ബിജെപിയിലല്ല രക്ഷയെന്ന് ബോധ്യമായത് സ്വാഗതാര്‍ഹം

Janayugom
Developer Admin

തെര‍‍ഞ്ഞെടുപ്പുകള്‍ ലക്ഷ്യമാക്കി കേരളത്തില്‍ ബിജെപി നടത്തിക്കൊണ്ടിരുന്ന ക്രിസ്ത്യന്‍ സാമുദായിക പ്രീണനത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എത്രയോ കാലമായി മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയുമെന്ന ചൊല്ല് അന്വര്‍ത്ഥമായിരിക്കുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടകള്‍ അധികാരലബ്ധിക്കായി ബിജെപി ഒളിഞ്ഞും തെളിഞ്ഞും മുതലാക്കിക്കൊണ്ടിരിക്കുന്നത് കണ്‍മുന്നില്‍ കണ്ടിട്ടും പല കാരണങ്ങള്‍കൊണ്ടും അവര്‍ക്ക് അനുകൂലമായ നിലപാടുകളും പ്രസ്താവനകളും നടത്താന്‍ ക്രിസ്ത്യന്‍ സാമുദായികനേതാക്കള്‍ക്കും സഭാധ്യക്ഷന്മാര്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ല. ബിജെപിയിലാണ് രക്ഷയെന്നും നരേന്ദ്ര മോഡിയാണ് രക്ഷകനെന്നുമുള്ള വാഴ്ത്തുപാട്ടുകള്‍ അവസാനിക്കാന്‍ അധികകാലം വേണ്ടിവരില്ലെന്ന് ഇടതുപക്ഷം വളരെ കൃത്യമായി തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. എന്നാല്‍ ആ തിരിച്ചറിവ് സഭാധ്യക്ഷന്മാര്‍ക്ക് അടക്കം ഉണ്ടാകാന്‍ സമയമേറെയെടുത്തു. വെെകിയെങ്കിലുമുണ്ടായ തിരിച്ചറിവ് സ്വാഗതാര്‍ഹമാണ്. എന്നാല്‍, ക്രിസ്ത്യന്‍ സമുദായത്തെ സംഘ്പരിവാറിന്റെ ആലയിലേക്ക് അടിച്ചുതെളിക്കാന്‍ അച്ചാരം വാങ്ങിയ പി സി ജോര്‍ജും മകനും എത്ര നികൃഷ്ടമായ പദങ്ങളാണ് കഴിഞ്ഞ ദിവസം കത്തോലിക്കാ സഭാധ്യക്ഷന്മാര്‍ക്കെതിരെയും സഭയുടെ കീഴിലുള്ള പത്രത്തിനെതിരെയും പ്രയോഗിച്ചതെന്ന് ചിന്തിക്കേണ്ടതുണ്ട്. വോട്ടെടുപ്പുവരെ അരമനകള്‍ കയറിയിറങ്ങിയ ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാര്യങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി മനസിലായി. ക്രിസ്ത്യാനികളെല്ലാം കൂട്ടത്തോടെ ബിജെപിക്ക് വോട്ടുചെയ്യുമെന്ന് വിശ്വസിപ്പിച്ച് അച്ചാരം വാങ്ങിയ കോടികള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ കണക്കുപറയേണ്ടി വരുമെന്ന് വന്നതോടെയാണ് അവര്‍ സഭയ്ക്കും സഭാധ്യക്ഷന്മാര്‍ ക്കുമെതിരെ നികൃഷ്ടമായ പ്രയോഗങ്ങള്‍ നടത്തിയത്.

മധ്യതിരുവിതാംകൂറിലെയടക്കം ക്രിസ്ത്യന്‍ സഭാവിശ്വാസികളെ പാര്‍ട്ടിയോടൊപ്പം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ഏറെക്കാലമായി ബിജെപി അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കേരളത്തിന്റെ ചരിത്രത്തില്‍ ഒരൊറ്റ എംഎല്‍എയെ മാത്രമാണ് ബിജെപിക്ക് ഇതുവരെ നിയമസഭയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും സംപൂജ്യരാവുകയും ചെയ്തു. രാഷ്ട്രീയനീക്കങ്ങളെല്ലാം പരാജയപ്പെട്ടിടത്ത് മത — സാമുദായിക പ്രീണനം നടത്തി വേരുറപ്പിക്കാമെന്ന ധാരണയില്‍ അരമനകളും സാമുദായികാസ്ഥാനങ്ങളും കയറിയിറങ്ങുന്നതിനിടെയാണ് കേരള രാഷ്ട്രീയത്തിലെ ഗതികിട്ടാപ്രേതങ്ങളായി മാറിയ പി സി ജോര്‍ജും മകനും ബിജെപിയിലെത്തുന്നത്. പിന്നീട് കേരളത്തിലെ ക്രിസ്ത്യാനികളെ അപ്പാടെ ബിജെപിയിലെത്തിക്കാമെന്ന് വാക്കുകൊടുത്ത് ഇരുവരും കൊണ്ടുപിടിച്ച പണികള്‍ തുടങ്ങി. മെത്രാന്മാരുടെയും സമുദായാംഗങ്ങളുടെയും പിന്തുണ ബിജെപിക്കാണെന്ന് അവര്‍ പ്രഖ്യാപിച്ചു. നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മധ്യതിരുവിതാകൂറിലെ ഒട്ടനവധി മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ സമുദായാംഗങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷാ അടക്കമുള്ള കേന്ദ്രനേതാക്കളും ഊഴമിട്ടെത്തി പ്രചാരണം കൊഴുപ്പിക്കുകയും പി സി ജോര്‍ജ് അവര്‍ക്കെല്ലാം അമിത വിജയപ്രതീക്ഷകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ, ബിജെപി കേരളത്തില്‍ പ്രതീക്ഷയൊന്നും വച്ചുപുലര്‍ത്തേണ്ട കാര്യമില്ല എന്ന് ബോധ്യമായെന്നാണ് പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പൊട്ടിത്തറികളില്‍ നിന്ന് മനസിലാക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ഒഴുക്കിയ പണത്തിന് കയ്യും കണക്കുമില്ലെന്ന് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ മനസിലാകും. വോട്ടര്‍മാര്‍ക്ക് വലിയതോതില്‍ പണവും പാരിതോഷികങ്ങളും നല്‍കിയതിന്റെ തെളിവാണ് പാലക്കാട്ടും തൃശൂരും പുറത്തുവന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും ഉദ്ദേശിച്ച ഫലമുണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് ബിഷപ്പുമാര്‍ ചതിയന്മാരും കൊള്ളരുതാത്തവരുമാണെന്ന് ജോര്‍ജും മകനും രോഷാകുലരായത്. 

വടക്കേ ഇന്ത്യയില്‍ പരീക്ഷിച്ച് വിജയിച്ച രാഷ്ട്രീയനാടകങ്ങളും കാലുമാറ്റങ്ങളും വര്‍ഗീയകലാപങ്ങളും കേരളത്തില്‍ വിലപ്പോവാത്തത് ഇടതുപക്ഷം ജാഗ്രതയോടെ നിലകൊള്ളുന്നതുകൊണ്ടാണ്. ഇടക്കാലത്ത് ബിജെപിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയും കേന്ദ്രസര്‍ക്കാരിന് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്ത മെത്രാന്മാര്‍ വിദേശസംഭാവനാ നിയന്ത്രണ നിയമ (എഫ്‍സിആർഎ) ഭേദഗതി ബില്ലുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയതോടെയാണ് അങ്കലാപ്പിലായത്. സഭകളുടെ സ്വാധീനങ്ങള്‍ക്ക് പൂട്ടിടാന്‍ അവരുടെ സാമ്പത്തികസ്രോതസ് അടയ്ക്കാനുള്ള നീക്കങ്ങളാണ് ബിജെപി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോൾ കാര്യങ്ങള്‍ മനസിലായിരിക്കുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിക്കുകയും കന്യാസ്ത്രീകളുള്‍പ്പെടെ മിഷനറിമാരെ അറസ്റ്റ് ചെയ്തും തുറുങ്കിലടച്ചും അതിക്രൂരമായി പീഡിപ്പിക്കുകയും വ്യാപകമായി വിദ്വേഷപ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിട്ടും മെത്രാന്മാര്‍ ശക്തമായി പ്രതികരിക്കുകയോ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അപ്പോഴെല്ലാം അതിനെതിരെ ശബ്ദമുയര്‍ത്തിയത് രാജ്യത്തെ ഇടതുപക്ഷമാണ്. ഏറെ വെെകിയാണെങ്കിലും ബിജെപിയുടെ കപട ക്രിസ്ത്യന്‍പ്രേമം സഭാനേതാക്കള്‍ക്കും വിശ്വാസികള്‍ക്കും ബോധ്യപ്പെട്ടത് നല്ല കാര്യം തന്നെയാണ്.

Previous
മോഡിയുടെ മുന്നിലെ കൂറ്റന്‍ പ്രതിസന്ധി
Next
പോപ്പ് താരം ബ്രിട്ട്നി സ്പിയേഴ്‌സ് ലഹരിവിമുക്ത കേന്ദ്രത്തിൽ; തീരുമാനം മദ്യപിച്ചു...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment