അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് വിദ്യാർത്ഥി ആർ എൽ നിധിൻ രാജിന്റെ മരണത്തിൽ രണ്ട് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തത്. ഇതിനുപുറമെ പട്ടികജാതി–പട്ടികവർഗ അതിക്രമ നിരോധന വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ് അറിയിച്ചു.
വിദ്യാർത്ഥിയെ ജാതിയുടെയും നിറത്തിന്റെയും സാമ്പത്തിക നിലയുടെയും പേരിൽ അധ്യാപകർ നിരന്തരം അധിക്ഷേപിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സഹോദരി നിഖിലയുമായി നിധിൻ നടത്തിയ ഫോൺ സംഭാഷണങ്ങളിലും ചാറ്റുകളിലും അധ്യാപകരിൽ നിന്ന് നേരിട്ട ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് പരാമർശമുണ്ട്. സഹപാഠികളുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ചതായും ‘നിനക്ക് പോയി ചത്തൂടെ’ എന്ന് ഡോക്ടർമാർ പറഞ്ഞതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ നിധിൻ രാജിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബി ഡി എസ് പഠനത്തിന് ചേർന്ന് വെറും അഞ്ചുമാസത്തിനുള്ളിലാണ് നിധിൻ ഇത്രയധികം മാനസിക പീഡനങ്ങൾ അനുഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment