ഭൗമരാഷ്ട്രീയ ക്രമത്തിൽ ലോകം ഒരു സ്ഫോടനാത്മകമായ മാറ്റത്തിലൂടെ കടന്നുപോകുകയാണ്. ലെനിൻ മുമ്പ് പറഞ്ഞതുപോലെ: “ഒന്നും സംഭവിക്കാത്ത പതിറ്റാണ്ടുകളുണ്ട്; പതിറ്റാണ്ടുകളുടെ സംഭവം നടക്കുന്ന ആഴ്ചകളുമുണ്ട്”. ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണവും, ദുബായ് പോലുള്ള സാമ്പത്തിക കേന്ദ്രങ്ങളുടെ ദുർബലത ലക്ഷ്യംവച്ച് ആഗോള ക്രമത്തിനെതിരെ ടെഹ്റാൻ നടത്തിയ ധീരമായ പോരാട്ടവും, എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെ അജയ്യത ചോദ്യംചെയ്യപ്പെട്ടതും, റഷ്യക്കും ഇറാനുമെതിരായ പാശ്ചാത്യരുടെ ദുർബലമായ ഉപരോധങ്ങളിൽ ഇളവ് വരുത്താൻ നിർബന്ധിതമാക്കിയതും, നിർണായകമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതും കഴിഞ്ഞ കുറച്ച് ആഴ്ചകളായി മേല്പറഞ്ഞ ഉദ്ധരണിയുടെ തെളിവായി മാറിയിരിക്കുന്നു. പാശ്ചാത്യ കേന്ദ്രീകൃത ഏകധ്രുവ ലോകത്തിൽ നിന്ന് ഉറച്ച ബഹുധ്രുവ ലോകത്തിലേക്കുള്ള സ്ഥിരമായ മാറ്റത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് നമ്മെ വിലക്കുകയും പിന്നീട് ഒരു മാസത്തെ സാവകാശം ‘അനുവദിക്കുകയും’ ചെയ്തതും, ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ വ്യോമാക്രമണത്തിലൂടെ ക്രൂരമായി കൊലപ്പെടുത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇസ്രയേൽ സന്ദർശനത്തിനായി മോഡിയെ ക്ഷണിച്ചതും, അന്തർദേശീയ ചതുരംഗത്തില്‍ യുഎസും ഇസ്രയേലും ഇന്ത്യയെ ഒരു ഉപകരണമാക്കാനായിരുന്നു.
ഡോളറിന്റെ മൂല്യത്തകര്‍ച്ച സജീവമാണ്. യുവാൻ പോലുള്ളവയുടെ മൂല്യം ദിനംപ്രതി ശക്തി പ്രാപിക്കുന്നു. വിരോധാഭാസമെന്നു പറയട്ടെ, പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷത്തിനിടയില്‍ ഇന്ത്യൻ രൂപയുടെ വിലയിടിവ് തുടരുന്നു. എന്തെങ്കിലും അത്ഭുതം സംഭവിച്ചില്ലെങ്കിൽ, സമീപഭാവിയിൽ സാമ്പത്തിക അനിശ്ചിതത്വം വലിയ തോതിൽ ഉയരുകയും വിദൂര ഭാവിയിൽ ഇന്ത്യയുടെ സാധ്യതകൾ ചോദ്യം ചെയ്യപ്പെടുന്ന പ്രവണത തുടരാനും സാധ്യതയുണ്ട്.
ഏത് അളവുകോലെടുത്താലും, ഇപ്പോഴത്തെ ഊർജപ്രതിസന്ധിയുടെ വികാസം അതിശയകരമായ അനുപാതത്തിലാണ്. നമ്മുടെ ചുറ്റുമുള്ള രാജ്യങ്ങളെല്ലാം ഇതിനകം പരിഭ്രാന്തിയുടെ പിടിയിലാണ്. ഫിലിപ്പീൻസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ശ്രീലങ്ക ആഴ്ചയിൽ നാല് ദിവസം ജോലി എന്ന നയം സ്വീകരിച്ചു, കരിഞ്ചന്തക്കാർ സാധാരണ വിലയുടെ 10 ഇരട്ടി വിലയ്ക്ക് എണ്ണ വിൽക്കുന്നതിനാൽ മ്യാൻമർ പ്രതിസന്ധിയിലാണ്, പാകിസ്ഥാനും ബംഗ്ലാദേശും അടച്ചുപൂട്ടൽ സാധ്യത നേരിടുമ്പോൾ ദക്ഷിണ കൊറിയ വാഹനഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. വിവരാവകാശ പ്രകാരം ഇന്ത്യക്ക് 10 ദിവസത്തെ തന്ത്രപരമായ എണ്ണശേഖരം മാത്രമേ ഉള്ളൂ എന്ന് സർക്കാർ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. എന്നിട്ടും ആവശ്യത്തിന് കരുതൽ ശേഖരമുണ്ടെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്ന ‘ധീരമായ നിലപാട്’ കേന്ദ്രസർക്കാർ ആവര്‍ത്തിക്കുന്നു. പക്ഷേ വാസ്തവം വ്യത്യസ്തമായ കഥയാണ് പറയുന്നത്. പെട്രോളിയം ആന്റ് പ്രകൃതിവാതക മന്ത്രാലയം എണ്ണ ശുദ്ധീകരണശാലകൾക്ക് വാണിജ്യ ഉപയോഗത്തെക്കാൾ ആഭ്യന്തര എൽപിജി വിതരണത്തിന് മുൻഗണന നൽകാൻ നിർദേശം നൽകിയത് രാജ്യത്തുടനീളമുള്ള നിരവധി റെസ്റ്റോറന്റുകളും ഭക്ഷണശാലകളും, സെറാമിക്, ടെക്സ്റ്റൈൽ ഫാക്ടറികൾ ഉള്‍പ്പെടെയുള്ളവയും അടച്ചുപൂട്ടാന്‍ കാരണമായി. നിരവധി തൊഴിലാളികൾക്ക് ജോലിയും ഉപജീവനമാർഗവും നഷ്ടപ്പെട്ടുവെന്ന് പറയേണ്ടതില്ലല്ലോ. 14 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ ഭാരം 10 കിലോയായി കുറയ്ക്കുമെന്നും ഓരോ വീടിനും അനുവദനീയമായ സിലിണ്ടറുകളുടെ എണ്ണം, ബുക്ക് ചെയ്യാനുള്ള സമയപരിധി മുതലായവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
എണ്ണവില അതേപടി നിലനിർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ സർക്കാർ അതിയായ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നില്‍ക്കണ്ടുകൊണ്ട് ശ്രദ്ധാപൂർവമുള്ള നടപടിയാണ്. എന്തായാലും, ഇറാൻ, കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഇസ്രയേൽ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിലെ എണ്ണ, പ്രകൃതിവാതക കേന്ദ്രങ്ങൾ ഇപ്പോഴും ആക്രമിക്കപ്പെടുന്നതിനാൽ പശ്ചിമേഷ്യയിലെ അരാജകത്വം ശമിക്കുന്നതിന്റെ സൂചനകളൊന്നുമില്ല. അതുകൊണ്ട് ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. തുടർച്ചയായ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ഗൾഫിലെ എണ്ണ, വാതക ഉല്പാദനം യുദ്ധത്തിന് മുമ്പുള്ള നിലവാരത്തിലെത്താൻ മാസങ്ങളോ ചിലപ്പോള്‍ വർഷങ്ങളോ എടുക്കുമെന്നാണ്. ഒരുപക്ഷേ ഇനിയൊരിക്കലും പഴയതുപോലെ ആവുകയുമില്ല.
ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, ആറ് മാസത്തെ എണ്ണ ശേഖരം കൈവശമുള്ള ചൈന, നല്ല നിലയിലാണെന്ന് കരുതാം. ഹോർമുസ് കടലിടുക്കിലൂടെ നിയന്ത്രണമില്ലാത്ത ഗതാഗതവും ചൈന ആസ്വദിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ ഇറക്കുമതിക്കാരാണെങ്കിലും, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളിലും പുനരുപയോഗ ഊർജ സ്രോതസുകളിലും വൻതോതിൽ നിക്ഷേപം നടത്തി ചൈന മാതൃകാപരമായ മാറ്റത്തിലൂടെയാണ് കടന്നുപോയത്. ചൈനയിലെ പുതിയ വാഹനങ്ങളില്‍ ഏകദേശം 60% ഇലക്ട്രിക് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡുകളാണ്. ഇന്ത്യ ഇക്കാര്യത്തില്‍ എട്ട് ശതമാനം പോലും എത്തിയിട്ടില്ല.
ചൈനയുടെ ഭീമൻ പൊതുഗതാഗതം ബാറ്ററിയെയും സൗരോർജത്തെയും വളരെക്കൂടുതല്‍ ആശ്രയിക്കുമ്പോള്‍, നമ്മുടെ ഗതാഗതത്തിന്റെ നട്ടെല്ല് ഇപ്പോഴും ഡീസലാണ്. അത് ഇതിനകം തന്നെ അപര്യാപ്തവുമാണ്. പ്രതിസന്ധി നമ്മുടെ പടിവാതിൽക്കൽ എത്തിയിരിക്കുന്നുവെന്നര്‍ത്ഥം. തെളിഞ്ഞ കാഴ്ചപ്പാടില്ലാത്ത രാഷ്ട്രീയ നേതൃത്വം പ്രകടനത്തെക്കാള്‍ പ്രചാരണത്തിനും, യുക്തിസഹമായ തീരുമാനങ്ങള്‍ക്ക് പകരം മതപരമായ ധ്രുവീകരണത്തിനും, മനഃസാക്ഷിക്കനുസരിച്ച് അന്താരാഷ്ട്രബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് പകരം ഫോട്ടോഷൂട്ടുകള്‍ക്കും മുന്‍ഗണന നല്‍കി. ആത്മനിർഭരതയെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയില്‍, രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിൽ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു. മുൻ യുപിഎ സർക്കാരിനെ ‘നയപരമായ പക്ഷാഘാതം’ ബാധിച്ചതെന്ന് പരിഹസിക്കുമ്പോഴും ലോക വേദിയിലെ മോഡിയുടെ നയ പക്ഷാഘാതമാണ് ഊർജ പ്രതിസന്ധിയെ കൂടുതൽ ആഴത്തിലാക്കാൻ പോകുന്നത്. യുഎസ്-ഇസ്രയേൽ സഖ്യം ഇറാനിയൻ പരമോന്നത നേതാവിനെയും സ്കൂൾ വിദ്യാർത്ഥിനികളെയും കൊലപ്പെടുത്തിയപ്പോൾ മോഡി സ്വീകരിച്ച മൗനത്തിന്, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ എണ്ണ — വാതകകപ്പലുകൾക്ക് ചൈനീസ് യുവാനില്‍ വലിയ വില നൽകേണ്ടി വരുന്നു. രാജ്യത്ത് ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ 40% ആയി ഉയർന്നതോടെ, യുവജനങ്ങളുടെ ജനസംഖ്യാപരമായ ലാഭവിഹിതം പാഴാവുകയാണ്. അതേസമയം യുവാക്കൾക്കിടയിൽ ഒരു ‘ദുരന്ധർ വർഗം’ സൃഷ്ടിക്കുന്നതിൽ ഭരണകൂടം വിജയിച്ചിട്ടുണ്ട്. അവർ ക്ഷമാപണത്തെക്കുറിച്ച് ചിന്തയില്ലാത്ത യുദ്ധപ്രിയരും യാഥാർത്ഥ്യത്തെ പൂർണമായും തെറ്റിദ്ധരിച്ചവരും, മോഡിയെ ഏതുവേദിയിലും പ്രതിഷ്ഠിക്കാൻ ഒരു മടിയുമില്ലാത്തവരുമാണ്. സാമ്പത്തിക അസമത്വം അഭൂതപൂർവമായ തലത്തിലായ സമയത്തും അക്രമാസക്തമായ ദേശസ്നേഹത്തിന്റെ പുരാവൃത്തത്തിലൂടെ ജനങ്ങളിൽ നിന്ന് ശതകോടികള്‍ സ്വരൂപിക്കാൻ കഴിഞ്ഞു. പലസ്തീൻ, ക്യൂബ, ഇറാൻ എന്നീ രാജ്യങ്ങളുടെ കാര്യത്തില്‍ ട്രംപുമായും നെതന്യാഹുവുമായും സഖ്യമുണ്ടാക്കിയ നയം, ആഗോള ദക്ഷിണ രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങളെ മനഃപൂർവം അവഗണിച്ചുകൊണ്ടുള്ളത്, നമ്മെ ഒറ്റപ്പെടുത്തുകയും ദുർബലരാക്കുകയും ചെയ്തിരിക്കുന്നു.
ബ്രിക്സ് പങ്കാളിയെന്ന നിലയിൽ, ധാതു സമ്പന്നമായ രാജ്യങ്ങളെ ലക്ഷ്യംവച്ചുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ നവ സാമ്രാജ്യത്വ നയങ്ങൾക്കെതിരെ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ കടുത്തരീതിയില്‍ പ്രതികരിച്ചു. എന്നാൽ ടെക്സസിലെ പുതിയ എണ്ണ ശുദ്ധീകരണശാലയെ അംബാനി പിന്തുണയ്ക്കുന്ന സാഹചര്യം, ഇന്ത്യൻ രാഷ്ട്രീയ — ശതകോടീശ്വര വർഗം പാശ്ചാത്യ മുതലാളിത്തവുമായി ആഴത്തിൽ ഇഴചേർന്നതിന്റെ തെളിവാണ്. ബ്രിക്സിന്റെ മറ്റൊരു പങ്കാളിയായ ദക്ഷിണാഫ്രിക്ക, അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രയേലിനെതിരെ വംശഹത്യാ കേസ് നയിച്ചപ്പോൾ, പലസ്തീനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യകൾക്കിടയിൽ ഇസ്രയേലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ആഗോള ദക്ഷിണത്തിലെ ഏക നേതാവായി മോഡി മാറി. ലോക ചരിത്രത്തിലെ ഈ നിർണായക നിമിഷത്തിൽ, ശീതയുദ്ധത്തിന്റെ കൊടുമുടിയിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ ദീപസ്തംഭമായിരുന്ന ഇന്ത്യ, യുദ്ധക്കൊതിയന്മാരുടെ കൈകളിലെ ഉപകരണമായി ചുരുങ്ങി. 2016 നവംബറിലെ നോട്ട് നിരോധന പ്രതിസന്ധിയിലും 2020ലെ കോവിഡ് ലോക്ഡൗൺ പ്രതിസന്ധിയിലും, ബഹുഭൂരിപക്ഷം ജനങ്ങള്‍ നേരിടേണ്ടിവന്ന, ഒഴിവാക്കാമായിരുന്ന ദുരിതത്തിനും കണക്കില്ലാത്ത മരണങ്ങൾക്കും കാരണമായ മോഡിയുടെ ഞെട്ടിക്കുന്ന നാടകീയതകൾ, അഹങ്കാരത്തിലും ഭരണകൂട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള അദ്ദേഹത്തിന്റെ കഴിവിലും മാത്രം ഉള്ളടങ്ങിയതാണ്. ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന ഊർജ പ്രതിസന്ധിക്ക്, നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ചതിനെയും മോശമായതിനെയും പുറത്തുകൊണ്ടുവരാനുള്ള ശേഷിയുണ്ട്. ഇപ്പോൾ മൂന്നാം ഘട്ടത്തിലെത്തിയ ഭരണകൂടം മുൻകാല പ്രതിസന്ധികളിൽ നിന്ന് പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്നും, ജനങ്ങളെ മുൻകൂട്ടി കാണാവുന്ന ദുരിതങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാൻ നീതിപൂർവകവും മനുഷ്യത്വപരവുമായ രീതിയിൽ പ്രവർത്തിക്കുമെന്നും ആത്മാർത്ഥമായി പ്രതീക്ഷിക്കാം.
(ദി വയര്‍)
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment