അധികാരത്തിനും കിട്ടിയ അധികാരം നിലനിർത്താനും സ്വേച്ഛാധിപതികൾ ചെയ്യാൻ മടിക്കുന്ന ഒരു പാതകവും മനുഷ്യൻ ഇന്നോളം കണ്ടുപിടിച്ചിട്ടില്ല. പ്രവാചകന്മാരും ഗാന്ധിജിയും മണ്ടേലയും മറ്റും മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണെങ്കിൽ, ലോകത്തിലെ ഘാതക ചക്രവർത്തിമാരിൽ അഗ്രാസനാർഹരാണ് ചെങ്കിസ്‌ഖാൻ, ലിയോ പോൾ രണ്ടാമൻ, പോൾ പോട്ട്, ഹിറ്റ്ലർ, മുസോളിനി, സ്റ്റാലിൻ, കിം ഇൽ സങ് തുടങ്ങിയവർ. അക്കൂട്ടത്തിൽ പെടുന്നു വർത്തമാന കാലത്ത് ഡൊണാൾഡ് ട്രംപ്, നെതന്യാഹു, വ്ലാദിമിർ പുടിൻ, നരേന്ദ്ര മോഡി, എർദോഗാൻ, വിക്ടർ ഓർബൻ തുടങ്ങിയവർ. ഇവർ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ സാമ്യമില്ല. ബഹുവിധത്തിലുള്ള വേഷങ്ങൾ അണിഞ്ഞാണിവർ പ്രത്യക്ഷപ്പെടുക. ദുഷ്ടക്കൂട്ടത്തെ നശിപ്പിക്കാൻ ഈശ്വരൻ ‘യുഗേ യുഗേ’ അവതരിക്കുമെന്നത് ഭാരതീയ വിശ്വാസങ്ങളിൽ ഒന്നാണ്. എന്നാൽ നന്മയെ നശിപ്പിക്കാൻ ചിലർ അവതരിക്കുമെന്ന് ഇക്കൂട്ടര്‍ സമ്മതിക്കുമോ എന്നറിയില്ല. കാരണം അവരുടെ ധാരണ അവരാണ് നന്മയുടെ ആകെത്തുക എന്നതാണ്. ഇന്ന് ലോകത്ത് ഇത്തരക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. അവർ എന്തും വിളിച്ചു പറയും, എന്തും പ്രവർത്തിക്കും. അറിവില്ലായ്മയുടെ മകുടോദാഹരണങ്ങൾ. അധികാരത്തിൽ ജീവിതാവസാനം വരെ കഴിഞ്ഞുകൂടാനുള്ള അത്യാഗ്രഹത്തിൽ അഭ്യാസങ്ങൾ കാട്ടിക്കൂട്ടി ഒടുവിൽ മനുഷ്യജീവനെ കീടതുല്യമായി കാണുന്ന നൃശംസതയിലേക്ക് ലോകത്തിലെ പല ഭരണകൂടങ്ങളും കുതിച്ചുചാടുകയാണ്. പശ്ചിമേഷ്യയിൽ മിക്കവാറും എല്ലായിടത്തും മൃതിദേവതയുടെ നീരാട്ടുകുളി പാവപ്പെട്ട മനുഷ്യരെ സംഹരിച്ചുകൊണ്ടിരിക്കുന്നു. അവിടെ ഈ മൃത്യുതാണ്ഡവം അരങ്ങേറുമ്പോൾ നമ്മുടെ പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത്. ക്രൂരതയുടെ പര്യായമായ ഇസ്രയേലിനും അമേരിക്കയ്ക്കും പൂർണപിന്തുണ പ്രഖ്യാപിക്കുന്നു. സാമ്രാജ്യത്വത്തിന്റെ വിനീതദാസനായി നിൽക്കുന്നു. ഇവരെല്ലാം പഴയ ചെങ്കിംസ് ഖാൻ, നീറോ തുടങ്ങിയവരുടെ വംശമാർഗത്തിലൂടെയല്ലെ മുന്നേറുന്നത്. പാവങ്ങളായ ആബാലവൃദ്ധം ജനങ്ങളെ പലസ്തീനിൽ മൃത്യുവിനിരയാക്കി. അതുകണ്ട് ഭരണകൂടങ്ങൾ ആർത്തട്ടഹസിക്കുന്നു. പണ്ട് കുട്ടികളടക്കമുള്ളവർ ഉറങ്ങിക്കിടക്കുമ്പോൾ അവരെ അഗ്നിക്കിരയാക്കിയതിനുശേഷം അശ്വത്ഥാമാവ് അട്ടഹസിച്ചതുപോലെ. എത്രയെത്ര പിഞ്ചുകുഞ്ഞുങ്ങളെയാണ് നെതന്യാഹു പലസ്തീനിൽ മൃത്യുവിനിരയാക്കിയത്.
പാവങ്ങളെ തല്ലുകയും കൊല്ലുകയും അവരെ ദ്രോഹിക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നിയമ സമാധാനപാലന വ്യവസ്ഥയാണ് ലോകം മുഴുവൻ പ്രവർത്തിച്ചുവരുന്നത്. ഇന്ത്യയിൽ ആ വ്യവസ്ഥ ശക്തമായി നിലനിൽക്കുന്നു. ഇവിടെ നീതിയുടെ മരണം അഭംഗുരം നടക്കുന്നു. പാവങ്ങൾ നീതി കിട്ടാതെ മരിക്കുമ്പോൾ ഭരണഘടന ജീവിക്കുകയില്ല. ഇന്ന് ഭരണഘടനയെ ബഹുമാനിക്കാത്ത സർക്കാരാണ് നിലനിൽക്കുന്നത്. ഫാസിസ്റ്റുകൾക്കറിയാം കൂട്ടക്കൊല നടത്തുന്നവർക്ക് വീരചക്രം കൊടുക്കുന്നതാണ് ഒരു പരമ്പരാഗത ജനസമൂഹമെന്ന്. ഒറ്റയൊറ്റ കൊലകളെ അവർ ഇഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല നിന്ദിക്കുകയും ചെട്ടുന്നു. കൂട്ടക്കൊലകളെ മാത്രമല്ല, ഫാസിസത്തിന്റെ ചില നടപ്പുരീതികളെയും അധികാരപ്രയോഗത്തെയും വരെ ജനം വിധേയരായി, സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു. ഫാസിസത്തിന് പണിയെടുപ്പിക്കാനറിയാം. അടിയന്തിരാവസ്ഥക്കാലത്ത് “ഇപ്പോൾ എല്ലാം കൃത്യമായി നടക്കുന്നു” എന്നു പറയാൻ ആളുണ്ടായി.
തോക്കുകളെടുത്ത് ജനങ്ങളെ ചിട്ടപ്പടി നടത്തുന്നു ഫാസിസം. അതിന് നേതൃത്വം കൊടുക്കുന്ന ഭരണാധികാരികൾ, തങ്ങൾ ജനാധിപത്യവാദികളാണെന്നു പറഞ്ഞ് സ്വേച്ഛാധിപത്യം നിരന്തരം പ്രകടിപ്പിക്കുന്നു. അംഭഗുരം നുണയുടെ കുത്തൊഴുക്കുണ്ടാക്കുന്നു. അവർ രാജ്യത്തെ അഭിമുഖീകരിക്കുന്നത് നുണകൾ പറയാനും ഗർവ് പ്രദർശിപ്പിക്കാനും മറ്റുള്ളവരെ പുച്ഛിക്കാനും അവഹേളിക്കാനുമാണ്. ഏത് ഇരുട്ടിലേക്കും നോക്കി “നോക്കൂ എല്ലാം തിളങ്ങുന്നില്ലേ” എന്ന് അവർ പറയുന്നു. അത് വിശ്വസിക്കുന്നവരായി മാറി ജനത. അതുകൊണ്ട് നമ്മുടെ മുറ്റത്തെ, അയൽപക്കത്തെ കരച്ചിൽ അവർ കേൾക്കുന്നില്ല. നമ്മൾ പരസ്യ കോലാഹലത്തിലെ തിളക്കത്തിൽ വീണുപോകുന്നു. ഹിറ്റ്ലർ മാത്രമല്ല, ഗീബൽസും പലർക്കും മാതൃകയാകുന്നു.
കോടിക്കണക്കിന് ജനങ്ങളുടെ സംസ്കാര സമ്പന്നമായ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നവർക്ക് ആ രാജ്യത്തിന്റെ ആന്തരികമായ സംസ്കാരത്തിന്റെ ഉളളടക്കം ഉണ്ടായിരിക്കേണ്ടതാണ്. അത് നിയമത്തിന്റെ ശാസനമല്ല, സാംസ്കാരികമായ അർഹതയുടെ പ്രശ്നമാണ്. അത്ര സുഖകരമല്ല ഇന്ത്യയുടെ സംസ്കാരത്തിന്റെ സൂക്ഷ്മാംശങ്ങളെ സ്വാഭാവികമായി ഉൾക്കൊള്ളല്‍. ഇന്ത്യയിൽ ജനിച്ചുവളർന്നു എന്നുള്ളതുകൊണ്ട് മാത്രം ഭാരതീയ സംസ്കാരം സ്വായത്തമാകില്ല, പ്രധാനമന്ത്രിക്കടക്കം. വ്യത്യസ്ത ചിന്തകളെ, ദർശനങ്ങളെ എന്നും സ്വീകരിച്ച ഭാരതത്തിന്റെ ഉന്നതമായ ബഹുസ്വരതയുടെ സംസ്കാരം ആർഎസ്എസിന് അന്യമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ചവിട്ടിമെതിക്കാൻ അവർ കാട്ടുന്ന അത്യാവേശം ഭരണഘടനയെത്തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഭരണഘടനാ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും പ്രധാനമന്ത്രിയുടെ പാദസേവ നടത്തുന്നവരാകണം. ഭരണാധികാരിയെ എതിർക്കുന്ന കക്ഷികളെ എങ്ങനെയെങ്കിലും അടിയറവ് പറയിക്കാൻ എന്തെല്ലാം തരംതാണ വഴികൾ ഉപയോഗിക്കാമോ അവയെല്ലാം നിർലജ്ജം ഉപയോഗിക്കുക എന്ന ഇടുങ്ങിയ രാഷ്ട്രീയം അവർ കൈക്കൊള്ളും. ചീത്ത വഴിയിലൂടെ കാശുണ്ടാക്കാനും തങ്ങളെ തെരഞ്ഞെടുത്ത സാധാരണ മനുഷ്യരെ മറന്ന് വലിയ കുബേരന്മാരെയും അധിപതികളെയും കുത്തക കമ്പനികളെയും മാത്രം കാണുന്ന പ്രക്രിയ അവതരിപ്പിച്ചത് കോൺഗ്രസാണ് നമ്മുടെ നാട്ടിൽ. ഇപ്പോൾ സംഘപരിവാരം ആ പ്രക്രിയയെ അതിശക്തമായി പുണരുന്നു. അവർ മൂലധന ശക്തികൾക്ക് ദാസ്യ സേവ ചെയ്യുന്നു. അപരവിദ്വേഷം പടർത്തി, മറ്റു മതങ്ങൾക്കെതിരെ സ്പർധ വളർത്തുന്നു.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യക്കാരായ നമ്മൾ വിശേഷാൽ പ്രാവീണ്യം നേടിയത് തല്ലിത്തകർക്കലിന്റെ സുന്ദരകലയിലാണ്. നിർമ്മിക്കുന്നതുമാത്രമല്ല, സംഹരിക്കുന്നതും കല തന്നെ. എത്രയെത്രെ സംഹാരങ്ങൾ നടത്തി ഫാസിസ്റ്റുകൾ വർഗീയ കലാപങ്ങളിലൂടെ, ആരാധനാലയങ്ങൾ തകർക്കുന്നതിലൂടെ. കോൺഗ്രസും ബിജെപിയും ഈ രാജ്യം ഉയർത്തിപ്പിടിച്ച പല മൂല്യങ്ങളെയും നശിപ്പിച്ചു. വിഭജനകാലത്ത് തുടങ്ങിയ വർഗീയതയുടെ മുന്നേറ്റത്തിൽ മതസഹിഷ്ണുതയും, ധനസമ്പാദന വ്യഗ്രതയിൽ പതിത സേവനവും സമത്വബോധവും തകർന്നു തരിപ്പണമായി. മൂലധനശക്തികൾക്കു മുന്നിൽ രാജ്യം കീഴടങ്ങി.
ഇന്നത്തെ ഇന്ത്യയിൽ എന്തു തകർന്നു വീണാലും അതൊന്നും നമ്മെ അത്ഭുതപ്പെടുത്താൻ പോരാ എന്നായിരിക്കുന്നു. സൃഷ്ടിക്കുന്നതിനു പകരം സംഹരിക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്നു. ഇന്ത്യയുടെ അത്യന്താധുനികമായ ബീഭത്സ മുഖം സംഹാരരുദ്രമായി എല്ലാ നന്മകളെയും ചുട്ടുചാമ്പലാക്കുന്ന ആസുരത്വമായി മാറി. അതാണ് ആര്‍എസ്എസ് നേടിയ വിജയം. ദ്വാരകയും ഗീർവനവും നർമ്മദാ നദിയും സബർമതി ആശ്രമവും മഹാപ്രശസ്തിയിലെത്തിച്ചു ഗുജറാത്തിനെ. ടാഗോർ ദേശീയ ഗാനത്തിൽ ഇന്ത്യയിലെ ദേശങ്ങളുടെ ഇടയിൽ മൂന്നാമത്തേതായി നിർദേശിച്ച ഗുജറാത്ത്. മോഹൻദാസ് കരംചന്ദ് ഗാന്ധി പിറന്ന ദേശത്ത് ഇന്നത്തെ പ്രധാനമന്ത്രി വർഷങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയായിരുന്നു. മുമ്പ് കത്തിയവാർ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സൗരാഷ്ട്രത്തിൽ പോർബന്ദർ എന്ന ചെറുതുറമുഖ പട്ടണത്തിലാണ് (ബന്ദർ തുറമുഖം) ഗാന്ധിജി പിറന്നതെങ്കിൽ ‘ഗാന്ധിനഗർ’ എന്ന പുതിയ നഗരിയിൽ നിന്നാണ് നരേന്ദ്ര മോഡി ഭരണം നടത്തിയത്. ആ ഭരണത്തിന് കീഴിൽ നടന്ന ക്രൂരമായ വംശഹത്യ നാം കണ്ടു.
ഗർഭം പിച്ചിച്ചീന്തുന്ന നര പിശാചുക്കളെയും മതഭേദം കൊണ്ട് മദം പൊട്ടി മതത്തിന്റെ സ്നേഹ സത്യം മറന്ന് സഹോദരരെ കൂട്ടമായി തീയെരിച്ചു കൊല്ലുന്ന മനുഷ്യരക്ഷസുകളെയും വളർത്തിയെടുക്കുന്നതിൽ ഗുജറാത്ത് വിജയിച്ചു. ഗാന്ധിജി അവിടെ നിന്ന് തുടച്ചുമാറ്റപ്പെട്ടു. ഇതിനെല്ലാം നിപുണമായ നേതൃത്വം നൽകിയ നരേന്ദ്രന്റെ രാജധർമ്മം കണ്ട് രാജ്യം നടുങ്ങി. പക്ഷെ പിന്നിട് രാജ്യം കണ്ടത്, ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, മനുഷ്യർ എന്നും കൂട്ടക്കൊല നടത്തുന്നവർക്ക് വീരചക്രം കൊടുക്കുന്ന കാഴ്ചയാണ്. അത്തരമൊരു ജനതയാണ് ഇന്ത്യയിലേത്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായപ്പോൾ എന്തെല്ലാം ഈ രാജ്യം കണ്ടു. ക്ഷേത്രോദ്ഘാടനവും പ്രധാന പൂജാരിയാകുന്നതും കണ്ടു. മണിപ്പൂർ കലാപവും, തീവ്രവാദ ആക്രമണങ്ങളും കണ്ടു. കോവിഡ് കാലത്ത് മനുഷ്യർ ചികിത്സ കിട്ടാതെ മരിക്കുന്നത് കണ്ടു. എപ്പോഴും സാമ്രാജ്യത്വാധിനിവേശ ശക്തികളെ നിർലജ്ജം പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയെ കണ്ടു. രാജ്യത്തെ അഡാനിക്കും അംബാനിക്കും വിറ്റുതുലയ്ക്കുന്നത് കണ്ടു. അവർക്കുമുന്നിൽ വിധേയത്വം പ്രകടിപ്പിക്കുന്ന സർക്കാറിനെ കണ്ടു. കർഷക സമരത്തിൽ എഴുന്നൂറോളം പേർ മരിച്ചുവീണിട്ടും തിരിഞ്ഞുനോക്കാത്ത ഭരണാധിപനെ കണ്ടു. അത്തരത്തിലുള്ള പ്രധാനമന്ത്രി, പ്രസംഗങ്ങളിൽ നുണകളല്ലാതെ എന്തു പറയാൻ. ചരിത്രത്തെ വളച്ചൊടിക്കുന്നു, ഉത്കൃഷ്ടമായ ഭാരതീയ ദർശനങ്ങളെ വികൃതമായി ചിത്രീകരിക്കുന്നു. ആര്‍എസ്എസിന്റെ ആജ്ഞാനുവർത്തിയായ പ്രധാനമന്ത്രിയിൽ നിന്ന് ഇതല്ലാതെ എന്തു പ്രതീക്ഷിക്കാൻ. അമ്പലങ്ങൾ ഉദ്ഘാടനം ചെയ്ത് മോക്ഷ സുഖം പ്രദര്‍ശിപ്പിക്കുന്നതിന്റെ അടുത്ത നിമിഷത്തിൽ അന്യമത വിശ്വാസികൾ രാജ്യദ്രോഹികളാണെന്ന് അട്ടഹസിക്കുന്നു.
ഭരണത്തലവൻ മുതൽ താഴോട്ട് മിക്കവരും ആഭാസകരമായ പദപ്രയോഗങ്ങൾ നടത്തുന്നു. വ്യക്തികളെ തേജോവധം ചെയ്യുന്നത് നിരന്തര സംഭവമായി മാറി. നിശബ്ദതയിൽ നിന്ന് രൂപമെടുത്ത്, അപരനിലേക്ക് നീളുന്ന അദൃശ്യമായൊരു പാലമാണ് വാക്ക്. എന്നാൽ ചരിത്രത്തിന്റെ സന്ദിഗ്ധഘട്ടങ്ങളിലെല്ലാം അതേ വാക്ക് തന്നെയാണ് അപരനെ ഇല്ലാതാക്കുന്ന ആയുധമായും പരിണമിച്ചിട്ടുള്ളത്. ‘നമ്മൾ, അവർ’ എന്നിങ്ങനെ ലളിതമെന്ന് തോന്നുന്ന വിഭജനങ്ങളിൽ പോലും അപരവല്‍ക്കരണത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ ഒളിഞ്ഞിരിപ്പുണ്ട്. അറിവ് അകത്താണ് പുറത്തല്ല കുടികൊള്ളുന്നത് എന്നത് ഫാസിസ്റ്റുകൾക്കറിയില്ല. കാരണം അവർ സ്വയം കണ്ടെത്താത്തവരാണ്. മറ്റെല്ലാ അറിവുകളും പുറമെ നിന്ന് വാങ്ങാം, മോഷ്ടിക്കാം, കടമെടുക്കാം. എന്നാൽ അവനവനെക്കുറിച്ചുള്ള അറിവ് ജന്മനാ അകത്തിരിപ്പുണ്ട്. എടുക്കുകയും തുടയ്ക്കുകയും ഉപയോഗിക്കുകയും മാത്രം ചെയ്താൽ മതിയാകും. അത് അവർക്കറിയില്ല. കാരണം അവർ സ്വയം പ്രദർശനാത്മകതയിൽ മാത്രം വിശ്വസിക്കുന്നു. ബാഹ്യമോഡിയിൽ വിശ്വസിക്കുന്നു. അക്രമവും ക്രൂരതയും കാട്ടി അധികാരം പിടിച്ചടക്കാൻ മാത്രം ശ്രദ്ധിക്കുന്നു. അവർക്ക് മനുഷ്യനെ അറിയില്ല. അവരുടെ അജ്ഞതയ്ക്ക് പ്രണാമം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment