തെരഞ്ഞെടുപ്പ് കാലം കേന്ദ്ര അന്വേഷണ ഏജൻസികൾ അവരുടെ യജമാനരോടുള്ള കൂറ് കൂടുതൽ പ്രകടിപ്പിക്കുന്നതിനുള്ള അവസരമായി കാണുന്നതിന്റെ ഉദാഹരണമാണ് പശ്ചിമ ബംഗാൾ. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് എല്ലാ കാലത്തും വൈകാരികവും ആവേശഭരിതവുമായിട്ടാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. പ്രധാന മത്സരം ഇടതുപക്ഷവും കോൺഗ്രസും തമ്മിലായിരുന്നപ്പോഴും സ്ഥിതി ഇതുതന്നെയായിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ അവരുടെ അന്വേഷണ ഏജൻസികളെ മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മിഷനെ വരെ സമർത്ഥമായി ഉപയോഗിക്കുന്നു. ബിജെപിക്ക് ബംഗാളിലെ വിജയം അവരുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമായിരിക്കുന്നു. നിരവധി തവണയാണ് മോഡിയും അമിത് ഷായും ബംഗാളിൽ എത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് ഗവർണർ ആനന്ദബോസിനെ മാറ്റി കേന്ദ്രസർക്കാരിന്റെ പാവയായ തമിഴ്നാട് ഗവർണർ ആർ എൻ രവിയെ നിയമിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 90.6 ലക്ഷം പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി. മമതാ ബാനർജിയുടെ മണ്ഡലത്തിൽ മാത്രം അരലക്ഷത്തിലധികം പേരെ വെട്ടി. എസ്ഐആർ ഏറ്റവും അധികം ദുരുപയോഗം ചെയ്യപ്പെട്ടത് ബംഗാളിലാണ്. അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി പ്രസംഗങ്ങളെല്ലാം തീവ്ര ഹിന്ദുത്വ വികാരം ആളിക്കത്തിക്കാൻ ഉതകുന്ന നിലയിലുമായിരുന്നു. ഹുമയൂൺ കബീറെന്ന തൃണമൂൽ എംഎൽഎ 2025 നവംബറിലാണ് മുർഷിദാബാദിലെ ബെൽദംഗയിൽ ബാബറി മസ്ജിദിന്റെ മാതൃകയിലുള്ള ഒരു പള്ളി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രസ്താവനയെത്തുടർന്ന് കബീറിനെ ടിഎംസി സസ്പെൻഡ് ചെയ്തുവെങ്കിലും ഇത് ബിജെപിക്ക് വലിയൊരു ആയുധമായി. ബാബറി മസ്ജിദ് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുവാനും അതുവഴി ഹിന്ദു വികാരം ഉണർത്താനും അമിത് ഷായ്ക്ക് അവസരം നല്‍കിയത് കബീറിന്റെ മണ്ടത്തരമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനാസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്നത് ആരും ചർച്ച ചെയ്യുന്നേയില്ല.
മുൻ തൃണമൂൽ എംപി നുസ്രത് ജഹാനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എട്ട് മണിക്കൂറോളം ചോദ്യം ചെയ്തത് ഈ രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് പലരും കാണുന്നത്. അതുപോലെ തന്നെയാണ് കവി ശ്രീജതോ ബന്ദോപാധ്യായക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്ത സംഭവം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പേരുകേട്ട ബംഗാളി മണ്ണിൽ ഒരു കവിക്ക് നേരിടേണ്ടി വരുന്ന നിയമനടപടികൾ രാഷ്ട്രീയമായ അസഹിഷ്ണുതയുടെ അടയാളമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ ഭരണഘടനാപരമായി ക്രമസമാധാനവും ഭരണനിർവഹണവും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലാകുന്നു. ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റുന്നതും നിയമിക്കുന്നതും കമ്മിഷനാണ്.
എന്നാൽ, ഈ സംവിധാനത്തിലൂടെ കേന്ദ്രസർക്കാർ സംസ്ഥാന ഭരണത്തിൽ അനാവശ്യമായി ഇടപെടുന്നു എന്ന ആരോപണം തൃണമൂൽ കോൺഗ്രസ് ശക്തമായി ഉന്നയിക്കുന്നു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രാദേശിക രാഷ്ട്രീയ നീക്കങ്ങളെ തടയുക എന്ന തന്ത്രം ജനാധിപത്യപരമായ ഫെഡറലിസത്തിന് വെല്ലുവിളിയാണ്. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ഇന്ന് ഒരു വലിയ ചോദ്യചിഹ്നമാണ്. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും പ്രതിപക്ഷ നേതാക്കളാണെന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. അഴിമതി നടത്തിയവർ ശിക്ഷിക്കപ്പെടണം. പക്ഷേ രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനുള്ള ആയുധമായി അന്വേഷണങ്ങൾ മാറ്റുന്നത് ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണ്. ജനങ്ങൾ തങ്ങളുടെ വോട്ടവകാശത്തിലൂടെ ഈ രാഷ്ട്രീയ നാടകങ്ങൾക്ക് ഉചിതമായ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കാം. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കേവലം രണ്ട് പാർട്ടികൾ തമ്മിലുള്ള പോരാട്ടമല്ല, അത് രാജ്യത്തെ ജനാധിപത്യമൂല്യങ്ങളുടെ ഒരു പരീക്ഷണം കൂടിയാണ്. 2011 മേയ് 20നാണ് മമതാ ബാനർജി ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
34 വർഷം നീണ്ടുനിന്ന ഇടതുപക്ഷ ഭരണത്തിനുശേഷമാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നത്. തൃണമൂൽ ഭരണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ അവരുടെ പ്രാദേശിക നേതൃത്വങ്ങളുടെ അഹന്ത വർധിച്ചു. പ്രദേശിക നേതാക്കൾ ഗുണ്ടാസംഘങ്ങളായി. ഇത് ബംഗാളിൽ മാത്രമല്ല പല സംസ്ഥാനങ്ങളിലും കാണുന്ന കാഴ്ചയാണ്. സർക്കാർ ജീവനക്കാർക്ക് 42% ക്ഷാമബത്ത കുടിശികയായത് ഭരണ സംവിധാനത്തെ നിഷ്ക്രിയമാക്കി. ജീവനക്കാരുടെ ഇടയിൽ അഴിമതി വർധിക്കുവാൻ ഇത് ഇടയാക്കി. പ്രാദേശിക ടിഎംസി നേതൃത്വങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥവൃന്ദവും ചേർന്ന് ഭരണ സംവിധാനം കൈപ്പിടിയിലൊതുക്കി. ബിജെപി അവരുടെ വിഭജന രാഷ്ടീയ തന്ത്രം സമർത്ഥമായി പ്രയോഗിക്കുന്നതും കേന്ദ്ര ഭരണ സംവിധാനം ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതും ബംഗാളിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. തിരിച്ചുവരാനുള്ള അക്ഷീണ പ്രയത്നത്തിലാണ് നേതാക്കൾ. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന ഇടതുപക്ഷ പാർട്ടികളുടെ പ്രകടനത്തിൽ പതിനായിരങ്ങൾ അണിനിരന്നത് പ്രവർത്തകരെ ആവേശഭരിതരാക്കുന്നുണ്ട്.
34 വർഷത്തെ ഇടതുപക്ഷ ഭരണത്തിനിടയിൽ സ്വാഭാവികമായുണ്ടായ വീഴ്ചകൾക്ക് ബംഗാൾ ജനതയോട് മാപ്പ് പറയുകയും വീണ്ടുമൊരു അവസരം അഭ്യർത്ഥിക്കുകയും ചെയ്ത സിപിഐ(എം) ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ബംഗാളി വോട്ടർമാർ പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ബംഗാളിലെ ജനവിധി ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിലെ നിർണായക ഏടായിരിക്കുമെന്നതിൽ സംശയമില്ല.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment