ഇസ്ലാമാബാദ് സമാധാന ചർച്ചയും ഇസ്രയേൽ യുദ്ധവെറിയും

Janayugom
Developer Admin

ടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചരിത്രപരമായ ചർച്ചകളിൽ അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ എത്തുന്നതിൽ പരാജയപ്പെട്ടു. ടെഹ്റാൻ അവരുടെ ആണവ പരിപാടി ഉപേക്ഷിക്കാൻ തയ്യാറാകാത്തത് ഉടമ്പടിക്ക് തടസമായ പ്രധാന കാരണങ്ങളിലൊന്നായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പിന്നീട് പറഞ്ഞു. ഇരുപക്ഷവും തമ്മിൽ നേരിട്ട് നടത്തിയ ചർച്ചകൾക്ക് ശേഷവും ഒരു ധാരണയിലെത്തുന്നതിൽ പരാജയപ്പെട്ടത്, നിലവിലുള്ള ദുർബലമായ രണ്ടാഴ്ചത്തെ വെടിനിർത്തലിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ആഗോള ഊർജ വിപണിയെ സ്ഥിരപ്പെടുത്തുന്നതിനായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള സാധ്യതയെയും ഈ പരാജയം സംശയത്തിലാക്കിയിരിക്കുകയാണ്. ചഞ്ചലമായ ട്രംപിന്റെ നിലപാടുകളുടെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകളിൽ വലിയ വഴിത്തിരിവുകളൊന്നും ലോകം പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും ഇരുപക്ഷവും കരട് രേഖകൾ കൈമാറിക്കഴിഞ്ഞു, ചർച്ചകൾ ആരംഭിച്ചു എന്നിങ്ങനെയുള്ള വാർത്തകൾ സമാധാനകാംക്ഷികൾ പ്രത്യാശയായി കണക്കാക്കിയിരുന്നു. ഇസ്രയേൽ ലെബനനുമേലുള്ള തങ്ങളുടെ ക്രൂരമായ ആക്രമണങ്ങൾ കുറയ്ക്കുമെന്നും അമേരിക്ക മരവിപ്പിച്ചുവച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ വിട്ടുകൊടുക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. 

1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം വഷളായ ബന്ധം ദിവസങ്ങൾ കൊണ്ടോ ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ മെച്ചപ്പെടുത്താൻ കഴിയില്ല. ഇതൊരു ദീർഘമായ പ്രക്രിയയായിരിക്കുമെന്നും നയതന്ത്ര ലോകത്തിന് ബോധ്യമുണ്ട്. വിശ്വാസം കെട്ടിപ്പടുക്കാൻ സമയമെടുക്കും. പ്രത്യേകിച്ചും ഫെബ്രുവരിയിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഇസ്രയേലുമായി ചേർന്ന് അമേരിക്ക ഇറാനെതിരെ ഒരു യുദ്ധം അഴിച്ചുവിട്ടത് കണക്കിലെടുക്കുമ്പോൾ. എന്നാൽ വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി ശാശ്വതമായ ശത്രുതയാൽ അടയാളപ്പെടുത്തേണ്ടതില്ല എന്നു കരുന്നവരുമുണ്ട്. ഭിന്നത ആഴത്തിലുള്ളതാണെങ്കിലും, ഒരു അടിസ്ഥാന കരാറിൽ പോലും പ്രവർത്തിക്കാൻ സാധ്യമാണ്. ഉദാഹരണത്തിന്, ഭരണകൂട മാറ്റത്തെക്കുറിച്ചുള്ള എല്ലാ സംസാരങ്ങളും നിർത്തണം. ഏതുതരം ഭരണസംവിധാനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇറാനിലെ ജനങ്ങൾക്ക് അമേരിക്ക വിട്ടുകൊടുക്കണം. ഇറാൻ ഉന്നയിക്കുന്ന മിസൈലുകളെക്കുറിച്ചും പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയെക്കുറിച്ചും അമേരിക്ക ഉന്നയിക്കുന്ന മറ്റ് വിഷയങ്ങൾ ടെഹ്റാനും അയൽരാജ്യങ്ങളും ചേർന്ന് പരിഹരിക്കാൻ അവസരമൊരുക്കണം. കാരണം അത് ആ മേഖലയെ മൊത്തത്തിൽ ബാധിക്കുന്ന കാര്യമാണ്.
ആണവ പ്രശ്നവും പരിഹരിക്കാവുന്നതാണ്. അമേരിക്ക ഇറാനെ ആക്രമിക്കുന്നതിന് മുമ്പ് ഒമാൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ തൃപ്തികരമായ പുരോഗതി കൈവരിച്ചിരുന്നു. അമേരിക്ക ഇറാനെ ബഹുമാനത്തോടെ പരിഗണിക്കുകയും ചില ലക്ഷ്മണരേഖകൾ ലംഘിക്കാതിരിക്കുകയും ചെയ്താൽ, ഇസ്ലാമിക് റിപ്പബ്ലിക് അത് തിരിച്ചംഗീകരിക്കുകയും ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും വേണം. 

എന്നാൽ യുഎസ്-ഇറാൻ ബന്ധം മെച്ചപ്പെടുന്നതിന് തടസമായി നിൽക്കുന്ന ഏറ്റവും വലിയ ഘടകം ഇസ്രയേലും വാഷിങ്ടണിലെ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന സയണിസ്റ്റ് ലോബിയുമാണ്. യുഎസ് നയങ്ങളിൽ ടെൽ അവീവിനുള്ള ദുഃസ്വാധീനം നിയന്ത്രിക്കപ്പെടുന്നതുവരെ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടാൻ സാധ്യതയില്ല. ഇസ്ലാമാബാദ് ചർച്ചകൾക്ക് ശേഷവും തന്റെ രാജ്യം ഇറാനെതിരെ പോരാടുന്നത് തുടരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കംചെയ്യണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം. ഇസ്രയേൽ സ്വയം സൃഷ്ടിച്ച ഒരു യുദ്ധത്തില്‍ അവർക്കുവേണ്ടി പോരാടണമോ അതോ ഇറാനുമായുള്ള സ്വന്തം ബന്ധം മെച്ചപ്പെടുത്തണമോ എന്ന് അമേരിക്ക തീരുമാനിക്കണം. ആദ്യത്തെ ഓപ്ഷൻ മേഖലയെ മറ്റൊരു വിനാശകരമായ യുദ്ധത്തിലേക്ക് നയിക്കുമെന്നത് തീർച്ചയാണ്. ഭാഗ്യവശാൽ, മുന്നോട്ടുള്ള പാത പ്രയാസങ്ങളും സംശയങ്ങളും നിറഞ്ഞതാണെങ്കിലും, സംഘർഷം ലഘൂകരിക്കാനുള്ള ഒരു പ്രക്രിയ ആരംഭിച്ചതിൽ ആശ്വാസം കണ്ടെത്താം. ഈ വേഗത മുന്നോട്ട് കൊണ്ടുപോകാനും ഇരു രാജ്യങ്ങൾക്കും സാധ്യമായ കാര്യങ്ങൾ നേടിയെടുക്കാനും കൂടുതൽ സമാധാനപരമായ ഒരു ഭാവിയിലേക്ക് നോക്കാനും കഴിയണം. ഇസ്രയേലിലെ യുദ്ധക്കൊതിയന്മാരും അമേരിക്കയിലെ അവരുടെ പിന്തുണക്കാരും ഉൾപ്പെടെയുള്ള തടസക്കാരെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും വേണം. 2026 ഫെബ്രുവരി 28ന് ഇറാനുമേൽ അമേരിക്കയും ഇസ്രയേലും തുടങ്ങിവച്ച യുദ്ധം സാമ്രാജ്യത്വത്തിന്റെ നഗ്നവും ക്രൂരവുമായ മുഖമാണ് ലോകത്തിനുമുന്നിൽ തുറന്നുകാട്ടിയത്. അന്താരാഷ്ട്ര നിയമങ്ങളെയും നയതന്ത്രമര്യാദകളെയും കാറ്റിൽപ്പറത്തിക്കൊണ്ടാണ് പരമാധികാര രാഷ്ട്രമായ ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന നേതൃനിരയെയും അധിനിവേശ ശക്തികൾ വധിച്ചത്. ഇറാനിലെ മിനാബിൽ നടന്ന പ്രൈമറി സ്കൂളിന് നേരെയുള്ള മനുഷ്യത്വവിരുദ്ധമായ മിസൈൽ ആക്രമണം ലോക ജനതയെ മുഴുവൻ ഞെട്ടിച്ചു. 180ഓളം പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിൽ കൂടുതലും പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികളായിരുന്നു.
ലോക മനഃസാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധം സാമ്രാജ്യത്വത്തിന്റെ പുതിയ മുഖത്തെയാണ് തുറന്നുകാട്ടുന്നത്. സമ്രാജ്യത്വം കാലഹരണപ്പെട്ട സങ്കല്പമാണെന്ന് ആവർത്തിക്കുന്നവർക്ക് വലിയ പാഠം കൂടിയാണ് അമേരിക്കൻ സയണിസ്റ്റ് സഖ്യത്തിന്റെ വർത്തമാനം. 

Previous
നിധിൻ രാജിന്റെ മരണം; രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടു...
Next
മോഡിയുടെ മുന്നിലെ കൂറ്റന്‍ പ്രതിസന്ധി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment