ഇന്ന് ആളുകൾ ജീവിക്കുന്നത് ഒരു കൃത്രിമ ലോകത്തിലാണ്. ഊതി വീർപ്പിച്ച് വണ്ണം വയ്പിക്കുന്ന കാലമാണിത്. അതുകൊണ്ട് നമുക്ക് യഥാർത്ഥത്തിൽ വലുതേത്, ചെറുതേത് എന്ന വ്യാവർത്തനം നഷ്ടപ്പെട്ടിരിക്കുന്നു. ഏറ്റവും വലിയ അധികാരി മുതൽ താഴെ തട്ടിലുള്ളവരും ഊതിവീർപ്പിച്ച് വണ്ണം വയ്ക്കുന്നു. ഇരുട്ടും വെളിച്ചവും തമ്മിലുള്ള അതിർത്തി മാഞ്ഞുപോയാൽ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതം അതുതന്നെ. അതുപോലെയാണ് നല്ല ജീവിതവും ചീത്ത ജീവിതവും തമ്മിലുള്ള വേർതിരിവ് നഷ്ടപ്പെടുക എന്നത്. ഇന്ത്യ ഇന്ന് കടന്നു പോകുന്നത് ഇത്തരമൊരു ഇരുട്ട് നിറഞ്ഞ തുരങ്കത്തിലൂടെയാണ്. നമുക്ക് ഒന്നിന്റെയും അതിർത്തികൾ ക്ലിപ്തമല്ല. ആകെ നിശ്ചയമുള്ളത് ഇന്ത്യയും അയൽ രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയാണ്. വർഗീയ പ്രചരണങ്ങളും അപരവിദ്വേഷവും ക്രമാതീതമായി വളർന്നു. അസഹിഷ്ണുത സർവവ്യാപകമാകുന്നു. മതസ്പർധ വർധിക്കുന്നു. ബഹുസ്വരത നിഷേധിക്കപ്പെടുന്നു. ചരിത്രം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതിൽ നിന്ന് രക്ഷപ്പെടാൻ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ഇവയിൽ വച്ച് ഏറ്റവും മൗലികമായ തത്വം ജനതയെന്നുവച്ചാൽ ‘ഞാൻ’ മാത്രമല്ല എന്ന വിചാരമാണ്. വിചാരമല്ല, വിശ്വാസം എന്നാണ് പറയേണ്ടത്. വിശ്വാസം ജനാധിപത്യത്തെ നിലനിർത്തുന്നു. ഞാനും അവനും അവളും അവരും എല്ലാം ചേർന്നതാണ് ജനത എന്ന വിശ്വാസം ജനാധിപത്യത്തെ നിലനിര്‍ത്തുന്നു. എന്റെയും അവരുടെയും ആഗ്രഹങ്ങൾ പരസ്പര വിരുദ്ധങ്ങളായിരിക്കുമ്പോൾ എങ്ങനെ അവ പൊരുത്തപ്പെടുത്താം എന്ന് ജനാധിപത്യം പരിശോധിക്കുന്നു. കലഹമൊഴിവാക്കിക്കൊണ്ട് പൊരുത്തപ്പെടുത്തിയില്ലെങ്കിൽ ജനത നിലനിൽക്കില്ല എന്നത് ജനാധിപത്യത്തിന്റെ മൗലിക സങ്കല്പമാണ്. ജനാധിപത്യത്തിന്റെ സംവിധാനത്തിൽ ‘ഞാൻ’ ഓരോ പ്രശ്നത്തിന്റെ മുമ്പിലും സദാ ജാഗരൂകനായി കഴിയണം. ഈ ജാഗരൂകത എപ്പോൾ കുറയുന്നുവോ അപ്പോൾ ജനാധിപത്യം പരാജയപ്പെടുന്നു. ജനാധിപത്യത്തിന്റെ മടിയിൽ നിന്ന് സ്വേച്ഛാധിപത്യം തലപൊക്കുന്നു.
ഒരു തെരഞ്ഞെടുപ്പ് മാത്രമല്ല ജനാധിപത്യം. അത് നിത്യജീവിതത്തിലെ നൈതികതാ ബോധമാണ്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ മാലിന്യം ദുരീകൃതമാക്കാൻ ജനങ്ങൾക്ക് അറിവ് വേണം. സമൂഹത്തിൽ എന്തെല്ലാം നടക്കുന്നു എന്നതിനെ കുറിച്ച് കൃത്യമായ ബോധ്യം വേണം. അക്ഷരാഭ്യാസം കൊണ്ടു മാത്രം ജനാധിപത്യം രക്ഷപ്പെടുകയില്ല. വിദ്യാഭ്യാസത്തിനപ്പുറത്ത് സ്വയം ചിന്തിക്കുന്ന സ്വഭാവം ജനതയിൽ ഉണ്ടാകണം. ഇന്ത്യയിൽ അക്ഷരാഭ്യാസമുള്ളവരെല്ലാവരും സാഹോദര്യത്തിലും ബഹുസ്വരതയിലും സഹിഷ്ണുതയിലും വിശ്വസിക്കുന്നവരല്ല. പലരും ഭരണഘടന തന്നെ വായിച്ചുനോക്കാത്തവരാണ്. മാനവിക ചിന്ത വളരണം. പകരം സങ്കുചിത ചിന്ത വളരുന്നതാണ് ഏറ്റവും വലിയ അപകടം. ടോൾസ്റ്റോയിയുടെ പ്രസിദ്ധമായ കഥ ‘ഒരാൾക്ക് എത്ര അടി ഭൂമി വേണം?’ എന്നാണ്. ഓരോ ആളോടും ഇന്ന് ചോദിച്ചാൽ നമ്മുടെ ആർത്തിയുടെ വണ്ണം മനസിലാകും. നമ്മുടെ ഭരണകർത്താക്കളോട് എത്ര അടി മണ്ണ് വേണമെന്ന് ചോദിച്ചാൽ പലരും എത്ര അടിയും വാങ്ങാൻ തയ്യാറാണ്. മൂലധന ശക്തികളാണെങ്കിൽ ഭൂമി അവർക്കു മാത്രം ഉള്ളതാണെന്ന് പറയുന്നു, പറയുകയല്ല അവർ ഭൂമി മുഴുവൻ കവർന്നെടുക്കുന്നു.
സമ്മേളനങ്ങളിലും പൊതുസദസുകളിലും പ്രാസംഗികരിലും എല്ലാം ‘പ്രാഞ്ചിയേട്ടൻ’മാരുടെ എണ്ണം വർധിക്കുന്നു. ഔചിത്യബോധം തീരെ കുറഞ്ഞുവരുന്നു. ഒരാൾ പ്രസംഗിക്കുമ്പോൾ വേദിയിൽ ഇരിക്കുന്നവരിൽ അധികം പേരും മൊബൈൽ ഫോണിനോട് വർത്തമാനം പറയുന്നു. പ്രസംഗകരിൽ പലരും മികച്ച പ്രാഞ്ചിയേട്ടൻമാർ. അവനവനെക്കുറിച്ച് സംസാരിക്കാൻ സമയം കണ്ടെത്തുന്നു. മഹാഭാരതത്തിൽ ധർമ്മ വൃക്ഷത്തെക്കുറിച്ച് പറയുന്നുണ്ട്. ധർമ്മവൃക്ഷം ശോഷിച്ചു വളരുന്നു. അധർമ്മ വൃക്ഷം ആയിരം ശാഖകളോടെ വളരുന്നു എന്ന് അതിൽ പറയന്നു. അതാണ് മൂല്യശോഷണം. ധർമ്മം ശോഷിച്ച് അതിന്റെ ശവസംസ്കാരഘട്ടത്തിൽ എത്തി. അത് വിലാപഗീതം ആകണമോ ആകാതിരിക്കണമോ എന്നുള്ളത്, ഇച്ഛാശക്തിയുടെ ഫലമായിട്ട് നമ്മൾ നൽകേണ്ട ഉത്തരമാണ്. സ്വാതന്ത്ര്യം കിട്ടിയ ആദ്യ ദശകങ്ങളിൽ നേതാക്കൾ പലരും ആക്ഷൻ ഹിറോമാരായോ നെഞ്ചളവോ മസിൽ പവറോ കാട്ടി ജനങ്ങളുടെ രക്ഷകരായി ചമഞ്ഞില്ല. അവരിൽ പലരും ജനകീയരും ദാര്‍ശനികരുമായിരുന്നു. അനവധി പരാധീനതകൾക്ക് നടുവിലും രാഷ്ട്ര നിർമ്മാണത്തിനും ജനാധിപത്യം വളർത്താനും അവർ ശ്രമിച്ചു. പുതിയ ഇന്ത്യയെ സൃഷ്ടിച്ചു. അതിനെ ധ്വനിപ്പിക്കാൻ ഉപയോഗിച്ച പദം തന്നെ സ്വാശ്രയം എന്നാണ്.
ഇന്ന് സ്വാശ്രയം, സെൽഫ് ഫിനാൻസിങ് ആവുകയും മേക്ക് ഇൻ ഇന്ത്യ സ്വകാര്യ സംരംഭകരെ (വിദേശിയും സ്വദേശിയും ) ഏല്പിച്ച് ഭരണകൂടം പിൻവലിയുകയും ചെയ്തിരിക്കുന്നു. ഇത് മാറിയ കാലത്തിന്റെ പ്രതീകവും വരാൻ പോകുന്ന കാലത്തിന്റെ സൂചകവുമാണ്. തങ്ങൾക്ക് പ്രയോജനപ്പെടില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ അന്നത്തെ വൃദ്ധരായ നേതാക്കൾ വൃക്ഷത്തൈകൾ നടാൻ തയ്യാറായതുകൊണ്ടാണ് നാട് വളർന്നത്. അങ്ങനെ വൃദ്ധന്മാർ നാട് നന്നാക്കാൻ ഇറങ്ങി പുറപ്പെട്ടൊരു കാലത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. ദേശീയതയെ ദേശീയരോടുള്ള സ്നേഹമായും രാഷ്ട്രത്തിന്റെ അഖണ്ഡതയെ വൈവിധ്യങ്ങളിലെ വൈരുധ്യങ്ങളുടെ കണക്കെടുപ്പിനപ്പുറം വൈവിധ്യങ്ങളുടെ മേളമായും കണ്ടിരുന്ന കാലം. രാഷ്ട്രത്തിന്റെ അന്തസ് വൃക്തിയുടെ തനിമയിലും മഹത്വത്തിലുമാണ് കുടികൊള്ളുന്നത് എന്ന ബോധ്യവും ആ കാലത്തിന്റെ പ്രത്യേകതയായിരുന്നു. സഹജീവികളോട് അങ്ങേയറ്റം ആദരവ് പുലർത്തുന്ന സമൂഹത്തിനാണ് നേതാക്കൾ പ്രവര്‍ത്തിച്ചത്. അതാണ് അവർ വിഭാവനം ചെയ്ത ‘ഡെമോക്രാറ്റിക് സെൽഫ്’. ജനാധിപത്യം ആഴത്തിൽ വേരോടാത്തൊരു സമൂഹത്തെ ജനാധിപത്യവൽക്കരിക്കാനായിരുന്നു അവരുടെ ശ്രമം. കാലക്രമേണ അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയത്തിന്റെ സിനിസിസവും കുടിച്ചേർന്നു. തൊണ്ണറുകൾ മുതൽ നടപ്പിലാക്കിത്തുടങ്ങിയ വലതുപക്ഷ സാമ്പത്തിക നയങ്ങൾ ഒരു വലിയ വിഭാഗം ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ശക്തമായ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആവിർഭാവത്തിന് കളമൊരുക്കുകയും ചെയ്തു. വലതുപക്ഷ സാമ്പത്തിക നയങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിന് വഴിവയ്ക്കും എന്നത് ചരിത്ര പാഠം. മോഡിസർക്കാർ, കോൺഗ്രസ് തുടങ്ങിവച്ച സാമ്പത്തിക നയങ്ങളും രാഷ്ട്രീയ കുതന്ത്രങ്ങളും അവരെക്കാൾ ഭംഗിയായി നടപ്പിലാക്കി. പൗരത്വവും ചരിത്രവും പുനഃപരിശോധിക്കപ്പട്ടു.
രാഷ്ട്രീയത്തെ മോഡിസർക്കാർ മാജിക്കാക്കി. ഇന്ദ്രജാലക്കാരന്മാരെപ്പോലെ പല കൈക്രിയകളും സംഘ്പരിവാർ കാണിക്കുന്നു. ക്ഷേത്രം പണിയലും, ആൾക്കൂട്ട കൊലപാതകങ്ങളും, ഇതര മതങ്ങളെ ആക്ഷേപിക്കലും, ചരിത്ര ദുർവ്യാഖ്യാനങ്ങളും, പുരാണങ്ങളെ തന്നിഷ്ടം ചിത്രീകരിക്കലും, ഹിംസാത്മകതയും എല്ലാം ജനതയെ ആകർഷിക്കുന്നു. രാഷ്ട്രീയം ഇന്ദ്രജാലമാകുമ്പോൾ അതിന് ദീർഘവീക്ഷണം ഇല്ലാതാവുകയും അകവും പുറവും തമ്മിൽ സാമ്യമില്ലാതാവുകയും ചെയ്യുന്നു. പുറമേ കാണുന്നതിനും കേൾക്കുന്നതിനും പ്രചാരണ മൂല്യമേയുള്ളു. കാണാത്ത അകമാണ് യഥാർത്ഥമെന്ന് നാം അനുഭവത്തിലൂടെ തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കാറില്ല. അതാണ് വലതുപക്ഷ രാഷ്ട്രത്തിന്റെ വിജയം. നുണകൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയായി അവർ സമൂഹത്തെ മാറ്റി. ഭരണാധികാരികളും വലതുപക്ഷ രാഷ്ട്രീയ നേതാക്കളും നിരന്തരം നുണകൾ പറയുന്നു. മതത്തെയും രാഷ്ടീയത്തെയും കൂട്ടിക്കലർത്തുന്നു. മതം രാഷ്ട്രീയം ആക്കുന്നു, രാഷ്ടീയത്തെ മതവും. വർത്തമാന കാല ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മ ഭരണാധികാരികൾ അധികാരം ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കാൾ ഭരിക്കപ്പെടുന്നവർ അവരുടെ ശക്തി തിരിച്ചറിഞ്ഞ് പെരുമാറുന്നില്ല എന്നതാണ്. ഇന്നത്തെ ഇന്ത്യയിൽ ഭയവും വിസ്മയവും ശക്തമായൊരു സംയുക്തമാണ്. ഗ്ലാഡിയേറ്റർ സിനിമയിലെ കഥാപാത്രം പറയുന്നുണ്ട് ആ വാചകം — ഫിയർ ആന്റ് വണ്ടർ, എ പവർഫുൾ കോമ്പിനേഷന്‍. ഇതാണ് നമ്മുടെ രാജ്യത്തും സംഭവിക്കുന്നത്.
രാഷ്ട്രീയ സാമൂഹ്യരംഗങ്ങൾ അഭിനയകലയായി മാറുന്നു. ഭരണാധികാരികളുടെ പ്രസംഗങ്ങളിൽ നാടകീയത മുറ്റി നിൽക്കുന്നു. അനാവശ്യമായ വാക്കുകൾ ഉപയോഗിക്കപ്പെടുന്നു. ജനാധിപത്യം കെട്ടുകാഴ്ചയാകുന്നു. ഒരു ഇവന്റൊക്രസി. ഇപ്പോൾ അത് ‘മൗനോക്രസി’ ആകുന്നു. ഭരണാധികാരികൾക്ക് പല വിഷയങ്ങളിലും മൗനം. പ്രതിപക്ഷത്തിന് അസന്ദിഗ്ധമായ പോരാട്ടവീര്യവും ഇല്ല. ജനാധിപത്യത്തെ മൂലധനാധിപത്യമാക്കുന്നു. സ്വകാര്യ മൂലധനവും രാഷ്ട്രീയ സംഭാവനയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു. തെരഞ്ഞെടുപ്പ് ബോണ്ട് സ്കീമിലൂടെ നാം അത് കണ്ടു. ജനാധിപത്യത്തിനുള്ള പേറ്റന്റ് ജനതയ്ക്കാണ്. അത് നഷ്ടപ്പെടുത്തുന്നു സംഘ്പരിവാർ. ഇതിനെ ന്യായീകരിക്കുന്ന രാഷ്ട്രീയം ജനാധിപത്യത്തെ പൂർണമായും ഇല്ലായ്മ ചെയ്യും. ഇത് ഭരണകൂടത്തെ ശക്തിപ്പെടുത്തും, ജനങ്ങളെ ദുർബലപ്പെടുത്തും. അസഹിഷ്ണുതയുടെ സഹിഷ്ണുതയാണ് ശരിയെന്നും ഒന്നായതിനെ രണ്ടായി കാണുകയാണ് വേണ്ടതെന്നും പരിവാർ പറയുന്നു. ശക്തമായ പോരാട്ടം അവശ്യം ആവശ്യമാണ് ജനാധിപത്യത്തെ മനുഷ്യ ജീവിതത്തിന്റെ അടിത്തയാക്കാൻ. അത് നിരന്തരം നടത്തേണ്ട പ്രക്രിയയാണ്. അതാണ് കാലം ആവശ്യപ്പെടുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment