മോഡി ഭരണത്തിൽ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു

Janayugom
Developer Admin

2015നും 25നും ഇടയിലുള്ള കാലയളവിൽ രാജ്യത്ത് ഏകദേശം 93,000 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടി. ഇത് അറിവിന്റെ വെളിച്ചം സാധാരണക്കാരന് നിഷേധിക്കുന്ന നടപടിയാണ്. താഴേത്തട്ടിലുള്ള വലിയൊരു വിഭാഗത്തിന് വളർച്ചയുടെയും പുരോഗമനത്തിന്റെയും വഴി തടയലാണ്. ഭാവി തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നിഷേധിക്കലും. പാർശ്വവൽക്കരിക്കപ്പെട്ട ഈ വിഭാഗത്തിന് മുന്നിൽ വ്യവസ്ഥാപിതമായ വരുമാനമില്ലാത്ത ജീവിതം മാത്രമാണ് ശേഷിക്കുന്നത്. തൊഴിലില്ലാത്തവരുടെ പെരുക്കങ്ങളിലേക്ക് അവരെ തള്ളിയിടുന്നു. ചോദ്യോത്തര വേളയിൽ വിദ്യാഭ്യാസ മന്ത്രാലയമാണ് പാർലമെന്റിൽ വിവരങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേർ 35 വയസിൽ താഴെയുള്ളവരാണ്. ഈ കണക്കിനെ അധികരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യ സ്വയം വിശേഷിപ്പിക്കുന്നു. ‘യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ’ (യുഡിഐഎസ്ഇ) പ്രകാരം 2015–16 കാലയളവിൽ സർക്കാർ‑സ്വകാര്യ മേഖലകളിലായി ആകെ 15.22 ലക്ഷം സ്കൂളുകളുണ്ടായിരുന്നു. എന്നാൽ 2024–25ൽ ഈ സംഖ്യ 14.71 ലക്ഷമായി കുറഞ്ഞു. സർക്കാർ‑സ്വകാര്യ സ്കൂളുകളുടെ കണക്ക് ഒന്നിച്ചെടുത്താൽ പോലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൂട്ടിയത് 51,000 സ്കൂളുകളാണ്. ആകെ സ്കൂളുകളുടെ ഏകദേശം മൂന്നര ശതമാനത്തോളം വരുമിത്. 

2015–16ൽ സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 27.1 കോടിയായിരുന്നു. എന്നാൽ 2024–25ൽ കേന്ദ്രസർക്കാർ പുറത്തുവിട്ട യുഡിഐഎസ്ഇ കണക്കുകൾ പ്രകാരം ഇത് 24.69 കോടിയായി ചുരുങ്ങി. 2.41 കോടി വിദ്യാർത്ഥികൾ സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നും പുറത്തായി. രാജ്യത്തെ ജനസംഖ്യ ഇതേ കാലയളവിലും ഉയർന്ന നിരക്കില്‍ വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതനുസരിച്ച് സ്വാഭാവികമായും ഓരോ അഞ്ച് വർഷം കൂടുമ്പോഴും പുതുതായി കുട്ടികൾ സ്കൂളുകളിൽ എത്തണം. 2015–16ലെ പ്രവേശന നിരക്ക് വച്ച് പരിഗണിച്ചാൽ വിദ്യാർത്ഥികളുടെ എണ്ണം 27.1 കോടിയിൽ നിന്നും 30 കോടിക്ക് മുകളിൽ എത്തണം. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. ജനസംഖ്യാ വർധനവ് കൂടി കണക്കിലെടുത്താൽ വിദ്യാർത്ഥികളുടെ യഥാർത്ഥ കൊഴിഞ്ഞുപോക്ക് 2.41 കോടിയല്ല അഞ്ച് കോടിയിലധികമാണ്. 2015–16ൽ ഇന്ത്യയിലെ ജനസംഖ്യ 131 കോടിയായിരുന്നിടത്ത് ഇന്ന് അത് 146 കോടിയാണ്. ജനസംഖ്യ 11% വർധിച്ചപ്പോൾ സ്കൂൾ പ്രവേശനം ഒമ്പത് ശതമാനം കുറഞ്ഞു. ആനുപാതികമായി പരിശോധിച്ചാൽ 2015–16നെ അപേക്ഷിച്ച് ജനസംഖ്യാ-വിദ്യാർത്ഥി അനുപാതത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ 10 വർഷത്തിനിടയിൽ ജനിച്ചവരിൽ അഞ്ചിലൊന്ന് പേർ സ്കൂളുകളിൽ എത്തുന്നില്ല. 

ഡെമോഗ്രാഫിക് ഡിവിഡന്റ് (ജനസംഖ്യാനുപാതികമായ നേട്ടം) സ്വപ്നം കാണുന്ന ഇന്ത്യക്ക് ഇത് ഗുരുതരമായ പ്രതിസന്ധിയാണ്. സർക്കാർ സ്കൂളുകൾ കുറയുമ്പോൾ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും കുറയും. സ്വകാര്യ സ്കൂളുകളിൽ പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത ദുർബല വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ കിലോമീറ്ററുകളോളം യാത്ര ചെയ്യാൻ നിർബന്ധിതരാകും. ക്രമേണ പഠനം ഉപേക്ഷിക്കും. സ്വകാര്യ സ്കൂളുകൾ വർധിപ്പിക്കുന്നതിലൂടെ സർക്കാർ വീണ്ടും പാവപ്പെട്ട വിദ്യാർത്ഥികളെ തഴയുകയാണ്. 2015–16നും 2024–25നും ഇടയിൽ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ ഒമ്പത് ശതമാനം കുറവുണ്ടായപ്പോൾ സ്വകാര്യ സ്കൂളുകൾ 15% വർധിച്ചു. എന്നാൽ ഈ വർധനവിന് പോലും അടച്ചുപൂട്ടിയ സർക്കാർ സ്കൂളുകൾക്ക് പകരമാകാൻ കഴിഞ്ഞില്ല. സർക്കാർ സ്കൂളുകളുടെ എണ്ണം 90,000 കുറഞ്ഞപ്പോൾ ആകെ സ്കൂളുകളുടെ എണ്ണത്തിൽ 53,000 കുറവുണ്ട്. ഇതിനർത്ഥം ഈ കാലയളവിൽ വെറും 35,000 മുതൽ 40,000 വരെ സ്വകാര്യ സ്കൂളുകൾ മാത്രമാണ് പുതുതായി തുടങ്ങിയത്. സ്കൂളുകൾ അടച്ചുപൂട്ടുന്നതിൽ മധ്യപ്രദേശും ഉത്തർപ്രദേശുമാണ് മുന്നിൽ. മധ്യപ്രദേശിൽ 10 വർഷത്തിനിടെ 30,000 സ്കൂളുകൾ അടച്ചുപൂട്ടി. ഉത്തർപ്രദേശിൽ ഇത് 25,000 ആണ്. ഒഡിഷയിൽ 10,000, അസമിൽ 8,000, ഝാർഖണ്ഡിൽ 5,000 എന്നിങ്ങനെയാണ് കണക്കുകൾ. ഇത് രാജ്യം ഭാവിയിൽ നേരിടാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ സൂചനയാണ്. വിദ്യാഭ്യാസ ബജറ്റ് വർധിപ്പിച്ച് സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ സ്കൂളുകൾ ഒരുക്കിയാൽ മാത്രമേ ദീനമായ ഈ സാഹചര്യം മെച്ചപ്പെടുത്താനാകൂ. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണ്. ഈ കാലയളവിൽ പഠനം നിർത്തിയ 65 ലക്ഷം വിദ്യാർത്ഥികളിൽ 30 ലക്ഷവും പെൺകുട്ടികളാണ്. ഗുജറാത്തിൽ പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 341 ശതമാനത്തിന്റെ പെരുക്കമാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. രേണുക ചൗധരി എംപിയുടെ ചോദ്യത്തിന് മറുപടിയായി വനിതാ ശിശുവികസന സഹമന്ത്രി സാവിത്രി ഠാക്കൂർ പാർലമെന്റിൽ നൽകിയതാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ സ്കൂളിന് പുറത്തുള്ളത് 2.4 ലക്ഷം. ഇതിൽ 1.1 ലക്ഷം പെൺകുട്ടികളാണ്. 2024ൽ വെറും 54,541 കുട്ടികൾ മാത്രം സ്കൂളിന് പുറത്തുണ്ടായിരുന്ന ഗുജറാത്തിൽ ഒറ്റ വർഷം കൊണ്ട് അത് 2.4 ലക്ഷമായത് വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നു. അസമിൽ 1,50,906 കുട്ടികളും ഉത്തർപ്രദേശിൽ 99,218 കുട്ടികളും പഠനാവസരം ഇല്ലാതെ സ്കൂൾ ഉപേക്ഷിച്ചിരിക്കുന്നു. മോഡി ഭരണത്തിൽ രൂപപ്പെട്ട അപകടകരമായ ഈ സാഹചര്യം മുമ്പില്ലാത്തതും ആശങ്കാജനകവുമായി തുടരുകയാണ്. 

Previous
‘ഭോയ്’ ഭരണമോ ‘ഭറോസ’ ഭരണമോ
Next
പൈറസി തടയുകയാണ് സിനിമയെ സംരക്ഷിക്കാനുള്ള ഏക മാർഗം: മമിത ബൈജു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment