എ ജി ബാലൻ യാത്രയായി. അരനൂറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ കൗൺസിൽ ഓഫിസിലെ സ്ഥിരസാന്നിധ്യമായിരുന്നു ബാലൻ. ഓഫിസിൽ മാത്രമല്ല പാർട്ടിയുമായി ബന്ധപ്പെട്ട് എന്തുപരിപാടി തൃശൂർ നഗരത്തിൽ നടന്നാലും ബാലൻ അവിടെയുണ്ടാകും, മുൻനിരയിൽത്തന്നെ. 1972ല്‍ എഎെടിയുസി സമ്മേളനത്തിന് പാർട്ടി ചെയർമാനും എഎെടിയുസി പ്രസിഡന്റുമായിരുന്ന എസ് എ ഡാങ്കെ തൃശൂർ സന്ദർശിച്ച അവസരത്തിൽ, തുറന്ന വാഹനത്തിൽ അദ്ദേഹം പാർട്ടിയുടെ ഒരു പ്രകടനം നയിക്കുകയുണ്ടായി. അന്നും പ്രകടനത്തിന് വഴിയൊരുക്കി ബാലൻ മുമ്പിൽ നടന്നിരുന്നു. പിന്നീട് 1993ൽ പാർട്ടിയുടെ പ്രത്യേക അഖിലേന്ത്യാ പ്ലീനറി സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധമായി അന്നത്തെ ജനറൽ സെക്രട്ടറി ഇന്ദ്രജിത് ഗുപ്ത നയിച്ച പ്രകടനത്തിന് മുന്നിലും വീഥിയൊരുക്കി പതിവുപോലെ ബാലനുണ്ടായിരുന്നു. തൃശൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏതു പ്രകടനം നടന്നാലും, അത് ആര് നയിച്ചാലും, അതിന് വഴിയൊരുക്കി അരനൂറ്റാണ്ടുകാലം ബാലനുണ്ടായിരുന്നു. അത് ബാലന്റെ പ്രത്യേക അവകാശമായിരുന്നു.
പാർട്ടി അത് വകവച്ചുകൊടുക്കുകയും ചെയ്തിരുന്നു. എഴുപതുകളുടെ മധ്യത്തിൽ ഒരു പുതിയ തലമുറ എഐഎസ്എഫിലൂടെ പാർട്ടിയിൽ ആകൃഷ്ടരായി കടന്നുവരുന്ന കാലത്ത് ബാലൻ ഡിസി ഓഫിസിലെ സ്ഥിര സാന്നിധ്യമായിരുന്നു. പാർട്ടി ഓഫിസ് കോമ്പൗണ്ടിൽ അന്ന് കെ കെ വാര്യരുടെ മുഖ്യ ചുമതലയിൽ നവയുഗം സായാഹ്നപത്രമായി ഇറങ്ങിയിരുന്നപ്പോഴും പിൽക്കാലത്ത് ബാബു വാസുദേവന്റെ പത്രാധിപത്യത്തിൽ വാരികയായി പ്രസിദ്ധീകരിച്ചിരുന്നപ്പോഴും ബാലൻ അവിടെ സ്ഥിര കഥാപാത്രമായിരുന്നു. നവയുഗം ഓഫിസ് അന്ന് കെ കെ വാര്യർ, ഇ ഗോപാലകൃഷ്ണമേനോൻ തുടങ്ങിയ പ്രമുഖനേതാക്കളുടെ പ്രധാന സങ്കേതമായിരുന്നു. അവരും അച്യുതമേനോൻ, സി ജനാർദ്ദനൻ, ടി കെ കരുണൻ തുടങ്ങിയ പാർട്ടിയുടെ തൃശൂരിലെ നേതാക്കൾക്ക് മാത്രമല്ല തൃശൂരിൽ വിവിധ പരിപാടികൾക്കായി വരികയും അതുവഴി കടന്നുപോകുകയും ചെയ്യുന്ന നേതാക്കളുടെയെല്ലാം സഹായിയും വേണ്ടപ്പെട്ടവനുമായിരുന്നു ബാലൻ. നവയുഗം മാസികയായി മാറുകയും പ്രസിദ്ധീകരണം തിരുവനന്തപുരത്താകുകയും ചെയ്തതോടെ ബാലനെ എഐടിയുസി ജില്ലാകൗൺസിൽ ഓഫിസിലെ സഹായിയായി നിയമിച്ചു. ആരോഗ്യം അനുവദിക്കുംവരെ ബാലൻ ആ ചുമതല തൃപ്തികരമായി നിർവഹിക്കുകയും ചെയ്തിരുന്നു. നവയുഗം, എഐടിയുസി, പാർട്ടി എന്നിവ ഏല്പിച്ചിരുന്ന ചുമതലകൾ നിർവഹിക്കുന്നതോടൊപ്പം ജനയുഗം പത്രത്തിന്റെയും നവയുഗത്തിന്റെയും ഏജന്റ്, വിതരണക്കാരൻ എന്നീ ചുമതലകളും ബാലൻ കൃത്യതയോടെ നിർവഹിച്ചിരുന്നു.
പാർട്ടി ഡിസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാക്കളും പ്രവർത്തകരും ഇതര പ്രസിദ്ധീകരണങ്ങൾക്കായി ആശ്രയിച്ചിരുന്നതും ബാലനെയാണ്. ബാലന് അത് ചെറിയൊരു വരുമാന മാർഗവുമായിരുന്നു. വിദ്യാർത്ഥി, യുവജന ഫെഡറേഷനുകളുടെയും പാർട്ടിയുടെയും പ്രവർത്തനത്തിന്റെ ഭാഗമായി പൂങ്കുന്നം സീതാറാം ടെക്സ്റ്റെെൽ മില്ലിന് പിന്നിലുള്ള ബാലന്റെ വീട്ടിൽ പലപ്പോഴും പോയിരുന്നു. പലപ്പോഴും ആ വീട്ടിൽത്തന്നെയായിരുന്നു പല യോഗങ്ങളും ചേർന്നിരുന്നത്. തൃശൂർ നഗരത്തിലെ യുവജന ഫെഡറേഷൻ പ്രവർത്തനകാലത്ത് ബാലന്റെ അനുജൻ എ ജി മോഹൻദാസ് അടുത്ത സഹപ്രവർത്തകരിൽ ഒരാളായിരുന്നു. പൂങ്കുന്നത്തെ പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും പ്രവർത്തനത്തെപ്പറ്റി ഇപ്പോൾ വലിയ ധാരണയില്ലെങ്കിലും അക്കാലത്ത് പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും ഏറ്റവും ഊർജസ്വലമായ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു അത്. അതിൽ ബാലൻ സജീവ പങ്ക് വഹിച്ചിരുന്നു. അരനൂറ്റാണ്ടുകാലം പാർട്ടി തൃശൂർ ഡിസി ഓഫിസിലെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ബാലന്റെ വേർപാട് ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവരെ ദുഃഖിതരാക്കുക സ്വാഭാവികമാണ്. കഴിഞ്ഞ 15വർഷങ്ങളായി തിരുവനന്തപുരമാണ് പ്രവർത്തനകേന്ദ്രം എന്നതുകൊണ്ട് ബാലനെ കാണുക വല്ല യോഗങ്ങളുടെയും അവസരത്തിൽ മാത്രമായിരുന്നു. അടുത്തകാലത്തായി ബാലന്റെ അസാന്നിധ്യം ശ്രദ്ധയിൽപെട്ടപ്പോൾ പാർട്ടി ഓഫിസ് സെക്രട്ടറി ധർമ്മരാജനോട് വിവരം ആരാഞ്ഞിരുന്നു.
വാർധക്യസഹജമായ കാരണങ്ങളാൽ ഓഫിസിൽ വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാലനെ പോയിക്കാണണമെന്ന് ആലോചിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല. അന്തരിച്ച വാർത്തയറിഞ്ഞത് വളരെ വൈകി സി എൻ ജയദേവൻ വിളിച്ചുപറഞ്ഞപ്പോൾ മാത്രമായിരുന്നു. അകലെയിരുന്നുകൊണ്ടുള്ള ഒരു യാത്രാമൊഴിക്കപ്പുറം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മോഹൻദാസിനെ വിളിച്ച് അനുശോചനം അറിയിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും നമ്പർ നിലവിലില്ലെന്ന സന്ദേശമാണ് കിട്ടിയത്. ജീവിതത്തിന്റെ വലിയ പങ്കും കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം ചെലവിട്ട് ഒരുപാട് കമ്മ്യൂണിസ്റ്റുകാരുടെ മനസിൽ സ്ഥാനംപിടിച്ച നിഷ്കളങ്കനായ ഒരു സഖാവാണ്, വിടപറഞ്ഞത്. സഖാവിന്റെ സ്മരണക്കുമുമ്പിൽ തലകുനിക്കുന്നു. സഖാവിന്റെ കുടുംബത്തോടും പാർട്ടിപ്രവർത്തകരോടും അനുശോചനം അറിയിക്കുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment