണ്ട്. ആത്മാർത്ഥമായ താല്പര്യമായിരുന്നു മുന്നിൽ നയിച്ചിരുന്നതെങ്കിൽ ബില്ല് നടപ്പിലാക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുന്ന നിബന്ധനകൾ അതിൽ ഉൾപ്പെടുത്തില്ലായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പൊതുസമ്മതി ഉണ്ടാക്കാൻ തീവ്രവും ആത്മാർത്ഥവുമായ ശ്രമങ്ങൾ നടത്തുമായിരുന്നു. എന്നാൽ ഇവിടെ വൈരുധ്യം പ്രകടമാണ്. ഒരു വശത്ത് സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയിരുന്ന പുരാതന സാമൂഹിക വ്യവസ്ഥിതികളെ സനാതന സംസ്കാരത്തിന്റെ മേൽവിലാസത്തിൽ തിരികെ കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. ഈ വൈരുധ്യം യാദൃച്ഛികമല്ല. അത് ആധുനിക ജനാധിപത്യ മൂല്യങ്ങളുമായി ഒത്തുപോകാത്ത ഒരു പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. 

ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയത്തെ വിലയിരുത്തേണ്ടത് അവരുടെ വാക്കുകൾ കൊണ്ടല്ല, നിശ്ചയമായും പ്രവൃത്തികൾ കൊണ്ടാണ്. വനിതാ സംവരണത്തിന്റെ കാര്യത്തിലും ഈ വിഷയം സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനായിരുന്നില്ല, മറിച്ച് ബിൽ പരാജയപ്പെടുമെന്നും ആ സാഹചര്യം വിജയമായി മാറ്റാൻ കഴിയുമെന്നുള്ള രാഷ്ട്രീയ തന്ത്രമായി ഉപയോഗിക്കുകയായിരുന്നു. പ്രതീകാത്മകമായ രാഷ്ട്രീയത്തെയും യഥാർത്ഥ സാമൂഹിക മാറ്റത്തെയും തമ്മിൽ തിരിച്ചറിയുക എന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി. വനിതാ സംവരണം എന്നത് കേവലം സീറ്റുകളെക്കുറിച്ചുള്ളതല്ല, മറിച്ച് അധികാരത്തിലുള്ള തുല്യ പങ്കാളിത്തത്തെക്കുറിച്ചാണ്. അതിനെ ഒരു രാഷ്ട്രീയ കളിപ്പാട്ടമാക്കാൻ അനുവദിക്കരുത്. ഈ കപടത ഇന്ന് ബോധ്യപ്പെട്ടില്ലെങ്കിൽ, വരുംകാലത്ത് അത് സ്ത്രീകളുടെ അവകാശങ്ങളെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ ജനാധിപത്യ ഘടനയെയും തകർക്കും. വനിതാ സംവരണത്തെ രാഷ്ട്രീയ തന്ത്രങ്ങൾക്കുപരി സ്ത്രീകളുടെ മൗലികമായ അവകാശമായിത്തന്നെ കാണേണ്ടതുണ്ട്. 

Previous
വിനീതവിധേയന്റെ ദാസ്യവൃത്തി
Next
പാര്‍ട്ടിവിട്ട എഎപി നേതാക്കളുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment