‘ഭോയ്’ ഭരണമോ ‘ഭറോസ’ ഭരണമോ

Janayugom
Developer Admin

ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ സംസ്ഥാനത്ത് ഒരു പുതിയ സർക്കാരിനുള്ള പാത തുറന്നു. ഇത് ബിഹാര്‍ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട പരിവർത്തനത്തെ സൂചിപ്പിക്കുന്നു. അശുഭകരമായി കണക്കാക്കുന്ന ‘ഖദ്മ’ കാലം കഴിഞ്ഞാൽ, ഏപ്രിൽ 13ന് ശേഷം പുതിയ മുഖ്യമന്ത്രിയെ നിയമിക്കുന്നതിനും മന്ത്രിസഭ രൂപീകരിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 14ന് എൻഡിഎ പുതിയ നേതാവിനെ തെരഞ്ഞെടുത്തേക്കും. ഇത് ബിഹാറിന്റെ അധികാരഘടന പുനർനിർവചിക്കുന്ന പ്രഖ്യാപനമായിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമ്പോള്‍ ശക്തമായ സംഘടനാപാടവവും നേതൃസാന്നിധ്യവും സാമ്രാട്ട് ചൗധരിയെ സ്ഥാനാർത്ഥിയായി പ്രഥമമായി പരിഗണിക്കാന്‍ അര്‍ഹനാക്കുന്നു. അതേസമയം നിത്യാനന്ദ് റായി, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനവും ജാതി പരിഗണനയും മൂലം പരിഗണനാര്‍ഹനാണ്. ദിലീപ് ജയ്സ്വാൾ, സഞ്ജയ് ജയ്സ്വാൾ തുടങ്ങിയ പേരുകളും ചർച്ചകളിൽ ഉയർന്നുവന്നിട്ടുണ്ട്. അന്തിമ തീരുമാനം ബിജെപിയുടെ ആഭ്യന്തര തന്ത്രത്തെയും സഖ്യത്തിന്റെ സുഗമമായ ഭാവിയെയും ആശ്രയിച്ചിരിക്കും. അപ്രതീക്ഷിതമായ ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ചും അഭ്യൂഹങ്ങളുണ്ട്. ഒരുപക്ഷേ ഇബിസി, ദളിത് അല്ലെങ്കിൽ ഒബിസി സമുദായങ്ങളിലേതിലെങ്കിലും നിന്നുള്ള വനിതാ നേതാവിനെ പ്രതീക്ഷിക്കാം. മറുവശത്ത്, നിതീഷ് കുമാറിന്റെ മകൻ നിഷാന്തിനെ പ്രധാന വകുപ്പുകളോടെ ഉപമുഖ്യമന്ത്രിയാക്കാൻ ജെഡിയു ആഗ്രഹിക്കുന്നു. 

ആറ് പതിറ്റാണ്ടുകളായി കോൺഗ്രസില്‍ സജീവമായിരുന്ന മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായ് അന്തരിച്ചു. കിദ്വായിയുടെ വിയോഗത്തോടെ, നെഹ്രു-ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പഴയ നേതാക്കളിൽ ഒരാളെക്കൂടി പാർട്ടിക്ക് നഷ്ടപ്പെട്ടു. 1960ൽ ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിൽ വിജയിച്ചതോടെയാണ് കിദ്വായിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അന്ന് 28 വയസുമാത്രമുണ്ടായിരുന്ന അവര്‍ രാഷ്ട്രീയത്തിനും പൊതുസേവനത്തിനുമായി പിന്നീടുള്ള ജീവിതം സമർപ്പിച്ചു. 2022 ഒക്ടോബറിൽ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂരിനെ നിർദേശിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതാണ് അവരുടെ അവസാനത്തെ ശ്രദ്ധേയമായ രാഷ്ട്രീയ പ്രവർത്തനം.
അവധിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ നിന്നുള്ള കിദ്വായ്, 1978, 80, 84 വർഷങ്ങളിൽ മൂന്ന് തവണ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. അവരുടെ പാർലമെന്ററി നേട്ടങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. കിഴക്കൻ ഉത്തർപ്രദേശിലെ അസംഗഡിൽ നിന്നും — ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ഉപതെരഞ്ഞെടുപ്പിൽ അവർ വിജയിച്ചു — പിന്നീട് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള മീററ്റിൽ നിന്നും. ഇന്ദിരാഗാന്ധിയുടെ കാലത്തും രാജീവ് ഗാന്ധിയുടെ കാലത്തും ഉയര്‍ന്ന കാബിനറ്റ് സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു. അക്ഷീണമായ പ്രവർത്തനത്തിലൂടെ പാർട്ടിയുടെ എല്ലാ തലങ്ങളിലും വിശ്വാസം നേടി. എൺപതുകൾ വരെ അവർ രാജ്യസഭയിൽ തുടർന്നു. രാഷ്ട്രീയ പ്രതിബദ്ധതയ്ക്കും പൊതുരംഗത്തെ സജീവ പങ്കാളിത്തത്തിനും പ്രായം ഒരു തടസമല്ലായിരുന്നു. തന്റെ നീണ്ട രാഷ്ട്രീയ യാത്ര വിവരിക്കുന്ന “മൈ ലൈഫ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ്” എന്ന ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചു. യുപയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. അരവിന്ദ് ചോപ്ര, അവരെ ഒരു നല്ല വാഗ്മിയെന്ന് വിശേഷിപ്പിക്കുകയും ദളിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ഉന്നമനത്തിനായുള്ള അവരുടെ ശ്രദ്ധ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 

പശ്ചിമ ബംഗാളിലെ മമതാ ബാനർജി സർക്കാരിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) അധികാരത്തിൽ നിന്ന് പുറത്താക്കാൻ വോട്ടർമാരോട് ആഹ്വാനം ചെയ്തു. ഹാൽദിയയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, സംസ്ഥാനത്തെ ഭരണകക്ഷി ബംഗാളിനെ ‘പിൻനടത്തുക’യാണെന്ന് മോഡി ആരോപിച്ചു. ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചുകഴിഞ്ഞാൽ ജനങ്ങൾക്ക് ആറ് ഉറപ്പുകളും വാഗ്ദാനം ചെയ്തു. ബിജെപി സർക്കാർ ടിഎംസിയുടെ ‘ഭോയ്’ (ഭയം) ഭരണത്തിന് പകരം ‘ഭറോസ’ (വിശ്വാസം) കാഴ്ചവയ്ക്കുമെന്നും, എല്ലാ പൊതുപ്രവർത്തകരും ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായിരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അതേസമയം സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുന്നതിനായി ബിജെപി 90 ലക്ഷത്തിലധികം ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മമതാ ബാനർജി ആരോപിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ടിഎംസി വിജയിക്കുമെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. നോർത്ത് 24 പർഗാനാസിലെ മിനാഖാനിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത ടിഎംസി മേധാവി, വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട എല്ലാവരെയും പുനഃസ്ഥാപിക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. ഉത്തർപ്രദേശിൽ ഒരു ‘ധുരന്ധർ’ പോസ്റ്റർ പ്രചാരണം കൗതുകമാകുന്നു. അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അഖിലേഷ് യാദവിന്റെ ‘ലയാരി രാജിനും’ ‘ധുരന്ധർ’ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇടയിലുള്ള തെരഞ്ഞെടുപ്പായി ഉയർത്തിക്കാട്ടി സംസ്ഥാനത്തെ ഒരു യുവജന സംഘടനയുടേതാണ് പ്രചാരണം. എസ്‌പി പ്രസിഡന്റ് അഖിലേഷ് യാദവിനെ പാകിസ്ഥാൻ ഗുണ്ടാസംഘത്തിലെ റഹ്മാൻ ദകൈത് ആയും, എസ്‌പി സർക്കാരിന്റെ കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ പത്രക്കുറിപ്പുകൾ ഉൾപ്പെടുത്തിയുമാണ് ഒരുഭാഗത്തെ പ്രചാരണം. ഹോർഡിങ്ങുകളുടെയും പോസ്റ്ററുകളുടെയും മറുവശത്ത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘ധുരന്ധർ മുഖ്യമന്ത്രി’ ആയി ചിത്രീകരിച്ചിരിക്കുന്നു. അദ്ദേഹം മതപരമായ ചടങ്ങുകൾ നടത്തുന്നത്, മുക്താർ അൻസാരി, ആതിക് അഹമ്മദ് തുടങ്ങിയ ഗുണ്ടാസംഘങ്ങളുടെ മരണം എന്നിവയെക്കുറിച്ചുള്ള ക്ലിപ്പിങ്ങുകളും ഉണ്ട്. ബോളിവുഡ് ചിത്രമായ ‘ധുരന്ധറി‘ല്‍ പ്രചോദനം ഉൾക്കൊണ്ടുള്ള ഹോർഡിങ്ങുകളും പോസ്റ്ററുകളും ലഖ്‌നൗ, അസംഗഡ്, ജൗൻപൂർ, യുപിയിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സമാജ്‌വാദി പാർട്ടി പ്രവർത്തകർ പ്രതിഷേധം നടത്തി.

സിൽക്ക് റോഡ് സഞ്ചാരിയായ സുനിത ദ്വിവേദി എഴുതിയ ‘ഓൺ ദി ബുദ്ധാസ് ട്രയൽ ഇൻ ബംഗ്ലാദേശ്’ എന്ന പുസ്തകം ഏപ്രിൽ 20ന് ഡൽഹിയിലെ കമലാദേവി ഓഡിറ്റോറിയത്തിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ ഇന്റർനാഷണൽ ബുദ്ധമത കോൺഫെഡറേഷന്റെ ഡയറക്ടർ ജനറൽ അഭിജിത് ഹാൽഡർ പുറത്തിറക്കും. രചയിതാവിന്റെ അഞ്ചാമത്തെ പുസ്തകത്തില്‍ ബംഗ്ലാദേശിലെ ബുദ്ധ മാർഗിലൂടെയുള്ള ദീർഘവും ആവേശകരവുമായ യാത്ര വിവരിക്കുന്നു. വടക്ക് ദിനാജ്പൂർ മുതൽ രാജ്ഷാഹി, ബോഗ്ര, ധാക്ക വഴി തെക്ക് ചിറ്റഗോങ്, കോക്സ് ബസാർ വരെയുള്ള നിരവധി പുരാതന ആരാധനാലയങ്ങളുടെയും ആശ്രമങ്ങളുടെയും വിവരണം അതിനെ ജീവസുറ്റതാക്കുന്നു. ബുദ്ധമത ഏഷ്യയിലെ മഹത്തായ ശൃംഖലയിൽ ആശ്രമങ്ങളുടെ നിർണായകമായ ഒരു കണ്ണിയുണ്ടായിരുന്നു. പണ്ഡിതന്മാർ വഴിയുള്ള ബുദ്ധമതത്തിന്റെ പ്രചാരണത്തിൽ അവയ്ക്ക് അതുല്യമായ പങ്കുണ്ട്. ഏഷ്യയിലെ ബുദ്ധമത പരിക്രമണപഥത്തിലൂടെ രണ്ടരപ്പതിറ്റാണ്ട് നീണ്ട യാത്ര. കിഴക്കൻ ഉത്തർപ്രദേശിലെ കുശിനഗർ എന്ന വിദൂര പട്ടണത്തിൽ നിന്ന് ആരംഭിച്ച് പടിഞ്ഞാറ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഓക്സസ് നദി കടന്ന് മധ്യേഷ്യ എന്നിവിടങ്ങളിലേക്കും, സിൻജിയാങ്ങിലെ താരിം തടത്തിലെ മരുഭൂമികളിലൂടെ ചൈനയിലേക്കും ടിബറ്റിലേക്കും സഞ്ചരിച്ചു. അവിടെ നിന്ന് ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും. സുനിത ദ്വിവേദിയുടെ നീണ്ട യാത്രകളാണ് ഏഷ്യൻ സിൽക്ക് റോഡിലൂടെയുള്ള ബുദ്ധന്റെ യാത്രയെക്കുറിച്ചുള്ള അഞ്ച് യാത്രാവിവരണങ്ങളുടെ പ്രസിദ്ധീകരണത്തിൽ കലാശിച്ചത്.

(ഐപിഎ)

Previous
ജനാധിപത്യത്തിന്റെ ധർമ്മസങ്കടം
Next
മോഡി ഭരണത്തിൽ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment